ഓസ്ട്രേലിയയിലെ ആദിമ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന സെനറ്ററാണ് അതേ വിഭാഗത്തില്‍ നിന്നു തന്നെയുള്ള ലിഡിയ തോര്‍പ്പ്. 2020ല്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍, കൊളോണിയല്‍ പാരമ്പര്യങ്ങളെ വെല്ലുവിളിക്കാനും തദ്ദേശീയരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാനും ആദിവാസി സമൂഹങ്ങള്‍ നേരിടുന്ന വ്യവസ്ഥാപരമായ അനീതികളെക്കുറിച്ച് അവബോധം വളര്‍ത്താനുമാണ് ലിഡിയ തന്റെ പദവിയും രാഷ്ട്രീയവും ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് രാജവാഴ്ചയ്‌ക്കെതിരായി, പ്രത്യേകിച്ച് ചാള്‍സ് മൂന്നാമന്‍ രാജാവിനെതിരായി നടത്തിയ പരാമര്‍ശങ്ങളിലൂടെ, ലിഡിയ തോര്‍പ്പ് ഒരിക്കല്‍ക്കൂടി തദ്ദേശീയ പ്രശ്നങ്ങള്‍ ആഗോള ശ്രദ്ധയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്.
‘നിങ്ങള്‍ ഞങ്ങളുടെ ജനങ്ങള്‍ക്കെതിരെ വംശഹത്യ നടത്തി,’ എന്നായിരുന്നു ലിഡിയ തോര്‍പ്പിന്റെ ആക്രോശം. ‘ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് തിരികെ തരൂ, നിങ്ങള്‍ ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ – ഞങ്ങളുടെ അസ്ഥികള്‍, ഞങ്ങളുടെ തലയോട്ടി, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഞങ്ങളുടെ ആളുകള്‍. നിങ്ങള്‍ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു. ഞങ്ങള്‍ക്ക് ഒരു ഉടമ്പടി തരൂ. ഞങ്ങള്‍ക്ക് ഒരു ഉടമ്പടി വേണം.’- ചാള്‍സ് രാജാവിനെതിരേ അവര്‍ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു. സെനറ്ററുടെ പരാമര്‍ശങ്ങള്‍ക്കെതിരേ വിമര്‍ശനം ഉണ്ടെങ്കിലും ലിഡിയ അതൊന്നും കാര്യമാക്കുന്നില്ല.
1973ല്‍ ഓസ്ട്രേലിയയിലെ കാള്‍ട്ടണില്‍ ജനിച്ച ലിഡിയ തോര്‍പ്പ്, ഓസ്‌ട്രേലിയയിലെ ഗുനിയ, ഗുണ്ടിറ്റ്ജാമര, ജാബ് വുരുങ് എന്നീ ആദിമ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യയാണ്. സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്ന ഒരു കുടുംബത്തില്‍ വളര്‍ന്ന ലിഡിയ ചെറുപ്പം മുതല്‍ താന്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ പോരാട്ടങ്ങളും അഭിലാഷങ്ങളും സ്വാധീനിച്ച പെണ്‍കുട്ടിയായിരുന്നു. ഇതവളില്‍ ലക്ഷ്യബോധവും തദ്ദേശീയ ഓസ്ട്രേലിയക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടാനുള്ള പ്രതിബദ്ധതയും വളര്‍ത്തി. സാമൂഹിക പ്രവര്‍ത്തനങ്ങളിലായിരുന്നു ലിഡിയ ആദ്യഘട്ടങ്ങളില്‍ മുഴുകിയിരുന്നത്. അവിടെ നിന്നാണ് വിക്ടോറിയയിലെ നൈഡോക് കമ്മിറ്റിയുടെ ചെയര്‍മാനായി നിയോഗിക്കപ്പെടുന്നത്. ഓസ്‌ട്രേലയിന്‍ ആദിവാസികളുടെ ചരിത്രവും സംസ്‌കാരവും പ്രതിനിധീകരിക്കുന്ന കമ്മിറ്റിയാണത്. ഈ സ്ഥാനമാണ് പിന്നീട് അവളുടെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. 2017ല്‍ ഓസ്ട്രേലിയന്‍ ഗ്രീന്‍സ് പാര്‍ട്ടിയില്‍ അംഗമായി വിക്ടോറിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിഡിയ തോര്‍പ്പിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ആ പദവിയില്‍ എത്തുന്ന ആദ്യത്തെ ഓസ്‌ട്രേലിയന്‍ ആദിമ വിഭാഗം പ്രതിനിധിയായി ലിഡിയ ചരിത്രമെഴുതി. സെനറ്റര്‍ പദവിയിലെ ലിഡിയയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമനപരമായ വിഷയങ്ങളോടുള്ള അവളുടെ പ്രതിബദ്ധതയാലാണ് അടയാളപ്പെടുത്തിയത്. പ്രത്യേകിച്ച് തദ്ദേശീയരായ ഓസ്ട്രേലിയക്കാരെ ബാധിക്കുന്ന, ഭൂമി അവകാശങ്ങള്‍, പരിസ്ഥിതി നീതി, സാമൂഹിക പരിഷ്‌കരണം എന്നിവയുള്‍പ്പെടെ. 