2006-2007 കാലയളവിലാണ് സുനിത വില്യംസ് ആദ്യമായി ബഹികാരാശത്ത് കഴിയുന്നത്. ആദ്യത്തെ മിഷനില്‍ 196 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ് തിരിച്ച് വരുമ്പോഴും സുനിത വില്യംസ് ലോകത്തിന് മുന്നില്‍ ആരാധ്യയായ ശാസ്ത്ര വനിതയായിരുന്നു. ബഹിരാകാശാത്ത് ഏറ്റവും ദീര്‍ഘസമയം ചെലവഴിച്ച വനിത എന്ന ബഹുമതിയും സുനിത വില്യംസിനെ തേടിയെത്തി. ഗുജറാത്ത് സ്വദേശി എന്ന നിലയില്‍ സുനിത വില്യംസിന് വേണ്ടി സംസ്ഥാനത്ത് വലിയ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കുകയും വിശ്വ ഗുജറാത്ത് സമാജം ആഘോഷങ്ങള്‍ നടത്തിയെങ്കിലും ഒരു ‘അഭിനന്ദന സന്ദേശം’ പോലും അയയ്ക്കാന്‍ മോദി തയ്യാറായിരുന്നില്ല. പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അന്ന് നിയമസഭയില്‍ ഏകകണ്ഠമായി ‘ഗുജറാത്തിന്റെ മകളെ’ അഭിനന്ദിക്കണം എന്നൊരു പ്രമേയം അവതരിപ്പിച്ചുവെങ്കിലും ബിജെപിക്കോ നരേന്ദ്ര മോദിക്കോ അതില്‍ താത്പര്യമുണ്ടായിരുന്നില്ല. 2007 ഒക്ടോബറില്‍ ഇന്ത്യന്‍ സന്ദര്‍ശിച്ച സുനിത വില്യംസിനെ ആദരിക്കാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ഒന്നും ആലോചിച്ചിട്ടില്ല എന്നാണ് പിന്നീട് മുഖ്യമന്ത്രിയായ, അക്കാലത്തെ ബി.ജെ.പി വക്താവ് വിജയ് രൂപാണി പറഞ്ഞത്.
ഈ നിലപാടിന് സുനിതാ വില്യംസിന് പൗരസമൂഹം നല്‍കിയ ഒരു സ്വീകരണത്തില്‍ അതിഥിയായി നരേന്ദ്ര മോദി പങ്കെടുക്കുകയും സുനിത വില്യംസിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2013-ല്‍ സുനിത വില്യംസ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഗുജറാത്തിന്റെ സംസ്ഥാന അതിഥിയാകാന്‍ വിസമ്മിതിച്ചു. മോദിയെ സന്ദര്‍ശിക്കാനുള്ള ആവര്‍ത്തിച്ചുള്ള ക്ഷണം നിരാകരിച്ച സുനിത വില്യംസ് തന്റെ പിതൃസഹോദരിയുടെ മകനായ, കൊല്ലപ്പെട്ട, ഹരേണ്‍ പാണ്ഡ്യയുടെ ഭാര്യ ജാഗ്രുതി പാണ്ഡ്യക്കൊപ്പം ഒരു പകല്‍ ചെലവഴിച്ചു.
എന്തുകൊണ്ടാണ് സുനിത വില്യംസിന്റെ കുടുംബത്തിന് നരേന്ദ്ര മോദിയുമായി അകല്‍ച്ച ഉണ്ടായത്?
ഗുജറാത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രികൂടിയായ ഹരേണ്‍ പാണ്ഡ്യയുടെ കസിനാണ് സുനിത വില്യംസ്. സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയുടെ സഹോദരിയുടെ മകനായിരുന്നു ഹരേണ്‍ പാണ്ഡ്യ. നരേന്ദ്ര മോദി മുഖ്യമന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡ്യ ഗുജറാത്തില്‍ നിന്ന് ദേശീയ തലത്തിലേയ്ക്ക് ഉയരാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവായാണ് കണക്കാക്കപ്പെട്ടിരുന്നത്. കേശുഭായ് പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് 2001 ഒടുവില്‍ മാറ്റാന്‍ തീരുമാനിക്കുമ്പോള്‍ ആ പദവിയിലേയ്ക്ക് ഉയര്‍ന്ന് കേട്ടിരുന്ന പേരും അദ്ദേഹത്തിന്റെ വിശ്വസ്തനും ചെറുപ്പക്കാരനുമായ ഹരേണ്‍ പാണ്ഡ്യയുടേതാണ്. എന്നാല്‍ നരേന്ദ്ര മോദി അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുകയും ഹരേണ്‍ പാണ്ഡ്യയെ ആഭ്യന്തരവകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിലേയ്ക്ക് മാറ്റുകയും ചെയ്തു.
