March 28, 2025 |

വാഗ്ദാനം പാലിക്കാതെ കേന്ദ്രവും, ആത്മഹത്യ പ്രവണത കേന്ദ്ര സേനകളിലും-പരമ്പര അവസാനഭാഗം

പോലീസ് വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കുള്ള ധനസഹായം നിര്‍ത്തിയ കേന്ദ്രം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളെയാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ പഴിക്കുന്നത്

2016ലാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ നിരക്ക് ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചത്. പോലീസിന്റെ ജോലി സമ്മര്‍ദ്ദ വിഷയം പരിശോധിക്കുമെന്നും നടപടി എടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സുപ്രിയ സുലെയും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വെങ്കിടേഷ് ബാബു ടിജിയുമായിരുന്നു വിഷയം കേന്ദ്ര ശ്രദ്ധയില്‍ പെടുത്തിയ പ്രധാനികള്‍. 2012നും 2015നും ഇടയില്‍ രാജ്യത്തുടനീളം 614 പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തുവെന്ന് സര്‍ക്കാര്‍ നല്‍കിയ കണക്കുകളും ഇവര്‍ ചൂണ്ടികാണിച്ചിരുന്നു. എന്നാല്‍ പിന്നീട് വിഷയത്തില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശബ്ദമായി പിന്മാറിയ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. പോലീസ് വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കുള്ള ധനസഹായം നിര്‍ത്തിയ കേന്ദ്രം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളെയാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ പഴിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്റ്റേഷനുകളും വിശ്രമ സ്ഥലങ്ങളുമെല്ലാം ശോചനീയമായ അവസ്ഥയിലാണുള്ളത്. ഇതെല്ലാം നവീകരിക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ ഈ ഫണ്ടെല്ലാം നിര്‍ത്തുകയാണ് പിന്നീടുണ്ടായെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടിലും ചൂണ്ടികാണിക്കുന്നു. പാര്‍ലമെന്റിലെ ഇരുസഭകളിലും ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പഠന സമിതികളുണ്ടെങ്കിലും ഈ ശുപാര്‍ശകളെല്ലാം അസാധുവാക്കുകയും ചെയ്‌തെന്നും ഇതില്‍ പറയുന്നുണ്ട്.

POLICE LOKSABHA

(2016ല്‍ ലോക്‌സഭയില്‍ രാജ്‌നാഥ് സിങ് പറഞ്ഞ കാര്യങ്ങള്‍)

കണക്കുകള്‍ പറയുന്നത്

2018 ഡിസംബര്‍ വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ 940 പോലീസുകാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ദി ഹിന്ദുവില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ കേന്ദ്ര സായുധ പോലീസ് സേനയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 2014-18 വര്‍ഷത്തിനിടെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ സ്വയം മരണം വരിച്ചത് 54 പോലീസുകാരാണ്.തമിഴ്നാട്ടില്‍ 2010 മുതല്‍ 2014 വരെ 166 പോലീസുകാരും മഹാരാഷ്ട്രയിലും കേരളത്തിലും യഥാക്രമം 161 ഉം 61ഉം പേര്‍ വച്ച് മരിച്ചു.പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യയുടെ കാരണങ്ങള്‍ പലതാണെന്നും ഹിന്ദു റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.പോലീസുകാര്‍ക്ക് നിശ്ചിത സമയ ഡ്യൂട്ടി ഇല്ല. മുഴുവന്‍ സമയവും ഡ്യൂട്ടി, കുടുംബത്തോടൊപ്പം സമയം കിട്ടുന്നില്ല, ദിവസം 16 മണിക്കൂര്‍ വരെ എവിടെയും ജോലിചെയ്യുന്നു..ഇതേ വിഷയങ്ങള്‍ തന്നെയാണ് ദേശീയ തലത്തിലേക്ക് വരുമ്പോഴും പോലീസുകാര്‍ നേരിടുന്നത്.

കേന്ദ്ര സേനയില്‍ വന്‍ രാജി

അപകട മേഖലകളിലെ ജോലി, അവധി കിട്ടാത്ത സാഹചര്യം എന്നിവ മൂലം കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) കൂട്ട രാജിയാണ് ഉണ്ടാവുന്നതെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്ത് വന്നിരുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ 654 ജവാന്മാര്‍ ജീവനൊടുക്കിയപ്പോള്‍, രാജിവച്ചത് 50,155 പേര്‍. കടുത്ത മാനസികസമ്മര്‍ദം ഉള്‍പ്പെടെയുള്ളവയാണ് ഈ പ്രവണതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി), സശസ്ത്ര സീമ ബല്‍ (എസ്എസ്ബി), അസം റൈഫിള്‍സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) എന്നിവ ഉള്‍പ്പെടുന്ന സിഎപിഎഫില്‍ ഇത്തരം ആത്മഹത്യ പ്രവണതയുണ്ടെന്നും പറയുന്നു.2018-നും 2022-നും ഇടയില്‍ കൂടുതല്‍ ആത്മഹത്യകള്‍ രേഖപ്പെടുത്തിയത് സിആര്‍പിഎഫിലാണ്, 230. ബിഎസ്എഫ്- 174, സിഐഎസ്എഫ്- 89, എസ്എസ്ബി-64, ഐടിബിപി-54, അസം റൈഫിള്‍സ്-43 എന്നിങ്ങനെയാണ് മറ്റ് സേനകളിലെ കണക്ക്. എന്‍എസ്ജിയിലാണ് ഏറ്റവും കുറവ്, മൂന്ന് പേര്‍.

2022 ജൂലൈയില്‍ സൈനികരില്‍ മാനസിക സമ്മര്‍ദം കൂടുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പറഞ്ഞു. പാര്‍ലമെന്റില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 819 സൈനികര്‍ ആത്മഹത്യ ചെയ്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയില്‍ എ എ റഹീമിന്റെ ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ഇക്കാര്യം അറിയിച്ചത്.കരസേനയില്‍ മാത്രം 642 സൈനികര്‍ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തു. വ്യോമസേനയില്‍ 148 ഉം നാവികസേന 29 ഉം സൈനികരാണ് ഈ കാലയളവില്‍ ആത്മഹത്യ ചെയ്തതെന്ന് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. കടുത്ത മാനസിക സമ്മര്‍ദമാണ് സൈനികരെ ആത്മാഹത്യയിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നും ഭട്ട് പറഞ്ഞു. ഇന്നും ഇത്തരം മരണങ്ങള്‍ തുടരുകയാണ്.

 

English Summary: Why policemen kill themselves

 

Leave a Reply

Your email address will not be published. Required fields are marked *

×