January 19, 2025 |
Share on

അമിത് ഷാ നല്‍കിയ ഉറപ്പ്, തോറ്റിട്ടും മന്ത്രിയായ രവ്‌നീത്  ബിട്ടു

രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്ന ബിസിനസുകാരന്‍,ഖാലിസ്താനികള്‍ കൊന്ന മുന്‍ മുഖ്യമന്ത്രിയുടെ ചെറുമകന്‍

‘കഴിഞ്ഞ അഞ്ചു വര്‍ഷമായി രവ്‌നീത് ബിട്ടു എന്റെ സുഹൃത്താണ്, അയാള്‍ക്ക് വോട്ട് നല്‍കി നിങ്ങള്‍ പാര്‍ലമെന്റിലേക്ക് അയച്ചാല്‍, അയാളെ വലിയൊരാളാക്കി മാറ്റുക എന്നത് എന്റെ കടമയാണ്’

പഞ്ചാബിലെ ലുധിയാന മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ, വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു. ജനം അമിത് ഷായുടെ വാക്ക് കേട്ടില്ല. ലുധിയാനയിലെ വോട്ടര്‍മാര്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗിനെയാണ് പാര്‍ലമെന്റിലേക്ക് അയച്ചത്. ബിട്ടു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് 20942 വോട്ടുകള്‍ക്ക് തോറ്റു. who is ravneet singh bittu he lost recently conducted lok sabha election but took oath as union minister 

തോറ്റിട്ടും കേന്ദ്രമന്ത്രി
ഞായറാഴ്ച്ച രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും സത്യവാചകം ഏറ്റു ചൊല്ലിയവരില്‍ ഒരാള്‍ രവ്‌നീത് സിംഗ് ബിട്ടുവായിരുന്നു. തോറ്റിട്ടും ബിട്ടു കേന്ദ്ര മന്ത്രിയായി. മൂന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രിസ്ഥാനമാണ് 48 കാരനായ ബിട്ടുവിന് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മനീഷ് തിവാരിക്കു ശേഷം ലുധിയാനയില്‍ നിന്നും കേന്ദ്രമന്ത്രിയാകുന്ന രണ്ടാമത്തെയാളാണ് രവ്‌നീത് ബിട്ടു.

ആരാണ് രവ്‌നീത് സിംഗ് ബിട്ടു?
പഞ്ചാബ് രാഷ്ട്രീയത്തില്‍ ചോരകൊണ്ട് ചരിത്രമെഴുതിയ കുടുംബത്തിലെ അംഗമാണ് ബിട്ടു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുടെ ചെറുമകന്‍, രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരം രാഷ്ട്രീയത്തിലിറങ്ങിയ ബിസിനസുകാരന്‍, കോണ്‍ഗ്രസുകാരനില്‍ നിന്നും ബിജെപിക്കാരനായ രാഷ്ട്രീയക്കാരന്‍.

അമിത് ഷാ നല്‍കിയ ഉറപ്പാണോ ബിട്ടുവിന് തുണയായതെന്ന് അറിയില്ല. പട്യാലയില്‍ നിന്നുള്ള മുന്‍ എംപിയും, പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗറിനെ മറി കടന്നാണ് ബിട്ടുവിന് നറുക്ക് വീണത്. കൗറും പട്യാലയില്‍ തോറ്റിരുന്നു. കൗറിനു പുറമെ, അമൃത്സറില്‍ നിന്നു തോറ്റ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ തരണ്‍ജിത്ത് സിംഗു സന്ധു, ഭട്ടിന്‍ഡയില്‍ പരാജയപ്പെട്ട മുന്‍ ഐ എഎസ് ഉദ്യോഗസ്ഥ പരംപാല്‍ കൗര്‍ സിദ്ദു, ഫരീദ്‌കോട്ടില്‍ തോറ്റ ഗായകന്‍ ഹന്‍സ് രാജ് ഹന്‍സ് എന്നിവരെയും ബിട്ടു മറികടന്നു.

