April 28, 2025 |

‘എസ്‌യുസിഐ-ക്ക് പിന്നാലെ പോകാന്‍ ഐഎന്‍ടിയുസി-ക്ക് കഴിയില്ല’; ആര്‍ ചന്ദ്രശേഖരന്‍

ആശ സമരത്തില്‍ കേന്ദ്രം ഒന്നാം പ്രതി, രണ്ടാം പ്രതി കേരളം

എസ് യു സി ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു വിഭാഗം ആശ വര്‍ക്കര്‍മാരുടെ സമരത്തിന് യുഡിഎഫ് പിന്തുണ നല്‍കുമ്പോഴും കോണ്‍ഗ്രസിന്റെ തൊഴിലാളിവര്‍ഗ സംഘടനയായ ഐഎന്‍ടിയുസി പങ്കെടുക്കുകയും പിന്തുണ നല്‍കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണ്? ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നല്ലൊരു വിഭാഗം ആശമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കൂടെ പിന്തുണ ഉണ്ടായാല്‍ ഇപ്പോഴത്തെ സമരത്തിന്റെ സ്വഭാവം തന്നെ മാറുമെന്നിരിക്കെ അതിന് തടസമാകുന്നത് എന്താണ്? സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ പ്രത്യേക താത്പര്യമാണ് ഐഎന്‍ടിയുസിയുടെ ഒഴിഞ്ഞു നില്‍ക്കലിന് കാരണമെന്ന് മുഖ്യധാര മാധ്യമങ്ങള്‍ ആക്ഷേപിക്കുന്നു. ഈ ആരോപണത്തില്‍ അടിസ്ഥാനമുണ്ടോ?

വ്യക്തിപരമായി തനിക്കെതിരേ മാധ്യമങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുന്നതിനെല്ലാം മറുപടി പറയാന്‍ നടക്കേണ്ടതുണ്ടോ എന്നാണ് സൗമ്യതയോടെ ആര്‍ ചന്ദ്രശേഖരന്‍ തിരിച്ചു ചോദിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന ആശ സമരത്തില്‍ ഐഎന്‍ടിയുസി എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന ചോദ്യത്തിന് പക്ഷേ ചന്ദ്രശേഖരന് വിശീദകരണമുണ്ട്.

തിരുവനന്തപുരത്ത് നടക്കുന്നത് എസ് യു സി ഐ നേതൃത്വം നല്‍കുന്ന സമരമാണ്; നയം വ്യക്തമാക്കിക്കൊണ്ട് ചന്ദ്രശേഖരന്‍ തുടങ്ങുന്നു. ”ഇവര്‍(എസ് യു സി ഐ) ഉണ്ടായ കാലം മുതല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരാണ്. അവരുടെ രാഷ്ട്രീയം എന്തുമാകട്ടെ. പക്ഷേ, ആശ പ്രവര്‍ത്തകരുമായി സമരത്തിന് ഇറങ്ങിയത്, ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റികളോടു പോലും കൂടിയാലോചിക്കാതെയാണ്. ഞങ്ങളോട് അവര്‍ സമരത്തെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല’.

ചന്ദ്രശേഖരന്‍ തുടരുന്നു; ”ഐഎന്‍ടിയുസി ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍(ഐഎല്‍ഒ) അംഗത്വമുള്ള കേരളത്തില്‍ നിന്നുള്ള ഏക തൊഴിലാളി സംഘടന. ഈ സംഘടനയ്ക്ക് അതിന്റെതായ നിലപാടുകള്‍ ഓരോകാര്യത്തിലുമുണ്ട്. മറ്റൊരു സംഘടനയുടെ പേരില്‍ നടക്കുന്ന സമരത്തില്‍ ചെന്നു കൂടാന്‍ ഐന്‍ടിയുസിക്ക് ബുദ്ധിമുട്ടുണ്ട്’.

ആശ പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഐഎന്‍ടിയുസിക്ക് വ്യക്തമായ കാഴ്ച്ചപ്പാടും ബോധ്യങ്ങളുമുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് ഉറപ്പിച്ച് പറയുന്നത്. ‘ആശമാര്‍ക്കായി ഐഎന്‍ടിയുസി സമരം നടത്തി വരുന്നുണ്ട്, അതിനിയും തുടര്‍ന്നു കൊണ്ടു പോകും. കേരളത്തിനും കേന്ദ്രത്തിനും എതിരെയായിരിക്കും ഞങ്ങളുടെ സമരം. തൊഴിലാളി വിരുദ്ധ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കേരളവും. അതുകൊണ്ട് ആശമാരുടെ പ്രശ്‌നം കേന്ദ്രവും കേരളും സംയുക്തമായി ഇടപെട്ട് പരിഹരിക്കേണ്ടതാണ്”.

