July 08, 2025 |
അജിത് ഇ എ
അജിത് ഇ എ
Share on

ആരാണ് സിലിക്കണ്‍ വാലിയില്‍ ആശങ്ക പടര്‍ത്തുന്ന ഡീപ്‌സീക്?

സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ ബില്ല്യണ്‍ ഡോളറില്‍ മാത്രം കണക്ക് പറഞ്ഞിരുന്നിടത്താണ് ഒരു ചൈനീസ് സ്റ്റാര്‍ട്ടപ് കമ്പനിയുടെ പുതിയ വെല്ലുവിളി

”ഒരു മിനിറ്റ് അങ്ങോട്ട്, ഒരു മിനിറ്റ് ഇങ്ങോട്ട്… ആകെക്കൂടി അഞ്ച് മിനിട്ടോണ്ട് മേലത്തങ്ങാടി പോയി സാധനം വാങ്ങി തിരിച്ചെത്താം…” ശാരദേടത്തി വിമാനത്താവളത്തെ കുറിച്ച് പറഞ്ഞ പോലെയാണ് ഇന്ന് എ.ഐ (നിര്‍മ്മിത ബുദ്ധി). ദിവസത്തില്‍ ഒന്നുവച്ച് എന്ന നിലയിലാണ് പുതിയ എ.ഐ ടൂളുകള്‍ പുറത്തിറങ്ങുന്നത്. എഴുതാന്‍ എ.ഐ, തിരുത്താന്‍ എ.ഐ വരയ്ക്കാന്‍ എ.ഐ, കൂട്ടാനും, ഹരിക്കാനും, ഗുണിക്കാനും എ.ഐ, എന്തിന് പ്രണയിക്കാനും, കാമിക്കാനും വരെ എ.ഐ ടൂളുകള്‍ വെബ് വേര്‍ഷന്‍ ആയും ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ലഭ്യമാണ്. വമ്പന്‍മാര്‍ മുതല്‍, സ്റ്റാര്‍ട്ടപ്പുകള്‍ വരെ ഈ രംഗത്തുണ്ട്. എന്നിട്ടും ഡീപ്‌സീക് (DeepSeek) എന്ന ഒരു ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) പുറത്തിറങ്ങിയതില്‍ കുത്തക മുതലാളിത്തത്തിന്റെ ആസ്ഥാനമായ സിലിക്കണ്‍ വാലിയെ ഭയപ്പെടുത്തുന്നത് എന്തിനായിരിക്കും? ശാസ്ത്ര സാങ്കേതികവിദ്യാ രംഗത്തെ ഇതാദ്യമായല്ല ചൈന ഞെട്ടിച്ചിരിക്കുന്നത്. എന്നിട്ടും എന്തിനായിരിക്കണം…? DeepSeek causing concern in Silicon Valley

കേവലം ഒരു സാങ്കേതിക വിദ്യ എന്നതില്‍ അപ്പുറം മുതലാളിത്ത പ്രത്യയശാസ്ത്രങ്ങളെയും, അടിസ്ഥാന വിശ്വാസങ്ങളെയും അടിമുടി മാറ്റിമറിക്കുന്ന വിജയകരമായ എ.ഐ ബിസിനസ്സ് മോഡലാണ് ഡീപ്‌സീക്ക് എന്നതാണ് സിലിക്കണ്‍ വാലിയെ ഭയപ്പെടുത്തുന്നത്. ഡീപ്‌സീക്ക് വിപണി പിടിച്ചിരിക്കുന്നത് ഒരു ഓപ്പണ്‍ സോഴ്‌സ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അവതരിപ്പിച്ചുകൊണ്ടാണ്. അതായത് ഡീപ്‌സീക്ക് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയുന്ന സോഴ്‌സ് കോഡ് ആര്‍ക്കും ലഭ്യമാണ്. രണ്ടുണ്ട് ഇതുകൊണ്ടുള്ള ഗുണം. മറ്റ് എ.ഐ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റൈ പ്രവര്‍ത്തനം സുതാര്യമാണ്. മാത്രമല്ല, പുതിയ എ.ഐ ടൂളുകള്‍ക്കായുള്ള ഗവേഷണങ്ങളെ ഇത് സഹായിക്കുകയും ചെയ്യും. അതായത് ടെക്ക് വമ്പന്‍മാര്‍ക്ക് മാത്രം സാധ്യമായിരുന്നത് ഇനി ചെറുകിടക്കാര്‍ക്കും സാധ്യമാവും എന്ന്.