മുത്തച്ഛന്റെ ചോര വീണ മണ്ണ്
രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്തൊരു നേതാവിന്റെ ചെറു മകന്‍ എന്നതാണ് ബിട്ടുവിന്റെ ഏറ്റവും പ്രധാനപ്പെട്ട മേല്‍വിലാസം. പഞ്ചാബിന്റെ 12മത് മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവായ ബിയാന്ത് സിംഗ്. അധികാരത്തിലേറി മൂന്നാം വര്‍ഷം അദ്ദേഹം വധിക്കപ്പെട്ടു. 1995 ഓഗസ്റ്റ് 31 ന് ഖാലിസ്താന്‍ വിഘടനവാദികള്‍ ചണ്ഡീഗഡില്‍ നടത്തിയ ചാവേര്‍ ആക്രമണത്തിലാണ് ബിയാന്ത് സിംഗ് കൊല്ലപ്പെടുന്നത്. അന്ന് ബിട്ടുവിന് പ്രായം 20 വയസ്. ദുരന്തം അതിനു മുമ്പും ബിട്ടുവിന്റെ ജീവിതത്തില്‍ സംഭവിച്ചിരുന്നു. പതിനൊന്നാമത്തെ വയസില്‍ അദ്ദേഹത്തിന് സ്വന്തം പിതാവിനെ നഷ്ടപ്പെട്ടു. പഞ്ചാബ് രാഷ്ട്രീയത്തിലും ഭരണത്തിലും സജീവമായ കുടുംബമാണ് രവ്‌നീത് ബിട്ടുവിന്റെത്. ബിയാന്ത് സിംഗിന്റെ മകന്‍ തേജ് പ്രകാശ് സിംഗ്, ഹര്‍ചരണ്‍ സിംഗ് ബാറിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു. ബിയാന്തിന്റെ മകള്‍ ഗുര്‍കന്‍വാല്‍ കൗര്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലും അംഗമായി. ഖാലിസ്താന്‍ വിഘടനവാദികളുടെ ഭീഷണി പലഘട്ടങ്ങളിലായി ബിട്ടുവിനു നേരെയും ഉയര്‍ന്നിട്ടുണ്ട്.

Post Thumbnail
മോദി 3.0 അഥവാ 'മുസ്ലിം മുക്ത സര്‍ക്കാര്‍'വായിക്കുക

രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച രാഹുല്‍ ഗാന്ധി
പഞ്ചാബില്‍ ഒരു ചെറുകിട സിമന്റ് നിര്‍മാണ യൂണിറ്റ് നടത്തി വരികയായിരുന്നു ബിട്ടു. 2007 ല്‍ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ സമയത്ത്, അദ്ദേഹത്തെ അഭിനന്ദിക്കാനായി ബിട്ടു ഡല്‍ഹിയിലെത്തി. രാഹുലുമായുള്ള കൂടിക്കാഴ്ച്ചയാണ് ബിട്ടുവിന്റെ രാഷ്ട്രീയപ്രവേശനത്തിന് കാരണമായത്. മുത്തച്ഛന്റെ പാരമ്പര്യവും രക്തസാക്ഷിത്വവും വെറുതെയാക്കരുതെന്നായിരുന്നു ബിട്ടുവിനോട് രാഹുല്‍ ഉപദേശിച്ചത്. രാജ്യത്തിന് വേണ്ടി കുടുംബത്തിലുള്ളവരെ നഷ്ടപ്പെട്ടവരായിരുന്നു ഞങ്ങള്‍ രണ്ടുപേരും എന്നാണ് ആ കൂടിക്കാഴ്ച്ചയെക്കുറിച്ച് പിന്നീടൊരിക്കല്‍ സംസാരിച്ചപ്പോള്‍ ബിട്ടു പറഞ്ഞത്. 2008 ല്‍ ബിട്ടു പഞ്ചാബ് യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

2009 ല്‍ അനന്ദ്പൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നാണ് രവ്‌നീത് ബിട്ടു ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്. 2014 ലും 2019 ലും ലുധിയാനയില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തി. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിട്ടു ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ പാര്‍ട്ടി മാറിയെത്തിയ ബിട്ടുവിന് ലുധിയാന മൂന്നാമൂഴം നല്‍കിയില്ല.

