‘ചെറുത്തുനില്‍പ്പെന്നാല്‍ അത് കലാപമല്ല. അത് അനീതികളാല്‍ നിറഞ്ഞ ഒരു വ്യവസ്ഥിതിയോടുള്ള വിയോജിപ്പാണ്”- ഏഞ്ചല ഡേവിസ്
അടിമുടി കോര്‍പറേറ്റ് വല്‍ക്കരിക്കപ്പെട്ട വ്യവസ്ഥയാണ് യൂറോപ്യന്‍ ഫുട്‌ബോള്‍. താരങ്ങളും ജഴ്‌സികളും മുതല്‍ ഇരിക്കുന്ന കസേര വരെ ഭീമന്‍കമ്പനികളുടെ പേരിലാണ്. മില്യണ്‍ ഡോളര്‍ ബോയ്‌സും പടുകൂറ്റന്‍ സ്റ്റേഡിയങ്ങളും അരങ്ങുവാഴുന്ന യൂറോപ്പിലെ വന്‍മരങ്ങള്‍ക്കിടയില്‍ ‘സെന്റ് പോളി’യെന്ന ഒരു കുഞ്ഞന്‍ ക്ലബുണ്ട്. ജര്‍മനിയിലെ ബുന്ദസ് ലിഗയില്‍ പന്തുതട്ടുന്ന ചെറിയ ക്ലബ്. ബയേണ്‍ മ്യൂണികും ബയര്‍ ലെവര്‍ക്യൂസണും പോരടിക്കുന്ന ജര്‍മന്‍ ലീഗില്‍ നിലവില്‍ 13ാം സ്ഥാനത്താണവര്‍. ഇടക്ക് തരം താഴ്ത്തലിനെത്തുടര്‍ന്ന് രണ്ടാം ലീഗിലേക്ക് പോകും. യൂറോപ്യന്‍ ഫുട്‌ബോളിന്റെ മുന്നണിപ്പോരാട്ടങ്ങളിലൊന്നും അവരെ ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അവര്‍ വാര്‍ത്തകളില്‍ നിറയാറുമില്ല.
പക്ഷേ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ട്രംപിന്റെ പട്ടാഭിഷേകത്തിന് പിന്നാലെ രണ്ടരലക്ഷത്തോളം വരുന്ന തങ്ങളുടെ ‘എക്‌സ്’ ഫോളോവേഴ്‌സിനായി നവംബര്‍ 14ന് അവരൊരു വാര്‍ത്താക്കുറിപ്പിറക്കി. ”ട്വിറ്ററെന്ന് പേരുണ്ടായിരുന്ന പ്ലാറ്റ്‌ഫോമിനെ ‘എക്‌സ്’ എന്ന പേരില്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത് മുതല്‍ അതൊരു വെറുപ്പുല്‍പ്പാദന യന്ത്രമാണ്. വംശീയതയും ഗൂഢാലോചന സിദ്ധാന്തങ്ങളും അവിടെ യഥേഷ്ടം ഒഴുകുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ സന്തത സഹചാരിയായിരുന്ന മസ്‌ക് അതിലൂടെ തീവ്ര വലതുപക്ഷ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. വരാനിരിക്കുന്ന ജര്‍മന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന വിധം അതിടപെടുന്നു. ആയതിനാല്‍ ഇന്നുമുതല്‍ ഞങ്ങള്‍ എക്‌സ് അകൗണ്ട് ഉപക്ഷേിക്കുന്നു”
അമേരിക്കന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട ‘എക്‌സ്’ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു ഇത്. സെന്റ്‌പോളിയുടെ പാതയില്‍ ജര്‍മനിയിലെ വെര്‍ഡര്‍ ബ്രമനും എക്‌സ് വിട്ടു. ഫുട്‌ബോള്‍ കളിയേക്കാളുപരി കച്ചവടമാകുന്ന കാലത്തും അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും മാറാതെ നിലനില്‍ക്കുന്ന ഏതാനും ക്ലബുകളുണ്ട്. പുതിയ കാലത്തോടും കോര്‍പറേറ്റ് താല്‍പര്യങ്ങളോടും സന്ധി ചെയ്യുന്നുണ്ടെങ്കിലും ഇടതുപക്ഷ-മാനുഷിക മൂല്യങ്ങളില്‍ വിശ്വസിക്കുകയും അതിനെ അടിസ്ഥാന പ്രമാണമാക്കുകയും ചെയ്ത ക്ലബുകള്‍ ഇന്നുമുണ്ട്. ജര്‍മനിയില്‍ അത് സെന്റ് പോളിയാണെങ്കില്‍ ഇറ്റലിയില്‍ അത് ലിവോര്‍ണോയാണ്. സ്‌കോട്ട്‌ലാന്‍ഡിലെ സെല്‍റ്റിക്, ഫ്രാന്‍സിലെ ഒളിമ്പിക് മാര്‍സെലോ, സ്‌പെയിനിലെ റയോ വല്ലേക്കാനോ എന്നിങ്ങനെ നീളുന്ന ക്ലബുകള്‍ വേറെയുമുണ്ട്. കച്ചവട മുതലാളിത്തത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇതേ ലെഗസിയില്‍ ചേര്‍ത്തുവെക്കാവുന്ന ഒരു ക്ലബുണ്ട്, ലിവര്‍പൂള്‍. ഈ ശ്രേണിയിലെ ഏറ്റവും പോപ്പുലര്‍ ക്ലബും ലിവര്‍പൂളാണ്.