സിലിക്കണ്‍ വാലിയെ ഞെട്ടിച്ചിരിക്കുന്ന മറ്റൊരു കാരണം ഈ എ.ഐ ടൂള്‍ ഉണ്ടാക്കിയെടുക്കാന്‍ ഡീപ്‌സീക് ഉണ്ടാക്കിയ സാര്‍ട്ടപ്പിന് വളരെ കുറഞ്ഞ ചിലവേ വന്നുള്ളൂ എന്നതാണ്. സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ ബില്ല്യണ്‍ ഡോളറില്‍ മാത്രം കണക്ക് പറഞ്ഞിരുന്നിടത്താണ് ഒരു ചൈനീസ് സ്റ്റാര്‍ട്ടപ് കമ്പനിയുടെ ഈ പുതിയ വെല്ലുവിളി. ഞങ്ങളിനി ബില്ല്യണ്‍ ഡോളറില്‍ ബഡ്ജറ്റ് ഇട്ടുകൊടുത്താല്‍, തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ ആര് വരും എന്നതാണ് സിലിക്കണ്‍ വാലിയിലെ ആശങ്കകള്‍ക്കും ഹൃദയമിടിപ്പിനും കാരണമായത്. എ.ഐ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് വേണ്ട സെമികണ്ടക്ട് ചിപ്പുകള്‍ ചൈനയിലേക്ക് വില്‍ക്കുന്നതിന് ഉപരോധം പ്രഖ്യാപിച്ച യുഎസിന് മുന്‍പില്‍ ചിലവ് കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡീപ്‌സീക് യാദാര്‍ഥ്യമായിരിക്കുന്നത്. ആ ഉപരോധങ്ങള്‍ക്കുള്ള കാലത്തിന്റെ കാവ്യനീതിയാണ് അമേരിക്കന്‍ സെമികണ്ടക്ട്ര് വിപണിയുടെ മൂല്യം ഇടിയുന്നതിലൂടെ സംഭവിച്ചത്. അമേരിക്കന്‍ കമ്പനി ആയ Nvidia-യുടെ മൂല്യം 17 ശതമാനമാണ് ഒരു ദിവസം കൊണ്ട് ഇടിഞ്ഞത്. അതായത്, ഒന്നും രണ്ടുമല്ല, 589 ബില്ല്യണ്‍ ഡോളറാണ് ജനുവരി 27-നു മാത്രം ഇടിഞ്ഞത്.

ഡീപ്‌സീക് ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനി ആണ്. എന്നിട്ടും ചൈനയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് എന്തിനാണ് എന്നാണ് മുതലാളിത്ത ബുദ്ധിജീവികള്‍ ഇപ്പോള്‍ ചോദിക്കുന്നത്, ഗൂഗിളും, ആപ്പിളും ഒക്കെ ചൂണ്ടിക്കാട്ടി അമേരിക്കയെ പുകഴ്ത്തുന്ന അതേ ബുദ്ധിജീവികള്‍. വളമിടാത്ത ജൈവകൃഷി ഒക്കെ പറയാന്‍ കൊള്ളാം, പക്ഷേ യാഥാര്‍ഥ്യമാക്കാന്‍ പാടാണ്. ആ വളമിട്ട കര്‍ഷകരാണ് ചൈന. ശാസ്ത്ര-സാങ്കേതിക രംഗത്ത് ചൈന ഇന്ന് അമേരിക്കയേക്കാള്‍ വളര്‍ന്നെങ്കില്‍ അതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്, അവര്‍ ചിലവഴിച്ച പൊതുവിഭവങ്ങള്‍ക്ക് ഒക്കെ പങ്കുണ്ട്. അവര്‍ വളമിട്ട മണ്ണില്‍ പൊന്ന് വിളഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. കുറച്ച് കണക്കുകള്‍ കാണിക്കാം. ചിത്രമപ്പോള്‍ ഒന്നുകൂടി വ്യക്തമാവും.


