June 04, 2026 |
Share on

ഹോങ്കോങ്ങിലെ ജനാധിപത്യ പോരാട്ടത്തെ തളര്‍ത്തിയ വിചാരണ; ആരാണ് ജിമ്മി ലായി?

ഏറെക്കാലമായി ബീജിങ്ങിന് തലവേദനയായിരുന്നു 78 കാരനായ മാധ്യമ വ്യവസായിയും മനുഷ്യാവകാശ-ജനാധിപത്യവാദിയുമായ ലായി

മറിച്ചൊരു വിധി ജനാധിപത്യവാദികള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഏറെക്കാലമായി ബീജിങ്ങിന് തലവേദനയായിരുന്ന 78 കാരനായ മാധ്യമ വ്യവസായിയും മനുഷ്യാവകാശ-ജനാധിപത്യവാദിയായ ജിമ്മി ലായിയെ കുറ്റക്കാരനായി വിധിച്ച് ഹോങ്കോങ് കോടതി ചൈനയുടെ താത്പര്യം സംരക്ഷിച്ചിരിക്കുന്നു. ദേശീയ സുരക്ഷ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് ലായിയെ കുറ്റക്കാരനാക്കിയിരിക്കുന്നത്. ഹോങ്കോങ്ങിനും അവിടുത്തെ പ്രതിഷേധ പ്രസ്ഥാനത്തിനും ഇതൊരു ചരിത്രപരമായ വിചാരണയുടെ അന്ത്യമാണ്.

ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതിലെ ഏറ്റവും പുതിയതും നിര്‍ണായകവുമായ ലക്ഷ്യമായിരുന്നു ജിമ്മി ലായി. അധികാരികള്‍ അദ്ദേഹത്തെ ഒരു രാജ്യദ്രോഹിയായും കുറ്റവാളിയായുമാണ് ലോകത്തിനു മുന്നില്‍ ചിത്രീകരിച്ചത്.

ഹോങ്കോങ്ങിലെ പ്രമുഖ ആക്ടിവിസ്റ്റുകള്‍ 2019-ലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട്, തീര്‍പ്പാക്കാത്ത ദേശീയ സുരക്ഷാ കേസുകളില്‍ അവസാനത്തേതായിരുന്നു ലായിയുടെ വിചാരണ. നൂറുകണക്കിന് ആക്ടിവിസ്റ്റുകളും അഭിഭാഷകരും രാഷ്ട്രീയക്കാരും വിചാരണ ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഹോങ്കോങ്ങിന്റെ ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തിലും പിന്നീട് ആ മുന്നേറ്റത്തിനേറ്റ തിരിച്ചടിയിലും ജിമ്മി ലായിയെപ്പോലെ ആഗോള ശ്രദ്ധ നേടിയവര്‍ ചുരുക്കമാണ്.

ജിമ്മി ലായിയുടെ ജീവിതം ഹോങ്കോങ്ങിന്റെ ചരിത്രത്തെത്തന്നെ പ്രതിഫലിക്കുന്നതാണെന്നായിരുന്നു ഓസ്‌ട്രേലിയന്‍-ഹോങ്കോങ് അഭിഭാഷകനായ കെവിന്‍ യാം പറഞ്ഞത്. സ്വാതന്ത്ര അനുകൂല പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഹോങ്കോങ്ങില്‍ അറസ്റ്റ് വാറന്റ് നേരിടുന്ന വ്യക്തിയാണ് കെവിന്‍ യാം.

രാജ്യദ്രോഹകരമായ പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഗൂഢാലോചന, വിദേശ ശക്തികളുമായി കൂട്ടുചേരാനുള്ള ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളായിരുന്നു ലായ്ക്കെതിരേ ഉണ്ടായിരുന്നത്. ഈ കുറ്റങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച, സര്‍ക്കാര്‍ നിയമിച്ച ജഡ്ജിമാര്‍ അദ്ദേഹത്തെ എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രായപൂര്‍ത്തിയായ കാലം മുതല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയോട് വെറുപ്പും നീരസവും പുലര്‍ത്തി വരുന്നയാളാണ് ലായ് എന്നും ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്നും, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലെയും ഹോങ്കോങ് സ്പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണിലെയും ആളുകളുടെ ബലിയര്‍പ്പണമാണ് അതിന്റെ ആത്യന്തിക വിലയായി ലായ് പ്രതീക്ഷിച്ചിരുന്നതെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