2018 ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ടെങ്കിലും, 2020-ല്‍ വിക്ടോറിയയുടെ സെനറ്ററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലിഡിയയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഏറെ ശ്രദ്ധേയമായിരുന്നു. ആദിമവിഭാഗക്കാര്‍ ധരിക്കുന്ന പരമ്പരാഗത പോസ്സം-സ്‌കിന്‍ വസ്ത്രമായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ധരിച്ചിരുന്നത്. തദ്ദേശീയ അവകാശങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കി ‘കറുത്ത ശക്തി’ക്ക് അഭിവാദ്യം അര്‍പ്പിച്ച് അവള്‍ തന്റെ മുഷ്ടി ഉയര്‍ത്തി. തദ്ദേശവാസികള്‍ നേരിടുന്ന പോരാട്ടങ്ങളെ സൂചിപ്പിക്കുന്നതിനായി ആദിമനിവാസികള്‍ ആചാരപരമായി കൈയിലേന്തുന്ന ഒരു സന്ദേശ വടിയും ആ ചടങ്ങില്‍ ലിഡിയയുടെ കൈയില്‍ ഉണ്ടായിരുന്നു.
ലിഡിയ തോര്‍പ്പ് കേവലമൊരു രാഷ്ട്രീയക്കാരിയല്ല; അവള്‍ വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു ആക്ടിവിസ്റ്റാണ്. അവളുടെ പ്രവര്‍ത്തികള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഏറ്റുമുട്ടല്‍ ശൈലിയും വെട്ടിത്തുറന്നുള്ള പ്രസ്താവനകളും ഒരേ സമയം അവള്‍ക്ക് പിന്തുണയും വിമര്‍ശനങ്ങളും നേടിക്കൊടുത്തു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഓസ്ട്രേലിയ സന്ദര്‍ശനത്തിനിടെയാണ് ലിഡിയ വീണ്ടും തന്റെ ഏറ്റുമുട്ടല്‍ കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധനേടിയത്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ബ്രിട്ടീഷ് രാജാവ് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നപ്പോള്‍, ചാടിയെഴുന്നേറ്റ ലിഡിയ അദ്ദേഹത്തെ തടഞ്ഞു, ‘നീ എന്റെ രാജാവല്ല!’ എന്നായിരുന്നു അവരുടെ ആക്രോശം. ബ്രിട്ടീഷ് രാജവാഴ്ചയില്‍ തദ്ദേശീയരായ ജനങ്ങളെ വംശഹത്യ ചെയ്‌തെന്നും അവള്‍ പൊട്ടിത്തെറിച്ചു.
ഈ സംഭവം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി. കൊളോണിയലിസത്തെക്കുറിച്ചും ഓസ്ട്രേലിയയിലെ തദ്ദേശീയ അവകാശങ്ങളെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെ ഇത് വീണ്ടും ഉയര്‍ത്തിക്കാട്ടി. ഭൂമി വീണ്ടെടുക്കുന്നതിനും ഉടമ്പടിക്കുമുള്ള തോര്‍പ്പിന്റെ ആവശ്യം ഓസ്ട്രേലിയയിലെ വലിയൊരു വിഭാഗത്തിന്റെ, പ്രത്യേകിച്ച് തദ്ദേശീയ സമൂഹങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ആദ്യമായല്ല ലിഡിയ തോര്‍പ്പ് രാജവാഴ്ചയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2022ല്‍ സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തന്റെ സത്യപ്രതിജ്ഞാ വേളയില്‍, എലിസബത്ത് രാജ്ഞിയെ അവര്‍ ‘കോളനിവല്‍ക്കരിക്കുന്ന മഹിമ’ എന്നാക്ഷേപിച്ചിരുന്നു. ഇതുമൂലം അവര്‍ക്ക് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു. രാജവാഴ്ചയെക്കുറിച്ചുള്ള തോര്‍പ്പിന്റെ വിമര്‍ശനങ്ങള്‍, കൊളോണിയല്‍ ചരിത്രത്തെ അടിസ്ഥാനപരമായ അനീതിയായി കാണുന്ന തദ്ദേശീയരുടെ ഇടയിലുള്ള വികാരത്തിന്റെ പ്രതിഫലനമാണ്. ബ്രിട്ടീഷ് കോളനിവാഴ്ച്ച ഇന്നും തദ്ദേശീയ സമൂഹങ്ങളെ വേട്ടയാടുന്ന ഓര്‍മകളാണ്.
