UPDATES

വിദേശം

അമേരിക്കന്‍ ജനത അര്‍ഹിക്കുന്ന വൈസ് പ്രസിഡന്റെന്ന് കമല, ആരാണ് ടിം വാള്‍സ് ?

ഇറാഖ്-അഫ്ഗാന്‍ യുദ്ധത്തെ പിന്തുണച്ച വ്യക്തി

                       

അമേരിക്കന്‍ ജനത അര്‍ഹിക്കുന്ന ഒരു വൈസ് പ്രസിഡന്റ്, അങ്ങനെ ഒരാളെയാണ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ടിം വാള്‍സ്- ഫിലാഡല്‍ഫിയയില്‍ നടന്ന റാലിയില്‍ കമലാ ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. സന്തോഷം തിരികെ കൊണ്ടുവന്നതിന് നന്ദി, ജീവിതകാലത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായി ഇതിനെ കാണുന്നു- എന്ന ഹൃദയം തൊടുന്ന മറുപടി ടിം വാള്‍സില്‍ നിന്ന് ജനം കേട്ടു. വാഗ്വാദപെരുമഴയില്‍ കുളിച്ച് നില്‍ക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ആരെ കമല കൊണ്ടുവരുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഫിലാഡല്‍ഫിയ പ്രഖ്യാപനത്തിലൂടെ വന്നിരിക്കുന്നത്. കമല ഇത്രത്തോളം പുകഴ്ത്തി പറഞ്ഞ ടിം വാള്‍സ് ആരാണ്? ഈ വിശേഷണങ്ങള്‍ക്ക് അദ്ദേഹം അര്‍ഹിക്കുന്നുണ്ടോ? Who is Tim Walz .

ഒറ്റവാക്കില്‍ മേല്‍ പറഞ്ഞ വിശേഷണങ്ങള്‍ക്ക് അര്‍ഹനായ വ്യക്തിയാണ് ടിം വാള്‍സന്‍. മിനസോട്ടയുടെ ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുള്ള ഈ 60കാരന്റെ ജനകീയത മാത്രം മതി അതിന് അടിവരയിടാന്‍. അധ്യാപകന്‍, ഫുട്‌ബോള്‍ പരിശീലകന്‍, നാഷനല്‍ ഗാര്‍ഡ്‌സ്മാന്‍ പദവികളില്‍ തിളങ്ങിയിട്ടുള്ള ടിം വാള്‍സ് കളിക്കളത്തിലെന്നത് പോലെ രാഷ്ട്രീയ അങ്കതട്ടിലും സുപരിചിതനാണ്. ലളിതവും സരസവും മൂര്‍ച്ഛയേറിയതുമായ വാക്കുകളാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മിനസോട്ടയുടെ ഗവര്‍ണറായി പ്രവര്‍ത്തിച്ച സമയത്ത് ഇടതുപക്ഷ രാഷ്ട്രീയ ലോകത്ത് വ്യക്തമായ സ്വാധീനമുണ്ടാക്കിയ നേതാവാണ്. അമേരിക്കന്‍ രാഷ്ട്രീയം വളരെയധികം ധ്രുവീകരിക്കപ്പെട്ട ഈ സമയത്ത് വിശാലസമീപനമുള്ള ടിം വാള്‍സിന്റെ കടന്ന് വരവ് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.