ഏകദേശം രണ്ടു വര്‍ഷത്തോളമാണ് ലായ് യുടെ വിചാരണ നടപടികള്‍ നീണ്ടത്. വിചാരണ നടപടികളിലുണ്ടായ കാലതാമസം, നിയമപരമായ വെല്ലുവിളികള്‍, സര്‍ക്കാര്‍ ഇടപെടലുകള്‍ എന്നിവയാണ് വിചാരണ നീളാന്‍ കാരണമായി പറയുന്നത്. വലിയ വിമര്‍ശനം ലായ് യുടെ വിചാരണയ്ക്കെതിരേ ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രാഷ്ട്രീയ പ്രേരിതമായ തട്ടിപ്പ് വിചാരണയെന്നും, പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമെന്നുമൊക്കെ വിമര്‍ശിച്ചിരുന്നു.

2020 മുതല്‍ ജിമ്മി ലായ് തടവറയിലാണ്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലായി ഏകദേശം 10 വര്‍ഷത്തെ ശിക്ഷകള്‍ അദ്ദേഹം ഇതിനകം അനുഭവിച്ചുവരുന്നുണ്ട്. കെട്ടിച്ചമച്ചതാണെന്ന് ആരോപണമുള്ള ഒരു തട്ടിപ്പ് കേസിനും ലായ് വിചാരണ നേരിടുന്നുണ്ട്.

തിങ്കളാഴ്ച വിധിച്ച ശിക്ഷയില്‍ ജിമ്മി ലായ്ക്ക് ജീവപര്യന്തം വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇനിയുള്ള ജീവിതകാലത്ത് ലായ്ക്ക് പുറം ലോകം കാണാന്‍ കഴിയുമോ എന്നറിയില്ലെന്നാണ് കുടുംബം ഭയപ്പെടുന്നത്. ലായ്യുടെ മക്കള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥയില്‍ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ശിക്ഷാവിധിയുണ്ടായിരിക്കുന്നതും.

ദാരിദ്ര്യത്തില്‍ നിന്നും സമ്പന്നതയിലേക്കുള്ള കഥയാണ് ജിമ്മി ലായിയുടെ ജീവിതം. 12 മത്തെ വയസിലാണ് ചൈനയില്‍ നിന്നും ലായ് ഹോങ്കോങ്ങിലെത്തുന്നത്. അവിടെ തുണി ഫാക്ടറികളില്‍ ബാലവേലക്കാരനായി ജോലി തുടങ്ങി. അവിടെ നിന്നാണ് ജിയോര്‍ദാനോ എന്ന റീട്ടെയില്‍ ശൃംഖലയും തുടര്‍ന്ന് ഒരു മാധ്യമ സ്ഥാപനവും ഉള്‍പ്പെടുന്ന ഒരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പടുത്തത്. ഇതോടെ അദ്ദേഹം ‘ഏഷ്യയിലെ റൂപര്‍ട്ട് മര്‍ഡോക്ക്’ എന്ന് വിളിപ്പേര് നേടി.

2020-ലാണ് ജിമ്മി ലായ് ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഈ സമയത്ത് ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വ്യവസായിയായിരുന്നു അദ്ദേഹം. ഇത്രയും ആസ്തിയുള്ളൊരാള്‍ ഹോങ്കോങ്ങിലെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ഇറങ്ങുന്നത് അപൂര്‍വമായിരുന്നു. തന്റെ സമ്പത്ത് ലായ് ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല-അധികാര വിരുദ്ധ പോരാട്ടങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയും, അതോടൊപ്പം ആ മുന്നേറ്റങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു.

1989-ല്‍ ബീജിങ്ങിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ചൈനീസ് സൈന്യം വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത സംഭവത്തിനുശേഷമാണ് ലായ് ചൈനയുടെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് എതിരാകുന്നത്. അധികം താമസിയാതെ അദ്ദേഹം നെക്സ്റ്റ് മാഗസിന്‍ ആരംഭിച്ചു. ഹോങ്കോങ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ചൈനയ്ക്ക് കൈമാറുന്നതിന് തൊട്ടുമുമ്പാണ് ആപ്പിള്‍ ഡെയ്ലി എന്ന പത്രം സ്ഥാപിച്ചത്. ഈ പത്രം ഹോങ്കോങ്ങിലെ പരമ്പരാഗത മാധ്യമ വിപണിയില്‍ മാറി സഞ്ചരിച്ചുകൊണ്ട് ഭയരഹിതമായ അന്വേഷണങ്ങളും യാഥാര്‍ത്ഥ്യങ്ങളുടെ തുറന്നു കാട്ടലിനും തയ്യാറായി.