Source: World Intellectual Property Indicators, 2024

ഇനി പറയുന്നത് മുതലാളിത്തത്തിന്റെ യുക്തിയും, കണക്കുകളും വച്ചാണ്. ഒരു രാജ്യത്തെ സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനസ്സിലാക്കാന്‍ നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച ഡാറ്റ, വിപ്പോ (World Intellectual Property Organisation) ഓരോ വര്‍ഷവും പുറത്തിറക്കുന്ന World Intellectual Property Indicators റിപ്പോര്‍ട്ടാണ്. മുതലാളിത്തം പുറത്തുവിടുന്ന ആ കണക്കുകള്‍ അനുസരിച്ച് ചൈനയുടെ പേറ്റന്റ് ഓഫീസിലാണ് ഏറ്റവുമധികം റസിഡന്റ്‌സ് പേറ്റന്റ് ആപ്ലിക്കേഷനുകള്‍ ലഭിച്ചിട്ടുള്ളത്. പുതിയ കണക്കനുസരിച്ച് 16,44,331 പേറ്റന്റ് അപേക്ഷകളാണ് ഒരു വര്‍ഷം. രണ്ടാം സ്ഥാനത്തുള്ള യുഎസ് പോലും ചൈനയിലേതിനെക്കാള്‍ നാലിലൊന്ന് വരില്ല. അപ്പോ പിന്നെ ആറാം സ്ഥാനത്തുള്ള ഇന്ത്യയെക്കുറിച്ച് പറയണ്ടല്ലോ. അതായത്, ഏകദേശം ചൈനയില്‍ അപേക്ഷിച്ചതിന്റെ 5 ശതമാനം മാത്രം. 1990 വര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള പേറ്റന്റ് അപേക്ഷകളുടെ വ്യത്യാസം ഏകദേശം നാലായിരത്തോളം മാത്രമായിരുന്നു എന്നതാണ് ഇതിലെ രസകരമായ വസ്തുത. കോപ്പിറൈറ്റ് കണക്കുകളും, ഇന്റസ്ട്രിയല്‍ ഡിസൈന്‍ കണക്കുകളും ഇതുപോലെ തന്നെ. അക്കാദമിക് രംഗത്ത് ഇന്ന് പുറത്തിറങ്ങുന്ന ‘റെപ്പ്യൂറ്റഡ്’ ജേര്‍ണലുകളില്‍ വരുന്ന ആര്‍ട്ടിക്കിളുകളുടെ കാര്യത്തിലും ചൈനക്കാര്‍ തന്നെ മുന്നില്‍. ചിത്രത്തില്ലാതിരുന്ന ചൈന ഇന്ന് ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കില്‍ അതിന് പിന്നില്‍ ആ രാജ്യം നടത്തിയ ഇടപെടലുകള്‍ കൂടി മനസ്സിലാക്കണം. വിദ്യാഭ്യാസ രംഗത്തിനും, ശാസ്ത്ര സാങ്കേതിക രംഗത്തിനും വലിയ പ്രാധാന്യമാണ് ആ ഭരണകൂടം കൊടുത്തിരുന്നത് എന്നും മനസ്സിലാക്കണം.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ കളിയാക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണി ഉപയോഗിക്കുന്ന ഒരു പ്രചരണമാണ് കേരളം വിട്ടാല്‍ ലോകത്ത് എവിടേയും കമ്മ്യൂണിസ്റ്റുകാരെ മരുന്നിന് പോലും കാണാന്‍ കിട്ടില്ല എന്നത്. ചൈനയും ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഇന്ന് പല ലോകരാജ്യങ്ങളും ഭരിക്കുന്നത് ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ആണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയില്‍ വിജ്ഞാനം കുത്തകയായി മാറുന്ന ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ ലോകത്ത് ചൈന ആദ്യം അതിനോടൊപ്പംതന്നെ വളര്‍ന്നു. ലോകത്തെ ഒന്നാം നമ്പറായി. ഡീപ്‌സീക്ക് മാതൃക ഒരു ബദലാണ്. മുതലാളിത്തത്തെ ഇല്ലാതാക്കിയ ഒരു മാതൃകയൊന്നുമല്ല. പക്ഷേ മുതലാളിത്തത്തിന്റെ വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് ഇതൊരു ബദലാണ്. അറിവും, വിജ്ഞാനവുമെല്ലാം കൂടുതല്‍ കൂടുതല്‍ തുറന്നതും, സുതാര്യവും, സ്വതന്ത്രവുമാകട്ടെ…

സംഘപരിവാര്‍ ഭരണം വിജ്ഞാനം മതത്തിന്റെയും, പാരമ്പര്യത്തിന്റെയും തടവറയില്‍ തളയ്ക്കുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് പുരോഗതിയുടെ നിരവധി വര്‍ഷങ്ങളാണ്. നമുക്ക് വേണ്ടത് സ്യൂഡോ സയന്‍സല്ല. ശാസ്ത്രീയ യുക്തിയാണ്, സൈന്റിഫിക്ക് ടെമ്പറാണ്. അശാസ്ത്രീയമായ കാര്യങ്ങള്‍ ഒരു മടിയുമില്ലാതെ പറയുന്ന ഭരണാധികാരികളും, ശാസ്ത്രമേഖലയിലെ ഭരണവര്‍ഗ്ഗവും നമുക്കുണ്ടാക്കുന്ന അധികചിലവ് വളരെ വലുതാണ്. അശാസ്ത്രീയത ശരിക്കും രാജ്യദ്രോഹമാണ്…! DeepSeek causing concern in Silicon Valley

Content summary: Who is DeepSeek, and why is it causing concern in Silicon Valley?
DeepSeek AI company China Liang Wenfeng Silicon Valley 

അജിത് ഇ എ

അജിത് ഇ എ

അധ്യാപകൻ / ഗവേഷകൻ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×