നത്തിങ് മോർ ഡെയിഞ്ചിറസ് ദാൻ ഒബേയിങ് റൂൾസ്, ഇന്ത്യൻ പൊലീസ് സേനക്കുള്ളിലെ അക്രമത്തെയും നിലവാരമില്ലായ്മയെയും തുറന്നുകാട്ടുന്ന, ‘സന്തോഷ്’ എന്ന ചിത്രം പറയുന്ന രാഷ്ട്രീയം സിനിമയുടെ ടാഗ് ലൈനിൽ നിന്ന് തന്നെ വ്യക്തമാണ്. വിവാദങ്ങളിൽ പെട്ട് സിനിമകളുടെ റിലീസ് തടയുന്നതും മാറ്റിവെക്കുന്നതും ആദ്യമായല്ല. അത്തരം സിനിമകളുടെ കൂട്ടത്തിലാണ് സന്ധ്യ സുരി സംവിധാനം പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ‘സന്തോഷ്’ ഇടംപിടിച്ചിരിക്കുന്നത്.
2025 ലെ ഓസ്‌കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത ചിത്രത്തിന്റെ റിലീസ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തടഞ്ഞിരിക്കുകയാണ്. ഇന്ത്യൻ പൊലീസ് സേനക്കുള്ളിലെ അക്രമം, സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധത, ജാതി, മുസ്ലിം വിരുദ്ധത തുടങ്ങിയ വിഷയങ്ങളുടെ മികച്ച വിഷ്വൽ ഡോക്യുമെന്റേഷനാണ് ‘സന്തോഷ്’.
പൊലീസുകാരനായ ഭർത്താവ് മരിച്ച സന്തോഷ് എന്ന വനിത കോൺസ്റ്റബിൾ ആയി പൊലീസ് ഫോഴ്സിൽ ചേരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ദളിതരായ മനുഷ്യർക്ക് ഒരു സർക്കാർ ഓഫീസിലേക്ക് ധൈര്യപൂർവ്വം കയറി ചെല്ലാനോ അപേക്ഷ നൽകാനോ ഇന്നും ഇന്ത്യയിൽ കഴിയില്ല എന്ന വസ്തുത സന്തോഷിൽ വ്യക്തമാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുള്ളിൽ ഇന്ത്യൻ ജാതി വ്യവസ്ഥ എത്രത്തോളം ക്രൂരമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്ന സന്തോഷിന്റെ തിരിച്ചറിവ് പ്രേക്ഷകനിലേക്കും പകർന്ന് ലഭിക്കുന്നു. ഒരുപക്ഷേ ഇത്തരം യാഥാർത്ഥ്യങ്ങളുടെ തുറന്നുകാട്ടലുകളാണ് ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദർശനത്തിന് വിലക്കേർപ്പെടുത്താനുള്ള കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദളിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ സന്തോഷ് എന്ന കോൺസ്റ്റബിൾ നിയോഗിക്കപ്പെടുന്നതോടെയാണ് കഥാഗതി മാറുന്നത്. ‘ഇന്ത്യയിൽ രണ്ടു തരത്തിലുള്ള തൊട്ട് കൂടാത്തവരുണ്ട്. ഒന്നു തൊട്ട് കൂടാത്തവരും ഒരിക്കലും ഇന്ത്യൻ പൊലീസിന് തൊടാൻ കഴിയാത്തവരും’, സിനിമയിൽ സീനിയർ പൊലീസ് ഓഫീസർ സന്തോഷിന് നൽകുന്ന ഈ സാരോപദേശം ജാതി വ്യവസ്ഥയും അഴിമതിയുമായി കൂടിപിണഞ്ഞ് കിടക്കുന്ന അധികാരവ്യവസ്ഥയെ ചൂണ്ടിക്കാണിക്കുന്നതാണ്.
ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചും സിനിമ ചർച്ച ചെയ്യുന്നു. മുസ്ലീം വ്യക്തികളെ കുറ്റക്കാരായി ചിത്രീകരിച്ച് നടത്തുന്ന ആക്രമങ്ങളും കൊലപാതങ്ങളും നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തമായി കാണുന്നതാണ്. വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ അവസ്ഥകളും സന്തോഷിൽ സംവിധായിക അവതരിപ്പിക്കുന്നുണ്ട്. വിശ്വാസത്തിന്റെ മറപറ്റി ഹിന്ദുത്വ രാഷ്ട്രം സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന അധികാരികളെ ഈ സിനിമ അസ്വസ്ഥതപ്പെടുത്തിയതിൽ അത്ഭുതപ്പെടാനില്ല.
ചിത്രത്തിലെ നിരവധി ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് സിബിഎഫ്സി അറിയിച്ചിരിക്കുന്നതെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഈ നീക്കം ഹൃദയഭേദകമാണെന്നാണ് സംവിധായിക സന്ധ്യ സുരി പറഞ്ഞത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യപ്പെട്ട ചിത്രം മികച്ച അരങ്ങേറ്റ ഫീച്ചറിനുള്ള ബാഫ്റ്റ നോമിനേഷൻ നേടിയിരുന്നു. പ്രധാന നടി ഷഹാന ഗോസ്വാമി ഈ ചിത്രത്തിലെ അഭിനയത്തിന് ഏഷ്യൻ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടി.
Content Summary: Why is India banning Britain’s Oscar entry, the film ‘Santosh’?
‘Santosh’ hindi film
Leave a Comment