ലിഡിയ തോര്‍പ്പിന്റെ ആക്ടിവിസം തദ്ദേശീയ അവകാശങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ബ്രിട്ടീഷ് ആക്ടിവിസ്റ്റ് കെല്ലി-ജെയ് കീന്‍ നയിച്ച ട്രാന്‍സ് വിരുദ്ധ റാലിക്കെതിരെ, എല്‍ജിബിടിക്യുഎല്‍എ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ലിഡിയ ഉയര്‍ത്തിയ ശബ്ദം ലോകം കേട്ടതാണ്. ക്വീര്‍ അനുകൂല റാലിയും സ്വവര്‍ഗാനുരാഗ സമൂഹത്തിനു വേണ്ടി പാര്‍ലമെന്റിനുള്ളിലെ നടത്തിയ വിവിധഘട്ടങ്ങളിലെ വാദപ്രതിവാദങ്ങളും പുരോഗമനപരമായ ലക്ഷ്യങ്ങളേടുള്ള അവളുടെ പ്രതിബദ്ധത തെളയിക്കുന്നതാണ്.
2023ന്റെ തുടക്കത്തില്‍, ഇന്‍ഡിജിനസ് വോയ്സ് ടു പാര്‍ലമെന്റ് റഫറണ്ടത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ് പാര്‍ട്ടി നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ലിഡിയ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ഭരണഘടനാപരമായ അംഗീകാരത്തേക്കാള്‍ ഉടമ്പടി പ്രക്രിയയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ലിഡിയയും അനുയായികളും ആഹ്വാനം ചെയ്തു, പരമാധികാരമാണ് ആദ്യം അംഗീകരിക്കേണ്ടത് എന്നായിരുന്നു അവളുടെ വാദം. ഗ്രീന്‍സില്‍ നിന്നുള്ള വേര്‍പിരിയല്‍ ലിഡിയയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു നിര്‍ണായക വഴിത്തിരിവ് ആയിരുന്നു. തുടര്‍ന്ന് ലിഡിയ ഒരു സ്വതന്ത്ര സെനറ്ററായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തദ്ദേശീയരുടെ അവകാശങ്ങള്‍ക്കായുള്ള ലിഡിയ തോര്‍പ്പിന്റെ കാഴ്ചപ്പാട് പരമാധികാരം, ഭൂമി അവകാശങ്ങള്‍, നീതി എന്നിവയുടെ തത്വങ്ങളില്‍ വേരൂന്നിയതാണ്. ആദിവാസികള്‍ അഭിമുഖീകരിക്കുന്ന ചരിത്രപരമായ അനീതികളെ അംഗീകരിക്കുകയും നഷ്ടപരിഹാരത്തിനും ഭൂമി വീണ്ടെടുക്കുന്നതിനുമുള്ള ഒരു ചട്ടക്കൂട് നല്‍കുകയും ചെയ്യുന്ന ഒരു ഉടമ്പടി പ്രക്രിയയ്ക്കായി അവള്‍ വളരെക്കാലമായി വാദിക്കുകയാണ്. ‘ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് തിരികെ തരൂ’ എന്ന അവളുടെ മുദ്രാവാക്യം ഈ വികാരത്തെ ഉള്‍ക്കൊള്ളുന്നതും ഓസ്ട്രേലിയയിലെ തദ്ദേശീയ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തിപ്പെടുന്ന പോരാട്ടത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ്. ഒരു ഉടമ്പടിക്ക് വേണ്ടിയുള്ള ലിഡിയയുടെ വാദം കേവലം ഒരു രാഷ്ട്രീയ നിലപാടല്ല; അവളുടെ സ്വന്തം അനുഭവങ്ങളും സാമൂഹിക ബന്ധങ്ങളും രൂപപ്പെടുത്തിയ ആഴത്തിലുള്ളതും വ്യക്തിപരവുമായ പ്രതിബദ്ധതയാണിത്.
ഒരു റിപ്പബ്ലിക്കിലേക്കുള്ള ഏതൊരു നീക്കവും തദ്ദേശീയ പരമാധികാരത്തിനുള്ള യഥാര്‍ത്ഥ അംഗീകാരമായിരിക്കണമെന്നാണ് ലിഡിയ ഊന്നിപ്പറയുന്നത്. ഒരു ഉടമ്പടി പ്രക്രിയയ്ക്കായുള്ള അവളുടെ ആഹ്വാനങ്ങള്‍ നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുന്നതും ഓസ്ട്രേലിയയുടെ കൊളോണിയല്‍ ചരിത്രത്തെക്കുറിച്ചും അതിന്റെ നിലവിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും വിശാലമായ ചര്‍ച്ചകള്‍ക്ക് അവസരം ഉണ്ടാക്കുന്നതുമാണ്.
