December 13, 2024 |

ജസ്റ്റിസ് ചന്ദ്രചൂഢിനെ ഇന്ത്യ എത്രയും പെട്ടന്ന് വിസ്മരിക്കട്ടേ എന്ന് ദുഷ്യന്ത് ദവേ പറയുന്നത് എന്തുകൊണ്ട്?

2014-ല്‍ മോദി അധികാരത്തില്‍ വന്നപ്പോള്‍ ഭരണകക്ഷികളുടെ ഹീനാഭിലാഷങ്ങള്‍ക്ക് വേണ്ടി ഇടനില അനുഷ്ഠിക്കുകയാണ് സുപ്രിം കോടതി എന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണത്?

ഇന്ത്യയുടെ പരമോന്നത ന്യായാധിപന്‍ എന്ന നിലയിലുള്ള ജസ്റ്റിസ് ധനജ്ഞയ യശ്വന്ത് ചന്ദ്രചൂഢ് എന്ന ഡി.വൈ.ചന്ദ്രചൂഢിന്റെ അവസാന പ്രവൃത്തി ദിവസമായിരുന്നു വെള്ളിയാഴ്ച. ഞായറാഴ്ച ഔദ്യോഗികമായി അദ്ദേഹം വിരമിക്കും. സമീപ വര്‍ത്തമാനകാലത്ത് ഏറ്റവുമധികം കാലം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്നയാളാണ് ഡി.വൈ.ചന്ദ്രചൂഢ്. അദ്ദേഹത്തിന്റെ പിതാവ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഢ് എന്ന വൈ.വി.ചന്ദ്രചൂഢാണ് സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിട്ടുള്ളയാള്‍. 1978 ഫെബ്രുവരി മുതല്‍ 1985 ജൂലായ് വരെയുള്ള നീണ്ട ഏഴ് വര്‍ഷം.

നിയമത്തില്‍ അതിഗാഢമായ ജ്ഞാനമുള്ള, ആരും മോഹിക്കുന്ന അഭിഭാഷക ജീവിതം ഉണ്ടായിരുന്നിട്ടുള്ള ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പുതിയ കാലത്തിന്റെ ന്യായാധിപരുടെ തലമുറയില്‍ പെട്ടയാള്‍ എന്നായിരുന്നു വാഴത്തപ്പെട്ടിരുന്നത്. എന്നാല്‍ കൃത്യം രണ്ട് വര്‍ഷത്തെ ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ചന്ദ്രചൂഢ് പടിയിറങ്ങുമ്പോള്‍ വാഴ്ത്തലുകളേക്കാലേറേ വിമര്‍ശനങ്ങളാണ്. അതും നിശിതവും രൂക്ഷവുമായ വിമര്‍ശനങ്ങള്‍. ഇന്ത്യയിലേറ്റവും ആദരിക്കപ്പെടുന്ന അഭിഭാഷകരില്‍ ഒരാളായ, സുപ്രിം കോടതി ബാര്‍ അസോസിയേഷന്റെ മുന്‍ അധ്യക്ഷനായ, ദുഷ്യന്ത് ദവേ പറയുന്നത് ജസ്റ്റിസ് ചന്ദ്രചൂഢിനേയും അദ്ദേഹത്തിന്റെ പാരമ്പര്യത്തേയും ഇന്ത്യ എത്രയും പെട്ടന്ന് വിസ്മരിക്കപ്പെടട്ടേ എന്നാണ്. 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ ഭരണകക്ഷികളുടെ ഹീനാഭിലാഷങ്ങള്‍ക്ക് വേണ്ടി ഇടനില അനുഷ്ഠിക്കുകയാണ് സുപ്രിം കോടതി എന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണത്?