നെക്സ്റ്റ് മാഗസിന്‍, ആപ്പിള്‍ ഡെയ്ലി എന്നീ മാധ്യമങ്ങളും ലായിയും അധികാരികള്‍ക്ക് ശല്യമായി മാറി. പത്രത്തിലെ ലായ് എഴുതുന്ന കോളങ്ങള്‍ ചൈനീസ് അധികാര കേന്ദ്രത്തിനെതിരായ ശക്തമായ വിമര്‍ശനങ്ങളായിരുന്നു. ടിയാനന്‍മെന്‍ കൂട്ടക്കൊലയില്‍ പങ്കുവഹിച്ച ‘ബീജിങ്ങിലെ കശാപ്പുകാരന്‍’ എന്നറിയപ്പെട്ടിരുന്ന ചൈനീസ് പ്രധാനമന്ത്രി ലി പെങ്ങിനെ ‘പൂജ്യം ഐക്യമുള്ള ഒരു തെമ്മാടി’ എന്നാണ് ലായി കുറ്റപ്പെടുത്തിയത്. ഇത് ചൈനീസ് ഭരണകൂടത്തില്‍ നിന്ന് രാഷ്ട്രീയപരവും സാമ്പത്തികപരവുമായ തിരിച്ചടിക്ക് കാരണമായി.

2003-ല്‍, ലായിയുടെ ഉടമസ്ഥതയിലുള്ള നെക്സ്റ്റ് മാഗസിനും ആപ്പിള്‍ ഡെയ്‌ലിയും ഹോങ്കോങ്ങില്‍ നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ശക്തമായി പിന്തുണച്ചു. 2014-ല്‍ അവര്‍ ‘ഓക്കുപൈ സെന്‍ട്രല്‍’ പ്രസ്ഥാനത്തെ പിന്തുണച്ചു. ഈ സമയം ലായും പ്രതിഷേധത്തില്‍ നേരിട്ട് പങ്കാളിയായി. അദ്ദേഹത്തിനെതിരേ ആക്രമണം ഉണ്ടായി. ലായിയുടെ ശരീരത്തില്‍ പന്നിയിറച്ചി മാലിന്യം ഒഴിച്ച സംഭവവും ഉണ്ടായി. ആക്ടിവിസ്റ്റുകള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന നല്‍കിയെന്ന വിവരം ചോര്‍ന്നതോടെ അഴിമതി വിരുദ്ധ സേന അദ്ദേഹത്തിന്റെ വീട്ടിലും പ്രധാന സഹായി മാര്‍ക്ക് സൈമണിന്റെ വീട്ടിലും റെയ്ഡുകള്‍ നടത്തി.

2019-ല്‍ ഹോങ്കോങ്ങില്‍ ശക്തിയാര്‍ജിച്ച പ്രതിഷേധത്തിനു ലായിയുടെ പത്രങ്ങള്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചു. ഒരു കൈമാറ്റ ബില്ലിനെതിരായി നടന്ന ഈ പ്രതിഷേധം പിന്നീട് ഒരു വലിയ ജനാധിപത്യ പ്രസ്ഥാനമായി വളര്‍ന്നു. ആപ്പിള്‍ ഡെയ്ലി അതിന്റെ മുന്‍പേജില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള ഒരു കട്ട്-ഔട്ട് കത്ത് പ്രസിദ്ധീകരിച്ചു. ‘ഹോങ്കോങ്ങിനെ രക്ഷിക്കാന്‍ സഹായിക്കുക’ എന്ന് ആവശ്യപ്പെട്ട് വായനക്കാര്‍ക്ക് വാഷിംഗ്ടണിലേക്ക് അയക്കാന്‍ കഴിയുന്നതായിരുന്നു ഇത്. ഇത് ലായിക്കെതിരായ ദേശീയ സുരക്ഷാ കേസില്‍ പ്രോസിക്യൂഷന്റെ ഒരു പ്രധാന ഘടകമായി മാറി.

