രണ്ടാം പിണറായി സര്‍ക്കാരില്‍ കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കിയത് ‘ചരിത്രപര’മായാണ് ഇടതുപക്ഷം ആഘോഷിച്ചത്. രാധാകൃഷ്ണനല്ല ദളിത് വിഭാഗത്തില്‍ നിന്നുള്ള ദേവസ്വം മന്ത്രിയെന്നും വെള്ള ഈച്ചരന്‍, കെ കെ ബാലകൃഷ്ണന്‍, ദാമോദരന്‍ കാളാശ്ശേരി എന്നീ മുന്‍ഗാമികളുണ്ടെന്ന് എതിര്‍വാദം വന്നെങ്കിലും, ദേവസ്വം സ്വതന്ത്ര വകുപ്പാക്കിയശേഷം അതൊരു ദളിതന്റെ കൈവശം എത്തുന്നത് രണ്ടാം പിണറായി കാലത്താണ്. അത്തരുണത്തില്‍ രാധാകൃഷ്ണന്റെ മന്ത്രിസ്ഥാനം വിപ്ലവകരമായ നീക്കം തന്നെയായിരുന്നു.
ചോദ്യമിതാണ്; മൂന്നു വര്‍ഷത്തിനിപ്പുറം ഇടതുപക്ഷ സര്‍ക്കാരിന് നവോഥാനം മടുത്തോ? മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന തദ്ദേശഭരണവും എക്സൈസും പകരം വന്ന എം ബി രാജേഷിന് കിട്ടി. എന്നാല്‍ കെ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ നിന്നും പോകുമ്പോള്‍ പകരം വരുന്ന ഒ ആര്‍ കേളുവിന് കിട്ടുന്നത് രാധാകൃഷ്ണന്റെ കൈയിലുണ്ടായിരുന്ന പട്ടിക ജാതി-പട്ടിക വര്‍ഗ്ഗക്ഷേമ വകുപ്പ് മാത്രം. ദേവസ്വവും പാര്‍ലമെന്ററി കാര്യവും മറ്റു രണ്ടു പേര്‍ക്കായി വീതിച്ചു നല്‍കി.
ദളിതനെ ദേവസ്വം മന്ത്രിയാക്കിയവര്‍ക്ക് ആദിവാസിയെ അതേ സ്ഥാനത്ത് കൊണ്ടുവരുന്നതിന് എന്താണ് തടസമായത്? പരിചയക്കുറവാണോ?
മന്ത്രിസഭയിലേക്കുള്ള സ്ഥിരീകരണത്തിന് ശേഷം നടത്തിയ പ്രതികരണങ്ങളില്‍ പാര്‍ലമെന്ററികാര്യവും ദേവസ്വവും മാറ്റിയതിന് തന്റെ അനുഭവക്കുറവാണ് കാരണമെന്നു കേളു സ്വയം ന്യായീകരിക്കുന്നത് കേട്ടു. നിയമസഭയില്‍ കേളുവിനെക്കാള്‍ ജൂനിയറാണെങ്കിലും ലോക്സഭയിലെ പരിചയം രാജേഷിന് പാര്‍ലമെന്ററി കാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുതല്‍ക്കൂട്ടായിരിക്കാം. ചോദ്യം ദേവസ്വം ഒഴിവാക്കിയതിലാണ്. വാസവന്റെ അനുഭവപരിചയം എന്താണ്? സഹകരണം, തുറമുഖം, സാംസ്‌കാരികം തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നൊരു മന്ത്രിക്ക് ദേവസ്വം കൂടി നല്‍കി ഭാരം കൂട്ടിയത് കേളുവിന് അമിതഭാരം കൊടുക്കാതിരിക്കാനാണെന്നു വിശ്വസിക്കണോ?