കഴിഞ്ഞ പത്തു വര്‍ഷമായി ആശ/ അംഗന്‍വാടി, സ്‌കൂള്‍ പാചക തൊഴിലാളി തുടങ്ങിയ പദ്ധതി തൊഴിലാളികള്‍ക്കു വേണ്ടി ഐഎന്‍ടിയുസി സമരം നടത്തിവരികയാണെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറയുന്നു. ”ഈ വര്‍ഷം ഫെബ്രുവരി 25 ന് എറണാകുളം വൈഎംസിഎ-.യില്‍ ആശ വര്‍ക്കര്‍മാരുടെ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. മൂന്നൂറിലധികം ആശമാര്‍ പങ്കെടുത്തു. അന്ന് നടന്ന അവകാശ പ്രഖ്യാന സമ്മേളനത്തിന്റെ ഭാഗമായി എല്ലാ ജില്ല കളക്ടറേറ്റുകളിലേക്കും ‘ഭിക്ഷ യാചിക്കല്‍’ സമരം നടത്താന്‍ തീരുമാനിച്ചു. ഈ സമരം ഞങ്ങള്‍ പ്രഖ്യാപിച്ചത്, എസ്‌യുസിഐ സമരം തുടങ്ങുന്നതിനും മുമ്പായിരുന്നു. തിരുവനന്തപുരത്ത് അവരുടെ സമരം നടക്കുന്നതുകൊണ്ട് അവിടെ ഒഴിച്ച് ബാക്കി 13 ജില്ല കളക്ടര്‍ ആസ്ഥാനങ്ങളിലേക്കും ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടത്തി. ദി ഹിന്ദുവില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയും ചിത്രവും വന്നിട്ടുണ്ട്”.

എസ് യു സി ഐ പറയുന്നതുപോലെ ആശമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചാല്‍ മാത്രം മതി എന്നതല്ല ഐഎന്‍ടിയുസിയുടെ നിലപാട് എന്നും ചന്ദ്രശേഖരന്‍ പറയുന്നു. ഓണറേറിയമല്ല, അവരെ സര്‍ക്കാര്‍ ജോലിക്കാരാക്കുക എന്നതാണ് സംഘടനയുടെ ആവശ്യമെന്നാണ് പ്രസിഡന്റ് പറയുന്നത്. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഒരാള്‍ ജോലി ചെയ്താല്‍, ആ വ്യക്തിയെ നാടിനും ജനങ്ങള്‍ക്കും ആവശ്യമുണ്ടെന്നാണ് അര്‍ത്ഥം. അതുകൊണ്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ള ആശ വര്‍ക്കര്‍മാരെ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ ക്ലാസ് ഫോര്‍ ജീവനക്കാരെങ്കിലുമായി നിയമിക്കണം. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമൊക്കെ ലഭിക്കും. പ്രീ-പ്രൈമറി അധ്യാപക നിയമനത്തിലെ സുപ്രിം കോടതി വിധി ഇതിനും മാനദണ്ഡമാക്കണം. അല്ലാതെ ഓണറേറിയം മാത്രം വര്‍ദ്ധിപ്പിച്ചതുകൊണ്ട് കാര്യമില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും വേണം, കാരണം അവരുടെ കീഴിലുള്ള പദ്ധതിയാണ് ആശമാര്‍”.

”ഈ വര്‍ഷം തന്നെ എട്ട് വലിയ സമരങ്ങള്‍ ആശമാരും മറ്റ് പദ്ധതി തൊഴിലാളികളുമായും ബന്ധപ്പെട്ട് ഐഎന്‍ടിയുസി നടത്തിയിട്ടുണ്ട്. അതിന് നേതൃത്വം നല്‍കാന്‍ പ്രസിഡന്റുമുണ്ടായിരുന്നു. പക്ഷേ മാധ്യമങ്ങള്‍ അതൊന്നും കണ്ടില്ല. അത്തരം സമരങ്ങളോട് അവര്‍ക്കു താത്പര്യമില്ല. ഇപ്പോള്‍ നടക്കുന്നതുപോലുള്ള സമരങ്ങളോട് മാത്രമാണ് താത്പര്യം”; ചന്ദ്രശേഖരന്‍ പറയുന്നു.

ഇപ്പോള്‍ നടക്കുന്ന സമരത്തോടോ സംഘടനയോടോ എതിര്‍പ്പില്ലെങ്കിലും വ്യവസ്ഥാപിതമായ സമരത്തിനോട് മാത്രമെ യോജിക്കാനാകൂ എന്നാണ് ഐഎന്‍ടിയുസി പ്രസിഡന്റ് വ്യക്തമാക്കുന്നത്. ‘ ഏതെങ്കിലും സമരത്തിന്റെ പിന്നാലെ പോയി കൂടാന്‍ ഞങ്ങള്‍ക്കാകില്ല എന്നാണ് ചന്ദ്രശേഖരന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. സംഘടനപരമായി മാത്രമാണ് മുന്നോട്ടു പോകാന്‍ സാധിക്കുക, ഇതില്‍ ആര്‍ ചന്ദ്രശേഖരന്റെ വ്യക്തിപരമായ ഒരു താത്പര്യങ്ങള്‍ക്കും സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

ഐഎന്‍ടിയുസിയുടെ നിലപാട് സുവ്യക്തമാണ്. ആശമാര്‍ക്കൊപ്പം തന്നെയാണ് ഞങ്ങള്‍. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും സമരം ചെയ്യും. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഒരുമിച്ച് പരിഹരിക്കേണ്ട പ്രശ്‌നമാണിത്. അതങ്ങനെ തന്നെ വേണം പരിഹരിക്കാനും. അതുവരെ ഐഎന്‍ടിയുസി സമരരംഗത്ത് തന്നെയുണ്ടാകും’ ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു നിര്‍ത്തുന്നു.  Why is intuc not participating in the suci lead asha samaram? R Chandrasekharan responds

Content Summary; Why is intuc not participating in the suci lead asha samaram? R Chandrasekharan responds

Leave a Reply

Your email address will not be published. Required fields are marked *

×