2020 ജൂണില്‍ നിരോധിച്ച ടിയാനന്‍മെന്‍ സ്‌ക്വയര്‍ അനുസ്മരണ ചടങ്ങിലും ലായ് വ്യക്തിപരമായി പങ്കെടുത്തു. കാറിന് പുറത്ത് നിന്ന് കത്തിച്ച മെഴുകുതിരി പിടിച്ചു നില്‍ക്കുന്ന ലായിയുടെ ചിത്രം പ്രചാരം നേടിയിരുന്നു. ഇതിന് അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 13 മാസം തടവിന് ശിക്ഷിച്ചു.

ഹോങ്കോങ്ങിലെ തന്റെ ജീവിതത്തിലുടനീളം അദ്ദേഹം ഭരണകൂടത്തിന്റെ പലവിധ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടും ബിസിനസ് സ്ഥാപനങ്ങളും പലതവണ അഗ്നിക്കിരയാക്കപ്പെട്ടു. 2008-ല്‍ അദ്ദേഹം ഒരു വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു.

‘അവര്‍ക്ക്, ഞാന്‍ ഒരു കുഴപ്പക്കാരനാണ്, എന്നെ അടിച്ചമര്‍ത്താനും നിശ്ശബ്ദനാക്കാനും അവര്‍ക്ക് ബുദ്ധിമുട്ടാണ്.’ ലായി ഒരിക്കല്‍ തന്റെ സുഹൃത്ത് ക്ലിഫോര്‍ഡിനോട് പറഞ്ഞതാണിത്.

തന്റെ അച്ഛന്‍ ഒരിക്കലും ഭയം കാണിച്ചിരുന്നില്ലെന്നാണ് ലായിയുടെ മകന്‍ സെബാസ്റ്റ്യന്‍ പറയുന്നത്. ഹോങ്കോങ്ങിനു പുറത്താണ് സെബാസ്റ്റ്യന്‍ ജീവിക്കുന്നത്. അവിടെയിരുന്നാണ് അയാള്‍ അച്ഛന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നത്. തന്നെ പിടികൂടുന്നതില്‍ നിന്നും രക്ഷിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒരു അംഗരക്ഷകനെ നിയമിക്കാനുള്ള ആവശ്യം ലായ് നിരസിച്ചിരുന്നതെന്നും സെബാസ്റ്റ്യന്‍ പറയുന്നു.

ബീജിംഗിന്റെ സൃഷ്ടിയായ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എല്‍) അവതരിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷം, 2020 ഓഗസ്റ്റില്‍ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് ആപ്പിള്‍ ഡെയ്ലിയുടെ ഓഫീസുകള്‍ വളഞ്ഞത്. പുതിയ നിയമപ്രകാരം ലായിയെയും നിരവധി ആപ്പിള്‍ ഡെയ്ലി ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു. ലായിയുടെ മൂത്ത മക്കളായ ഇയാന്‍, തിമോത്തി എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടു. അടുത്ത വര്‍ഷം ആപ്പിള്‍ ഡെയ്‌ലി അടച്ചുപൂട്ടേണ്ടതായി വന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഹോങ്കോങ്ങിലെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളെയും നിശിതമായി വിമര്‍ശിച്ചിരുന്ന ആപ്പിള്‍ ഡെയ്ലിയുടെ അടച്ചുപൂട്ടല്‍ ലോകമെമ്പാടുമുള്ള പത്രങ്ങളുടെ മുന്‍പേജുകളില്‍ വാര്‍ത്തയായി.

ഹോങ്കോങ്ങില്‍ ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട ഒരേയൊരു പത്രം ആപ്പിള്‍ മാത്രമാണ്, എല്ലാ കാലത്തും എന്നാണ് സെബാസ്റ്റ്യന്‍ അവകാശപ്പെടുന്നത്.

ലായിയുടെ അറസ്റ്റിലും പത്രം അടച്ചുപൂട്ടലിനുമുള്ള തങ്ങളുടെ പ്രതിഷേധമായി ഹോങ്കോങ്ങുകാര്‍ പത്രത്തിന്റെ അവസാന പതിപ്പിന്റെ ഏകദേശം 10 ലക്ഷം കോപ്പികളാണ് ക്യൂ നിന്നു വാങ്ങിയത്. ചൈനയുടെ ദേശീയവാദ പത്രമായ ഗ്ലോബല്‍ ടൈംസ് ‘ഭിന്നിപ്പുണ്ടാക്കുന്ന ടാബ്ലോയിഡ്’ എന്നായിരുന്നു അടച്ചുപൂട്ടലിനെ പ്രശംസിച്ചുകൊണ്ട് ആപ്പിളിനെതിരേ എഴുതിയത്.