പൂജാരി അബ്രാഹ്‌മണനാണെങ്കില്‍ നെറ്റി ചുളിയുന്ന വിശ്വാസികളാണ് കേരളത്തില്‍ ബഹുഭൂരിപക്ഷവും. അങ്ങനെയുള്ളൊരു നാട്ടില്‍ ദേവസ്വം ഭരിക്കാന്‍ ഒരു ദളിതന്‍ വന്നതിന്റെ ബുദ്ധിമുട്ട് നല്ല രീതിയില്‍ ഉണ്ടായിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ തനിക്ക് തന്നെ നേരിടേണ്ടി വന്ന അയിത്തത്തെ കുറിച്ച് രാധാകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ പൂജാരിമാര്‍ വിളക്ക് കൈയില്‍ തരാതെ താഴെവച്ച് കാണിച്ച തൊട്ടുകൂടായ്മയെക്കുറിച്ച് ഒരു മന്ത്രി തന്നെ പറഞ്ഞത് കേരളത്തെ അത്രമാത്രമൊന്നും ആകുലപ്പെടുത്തിയുമില്ല. അതൊക്കെ ആചാരത്തിന്റെ ഭാഗമായി കണ്ട് വിട്ടുകളയുകയാണ് സാംസ്‌കാരിക കേരളം ചെയ്തത്. അയിത്തക്കാര്‍ക്ക് അതേ വേദിയില്‍ തന്നെ മറുപടി കൊടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞിരുന്നു. അത്രയെങ്കിലുമായി.
അപ്പോള്‍ ചോദ്യമിതാണ്; അയിത്തവും തൊട്ടുകൂടായ്മയുമൊക്കെ പേടിച്ചാണോ കേളുവിന്റെ കൈയില്‍ ദേവസ്വം കൊടുക്കാതിരുന്നത്?
ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണെന്ന് പ്രസംഗിച്ച് കൈയടി നേടിയ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോഴുമുള്ളത്. ഒരു ആദിവാസി ദേവസ്വം വകുപ്പ് മന്ത്രിയായിരുന്നുവെങ്കില്‍ അത് തീര്‍ച്ചയായും കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ നാഴികകല്ലാകുമായിരുന്നു. കേളുവിന്റെ മുന്‍ഗാമികളെ ചരിത്രത്തില്‍ തിരഞ്ഞാലും കിട്ടില്ലായിരുന്നു. സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ ഹാന്‍ഡിലുകള്‍ക്ക് ആവേശവും രോമാഞ്ചവും കൊണ്ട് പോസ്റ്റുകളെഴുതാമായിരുന്നു.
ആചാരങ്ങള്‍ ലംഘിക്കാനല്ല, അവ പാലിക്കാനാണ് ഇനി ഞങ്ങള്‍ എന്നാണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്?
പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് സുപ്രധാന വകുപ്പ് തന്നെയാണ്. ആ സമൂഹങ്ങളുടെ ഉന്നമനം അടിസ്ഥാനമാക്കി നോക്കിയാല്‍. എന്നാല്‍ അതേ വിഭാഗങ്ങളില്‍ നിന്നുള്ളൊരാള്‍ അതിനപ്പുറത്തേക്കൊരു വകുപ്പിലേക്ക് പോകാതിരിക്കുന്നതിന് കാരണമെന്തായിരിക്കും?( പാര്‍ട്ടിയില്‍ സീനിയറായ എ കെ ബാലന്‍ ഒരിക്കല്‍ വൈദ്യുതി വകുപ്പ് ഭരിച്ചതു മറക്കുന്നില്ല). രാധാകൃഷ്ണന്‍ വീണ്ടും മന്ത്രിസഭയില്‍ വന്നപ്പോള്‍, അത്രയും മുതിര്‍ന്നൊരു നേതാവും പാര്‍ലമെന്റേറിയനുമായ വ്യക്തിക്ക് വീണ്ടും കൊടുത്തത് പിന്നാക്ക ക്ഷേമം തന്നെയായിരുന്നു, കൂട്ടത്തില്‍ ദേവസ്വം കൂടി കൊടുത്ത് ‘വിപ്ലവവും’ സൃഷ്ടിച്ചെന്നു മാത്രം. അപ്പോഴും തദ്ദേശമോ, ടൂറിസമോ, വ്യവസായമോ, പൊതുമരാമത്തോ ഒന്നും കൊടുത്ത് കൂടുതല്‍ പുരോഗമനത്തിലേക്ക് പോയില്ല സിപിഎം. പാര്‍ട്ടിയിലും സഭയിലും ജൂനിയറായവര്‍ക്കായിരുന്നു കൂടുതല്‍ മേന്മയുള്ള വകുപ്പുകള്‍. രാധാകൃഷ്ണനെ പോലെ ജനകീയനായൊരു നേതാവിന് എന്തുകൊണ്ട് മറ്റ് സുപ്രധാന വകുപ്പുകള്‍ കൊടുത്തില്ലെന്ന ചോദ്യം, ചോദ്യമായി തന്നെ അവശേഷിക്കുന്നുണ്ട്.