നെബ്രാസ്‌ക എന്ന ഗ്രാമീണ മേഖലയില്‍ ജനിച്ച് വളര്‍ന്ന വാള്‍സിന് കാര്‍ഷിക മേഖലയുമായി അടുത്ത ബന്ധമാണുള്ളത്. കൃഷിയും മീന്‍പിടുത്തവുമെല്ലാം അദ്ദേഹത്തിന് താല്‍പര്യമാണ്. വാള്‍സിന് 19 വയസുള്ളപ്പോള്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് പിതാവ് മരണമടഞ്ഞു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു മകന്‍ സൈനീകനായിരിക്കണമെന്നത്. അതുകൊണ്ട് തന്നെ യുവത്വത്തിന്റെ തുടക്കകാലത്ത് തന്നെ ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്നു. രണ്ടര പതിറ്റാണ്ട് നീണ്ട സര്‍വീസില്‍ നിന്ന് വിരമിച്ച് ശേഷം സന്നദ്ധ സംഘടനകളുടെ ഭാഗമായി പൊതുജീവിതം തുടര്‍ന്നു. സ്‌ക്ൂള്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന പിതാവിന്റെ മരണശേഷം ലഭിച്ച തുക വച്ചാണ് മാതാവ് ജീവിതം മുന്നോട്ട് കൊണ്ട് പോയതെന്നും ഇത്തരം ആനുകൂല്യങ്ങള്‍ തന്റെ വിദ്യാഭ്യാസത്തിനായി പ്രയോജനം ചെയ്തിരുന്നുവെന്നതും വേദിയില്‍ വച്ച് വാള്‍സ് പറഞ്ഞിരുന്നു.ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ സമയത്ത് ചൈനയില്‍ ഒരു വര്‍ഷം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച വാള്‍സ് പില്‍ക്കാലത്ത് യുഎസ് വിദ്യാര്‍ത്ഥികള്‍ക്കായി ചൈനയിലേക്ക് വേനല്‍ക്കാല വിദ്യാഭ്യാസ യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷം ഭാര്യ ഗ്വെന്‍ വിപ്പിളിനൊപ്പം നെബ്രാസ്‌കയില്‍ തിരിച്ചെത്തി അധ്യാപകനും അമേരിക്കന്‍ ഫുട്‌ബോള്‍ പരിശീലകനുമായി മുന്നോട്ട് പോയി.

അമേരിക്കന്‍ ഫുട്‌ബോള്‍ പരിശീലകനെന്ന നിലയിലും മികച്ച പ്രവര്‍ത്തനങ്ങളാണ് വാള്‍സ് കാഴ്ചവച്ചത്.  മങ്കാറ്റോ വെസ്റ്റ് ഹൈസ്‌കൂളിലെ പരിശീലകനായിരിക്കെ സ്‌കൂളിനെ ആദ്യ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് നയിച്ചതാണ് ഇതില്‍ പ്രധാനം. അമേരിക്കന്‍ ഫുട്‌ബോള്‍ പദ്ധതി സ്‌കൂളിനായി തയ്യാറാക്കിയതും അദ്ദേഹമാണ്. അമേരിക്കന്‍ ജനത സ്വവര്‍ഗരതിക്കാരെ വലിയ തോതില്‍ നിരാകരിച്ച ഒരു സമയത്ത് സ്‌കൂളിലെ സ്വവര്‍ഗരതിക്കാരുടെ കൂടെ നിന്നത് അക്കാലത്ത് തന്നെ പ്രശംസ നേടിയ നീക്കമായിരുന്നു.

ഇറാഖ്-അഫ്ഗാന്‍ യുദ്ധത്തെ പിന്തുണച്ച വ്യക്തി

12 വര്‍ഷമാണ് ടിം വാള്‍സ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അംഗമായിരുന്നത്. വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ടാണ് ഇക്കാലത്ത് ശ്രദ്ധേയനായതും. വ്യക്തി പരിചരണ നിയമം, മിനിമം വേതനം ഉയര്‍ത്തല്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള പദ്ധതി എന്നിവയെ പിന്തുണച്ച നേതാവാണ്. എന്നാല്‍ ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് തുടരുന്നതിനെ പിന്തുണച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. യുഎസിലെ അഭയാര്‍ത്ഥി കുടിയേറ്റം പോലുള്ള വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടാണ് പിന്തുടര്‍ന്നിരുന്നതും. അമേരിക്കയില്‍ വലിയ ഭീഷണിയായി തീര്‍ന്ന ആയുധം കൈവശം വയ്ക്കുന്ന നടപടിയ്‌ക്കെതിരേ രംഗത്ത് വന്നവരില്‍ ഒരാളുമായിരുന്നു. പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂള്‍ വെടിവയ്പ്പിന് ശേഷം ആയുധ നിരോധന പദ്ധതിയെ പിന്തുണച്ചു.

 

English summary: Who is Tim Walz and why did Kamala Harris pick him as her Vice Presidential candidate?

 

Share on

മറ്റുവാര്‍ത്തകള്‍