ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ് അമേരിക്ക. സൗദി അറേബ്യയെയും റഷ്യയെയും മറികടന്ന് അമേരിക്ക തുടര്‍ച്ചയായി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായി തുടരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി അമേരിക്ക ഈ റെക്കോര്‍ഡ് നിലനിര്‍ത്തുന്നുണ്ട്. 1990 കളിലും 2000 ത്തിന്റെ തുടക്കത്തിലും യുഎസിലെ ഉത്പാദനം ക്രമേണ കുറഞ്ഞിരുന്നു. പക്ഷേ 2010 ന് ശേഷം വീണ്ടും കുത്തനെ വര്‍ദ്ധിച്ചു. ഇപ്പോള്‍ അത് എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. why does america buy oil from other countries?
ടെക്‌സസ്, ന്യൂ മെക്‌സിക്കോ, നോര്‍ത്ത് ഡക്കോട്ട, കൊളറാഡോ, അലാസ്‌ക എന്നിവയാണ് യുഎസിലെ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണെങ്കിലും ഇപ്പോഴും നല്ലൊരു പങ്ക് അസംസ്‌കൃത എണ്ണ അമേരിക്ക ഇറക്കുമതി ചെയ്യുന്നുണ്ട്. ആ ഇറക്കുമതികളില്‍ ഭൂരിഭാഗവും കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമാണ് വരുന്നത്. 2023-ല്‍, അമേരിക്ക പ്രതിദിനം ഏകദേശം 10.15 ദശലക്ഷം ബാരല്‍ (b/d) പെട്രോളിയം കയറ്റുമതി ചെയ്തു. അതേസമയം, ഇറക്കുമതി ഏകദേശം 8.53 ദശലക്ഷം ബാരല്‍ (b/d) ആയിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ? ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാണെങ്കിലും, ഇറക്കുമതിയുടെ കണക്കെടുത്താല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും അമേരിക്കയാണ് എന്ന് കാണാം. ഏറ്റവുമധികം എണ്ണ ഉല്‍പ്പാദിപ്പിച്ചിട്ടും, ഇത്രയധികം അസംസ്‌കൃത എണ്ണ എന്തുകൊണ്ട് അമേരിക്കയ്ക്ക് ഇറക്കുമതി ചെയ്യേണ്ടി വരുന്നു?
കാനഡയില്‍ നിന്ന് എന്തിന് ഇറക്കുമതി?
അമേരിക്കന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് കാനഡയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് വലിയ പ്രാധാന്യം ഉണ്ട്. 2024 ജനുവരി 1 ലെ കണക്കനുസരിച്ച് യുഎസ് എണ്ണ ശുദ്ധീകരണ ശേഷി പ്രതിദിനം 18.4 ദശലക്ഷം ബാരലായിരുന്നു (b/d). 2023 ല്‍, യുഎസ് ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 60% കാനഡയില്‍ നിന്നാണ്. 2013 ല്‍ ഇത് 33% ആയിരുന്നു.
1990 മുതല്‍ 2023 വരെയുള്ള വിവിധ രാജ്യങ്ങളിലെ വാര്‍ഷിക എണ്ണ ഉല്‍പ്പാദനം സംബന്ധിച്ച ചാര്‍ട്ട്
കാനഡയില്‍ അസംസ്‌കൃത എണ്ണ ഉല്‍പാദനം വര്‍ദ്ധിച്ചതിനാല്‍, അമേരിക്കയിലേക്കുള്ള കയറ്റുമതിയും വര്‍ദ്ധിച്ചു. 2013 മുതല്‍ 2023 വരെ കാനഡയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതി എല്ലാ വര്‍ഷവും ശരാശരി 4% വര്‍ദ്ധിച്ചു.
അമേരിക്കയുടെ എണ്ണപ്പാടങ്ങള്‍ ടെക്‌സാസിലും നോര്‍ത്ത് ഡക്കോട്ടയിലും കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍, മറ്റ് പ്രദേശങ്ങള്‍ക്ക് കാനഡയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചെലവ് കുറവാണ്. കാനഡയില്‍ നിന്ന് എണ്ണ ഇറക്കുമതിക്കുള്ള ഒരു പ്രധാന കാരണം ആണ് ഇത്.