Justice chandrachud

2022 ഒക്ടോബര്‍ അവസാനം, ജസ്റ്റിസ് ചന്ദ്രചൂഢ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കുന്നതിന് ഒരാഴ്ച മുമ്പ്, ദ വയ്ര്‍ ഓണ്‍ലൈനില്‍ കരണ്‍ ഥാപറിന് അനുവദിച്ച അഭിമുഖത്തില്‍ ദുഷ്യന്ത് ദവേ ചന്ദ്രചൂഢിന്റെ നിയമജ്ഞാനത്തെ കുറിച്ചും അസൂയാവഹമായ കരിയറിനെ കുറിച്ചും പുകഴ്ത്തി സംസാരിക്കുന്നുണ്ട്. പക്ഷേ ചെറിയൊരു ആശങ്കയും അന്ന് തന്നെ ദുഷ്യന്ത് ദവേ പ്രകടിപ്പിച്ചിരുന്നു. അത് ചന്ദ്രചൂഢിനെ പോലെ ഒരാള്‍ ചീഫ് ജസ്റ്റിസ് ആകുന്നത് കഠിനമായ കാലത്താണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ഏതാണ്ടൊരു ഏകാധിപത്യ സ്വഭാവമുള്ള, പ്രതിപക്ഷത്തെ ജനാധിപത്യപരമായി ബഹുമാനിക്കാത്ത ഭരണകൂടം നിലവിലുള്ളപ്പോള്‍ സുപ്രിം കോടതിയെന്ന ഇന്ത്യയിലേറ്റവുമധികം മനുഷ്യര്‍ വിശ്വസിക്കുന്ന ഭരണഘടനസ്ഥാപനത്തിന്റെ ഉത്തരവാദിത്തം അതീവ നിര്‍ണായകമാണ് എന്ന് ദവേ പറയുന്നു.

എന്നാല്‍ ഇത്തരമൊരു കാലത്ത് സുപ്രിം കോടതിയെ നയിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളോട് വിധേയപ്പെട്ട് നില്‍ക്കാറുള്ള ചന്ദ്രചൂഢിന് കഴിയുമോ എന്നതായിരുന്നു ദവേയുടെ സംശയം. പല തരത്തിലും പുരോഗമന ചിന്താഗതിക്കാരനായ ചന്ദ്രചൂഢ് ക്രിമിനല്‍ നിയമങ്ങളുടെ കാര്യത്തില്‍ കാലഹരണപ്പെട്ട പഴഞ്ചന്‍ ചിന്താഗതി സൂക്ഷിക്കുന്ന ആളുമാണെന്ന് ദവേ പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ ജാമ്യം നല്‍കാന്‍ ചന്ദ്രചൂഢിന് പലപ്പോഴും മടിയാണ്, എന്നാല്‍ അര്‍ണോബ് ഗോസാമിയെ പോലെ ഭരണകൂടത്തിന് വേണ്ടപ്പെട്ട ഒരു പ്രശസ്തന് ജാമ്യം അനുവദിക്കാന്‍ തിടുക്കം കൂട്ടുകയും ചെയ്യും. ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസില്‍ അന്വേഷണം വേണ്ട എന്ന് തീരുമാനിച്ചത്, ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം അനുവദിച്ചത്, മുന്‍ ചീഫ് ജസ്റ്റിസ് ലോഡായുടെ നിര്‍ദ്ദേശം മറികടന്ന് അമിത് ഷായുടെ മകന്‍ ജയ്ഷായെ ബി.സി.സി.ഐ.സെക്രട്ടറിയായി തുടരാന്‍ അനുവദിച്ചത് എന്നിവയെല്ലാം സുപ്രിം കോടതി ജസ്റ്റിസ് എന്ന നിലയില്‍ ഭരണകൂടത്തോട് വിധേയപ്പെട്ട് ജസ്റ്റിസ് ചന്ദ്രചൂഢ് തീരുമാനങ്ങളെടുത്തതിന്റെ ഉദാഹരണങ്ങളായി അന്നേ ദുഷ്യന്ത് ദവേ ചൂണ്ടിക്കാണിച്ചിരുന്നു.

