June 18, 2025 |
എ സജീവന്‍
എ സജീവന്‍
Share on

പഞ്ചാഗ്നി മധ്യത്തില്‍ ടീം സണ്ണി

ഹൈക്കമാന്‍ഡ് തയ്യാറാക്കിയ അഴിച്ചുപണി കഷായം കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തുമോ, അതോ പെടുത്തുമോ?

കഷായം ഔഷധവീര്യമുള്ളതാക്കാന്‍ ചേരുവകളെല്ലാം കിറുകൃത്യം ചേര്‍ക്കുമ്പോലെയാണ് ഇത്തവണ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അഴിച്ചുപണിതത്. എ.കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും ശേഷം ഒരു കൃസ്ത്യാനി താക്കോല്‍ സ്ഥാനത്തില്ലാത്തതിന്റെ ഏനക്കേട് തീര്‍ക്കാന്‍ ഒരു ക്രിസ്ത്യാനിയെ, പ്രത്യേകിച്ച് ഒരു കത്തോലിക്കനെത്തന്നെ അധ്യക്ഷസ്ഥാനത്തിരുത്തി. അതോടെ, കേരളത്തിലെ ക്രിസ്ത്യന്‍ വോട്ട് ബി.ജെ.പി ചോര്‍ത്തിക്കളയുമെന്ന പേടി മാറി.

ആദ്യം പരിഗണിച്ച ആന്റോ ആന്റണി പോസ്റ്ററില്‍ ഫോട്ടോ കണ്ടാല്‍പ്പോലും നാലാള്‍ തിരിച്ചറിയാത്തയാളാണെണ് ഭംഗ്യന്തരേണ ആദ്യം കെ. മുരളീധരനും പിന്നീട് കെ.സുധാകരനും പരസ്യമായി പ്രതികരിച്ചപ്പോള്‍ സുധാകരന്റെ നിഴലായി ഇക്കാലമത്രയും പ്രവര്‍ത്തിച്ച കത്തോലിക്കനെത്തന്നെ പ്രസിഡന്റാക്കി.

എന്നാലും സുധാകരന്റെ മുറുമുറുപ്പു മാറിയില്ലെങ്കിലോ എന്നു സംശയിച്ച് സുധാകരനെ പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി രമേശ് ചെന്നിത്തലയ്ക്കു തുല്യനാക്കി. അധ്യക്ഷസ്ഥാനത്തു നിന്നു പുറത്തുകളയുന്ന നേരത്ത് വി.എം സുധീരനോടോ മുല്ലപ്പള്ളിയോടോ കാണിക്കാത്ത ഔദാര്യം. തീര്‍ച്ചയായും സുധാകരനെ സംപ്രീതനാക്കാനുള്ള തന്ത്രം തന്നെയായിരുന്നു അത്.

ഈഴവ-തിയ്യ വിഭാഗക്കാരനായ സുധാകരനെ താക്കോല്‍ സ്ഥാനത്തുനിന്നു മാറ്റിയാല്‍ അക്കൂട്ടരുടെ വോട്ടുമുഴവന്‍ ഒലിച്ചുപോകുമോ എന്നു ഭയന്നും അത്തരമൊരു തിരിച്ചടി സംഭവിക്കാതിരിക്കാന്‍ വേണ്ടിയുമാണ് യു.ഡി.എഫ് കണ്‍വീനര്‍ കസേരയില്‍ അടൂര്‍ പ്രകാശിനെ ഇരുത്തിയതെന്നു സ്പഷ്ടം.

യു.ഡി.എഫ് കണ്‍വീനര്‍ പദവിയില്‍ ഇരുന്ന എം.എം ഹസ്സനെ മാറ്റിയാല്‍ വെറുമൊരു വ്യക്തിയെ മാറ്റലായി സമൂഹം അംഗീകരിക്കില്ലല്ലോ. ഹസ്സനൊരു മതത്തിന്റെ (ഇസ്ലാമിന്റെ) പ്രതിനിധിയാണല്ലോ. യു.ഡി.എഫിലെ മുസ്ലിം കുത്തക ലീഗിനാണെങ്കിലും കോണ്‍ഗ്രസ്സിലുമുണ്ടല്ലോ ഒട്ടേറെ മുസ്ലിം വോട്ടര്‍മാര്‍. ഹസ്സനെ മാറ്റിയതില്‍ കെറുവിച്ച് അവര്‍ ഇടംതിരിഞ്ഞാലോ. ആ പ്രശ്‌നവും, ഷാഫി പറമ്പിലിനെ ഉപാധ്യക്ഷനാക്കി പരിഹരിച്ചു. എ.പി അനില്‍കുമാര്‍ വന്നതോടെ ദളിത് പ്രാതിനിധ്യമായി. ഊര്‍ജസ്വലരായ വിഷ്ണുനാഥും ഷാഫിയും തലമുറ മാറ്റത്തിന്റെ വിടവും നികത്തി. അങ്ങനെ എല്ലാ ചേരുവകളും ചേരുംപടി ചേര്‍ത്താണ് ഇത്തവണ ഹൈക്കമാന്റ് കേരളത്തിലെ കോണ്‍ഗ്രസ്സിന് പുനരുജ്ജീവനം നല്‍കാനുള്ള അഴിച്ചുപണിക്കഷായം തയ്യാറാക്കിയത്.