അസംസ്‌കൃത എണ്ണകള്‍ പല വിധമുണ്ട്. അമേരിക്കയില്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന തരം എണ്ണയെ അപേക്ഷിച്ച് കാനഡയില്‍ ഉല്‍പ്പാദിപ്പിക്കുന്ന തരം എണ്ണ, ശുദ്ധീകരിക്കുന്ന തരത്തിലുള്ള റിഫൈനറികള്‍ ആണ് അമേരിക്കയില്‍ ഉള്ളത്. കാനഡയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് പോലുള്ള ‘കനത്ത എണ്ണകള്‍’ കൈകാര്യം ചെയ്യുന്നതിനാണ് പല യുഎസ് റിഫൈനറികളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നര്‍ത്ഥം. ഇവ ഉപയോഗിച്ച് ഗ്യാസോലിന്‍, ഡീസല്‍, രാസവസ്തുക്കള്‍,
പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയ ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ ഉല്പാദിപ്പിക്കാന്‍ എളുപ്പമാണ്.
കാനഡയിലെ എണ്ണ, (കനത്ത ക്രൂഡ് ഓയില്‍), യുഎസ് റിഫൈനറികള്‍ക്ക് അനുയോജ്യമായതാണ്. കൂടാതെ പൈപ്പ്ലൈനുകള്‍ കാര്യക്ഷമമായ വിതരണം സാധ്യമാക്കുന്നു. അമേരിക്ക പ്രധാനമായും ‘ലൈറ്റ്’ എണ്ണയാണ് ഉല്പാദിപ്പിക്കുന്നത്. യുഎസ് ഉല്‍പ്പാദകര്‍ അവരുടെ ലൈറ്റ് ക്രൂഡ് ഓയില്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുന്നു, അവിടെ അവര്‍ക്ക് ആഭ്യന്തര വിപണിയേക്കാള്‍ ഉയര്‍ന്ന വില ലഭിക്കും.
ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി എണ്ണ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക എന്ന നയം അമേരിക്ക വളരെക്കാലമായി പിന്തുടരുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സാമീപ്യം, ലഭ്യമായ അസംസ്‌കൃത എണ്ണയുടെ തരങ്ങള്‍, എണ്ണ കൊണ്ടുപോകുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ കാര്യങ്ങള്‍ക്കൊണ്ടെല്ലാം തന്നെ അമേരിക്ക കാനഡയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നു.
മെക്‌സിക്കോ ഇറക്കുമതി
മെക്‌സിക്കോയില്‍ നിന്നും അമേരിക്ക ഇറക്കുമതി ചെയ്യുന്നത് കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് പോലെ തന്നെയുള്ള ‘കനത്ത എണ്ണ’ ആണ്. കാരണം പല യുഎസ് റിഫൈനറികളും ‘കനത്ത’ അസംസ്‌കൃത എണ്ണ സംസ്‌കരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ പല ശുദ്ധീകരണശാലകളും, പ്രത്യേകിച്ച് ഗള്‍ഫ് തീരത്തും മിഡ്വെസ്റ്റിലുമുള്ളവ, കൂടുതല്‍ ‘കനത്തതും’ പുളിച്ചതുമായ അസംസ്‌കൃത എണ്ണ സംസ്‌കരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ്.
അമേരിക്കയില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ ഭൂരിഭാഗവും നേരിയ, മധുരമുള്ള അസംസ്‌കൃത എണ്ണയാണ്. ഇത് ശുദ്ധീകരിക്കാനുള്ള റിഫൈനറികള്‍ അമേരിക്കയില്‍ അധികമില്ല.
കാര്യക്ഷമതയും ലാഭവും കൂട്ടാന്‍ വേണ്ടി നിലവിലുള്ള റിഫൈനറികള്‍ക്ക് യോജിച്ച രീതിയില്‍ കാനഡയില്‍ നിന്നും, മെക്‌സിക്കോയില്‍ നിന്നും അമേരിക്കയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തേ തീരൂ.
മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് യുഎസ് റിഫൈനര്‍മാര്‍ക്ക് സാമ്പത്തികമായി ഗുണകരമാണ്. കാരണം അത് അവരുടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും സംസ്‌കരണ ശേഷികളും ഉപയോഗിക്കാന്‍ സഹായിക്കുന്നു.