പുതിയ ലക്കം കാരവന്‍ മാഗസിനിലെ ജസ്റ്റിസ് ചന്ദ്രചൂഢിനെ കുറിച്ചുള്ള ലേഖനം ആരംഭിക്കുന്നത് തന്നെ അലഹബാദ് ഹൈക്കോടതി ചിഫ് ജസ്റ്റിസ് ആയിരിക്കുമ്പോള്‍ അദ്ദേഹം കോടതിയേയും രാഷ്ട്രീയക്കാരേയും അകറ്റി നിര്‍ത്താനെടുത്ത പ്രത്യക്ഷത്തില്‍ വളരെ പുരോഗമനമെന്ന് തോന്നുന്ന ഒരു തീരുമാനത്തെ ചൂണ്ടിക്കാണിച്ചാണ്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ അലഹബാദ് കോടതിയുടെ വാര്‍ഷിക ആഘോഷത്തിന് രാഷ്ട്രീയക്കാരെ ആരും ക്ഷണിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. ജുഢീഷ്യറിയും ഭരണകൂടവും തമ്മില്‍ ഒരു നിശ്ചിത അകലമുണ്ടാകുന്നത് നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചതനുസരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ പോലും ക്ഷണിച്ചില്ല. സ്വഭാവികമായും യു.പിയിലെ പ്രതിപക്ഷ നേതാവിനേയോ മുന്‍ മുഖ്യമന്ത്രിമാരേയോ ക്ഷണിച്ചില്ല. എന്നാല്‍ രാഷ്ട്രപതിയെ ക്ഷണിച്ചിരുന്നു. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും ഉണ്ടാകും. കോടതിയുടെ ചടങ്ങായതിനാല്‍ അക്കാലത്തെ കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഢയും ഉണ്ടായിരുന്നു. അഥവാ ഒഴിവാക്കപ്പെട്ടത് ബി.ജെ.പി -ഭരണപക്ഷ- ഇതര രാഷ്ട്രീയ നേതൃത്വം മാത്രമാണ്. 2016-ല്‍ ഇത്തരത്തില്‍ കോടതിയും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ അകലം വേണമെന്ന് ശഠിച്ച അതേ വ്യക്തിയാണ് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുമ്പോള്‍ തന്റെ ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഗണേശ് പൂജ ചെയ്തതും അതിന്റെ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്തതും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വരാനിരിക്കേ മഹാരാഷ്ട്രക്കാരനായ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ മഹാരാഷ്ട്രീയന്‍ വേഷവിധാനത്തില്‍ പ്രധാനമന്ത്രി വന്ന് നിന്ന് ഗണേശപൂജ ചെയ്യുന്നതില്‍ യാതൊരു ഔചിത്യകുറവും ചീഫ് ജസ്റ്റിസിന് തോന്നിയില്ല എന്നത് അത്ഭുതമാണെന്ന് കാരവന്‍ ലേഖനം സൂചിപ്പിക്കുന്നു.

ഇതേ വികാരമാണ് ചന്ദ്രചൂഢിന്റെ കാലവധി അവസാനിക്കുന്നതിന് മുന്നോടിയായി ഒരിക്കല്‍ കൂടി കരണ്‍ഥാപ്പര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുഷ്യന്ത് ദവേ പ്രകടിപ്പിക്കുന്നതും. രണ്ട് വര്‍ഷം മുമ്പ് പ്രകടിപ്പിച്ച ആശങ്ക പൂര്‍ണമായും ശരിവയ്ക്കുന്നതായിരുന്നു ചീഫ് ജസ്റ്റിസ് എന്ന നിലയിലുള്ള ചന്ദ്രചൂഢിന്റെ പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ, സത്യസന്ധമായ, നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഇടങ്ങളിലേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ എന്ന സാഹചര്യത്തില്‍ ചന്ദ്രചൂഢ് അതില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ജയിക്കാനുള്ള ഒരു ശ്രമം പോലും നടത്തിയില്ല എന്ന ദവേ പറയുന്നു. അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ നാല് കോടിയിലധികം കേസുകള്‍ തീരുമാനമെടുക്കാതെ ഇന്ത്യന്‍ കോടതികളിലുണ്ടായിരുന്നുവെങ്കില്‍ രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം വിരമിക്കുമ്പോള്‍ അത് അഞ്ച് കോടിയിലധികമായി ഉയര്‍ന്നു-ദവേ പറയുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അംഗീകരിക്കുന്ന ഭരണഘടനയുടെ 370-ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയ ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായിരുന്ന സുപ്രിം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധിയേയും ദവേ വിമര്‍ശിക്കുന്നുണ്ട്. ഭരണഘടനയുടെ അടിസ്ഥാന മൂല്യത്തിന് വിരുദ്ധമാണത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ജമ്മു കശ്മീര്‍ നിയമസഭയാണ് 370-ാം അനുച്ഛേദത്തില്‍ മാറ്റം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. രാഷ്ട്രപതിക്ക് തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല അത്. ആ കോടതി വിധി നീതിയുടെ വിച്ഛേദമാണ്-ദവേ പറയുന്നു. മാത്രമല്ല, 370-ാം അനുച്ഛേദം റദ്ദാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. അത്തരമൊരു രാഷ്ട്രീയ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ കോടതികള്‍ പാലിക്കേണ്ട സൂക്ഷ്മതകളുണ്ട്. നിര്‍ഭാഗ്യവശാല്‍ കോടതി അതിന് തയ്യാറായില്ല.