ഒ. ആര്‍ കേളു വരുന്നു. ആചാരം തെറ്റിക്കുന്നില്ല. സ്ഥിരം വകുപ്പ് തന്നെ. പക്ഷേ എന്തുകൊണ്ട് അദ്ദേഹത്തിന്റെ മുന്‍ഗാമി കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം കൊടുത്തില്ല? കേളു നല്ലൊരു പാര്‍ട്ടിക്കാരനയതുകൊണ്ട് ന്യായം സ്വയം കണ്ടെത്തി.
പാര്‍ട്ടി തെറ്റ് തിരുത്തുകയാണോ? പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പരിഹാരം കാണുകയാണോ? അകന്നു പോയ മുന്നാക്ക ജാതികളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണോ? ശബരിമലയില്‍ തെറ്റ് തിരുത്തിയതുപോലെ?
സവര്‍ണ വോട്ടുകളൊക്കെയും ബിജെപി കൊണ്ടു പോയെന്ന വേപഥുവിലാണ് സിപിഎം. പാര്‍ട്ടി വോട്ടുബാങ്കായ ഈഴവ വിഭാഗത്തിലേക്കു ബിഡിജെസ് വഴി ബിജെപി കടന്നു കയറിയിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളാപ്പളി നടേശനാണെങ്കില്‍ ടൈം ടേബിള്‍ വച്ചെന്ന പോലെ വര്‍ഗീയത പറഞ്ഞുകൊണ്ടിരിക്കുകയാണ്. ‘ന്യൂനപക്ഷ പ്രീണനമാണ്’ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ രോഷത്തിന് കാരണമത്രേ. പിണറായി വിജയന്‍ സൃഷ്ടിച്ച നവോഥാന കേരളത്തിന്റെ മുഖ്യചാര്യന്മാരില്‍ ഒരാളായതുകൊണ്ട് ടിയാന്റെ രോഷം കാര്യമുള്ളതായിരിക്കുമെന്ന് പാര്‍ട്ടിക്ക് തോന്നിക്കാണും. എന്നാലതൊന്നു ശമിപ്പിച്ചേക്കാമെന്ന് കരുതിയാകണം വി എന്‍ വാസവനെ ദേവസ്വത്തില്‍ പ്രതിഷ്ഠിച്ചത്.