തുടര്‍ന്ന് ഹരേണ്‍ പാണ്ഡ്യയും നരേന്ദ്ര മോദിയും നിരന്തരം ഏറ്റുമുട്ടി. 2002-ലെ ഗുജറാത്ത് വംശഹത്യാകാലത്ത് മോദിക്ക് എതിരായ നിലപാടുകള്‍ കൈക്കൊണ്ട ഹരേണ്‍ പാണ്ഡ്യ വംശഹത്യയെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായ വസ്തുതാന്വേഷണ സമിതിക്ക് മുന്നില്‍ രഹസ്യമായി ഹാജരായി മന്ത്രിസഭാ യോഗങ്ങളില്‍ മോദിയും കൂട്ടരും കൈക്കൊണ്ട നിലപാടുകള്‍ അറിയിച്ചു. മോദിക്കെതിരായി ഗുജറാത്ത് വംശഹത്യകാലത്ത് ഉയര്‍ന്ന് വന്ന തെളിവുകള്‍ അങ്ങനെ ഉണ്ടായതാണ്. 2002 അവസാനം നടന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരേണ്‍ പാണ്ഡ്യക്ക് സീറ്റ് നല്‍കാന്‍ മോദി വിസമ്മതിച്ചു. എല്‍.കെ. അദ്വാനിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ ഇടപെട്ടിട്ടും ഹരേണ്‍ പാണ്ഡ്യയെ സംസ്ഥാന ബിജെപി തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി.
2003 മാര്‍ച്ചില്‍ ഡല്‍ഹിയിലേയ്ക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റാനായി ഹരേണ്‍ പാണ്ഡ്യക്ക് ബി.ജെ.പി അധ്യക്ഷന്റെ ഉത്തരവ് ലഭിച്ചു. അതിന്റെ പിറ്റേദിവസം മാര്‍ച്ച് ഇരുപത്തിയാറിന് ലോ ഗാര്‍ഡനില്‍ പതിവ് പ്രഭാതസവാരിക്ക് പോയ ഹരേണ്‍ പാണ്ഡ്യ വെടിയേറ്റ് കൊല്ലപ്പെട്ടു. തന്റെ മാരുതി 800 കാറില്‍ ഡ്രൈവര്‍ സീറ്റില്‍ വെടിയുണ്ടകളില്‍ കുളിച്ച നിലയിലാണ് പാണ്ഡ്യയെ കണ്ടെത്തിയത്. പുറത്ത് നിന്ന് വന്ന അക്രമകാരികള്‍ വണ്ടിലേയ്ക്ക് വെടിവെച്ചുവെന്നാണ് പോലീസ് പറഞ്ഞതെങ്കിലും മണിക്കൂറുകളോളം കാറില്‍ മൃതദേഹം ഉണ്ടായിരുന്നിട്ടും സീറ്റിലോ നിലത്തോ രക്തമുണ്ടായിരുന്നില്ല. സീറ്റിലെ പാണ്ഡ്യയുടെ പൊസിഷന്‍ അടക്കമുള്ള ഒന്നും പോലീസ് പറയുന്നതായി യോജിക്കുന്നതായിരുന്നില്ല. പിന്നീട് വിവാദ നായകനായി മാറുകയും അമിത് ഷായും മോദിയും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും പിന്നീട് ജയിലില്‍ അടക്കപ്പെടുകയും ചെയ്ത ഡി.ജി.വന്‍സാരയായിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍.