ഇനിയങ്ങോട്ട് കോണ്‍ഗ്രസ്സിന് കേരളത്തില്‍ വച്ചടിവച്ചടി കയറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം അല്ലേ? തീര്‍ച്ചയായും, നമ്മള്‍ ആഗ്രഹിക്കുന്നതും അതാണ്. കാരണം, കോണ്‍ഗ്രസ് ശിഥിലമായാല്‍ കേരളത്തില്‍ കുതിച്ചു വളരുക ബി.ജെ.പിയായിരിക്കും. ദേശീയതലത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ വര്‍ഗീയസ്പര്‍ദ്ധ കേരളത്തിലും വ്യാപിക്കാന്‍ അതു വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് കോണ്‍ഗ്രസ് തകരാന്‍ പാടില്ല. കൂടുതല്‍ ശക്തിപ്പെടുക തന്നെ വേണം.

പക്ഷേ, നമ്മള്‍ ആഗ്രഹിച്ചതു കൊണ്ടു മാത്രം കാര്യമുണ്ടോ?

അതിനുത്തരം, കെ.പി.സി.സി നേതൃത്വ അഴിച്ചുപണി പ്രഖ്യാപനത്തിനു ശേഷം വന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ വാക്കും പ്രവൃത്തിയും അവരുടെ ശരീരഭാഷയുമാണ്. ഒരുതരത്തിലുള്ള വ്യാഖ്യാനവുമില്ലാതെ ആ വാക്കുകളും പ്രവൃത്തികളും താഴെ കൊടുക്കുന്നു.

അവശിഷ്ട എ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നട്ടെല്ലായ ബെന്നി ബഹനാന്റെ പ്രതികരണം ഇങ്ങനെ: (കെ.പി.സി.സി അഴിച്ചുപണിയെക്കുറിച്ച് എന്തു പറയുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി: ”ഞാനും നിങ്ങളെപ്പോലെ വാര്‍ത്തയില്‍ നിന്ന് അക്കാര്യം അറിഞ്ഞു.”

പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വച്ചു സുധാകരനെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ സണ്ണി ജോസഫിന് മധുരം കൊടുക്കാന്‍ സുധാകരനോട് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സുധാകരന്‍ ലഡു സണ്ണി ജോസഫിന്റെ കൈയില്‍ കൊടുക്കുന്നു. വായില്‍ വച്ചു കൊടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സുധാകരന്‍ അതിനു തയ്യാറായതേയില്ല.

ഇനി അധികാരകൈമാറ്റ വേദിയില്‍ സുധാകരന്‍ നടത്തിയ പ്രസംഗമാണ് ശ്രദ്ധിക്കേണ്ടത്. സുധാകരന്റെ പ്രസംഗം മുഴവന്‍ താന്‍ നടത്തിയ നേട്ടങ്ങളെക്കുറിച്ചായിരുന്നു, തുടര്‍ച്ചയായ തെരഞ്ഞെടുപ്പു വിജയങ്ങളുള്‍പ്പെടെ. ഒരു പരാജയവും എന്റെ അധ്യക്ഷകാലത്തുണ്ടായില്ല എന്നും സുധാകരന്‍ പറഞ്ഞു(എന്നെ എന്തിനു മാറ്റിയെന്നാണോ സുധാകരന്‍ ഉദ്ദേശിച്ചത്?).

ദളിത് പ്രാതിനിധ്യം ഉറപ്പാക്കി കമ്മിറ്റി കെട്ടിപ്പടുത്തിട്ടും അധികാരക്കൈമാറ്റച്ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ്, മാധവന്‍നായര്‍ മുതല്‍ സണ്ണി ജോസഫ് വരെയുള്ള അധ്യക്ഷപ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെടാതെ പോയ ദളിത് വിഭാഗത്തിന്റെ പ്രതിഷേധം അറിയിച്ചു.

ഇനി അവസാനത്തെ രംഗം. സണ്ണി ടീമിനെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനു സജ്ജരാക്കാന്‍ ഹൈക്കമാന്‍ഡ് ദില്ലിയില്‍ ബ്രെയിന്‍ സ്റ്റോമിങ് യോഗം വിളിച്ചു ചേര്‍ത്തു. പുതിയ ടീമിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ മുന്‍ അധ്യക്ഷന്മാരെയും വിളിച്ചു. പക്ഷേ, തിരുവനന്തപുരത്തു നിന്നു ഡല്‍ഹിയിലേയ്ക്കു പോകുന്നതിനു പകരം സുധാകരന്‍ കണ്ണൂരിലേയ്ക്കു വണ്ടി കയറി. മുല്ലപ്പള്ളിയും സുധീരനും നാട്ടില്‍ത്തന്നെ തങ്ങി.

ഇനി നിങ്ങള്‍ പറയൂ, ഇവരൊക്കെ കോണ്‍ഗ്രസ്സിനെ രക്ഷപ്പെടുത്തില്ലേ? (പെടുത്തുമോ?)  Will the Congress in Kerala be saved by the KPCC reorganization? congress high command appointed adv.sunny joseph as new kpcc president 

Content Summary; Will the Congress in Kerala be saved by the KPCC reorganization? congress high command appointed adv.sunny joseph as new kpcc president

എ സജീവന്‍

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×