ഗൗരിയമ്മയ്ക്കും സി വി പത്മരാജനും ശേഷം ദേവസ്വം മന്ത്രിയാകുന്ന ഈഴവ വിഭാഗം നേതാവാണ് വി എന്‍ വാസവന്‍. 57ലെ ഇഎംഎസ് സര്‍ക്കാരില്‍ ദേവസ്വം ചുമതല കെ ആര്‍ ഗൗരിയമ്മയ്ക്കായിരുന്നു. ആന്റണി സര്‍ക്കാരില്‍(1995-96) പത്മരാജനും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ഇവരെ എസ്എന്‍ഡിപിയുടെ പ്രതിനിധികളായി കാണാന്‍ കഴിയില്ല. വാസവന്റെ കാര്യത്തിലും പുറമെ അതേ വാദം പറയാമെങ്കിലും, പൊതുവില്‍ നായമ്മാരുടെ കുത്തകയായിരുന്ന വകുപ്പ് ഒരു ഈഴവന്റെ കൈയിലേക്കു വന്നതില്‍ സമുദായത്തിന്റെ മൊത്തക്കച്ചവടക്കാരനായ മുതലാളിക്ക് സന്തോഷമായിട്ടുണ്ടാകും. എന്നു കരുതി ശബരിമലയിലെ ശാന്തിക്കാരുടെ നറുക്കെടുപ്പ് കുടത്തില്‍ നമ്മുടെയാളുകളുടെ പേരും ഇടിപ്പിക്കാമെന്നൊന്നും ആഗ്രഹം വയ്ക്കേണ്ട. അത്തരം ആചാരങ്ങളൊന്നും തെറ്റിക്കാന്‍ വാസവനെക്കൊണ്ടും ഒക്കില്ല.
ദൈവങ്ങളോടും വിശ്വാസികളോടും, ഈ രണ്ടു കൂട്ടരുടെയും ഉടമകളായ സമുദായ-പുരോഹിത മേധാവികളോടും ഒരുപോലെ നയതന്ത്രചാതുര്യം കാണിക്കാനറിയും വാസവന്. നാര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണം പോലുള്ള കൊടും വിഷം സമൂഹത്തിലേക്ക് തുപ്പിയ പാല ബിഷപ്പിനെ അരമനയില്‍ ചെന്ന് ആശ്വസിപ്പിക്കാന്‍ കാണിച്ച ആത്മാര്‍ത്ഥയൊക്കെ കേരളം കണ്ടതാണ്. മതസ്പര്‍ദ്ധയുണ്ടാക്കിയതിന് കേസെടുക്കേണ്ട തിരുമേനിയെ അഗാധ പാണ്ഡിത്യമുള്ള അഭിവന്ദ്യപിതാവായി വാഴ്ത്തിപ്പാടിയ നാവിന് ഇനിയും പല ഉദ്യമങ്ങളും ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടി ചെയ്തു വിജയിപ്പിക്കാന്‍ കഴിയുമായിരിക്കാം.
എന്തായാലും കെ രാധാകൃഷ്ണനില്‍ തുടങ്ങിയ നവോഥാനം കെ രാധാകൃഷ്ണനില്‍ തന്നെ അവസാനിപ്പിച്ച സ്ഥിതിക്ക്, ഈയൊരു തീരുമാനത്തെ തിരിച്ചടികളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളലായി സൈബറിടത്ത് ന്യായീകരിക്കാം. കോളനികള്‍, ഊരുകള്‍ എന്നൊക്കെയുള്ള വിളി അവസാനിപ്പാക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചാണ് രാധാകൃഷ്ണന്‍ പടിയിറങ്ങിയത്. പക്ഷേ, ഈ നാട്ടിലെ മനുഷ്യ വിവേചനവുമൊന്നും അങ്ങനെയൊന്നും പോകില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ പറയാതെ പറഞ്ഞിരിക്കുകയാണ്. വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട്, ദളിതനിരുന്ന കസേര ചാണകം തെളിച്ച് ശുദ്ധമാക്കിയെന്ന്, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാട്ടിക എംഎല്‍എയ്ക്കെതിരേയും ഇത്തരത്തിലൊരു വൃത്തികേട് നടന്നിരുന്നു. ദേവസ്വം വകുപ്പില്‍ നിന്നും രാധാകൃഷ്ണന്‍ ഇറങ്ങുമ്പോള്‍, പകരം കേളുവിന് സ്ഥാനം ഇല്ലാതെ വരുമ്പോള്‍, ഒരു ശുദ്ധികലശം പാര്‍ട്ടി വക നടത്തിയോ എന്നു ചിന്തിച്ചുപോയാല്‍ അവിവേകമാകുമോ? why or kelu a tribal leader was not given devaswom department cpm, k radhakrishnan
Content Summary; why or kelu a tribal leader was not given devaswom department cpm, k radhakrishnan