ഇലക്ടോറല്‍ ബോണ്ട് കേസിലും അതാണ് ഉണ്ടായത്. ഇലക്ടോറല്‍ ബോണ്ടുകള്‍ നിയമവിരുദ്ധമായി കോടതി പ്രഖ്യാപിച്ചപ്പോഴും അതുവഴി കൈമാറിയ പണം വീണ്ടെടുക്കാന്‍ ഒരു നടപടിയും ചെയ്തില്ല. സി.ബി.ഐയും ഇ.ഡിയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ അന്വേഷണം നടത്തുകയും അതിനെ തുടര്‍ന്ന് ഇതേ സ്ഥാപനങ്ങള്‍ ഇലക്ടോറല്‍ ബോണ്ടുകള്‍ ഭരണകക്ഷിക്ക് നല്‍കുകയും ചെയ്യുന്നതിന്റെ സമയരേഖ മാധ്യമങ്ങളില്‍ വന്നു. ഭരണമുന്നണി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് വ്യക്തമാക്കുന്ന ഈ വാര്‍ത്തകളെ തുടര്‍ന്ന് ഒരു പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച അഡ്വ.പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി ‘അനുമതിയില്ല’ എന്ന ഒറ്റവാക്കിലാണ് ജസ്റ്റിസ് ചന്ദ്രചൂഢ് നിഷേധിച്ചത്. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷികള്‍ അധികാരദുര്‍വിനിയോഗം നടത്തിയോ സ്ഥാനങ്ങള്‍ ഉപയോഗിച്ച് ക്രമക്കേടുകള്‍ നടത്തിയോ എന്ന് അന്വേഷിക്കാന്‍ പോലും ധൈര്യമില്ലാത്തവര്‍ അക്കാദമിക് ചര്‍ച്ചകളില്‍ നീതിയെ കുറിച്ച് പ്രസംഗിച്ചിട്ട് എന്ത് കാര്യം?

