വോട്ടർ തട്ടിപ്പ് നടത്താൻ ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചു എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ ചിത്രം അജ്ഞാത സെർവറിൽ നിന്നാണ് അപ്‌ലോഡ് ചെയ്തതെന്നും,10 പോളിംഗ് ബൂത്തുകളിൽ 22 വോട്ടുകൾ രേഖപ്പെടുത്താൻ ഇത് ഉപയോഗിച്ചുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിന് പിന്നാലെ, ഈ മോഡലിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സാമൂഹ്യ മാധ്യമം.
ഇന്ത്യയീലെ രാഷ്ട്രീയ വിവാദത്തിൻ്റെ മധ്യത്തിൽപ്പെട്ട ആ സ്ത്രീയുടെ പേര് ലരീസ നെറി എന്നാണ്. ബ്രസീലിയൻ സംസ്ഥാനമായ മിനാസ് ജെറൈസിൽ നിന്നുള്ള ഒരു ഹെയർഡ്രസ്സിങ് പ്രൊഫഷണലാണ് ലരീസ. മിനാസ് ജെറൈസിൻ്റെ തലസ്ഥാനവും ബ്രസീലിലെ ആദ്യത്തെ ആസൂത്രിത ആധുനിക നഗരവുമായ ബെലോ ഹൊറിസോണ്ടെയിൽ ഒരു സലൂൺ നടത്തുകയാണ് അവർ. താൻ ഇതിനെയൊരു തമാശയായി കാണുന്നുവെന്നാണ് തന്റെ വിവരം തേടിയെത്തിയ ഇന്ത്യൻ മാധ്യമങ്ങളോട് ലരീസ പ്രതികരിച്ചത്.
ഏകദേശം 5,400 ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലരീസ തൻ്റെ പ്രതികരണം അറിയിച്ചിരുന്നു. തൻ്റെ പഴയ ചിത്രം ഇന്ത്യയിലെ വോട്ടർ പട്ടികയിൽ ഉപയോഗിക്കുന്നതിൽ ലരീസ അവിശ്വസനീയത പ്രകടിപ്പിച്ചു. എന്റെ ഈ ചിത്രം വളരെ പഴയതാണ്. ഞാൻ ഒരു മോഡൽ അല്ലെന്ന് ലരീസ പ്രതികരിച്ചതായി ‘ദി പ്രിൻ്റ്’ റിപ്പോർട്ട് പറയുന്നു. തന്റെ ഒരു ഫോട്ടോഗ്രഫർ സുഹൃത്തിന് വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു ഇതെന്നും ആ സുഹൃത്ത് ഇപ്പോൾ എവിടെയാണെന്ന് പോലും തനിക്കറിയില്ലെന്നും ലരീസ വ്യക്തമാക്കി.
തൻ്റെ സുഹൃത്ത് ചിത്രം ഏത് വെബ്സൈറ്റിലാണ് അപ്‌ലോഡ് ചെയ്തതെന്ന് ലരീസയ്ക്ക് അറിയില്ലായിരുന്നു, എന്നാൽ അതിനുശേഷം പലയിടങ്ങളിലായി ഈ ചിത്രം ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. നേരത്തെയുള്ള ഒരു റിപ്പോർട്ടിൽ, 2017ൽ ഫോട്ടോഗ്രാഫറായ മാത്യൂസ് ഫെരേറോയാണ് ഈ ചിത്രം ആദ്യം എടുത്തതെന്നും, ഇത് സൗജന്യമായി ഉപയോഗിക്കാവുന്ന ചിത്രങ്ങളുടെ ശേഖരമായ അൺസ്‌പ്ലാഷിൽ അപ്‌ലോഡ് ചെയ്തിരുന്നു എന്നും ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞിരുന്നു. നിലവിൽ, ഫെരേറോ തൻ്റെ അൺസ്‌പ്ലാഷ് പ്രൊഫൈലിൽ നിന്ന് ലരീസയുടെ ഈ ചിത്രം നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞതിനെത്തുടർന്ന് ഫോട്ടോഗ്രാഫറായ ഫെരേറോ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ബ്രസീലിയൻ ഹെയർഡ്രസ്സിങ് പ്രൊഫഷണലായ ലരീസ നെറി ഈ തട്ടിപ്പിനോട് സോഷ്യൽ മീഡിയ വഴി പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനത്തിൽ കാണിച്ച സ്ത്രീ താനാണെന്നും, ആ ചിത്രം തനിക്ക് ഏകദേശം 20 വയസ്സുള്ളപ്പോൾ എടുത്ത പഴയ ചിത്രമാണെന്നും അവർ അതിൽ പറയുന്നു.
ഇന്ത്യൻ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ അവർ തന്റെ ചിത്രം ഉപയോഗിക്കുന്നുവെന്നും, ആളുകളെ കബളിപ്പിക്കുന്നതിന് വേണ്ടി തന്നെ ഒരു ഇന്ത്യൻ വനിതയായിട അവർ ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പിൽ ലരീസ നെറി പറയുന്നു. ആ സംഭവം വിവാദമായതിന് ശേഷം പല റിപ്പോർട്ടർമാരും തന്നെ ബന്ധപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. താൻ ജോലി ചെയ്യുന്ന സലൂണിൽ പോലും ഒരു പത്രപ്രവർത്തകൻ ബന്ധപ്പെട്ടതായും അവർ അറിയിച്ചു.
content summary: A photo taken by a friend at age 20, found in the Haryana voter list, who is the Brazilian model that Indians were searching for?
This post was last modified on November 6, 2025 4:13 pm
Leave a Comment