യുകെ പൗരത്വവും സമ്പത്തും വിദേശ വസതികളും ഉപയോഗപ്പെടുത്തി രാജ്യം വിട്ടുപോകാന്‍ സുഹൃത്തുക്കളും ഉപദേശകരും ലായിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പത്രപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനും ഹോങ്കോങ്ങിനായി പോരാടുന്നതിനും വേണ്ടി താന്‍ ഇവിടെ തുടരുമെന്ന് പറഞ്ഞ് അദ്ദേഹം അതെല്ലാം നിരസിക്കുകയായിരുന്നു.

‘എനിക്ക് എല്ലാം നല്‍കിയ’ നഗരം ഉപേക്ഷിക്കുന്നതിനേക്കാള്‍ ജയിലില്‍ പോകുന്നതാണ് എനിക്ക് ഇഷ്ടം എന്നായിരുന്നു ലായി പറഞ്ഞിരുന്നത്.

ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് ലായിക്കായി ഹാജരാകുന്നതില്‍ നിന്നും വിദേശ അഭിഭാഷകരെ വിലക്കിയിട്ടുണ്ട്. ലായിയെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കത്തോലിക്കാ വിശ്വാസിയായ അദ്ദേഹത്തിന് പ്രാര്‍ത്ഥനയ്ക്കുള്ള അവസരം നിഷേധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അധികാരികള്‍ ഈ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞു.

പ്രോസിക്യൂഷന്‍ ലായിക്കെതിരേ പ്രധാനമായും ആരോപിക്കുന്നത് അദ്ദേഹത്തിന്റെ ബിസിനസ്-രാഷ്ട്രീയ ബന്ധങ്ങളാണ്, പ്രത്യേകിച്ചും യുഎസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം.

ലായ് വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ‘വിദേശ രാഷ്ട്രീയ ബന്ധങ്ങളുടെ’ ഒരു പവര്‍പോയിന്റ് പോലുള്ള അവതരണം പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ നടത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അദ്ദേഹത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മുതിര്‍ന്ന ഡെമോക്രാറ്റ് നിയമസഭാ സാമാജിക നാന്‍സി പെലോസി എന്നിവരുമായി ലായി ബന്ധം പുലര്‍ത്തുന്നുവെന്നാണ് ആരോപണം.

ലായിയുടെ മോചനത്തിനായി ഇടപെടാമെന്ന് ട്രംപ് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒക്ടോബറില്‍ ദക്ഷിണ കൊറിയയില്‍ വെച്ച് ട്രംപും ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ജിമ്മി ലായിയുടെ കേസ് ഉന്നയിച്ചിരുന്നതായി പറയുന്നു. എന്നാല്‍ പിന്നീട് താരിഫ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്ക- ചൈന ബന്ധം വഷളായതോടെ ലായി യുഎസ്-ചൈന വ്യാപാര യുദ്ധത്തിലെ ഒരു വിലപേശല്‍ കാരണമാക്കി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

ദക്ഷിണ കൊറിയന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ജിമ്മി ലായിയുടെ മകന്‍ സെബാസ്റ്റ്യന്‍ പരസ്യമായി യുഎസ് പ്രസിഡന്റിന് നന്ദി പറഞ്ഞിരുന്നു. എന്നാല്‍, ഒരു ബ്രിട്ടീഷ് പൗരനായ തന്റെ പിതാവിനെ മോചിപ്പിക്കാന്‍ യുകെ സര്‍ക്കാര്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പരാജയപ്പെട്ടു എന്നാണ് സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തിയത്.

യുകെ സര്‍ക്കാര്‍ ലായിയുടെ മോചനം ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ വിചാരണ രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഹോങ്കോങ്ങിനെതിരെ ഉപരോധ ഭീഷണികളൊന്നും സ്വീകരിച്ചിട്ടില്ല. ലായിക്ക് വേണ്ടി യു കെ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പറയുന്നത്.

ഹോങ്കോങ്ങിനു വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം അവസാനം വരെ ചെയ്തിരുന്നൊരാളാണ് ജിമ്മി ലായ് എന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ആരും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി മകനായ സെബാസ്റ്റ്യന്‍ പങ്കുവയ്ക്കുന്നുണ്ട്.

Content Summary: who is Jimmy Lai, Hong Kong court convicted him for national security offences

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×