2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ഭരണമുന്നണിയുടെ ഹീനാഭിലാഷങ്ങള്‍ക്ക് ഇടനിലനില്‍ക്കുയാണ് സുപ്രിം കോടതിയെന്ന് ദുഷ്യന്ത് ദവേ പറയുന്നു. ജസ്റ്റിസ് ചന്ദ്രചൂഢ് അംഗമായിരുന്ന ബഞ്ചിന്റെ അയോധ്യവിധി പരസ്പരവൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. നിയമവാഴ്ചയേക്കാള്‍ വൈകാരിതകള്‍ക്കും മതവിശ്വാസത്തിനും പ്രാധാന്യം നല്‍കുന്നതാണ് ആ വിധി. ഇത്തരമൊരു കേസിലെ അഞ്ചംഗ ബഞ്ചില്‍ നിന്ന് നമ്മള്‍ വിവേകമാണ് പ്രതീക്ഷിക്കുക. എന്നാല്‍ ഈ ജസ്റ്റിസുമാരെയെല്ലാം പിന്നീട് പലതരത്തിലുള്ള പ്രതിഫലങ്ങള്‍ ലഭിച്ചതായി കാണാം. ഇവരുടെ റിട്ടയര്‍മെന്റിന് ശേഷം സര്‍ക്കാര്‍ ഇവര്‍ക്ക് പദവികള്‍ നല്‍കാന്‍ ശ്രദ്ധിച്ചു. രാമക്ഷേത്ര നിര്‍മ്മാണം 2014, 2019 തിരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വാഗ്ദാനങ്ങിലൊന്നായിരുന്നുവെന്ന് കൂടി ആലോചിക്കണം -അദ്ദേഹം പറഞ്ഞു. അഞ്ചംഗ ബഞ്ചില്‍ രാമജന്മഭൂമി വിധി എഴുതിയത് ആരാണ് എന്നുള്ള കാര്യത്തില്‍ അടുത്ത കാലം വരെ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസം ഒരു ചടങ്ങില്‍ സംസാരിക്കവേ ‘വിധി എഴുതുന്നതിന് മുമ്പ് ഈ കഠിന പ്രശ്നത്തിന് പരിഹാരം അപേക്ഷിച്ച് ഞാന്‍ ഭഗവാന്റെ പൂജാവിഗ്രഹത്തിന് മുന്നിലിരുന്നു’-എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കിയിരുന്നു.

സ്വവര്‍ഗ്ഗലൈംഗികത നിയമപരമായി തെറ്റല്ല എന്ന് വിധിച്ചുവെങ്കിലും സ്വവര്‍ഗ്ഗവിവാഹങ്ങളെ അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. പൗരത്വാവകാശ നിയമം, ലവ് ജിഹാദ് കേസ്, ഹിജാബ് കേസ് തുടങ്ങി രാഷ്ട്രീയ വൈകാരിതയുള്ള എല്ലാ കേസുകളും മാറ്റി വച്ചുകൊണ്ടേയിരിക്കുയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് എന്നും ദുഷ്യന്ത് ദവേ ആരോപിച്ചു. ‘ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ല്വ് ജിഹാദ് എന്ന വാക്ക് നിലനില്‍ക്കുന്നതെങ്ങനെ? ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ അധികാരികള്‍ക്ക് അവരെ അറസ്റ്റ് ചെയ്യാനും ജീവിതം നശിപ്പിക്കാനും കഴിയുന്നതെങ്ങനെ? നമ്മളേത് ലോകത്താണ് ജീവിക്കുന്നത്? അതിലെന്താണ് ചന്ദ്രചൂഢ് തീരുമാനങ്ങളൊന്നും എടുക്കാതിരുന്നത്? ഹിജാബ് കേസിലോ? രണ്ട് ജഡ്ജിമാര്‍ പിന്‍വാങ്ങി. മൂന്നാമത് ഒരാളെ നിയമിക്കാന്‍ രണ്ട് വര്‍ഷത്തേയ്ക്ക് ചീഫ് ജസ്റ്റിസ് മെനക്കെട്ട് പോലുമില്ല.”- ദുവേ പറഞ്ഞു. സുപ്രിം കോടതിയില്‍ ചന്ദ്രചൂഢ് ചീഫ് ജസ്റ്റിസായിരിക്കേ 17 പുതിയ ന്യായാധിപ നിയമനങ്ങള്‍ നടന്നു. അതില്‍ ഒരു സ്ത്രീ പോലുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