ഹരേണ്‍ പാണ്ഡ്യ
എന്തായാലും ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകത്തിന് ശേഷം ആസ്പത്രിയിലെത്തിയ നരേന്ദ്ര മോദിയെ പാണ്ഡ്യയുടെ അനുയായികള്‍ തടഞ്ഞു. മോദി തന്റെ മകന്റെ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിക്കരുത് എന്ന വിത്തല്‍ഭായ് പാണ്ഡ്യ പറഞ്ഞു. തുടര്‍ന്നുള്ള ദീര്‍ഘകാലത്തോളം ഇതൊരു രാഷ്ട്രീയ കൊലപാതകമാണ്, തീവ്രവാദി ആക്രമണമല്ല എന്നാരോപിച്ച് ഹരേണ്‍ പാണ്ഡ്യയുടെ ഭാര്യജാഗ്രുതി പാണ്ഡ്യ ദീര്‍ഘകാലത്തോളം പ്രതിഷേധങ്ങളും സമരങ്ങളും സംഘടിച്ചു. അതിനിടെ പോലീസ് ഇതിന്റെ പേരില്‍ ദീര്‍ഘകാലം പലരേയും അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. വന്‍സാരയുടെ പുറകേ കേസ് അന്വേഷിച്ച സിബിഐയും വന്‍സാരയുടെ അതേ നിഗമനങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതി നിശിതമായ ഭാഷയിലാണ് സി.ബി.ഐയുടെ കണ്ടെത്തലുകളെ വിമര്‍ശിച്ചത്. കേസ് സി.ബി.ഐ അട്ടിമറിക്കുകയായിരുന്നുവെന്ന സൂചനകള്‍ ഹൈക്കോടതി വിധിയില്‍ ഉണ്ടായിരുന്നു. ഇതിനെതിരായുള്ള സുപ്രീം കോടതി വിധി വന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷമാണ്. സുപ്രിം കോടതി വിധി തെളിവുകളെ മുഴുവന്‍ കണ്ടില്ലെന്ന് നടിച്ച് ഹൈക്കോടതി വിധിയെ തള്ളികളഞ്ഞു.
അതിനിടെ മറ്റൊരു കേസില്‍ സാക്ഷിയായ അസംഖാന്‍ എന്നൊരു കുറ്റവാളി സൊഹ്രാബുദ്ദീന്‍ ഷേഖ് എന്നയാളാണ് ഹരേണ്‍പാണ്ഡ്യയെ വധിച്ചത് എന്ന് മൊഴി നല്‍കി. സൊഹ്രാബുദ്ദീന്‍ ഷേഖ് തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥനായ ഡി.ജി.വന്‍സാരയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തത് എന്നുമായിരുന്നു മൊഴി. തുളസീ റാം പ്രജാപതി, നസീംഖാന്‍, ഷാഹിദ് രാംപുരി എന്നിവരും സഹായികളായി ഉണ്ടായിരുന്നുവെന്നും ഈ മൊഴിയില്‍ പറയുന്നു. എന്തായാലും സൊഹ്രാബുദ്ദിന്‍ ഷേഖ്, തുളസീറാം പ്രജാപതി എന്നിവരെ പിന്നീട് ഗുജറാത്ത് പോലീസ് വധിച്ചു. ഇതിന്റെ ഗൂഢാലോചനയില്‍ അമിത്ഷായും പങ്കാളിയാണ് എന്നാരോപണമുണ്ടായിരുന്നു. സൊഹ്രാബുദ്ദീന്‍ ഷേഖിനൊപ്പം കൊല്ലപ്പെട്ട കൗസര്‍ബീയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഡി.ജി.വന്‍സാരയുടെ ഗ്രാമത്തില്‍ നിന്നാണെന്നും കേസുണ്ടായിരുന്നു.
ഈ ആരോപണങ്ങള്‍ പലതും നരേന്ദ്ര മോദിക്ക് നേരെ നീളുന്നതിനാല്‍ തന്നെ സുനിത വില്യംസ് ഗുജറാത്ത് ഭരണനേതൃത്വവും മോദിയുമായി അകലം സൂക്ഷിക്കാറുണ്ട്. അടുത്ത ബന്ധുവായ ഹരേണ്‍ പാണ്ഡ്യയുമായി തനിക്കുണ്ടായിരുന്ന സഹോദരസ്നേഹം പലപ്പോഴും പറഞ്ഞിട്ടുള്ള സുനിത വില്യംസ് അദ്ദേഹത്തിന്റെ ഭാര്യ ജാഗ്രതി ബെന്‍ പാണ്ഡ്യയുമായും നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ട്. Why is Narendra Modi being criticized for congratulating Sunita Williams?
English; Why is Narendra Modi being criticized for congratulating Sunita Williams
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.