മെക്‌സിക്കോയും കാനഡയും അമേരിക്കയോട് ചേര്‍ന്നുള്ള രാജ്യങ്ങള്‍ ആയതും, ഗതാഗത ചെലവുകളും അപകടസാധ്യതകളും കുറയ്ക്കുന്നുണ്ട്. യുണൈറ്റഡ്
സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ കരാര്‍ (യുഎസ്എംസിഎ) ഈ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം കൂടുതല്‍ സുഗമമാക്കുന്നുണ്ട്.
ഇറാഖ്, സൗദി എണ്ണ ഇറക്കുമതി
സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നും അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നു. കാരണം അവര്‍ പ്രധാന ആഗോള എണ്ണ കയറ്റുമതിക്കാരാണ്. കൂടാതെ അമേരിക്ക തങ്ങളുടെ ആഭ്യന്തര ആവശ്യകതയും ആഗോള വിപണി ആവശ്യങ്ങളും നിറവേറ്റുന്നതിന്, പ്രത്യേകിച്ച് നിര്‍ദ്ദിഷ്ട ക്രൂഡ് ഗ്രേഡുകള്‍ക്കും ആഗോള എണ്ണ വിപണികളെ സന്തുലിതമാക്കുന്നതിനും ഈ രാജ്യങ്ങളെ ആശ്രയിക്കുന്നു. സൗദി അറേബ്യയ്ക്ക് വ്യത്യസ്തതരം ഇന്ധനങ്ങള്‍ക്കും പെട്രോകെമിക്കല്‍
ഫീഡ്സ്റ്റോക്കുകള്‍ക്കും ആവശ്യമായ വിവിധതരം എണ്ണകള്‍ വിതരണം ചെയ്യാന്‍ കഴിയും. കൂടാതെ ആഗോള എണ്ണ വിപണിയിലെ സ്ഥിരത നിലനിര്‍ത്തുന്നതിന് സൗദി അറേബ്യയ്ക്ക് ഒരു വലിയ പങ്കുണ്ട്. നിര്‍ണായകമായ, ഭൗമരാഷ്ട്രീയ തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഗോള എണ്ണ വിപണികളെ വേഗത്തില്‍ സന്തുലിതമാക്കാന്‍ സൗദി അറേബ്യയ്ക്ക് കഴിവുള്ളതിനാല്‍ അമേരിക്കയ്ക്ക് സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ താല്പര്യം കൂടുതലാണ്. യുഎസ് റിഫൈനറികള്‍ക്ക് യോജിച്ച തരം പ്രത്യേക അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയെയും സൗദി സഹായിക്കുന്നു. ഇറാഖില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ അമേരിക്കയ്ക്ക് തന്ത്രപരമായ ചില താല്പര്യങ്ങളുമുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയെ നിയന്ത്രിക്കാനും സൗദി, ഇറാഖ് ബന്ധം അമേരിക്കയെ സഹായിക്കും എന്ന കാര്യവും ഇതിനു പിന്നിലുണ്ട്.
അമേരിക്കയിലെ വിവിധ റിഫൈനറികള്‍ അവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയെ ശുദ്ധീകരിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയാല്‍ പ്രശ്‌നം തീരില്ലേ
എന്ന് ചിന്തിച്ചാല്‍ അതിലും ഒരു പ്രശ്‌നം ഉണ്ട്. അമേരിക്കയുടെ ‘എന്‍വയണ്‍മെന്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ്’ ഇതിനെ ഒരു ‘പ്രശ്‌നം’ പിടിച്ച കാര്യമായാണ് കാണുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയില്‍ ഒരു റിഫൈനറി ഉണ്ടാക്കിയത് എന്നതില്‍ നിന്ന് തന്നെ ഇതിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കാമല്ലോ. ചുരുക്കി പറഞ്ഞാല്‍ സാമ്പത്തികം മാത്രമല്ല, സാങ്കേതികവും, തന്ത്രപരവും, പരിസ്ഥിതിപരവും, സൗകര്യപ്രദവുമായ കാര്യങ്ങള്‍ കൊണ്ടാണ് അമേരിക്ക അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉത്പാദകര്‍ ആണെങ്കിലും, അതുപോലെ തന്നെ ഇറക്കുമതിക്കാര്‍ ആയും തുടരുന്നത്. why does america buy oil from other countries?
Content Summary: why does america buy oil from other countries?