supreme court of india

സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ ഏറ്റവും പ്രധാനം ‘മാസ്റ്റര്‍ ഓഫ് റോസ്റ്റേഴ്സ്’ എന്ന അദ്ദേഹത്തിന്റെ നിലയാണ് എന്ന് ദുവേ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതൊക്കെ കേസുകള്‍ ഏത് ബഞ്ച് കേള്‍ക്കണം എന്ന നിശ്ചയിക്കാനുള്ള അധികാരം. ഇതുവഴി അന്യായമായി ജാമ്യം നിഷേധിക്കപ്പെടുന്നവുടേയും ഭരണകൂടത്തിനെതിരായി നിലപാട് എടുത്തവരുടേയും എല്ലാം കേസുകള്‍ ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ കൃത്യമായും കേന്ദ്രസര്‍ക്കാരിന്റെ, പ്രത്യേകിച്ചും മോദിയുടേും അമിത് ഷായുടേയും അടുപ്പക്കാരുടെ ബഞ്ചുകളിലേയ്ക്കാണ് പോയത്. ഉമര്‍ ഖാലിദിനും ഭീമകൊറേഗാവ് കേസില്‍ അന്യായത്തടവില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും ജേണലിസ്റ്റുകള്‍ക്കും അടക്കും നിരന്തരം ജാമ്യം നിഷേധിക്കപ്പെട്ടത് ഈ കാലയളവില്‍ തന്നെയാണ്. മരിച്ച് പോയ അധ്യാപകനും ശരീരത്തിന് 70 ശതമാനത്തിലധികം ശേഷിക്കുറവുമുള്ള പ്രൊഫ. ജി.എന്‍.സായിബാബയ്ക്ക് ജാമ്യം അനുവദിച്ചത് സ്റ്റേ ചെയ്യാന്‍ അവധി ദിവസമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിത് ജസ്റ്റിസ് എം.ആര്‍.ഷായാണ്. യു.എ.പി.എ കേസുകളില്‍ പലതും കൃത്യമായി എത്തിയത് മോദിയെ പുകഴ്ത്തി സംസാരിച്ചിട്ടുള്ള എം.ആര്‍.ഷായുടെ ബഞ്ചിലേയ്ക്കാണ്. ഭീമകൊറേഗാവ് കേസുകളാകട്ടെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്തിലെ നിയമകാര്യ സെക്രട്ടറിയായിരുന്ന ബേല ത്രിവേദിയുടെ ബഞ്ചിലേയ്ക്കും.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറഞ്ഞ് നില്‍ക്കാനും നീതിദേവതയുടെ രൂപം മാറ്റം പോലെ ബാഹ്യമായ പ്രവര്‍ത്തനങ്ങളിലുമാണ് ജസ്റ്റിസ് ചന്ദ്രചൂഢിന് താത്പര്യമെന്ന് ദുവേ പറയുന്നു. ‘ചരിത്രം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിനെ ഓര്‍മ്മിക്കുകയില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എത്രയും പെട്ടന്ന് അദ്ദേഹം സൃഷ്ടിച്ച പാരമ്പര്യം മറന്ന് പോകട്ടെ എന്നും ഞാന്‍ വിചാരിക്കുന്നു.’- ദുഷ്യന്ത് ദുവേ ചൂണ്ടിക്കാണിച്ചു. ‘ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. ഒരു സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹത്തെ എനിക്കറിയാം. ജഡ്ജ് എന്ന നിലയില്‍ പഴയ കാലങ്ങളില്‍ എനിക്കദ്ദേഹത്തോട് ബഹുമാനവും ഉണ്ടായിരുന്നു. പക്ഷേ ചീഫ് ജസ്റ്റിസ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവ് അഭിഭാഷകന്‍, ന്യായാധിപരെ ബഹുമാനിക്കുന്ന ആള്‍, സുപ്രിം കോടതിയേയും നീതിന്യായ സംവിധാനത്തേയും സ്നേഹിക്കുന്ന ആള്‍ എന്നീ നിലകളിലെല്ലാം എനിക്ക് വലിയ ആകുലതകളുണ്ടാക്കിയതാണ്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ട് വര്‍ഷം ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ എന്താണ് നടന്നത് എന്നത് മറന്ന് കളയുന്നതാണ് നല്ലതെന്ന് ഞാന്‍ പറഞ്ഞത്’- ദുഷ്യന്ത് ദവേ പറയുന്നു.  Why does Dushyant Dave say that India should forget Justice Chandrachud as soon as possible?

Content Summary; Why does Dushyant Dave say that India should forget Justice Chandrachud as soon as possible?


×