പരമ്പരാഗതമായി കോണ്‍ഗ്രസ് കുടുംബമാണെങ്കിലും ഇപ്പോള്‍ രണ്ട് ചേരിയിലാണ് ബിട്ടുവിന്റെ കുടുംബം. അദ്ദേഹത്തിന്റെ പിതൃസഹോദരനായ തേജ് പ്രകാശ് സിംഗും ബന്ധുവായ ഗുര്‍കിറത് കോട്‌ലിയും കോണ്‍ഗ്രസ് കാലത്ത് കേന്ദ്രമന്ത്രിമാരായിരുന്നു. രണ്ടു പേരും ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണ്. ബിട്ടു ബിജെപിക്കു വേണ്ടി വോട്ട് ചോദിച്ചപ്പോള്‍, കോണ്‍ഗ്രസിനു വേണ്ടി സജീവ പ്രചാരണത്തിലായിരുന്നു മറ്റു രണ്ടു പേരും.

വിവാദങ്ങളും വിമര്‍ശനങ്ങളും
ലുധിയാന എംപി ആയിരിക്കുന്ന കാലത്ത് ബിട്ടു ചില വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പഞ്ചാബില്‍ അധികാരത്തിലിരിക്കുന്ന സമയത്ത് ബിട്ടുവിന്റെ അര്‍ദ്ധ സഹോദരന്‍ ഗുരിക്ബാല്‍ സിംഗ് ഹണിയെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയി നിയമിച്ചതിലായിരുന്നു ബിട്ടു വിവാദത്തില്‍പ്പെട്ടത്. കോണ്‍ഗ്രസുകാരനായിരുന്ന മുത്തച്ഛനെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതിനെതിരേയും ബിട്ടു വിമര്‍ശനങ്ങള്‍ നേരിട്ടു. മുത്തച്ഛന്റെ വെളുത്ത അംബാസിഡര്‍ കാര്‍ തനിക്ക് ഭാഗ്യമാണെന്നു പറഞ്ഞ ബിട്ടു, ആ കാറിലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ബിയാന്ത് സിംഗിന്റെ ചിത്രം ബിജെപിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിച്ചതിനെതിരേയും ബിട്ടു രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു.

മേയ് ആദ്യവാരം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ബിട്ടുവിന് ഒരു നിയമപ്രശ്‌നം നേരിടേണ്ടി വന്നത്. ലുധിയാനയിലെ സര്‍ക്കാര്‍ വസതി എട്ടുവര്‍ഷമായി അനധികൃതമായി കൈവശപ്പെടുത്തി വച്ചിരിക്കുന്നുവെന്ന് കാണിച്ച് തദ്ദേശഭരണ സ്ഥാപനം ബിട്ടുവിന് നോട്ടീസ് അയച്ചു. വസതി ഒഴിഞ്ഞ ബിട്ടു 1.82 കോടി രൂപ പിഴയും അടച്ചശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം ബിജെപി ഓഫിസില്‍ എത്തി അവിടെ തറയില്‍ കിടന്ന് ഉറങ്ങിയ ബിട്ടു വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും, അതൊന്നും തെരഞ്ഞെടുപ്പില്‍ സഹായിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കര്‍ഷകരുടെ പ്രതിഷേധം മൂലം ലൂധിയാനയിലെ ഒരു ഗ്രാമത്തില്‍ നിന്നും ഓടിപ്പോരേണ്ടി വന്ന ബിട്ടുവിന്റെ വീഡിയോ വൈറലായിരുന്നു. ജൂണ്‍ നാല് കഴിഞ്ഞ കാണാം’ എന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ ബിട്ടു വെല്ലുവിളിക്കുന്ന മറ്റൊരു വീഡിയോയും വൈറലായിരുന്നു.

Post Thumbnail
'കാലുമാറ്റക്കാരന്റെ കെട്ടുകഥ' ദി ആക്‌സിഡന്‍ഡല്‍ പ്രൈം മിനിസ്റ്റര്‍വായിക്കുക

content Summary; who is ravneet singh bittu he lost recently conducted lok sabha election but took oath as union minister

×