ഇന്ത്യയിലെ ബിസിനസ് ലോകത്തെ ചൂടുപിടിപ്പിച്ചിരിക്കയാണ് ഏറ്റവും വിലമതിക്കുന്ന ഒരു പ്രോപ്പർട്ടി ഡീൽ. വോർളി സീ ഫെയ്‌സിലെ ആഡംബര ബഹുനില കെട്ടിടമായ നമൻ സാനയിൽ കടലിന് അഭിമുഖമായി രണ്ട് ഡ്യൂപ്ലെക്സ് അപ്പാർട്ടുമെന്റുകൾ. അറബികടലിന്റെ സൗന്ദര്യമാണ് 40 നിലകളുള്ള ഈ ടവർ സമ്മാനിക്കുന്നത്. ഈ പ്രോപ്പർട്ടി സ്വന്തമാക്കിയ ഭാഗ്യശാലിയാവട്ടെ ലീന ഗാന്ധി തിവാരിയും. ആരാണ് ഈ ലീന ഗാന്ധി തിവാരി ?
യുഎസ്‌വി ചെയർപേഴ്‌സണായ ലീന ഗാന്ധി തിവാരി മുംബൈയിൽ പ്രോപ്പർട്ടി വാങ്ങിയത് 639 കോടി രൂപയ്ക്കാണ്. കടലിന് അഭിമുഖമായുള്ള ഒരു ഡ്യൂപ്ലെക്‌സാണ് തിവാരി സ്വന്തമാക്കിയത്. പ്രോപ്പർട്ടിയുടെ മുഴുവൻ വിലയ്ക്ക് പുറമേ 63.9 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും നൽകിയിട്ടുണ്ട്. മൊത്തം 703 കോടി രൂപ ഈ ഒറ്റയൊരു പ്രോപ്പർട്ടിക്കായി ചെലവഴിച്ചിട്ടുണ്ട്. മുംബൈയിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ ശതകോടികളുടെ ഡീലുകൾ പുതുമയുള്ളതല്ല. 22,572 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നമൻ സാന പ്രോപ്പർട്ടി ഡീലാണ് രാജ്യത്ത് റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യയിലെ സ്വകാര്യ ഫാര്‍മസി കമ്പനിയായ യു എസ് വി ഇന്ത്യയുടെ ചെയര്‍പേഴ്‌സണാണ് 65കാരിയായ ലീന ഗാന്ധി തിവാരി. 30000 കോടിയുടെ ആസ്ഥിയാണ് ലീനയ്ക്കുള്ളത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ബയോകോണിന്റെ കിരണ്‍ മജുംദാര്‍ ഷാ, നൈക്കയുടെ ഫല്‍ഗുണി നായര്‍, സോഹോ കോര്‍പ്പഷന്റെ രാധ വെമ്പു എന്നിവരേക്കാള്‍ മുമ്പിലാണ് ലീന തിവാരി. കാര്‍ഡിയോ വാസ്‌കുലര്‍, ഡയബറ്റിക് മരുന്നുകളുടെ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യ അഞ്ച് കമ്പനികളില്‍ ഒന്നാണ് ലീനയുടെ യു എസ് വി ഇന്ത്യ. മുംബൈ സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയിട്ടുള്ള ലീന ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. യു എസ് വി എം ഡി കൂടിയായ പ്രശാന്ത് തിവാരിയാണ് ഭര്‍ത്താവ്.
നേരത്തെ കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകനായ ഉദയ് കൊട്ടകും വോർളിയിൽ സമുദ്രത്തിന് അഭിമുഖമായി ഒരു കെട്ടിടം വാങ്ങിയിരുന്നു. 400 കോടി രൂപയ്ക്കാണ് ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കിയത്. ഈ ഇടപാടിലും ചില ഫ്ലാറ്റുകൾക്ക് ചതുരശ്ര അടിക്ക് 2.90 ലക്ഷം രൂപ നിരക്കിൽ നൽകിയിരുന്നു. പ്രോപ്പർട്ടി മൂല്യത്തിൽ ഭൂമിയുടെ ഉടമസ്ഥതയുമുണ്ട്. ഇപ്പോൾ ഇവിടുത്തെ മുഴുവൻ കെട്ടിടവും ഉദയ് കൊട്ടകിന് സ്വന്തമാണ്.
വോർളി സീ ഫെയ്സിൽ നിന്ന് അറബിക്കടലിന്റെ മനോഹരമായ കാഴ്ചകൾ കാട്ടിത്തരുന്ന തിവാരിയുടെ ഫ്ലാറ്റ് സമുച്ചയം അതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. 40 നിലകളിലാണ് ഈ ഫ്ലാറ്റ്. അൾട്രാ ലക്ഷ്വറി ഫ്ലാറ്റാണിത്. ആഡംബര ടവർ നമൻ സാനയുടെ 32 മുതൽ 35 വരെ നിലകളിലായാണ് ഈ ഫ്ലാറ്റ് സമുച്ചയം. 22,572 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് റെക്കോർഡ് മൂല്യത്തിലെ ഈ റിയൽ എസ്റ്റേറ്റ് ഇടപാട്. കാർപെറ്റ് ഏരിയയുടെ അടിസ്ഥാനത്തിൽ ചതുരശ്ര അടിക്ക് 2.83 ലക്ഷം രൂപയിൽ കൂടുതലാണ് നൽകേണ്ടി വന്നിരിക്കുന്നത്. ഈ ഇടപാട് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഡീലായി മാറാൻ ഇതാണ് കാരണം.
content summary: Who is Leena Gandhi Tewari, who bought India’s costliest flats for Rs 639 crore in Mumbai