June 06, 2026 |
Share on

നവോമി ഒസാക്കയെ പരാജയപ്പെടുത്തി ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കിയ 18 കാരി; ആരാണ് വിക്ടോറിയ മബോക്കോ?

വൈൽഡ് കാർഡായാണ് മബോക്കോ ടൂർണമെൻ്റിൽ പ്രവേശിച്ചത്

ടൊറന്റോയിൽ നടന്ന നാഷണൽ ബാങ്ക് ഓപ്പണിൽ ജാപ്പനീസ് ടെന്നീസ് താരവും മുൻ ലോക ഒന്നാം നമ്പർ താരവുമായ നവോമി ഒസാക്കയെ പരാജയപ്പെടുത്തി ‍‍‍‍‍ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കിയ 18 കാരിയായ വിക്ടോറിയ മബോക്കോയാണ് കായികലോകത്തെ ഇന്നത്തെ ചർച്ചാവിഷയം. 2-6, 6-4, 6-1 എന്ന സ്കോറിലാണ് കനേഡിയൻ കായികതാരം തന്റെ കന്നി ഡബ്ല്യുടിഎ കിരീടം നേടിയത്.

വികാരഭരിതമായ നിമിഷങ്ങൾക്കാണ് സോബീസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിജയ ഷോട്ടിന് ശേഷം കണ്ണുനിറഞ്ഞ് മുട്ടുകുത്തി വീണ മബോക്കോയെ കണ്ട് ആർപ്പുവിളികൾ മുഴങ്ങുകയായിരുന്നു. മത്സരത്തിനിടയിൽ പോലും ആവേശഭരിതരായ കാണികളോട് പോയിന്റുകൾ ലഭിക്കുമ്പോൾ ചെയർ അമ്പയർ നിശബ്ദത പാലിക്കാൻ ആവശ്യപ്പെടേണ്ടിവന്നു.

കഴിഞ്ഞ സീസണിന്റെ അവസാനം സെർബിയ, ജപ്പാൻ, ഒക്ലഹോമ തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ ടൂർണമെന്റുകൾ കളിച്ചുകൊണ്ട് വിക്ടോറിയ മബോക്കോ ലോക റാങ്കിംഗിൽ 333ാം സ്ഥാനത്തായിരുന്നു. ഇപ്പോൾ ലോകത്തിലെ മികച്ച ടെന്നീസ് താരങ്ങളുടെ പട്ടികയിൽ 25ാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആരാണ് വിക്ടോറിയ മബോക്കോ?

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നുള്ള കുടിയേറ്റക്കാരായ സിപ്രിയന്റെയും ഗോഡിയുടെയും മകളായി നോർത്ത് കരോലിനയിലാണ് മബോക്കോ ജനിച്ചത്. ടെന്നീസിനോട് പ്രിയമുള്ള നാല് സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണ് മബോക്കോ. ബെൽജിയത്തിലെ പ്രശസ്തമായ ജസ്റ്റിൻ ഹെനിൻ അക്കാദമിയിൽ നിന്നാണ് മബോക്കോ പരിശീലനം നേടിയത്.

2018 ൽ ഓറഞ്ച് ബൗൾ U14 ഇവന്റിൽ 12 വയസ്സുള്ളപ്പോൾ ഫൈനലിസ്റ്റായി മാറിയാണ് മബോക്കോ കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
തുടർന്ന് 2022 ൽ വിംബിൾഡണിലും യുഎസ് ഓപ്പണിലും ജൂനിയർ സെമിഫൈനലിലെത്തി. അതേ വർഷം തന്നെ കനേഡിയൻ സഹതാരം കെയ്‌ല ക്രോസിനൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ ജൂനിയർ ഫൈനലുകളിലും മബോക്കോ മികവ് തെളിയിച്ചിരുന്നു.

വൈൽഡ് കാർഡായാണ് മബോക്കോ നാഷണൽ ബാങ്ക് ഓപ്പണിൽ പ്രവേശിച്ചത്. എന്നാൽ ഫൈനലിലെത്തുന്നതിന് മുൻപ് തന്നെ മൂന്ന് ടെന്നീസ് ചാമ്പ്യന്മാരെ അവൾ തോൽപ്പിച്ചിരുന്നു. തുടർന്ന് ഫൈനലിൽ നാല് തവണ ഗ്രാൻഡ്സ്ലാം ജേതാവായ നവോമി ഒസാക്കയെ തോൽപ്പിക്കുകയായിരുന്നു.

ആദ്യ റൗണ്ട് വിജയിച്ചപ്പോൾ തന്നെ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നുവെന്നും ഫൈനലിലേക്ക് എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ‍ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കിയ അവസരത്തിൽ മബോക്കോ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

1969 ൽ ഫെയ് അർബനും 2019 ൽ ബിയാങ്ക ആൻഡ്രീസ്കുവിനും ശേഷം ഹോം ടൂർണമെന്റ് നേടുന്ന മൂന്നാമത്തെ കനേഡിയൻ താരമാണ് വിക്ടോറിയ മബോക്കോ. ഓപ്പൺ യുഗത്തിൽ ഒരു ടൂർണമെന്റിൽ നാല് ഗ്രാൻഡ്സ്ലാം ചാമ്പ്യന്മാരെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ടെന്നീസ് താരമായും മബോക്കോ ചരിത്രം കുറിച്ചു.

ഒരു ടൂർണമെന്റിൽ നാല് ഗ്രാൻഡ്സ്ലാം ചാമ്പ്യന്മാരെ തോൽപ്പിച്ച പ്രായംകുറഞ്ഞ ആദ്യ വനിത ടെന്നീസ് താരം എന്ന റെക്കോർഡ് സെറീന വില്യംസിനായിരുന്നു. 1999 ലെ യുഎസ് ഓപ്പണിൽ 17 വയസ്സുള്ളപ്പോൾ മാർട്ടിന ഹിംഗിസ്, ലിൻഡ്സെ ഡാവൻപോർട്ട്, മോണിക്ക സെലസ്, കൊഞ്ചിറ്റ മാർട്ടിനെസ് എന്നിവരെ പരാജയപ്പെടുത്തി സെറീന വില്ല്യംസ് കിരീടം സ്വന്തമാക്കിയിരുന്നു.

Content Summary: Who is Victoria Mboko, the 18-year-old who defeated Naomi Osaka

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×