ലിഡിയ തോര്‍പ്പിന്റെ ആക്ടിവിസം ഒരേ സമയം പിന്തുണയും വിമര്‍ശനവും സൃഷ്ടിക്കുന്നതാണ്. അധികാര കേന്ദ്രങ്ങളേട് നിര്‍ഭയമായി സത്യം വിളിച്ചു പറയുന്ന ധീരയായ നേതാവായി പലരും അവളെ കാണുന്നുണ്ട്. അതേസമയം വിമര്‍ശകര്‍ അവളുടെ പ്രവര്‍ത്തികള്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്. അവളുടെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സെനറ്റിലെ അവളുടെ സാന്നിധ്യം ഓസ്ട്രേലിയയിലെ തദ്ദേശീയ അവകാശങ്ങള്‍ക്കു വേണ്ടി ഉയര്‍ത്തുന്ന നിഷേധിക്കാനാവാത്ത ശബ്ദമാണ്. പ്രാദേശിക-അന്തര്‍ദേശീയ സമൂഹവുമായി ഇടപഴകാനുള്ള അവളുടെ കഴിവ് തദ്ദേശീയ ഓസ്ട്രേലിയക്കാരുടെ ശബ്ദംആഗോളതലത്തില്‍ കൂടുതല്‍ മുഴക്കമുള്ളതാക്കുന്നുണ്ട്. തന്റെ പ്രസംഗങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും, തദ്ദേശീയ സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന ചരിത്രപരവും സമകാലികവുമായ പോരാട്ടങ്ങളെക്കുറിച്ചുള്ള സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു വേദി സൃഷ്ടിക്കാന്‍ ലിഡിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു സ്വതന്ത്ര സെനറ്റര്‍ എന്ന നിലയില്‍, ലിഡിയ തോര്‍പ്പ് ഓസ്ട്രേലിയയില്‍ അര്‍ത്ഥവത്തായ മാറ്റത്തിനായി ശ്രമിക്കുന്നുണ്ട്.
ഉടമ്പടി ചര്‍ച്ചകള്‍, ഭൂമി അവകാശങ്ങള്‍, സാമൂഹിക നീതി എന്നിവയ്ക്കായുള്ള അവളുടെ പോരാട്ടം തുടരുകയാണ്. മാത്രമല്ല അവളുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ ഭരണാധികാരികളെ വിഷയങ്ങളില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. ഓസ്ട്രേലിയയുടെ ഭരണഘടനാ ചട്ടക്കൂടുകളെക്കുറിച്ചും തദ്ദേശീയ ജനതകളെ അംഗീകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ലിഡിയ തോര്‍പ്പിന്റെ ശബ്ദം നിര്‍ണായകമാകും.
ലിഡിയ തോര്‍പ്പ് ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തിലെ ശക്തയായൊരു വ്യക്തിത്വമാണ് ഇന്ന്. തദ്ദേശീയരായ ഓസ്ട്രേലിയക്കാരുടെ പോരാട്ടങ്ങളും അഭിലാഷങ്ങളുമാണ് അവള്‍ പ്രതിനിധീകരിക്കുന്നത്. ധീരമായ പ്രസ്താവനകളും പ്രതിഷേധങ്ങളും കൊണ്ട് അടയാളപ്പെടുത്തിയ അവളുടെ പ്രവര്‍ത്തനങ്ങള്‍, നീതിക്കും സമത്വത്തിനും വേണ്ടി നടക്കുന്ന പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അവള്‍ തന്റെ സമൂഹത്തിനുവേണ്ടി വാദിക്കുന്നത് തുടരുമ്പോള്‍, ഓസ്‌ട്രേലയിന്‍ ആദിമ വിഭാഗങ്ങളെ സംബന്ധിച്ച് ലിഡിയ അവരുടെ പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി മാറുകയാണ്. ഭാവി തലമുറകളെ നിലവിലെ അവസ്ഥയെ വെല്ലുവിളിക്കാനും തദ്ദേശീയരുടെ അവകാശങ്ങള്‍ അംഗീകാരിക്കാനും ബഹുമാനിക്കാനും ആവശ്യപ്പെടാനായി പ്രചോദിപ്പിക്കാനും ലിഡിയ തോര്‍പ്പിന്റെ വാക്കും പ്രവര്‍ത്തിയും സഹായിക്കുന്നുണ്ട്. Who is Lidia Thorpe? Australian senator who heckled King Charles, called late Queen ‘coloniser’
Content Summary; Who is Lidia Thorpe? Australian senator who heckled King Charles, called late Queen ‘coloniser’