ഗാസ യുദ്ധത്തിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബിന്’ ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഓസ്കര് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ച വിവരം ഹോളിവുഡ് വ്യാപാര പ്രസിദ്ധീകരണമായ വെറൈറ്റിയാണ് പുറത്തുവിട്ടത്.
തന്റെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് രേഖാമൂലമുള്ള നിരോധന ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് വിതരണക്കാരനായ മനോജ് നന്ദ്വാന പറഞ്ഞു. എന്നാല്‍ ചിത്രം നിരോധിക്കപ്പെട്ടേക്കുമെന്ന് താന്‍ നേരത്തെ കരുതിയിരുന്നതായി അദ്ദേഹം ദി ഹിന്ദുവിനോട് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. ഇതാണ് ചിത്രത്തിന്റെ ഭാവിയില്‍ തനിക്ക് സംശയമുണ്ടാക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുമ്പ് ‘ലാന്‍ഡ് ജിഹാദ്’ എന്ന സിനിമ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചപ്പോള്‍, അത് വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലം തന്നെ അവര്‍ നിരസിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ കാര്യത്തില്‍ അത്തരമൊരു വിശദീകരണം പോലും ഇതുവരെ ലഭിച്ചിട്ടില്ല,” മനോജ് നന്ദ്വാന കൂട്ടിച്ചേര്‍ത്തു.
”സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റിയില്‍ തനിക്ക് വിശ്വാസമില്ല. ഒരേ ആളുകള്‍ തന്നെയാണ് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഈ തീരുമാനത്തെ നിയമപരമായി നേരിടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല” നന്ദ്വാന പറഞ്ഞു.
‘ദി വോയ്സ് ഓഫ് ഹിന്ദ് റജബിന്’ ഏര്‍പ്പെടുത്തിയ നിരോധനം അപമാനകരമാണെന്ന് എംപി ശശി തരൂര്‍ എക്സില്‍ കുറിച്ചു. ഒരു പക്വതയുള്ള ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല ഇത്തരം തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ”ഒരു സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിനെ വിദേശരാജ്യങ്ങളുമായുള്ള സര്‍ക്കാരിന്റെ നയതന്ത്ര ബന്ധങ്ങളുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല,” തരൂര്‍ വ്യക്തമാക്കി.
ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹാനിയ ഒരുക്കിയ ഈ ഡോക്യുഡ്രാമ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ലയണ്‍ പുരസ്കാരം നേടിയിരുന്നു. അവിടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ, 20 മിനിറ്റിലധികം എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് ലോക സിനിമാ ആരാധകര്‍ ചിത്രത്തെ സ്വീകരിച്ചത്. ദക്ഷിണ കൊറിയന്‍ താരം സോ ജി-സബും ഫസ്റ്റ്മാന് സ്റ്റുഡിയോയും നിര്‍മ്മാണ പങ്കാളികളായ ചിത്രം ഏപ്രില്‍ 15-ന് ആഗോള റിലീസിന് തയ്യാറെടുക്കവെയാണ് ഇന്ത്യയിലെ വിലക്ക് വരുന്നത്. നേരത്തെ കൊല്‍ക്കത്ത ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ഗോവ, ബെംഗളൂരു മേളകളില്‍ നിന്ന് ചിത്രം തഴയപ്പെട്ടിരുന്നു
2024-ന്റെ തുടക്കത്തില്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിനിരയായ കാറിനുള്ളില്‍ കുടുങ്ങിപ്പോയ അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ അതിജീവനത്തിനായുള്ള ദാരുണമായ പോരാട്ടമാണ് ചിത്രം പ്രമേയമാക്കുന്നത്. തന്നെ രക്ഷിക്കാനായി ഹിന്ദ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസിനും റെഡ് ക്രസന്റിനും നടത്തിയ ഹൃദയഭേദകമായ ഫോണ്‍ കോളുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ഹിന്ദിന്റെയും അവളെ രക്ഷിക്കാന്‍ പോയ രക്ഷാപ്രവര്‍ത്തകരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളില്‍ കേന്ദ്ര സര്‍ക്കാരോ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Summary: Why India refused certification to Gaza docudrama ‘The Voice of Hind Rajab’