ലിവര്‍പൂളിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന മേഴ്‌സി നദിക്കെന്നും ചുവപ്പുനിറമായിരുന്നു. വ്യവസായ വിപ്ലവാനന്തരം രൂപപ്പെട്ട ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഈ തുറമുഖ-വ്യവസായ നഗരം എന്നും തൊഴിലാളികളുടെ ഭൂമികയായി നിലകൊണ്ടു. ട്രേഡ് യൂനിയനുകളാലും പ്രതിഷേധങ്ങളാലും ചുവന്ന നഗരത്തില്‍ നിന്നും രൂപം കൊണ്ട ഒരു ഫുട്‌ബോള്‍ ക്ലബ് ഇടതുമൂല്യങ്ങളില്‍ അധിഷ്ഠിതമായതില്‍ അത്ഭുതമൊന്നുമില്ല. അയല്‍ക്കാരും ബദ്ധവൈരികളുമായ എവര്‍ട്ടണിനും വര്‍ക്കിങ് ക്ലാസ് ആരാധകരുടെ വലിയ പിന്തുണയുണ്ട്. ഇന്നും ലേബര്‍ പാര്‍ട്ടിയോടാണ് ലിവര്‍പൂള്‍ നഗരം കൂറുപുലര്‍ത്തുന്നത്. ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യാനായി ചാന്റുകള്‍ മുഴക്കുന്ന ആരാധകരും you will never walk alone എന്ന മനോഹര മുദ്രാവാക്യം കഴുത്തിലേന്തിയ നേതാക്കളെയും ആന്‍ഫീല്‍ഡില്‍ കാണാറുണ്ട്.
1959 മുതല്‍ 1974വരെയുള്ള ദീര്‍ഘകാലം മാനേജറായിരുന്ന ബില്‍ ഷാങ്‌ലി സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ പ്രചാരകനായിരുന്നു. എല്ലാവരും ഒരേ ലക്ഷ്യത്തിനായി അധ്വാനിക്കുകയും എല്ലാവരും ഒരേ രൂപത്തില്‍ ഫലമനുഭവിക്കുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് തത്വമാണ് ഫുട്‌ബോളിലും ജീവിതത്തിലും താന്‍ പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന ഷാങ്‌ലിയുടെ പ്രസ്താവന ഇന്നും ഹൃദയത്തില്‍ ഫ്രെയിം ചെയ്തുവെച്ച ലിവര്‍പൂള്‍ ആരാധകരുണ്ട്. ജര്‍മനിയിലെ ഡോര്‍ട്ട്മുണ്ടില്‍ നിന്നും 2014ല്‍ ആന്‍ഫീല്‍ഡിന്റെ പടികയറിവന്ന യുര്‍ഗാന്‍ ക്ലോപ്പും ക്ലബിന്റെ രാഷ്ട്രീയ സ്വത്വത്തെ തിരിച്ചറിഞ്ഞിരുന്നു. തന്റെ ഹൃദയം ഇടത്താണെന്നും വെല്‍ഫയര്‍ സ്റ്റേറ്റിലാണ് തന്റെ വിശ്വാസമെന്നും ക്ലോപ്പ് പലകുറി തുറന്നുപറഞ്ഞിരുന്നു.
മസ്‌ക് വാങ്ങുമോ ലിവര്‍പൂള്‍?
അടുത്ത കാലങ്ങളിലായി ലിവര്‍പൂള്‍ എന്നും വാര്‍ത്തകളിലുണ്ട്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമെല്ലാം അവര്‍ ഒന്നാമതായി കുതിക്കുന്നു. പ്രീമിയര്‍ ലീഗില്‍ രണ്ടാമതുള്ള ആര്‍സനലിനേക്കാള്‍ 9 പോയന്റ് മുന്നിലാണവര്‍. ചാമ്പ്യന്‍സ് ലീഗില്‍ ആകെ കളിച്ച എട്ടുമത്സരങ്ങളില്‍ പരാജിതരായത് ഒരെണ്ണത്തില്‍ മാത്രം. പോയ സീസണ്‍ അവസാനത്തോടെ യുര്‍ഗാന്‍ ക്ലോപ്പ് ആന്‍ഫീല്‍ഡിനോട് വിടപറഞ്ഞുപോയപ്പോള്‍ ശങ്കിച്ചവരുണ്ട്. പക്ഷേ ഡച്ച് ക്ലബായ ഫെയര്‍നൂദില്‍നിന്നുമെത്തിയ അര്‍നെ സളോട്ട് അതിഗംഭീരമായാണ് കാര്യങ്ങളെ ഉള്‍കൊണ്ടത്. പക്ഷേ സ്‌ളോട്ടിന്റെയോ മുഹമ്മദ് സലാഹിന്റെയോ പേരുകളിലല്ലാതെ ലിവര്‍പൂള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലോകത്തെ ആദ്യ ട്രില്യണയറാകാന്‍ കുതിക്കുന്ന ഇലോണ്‍ മസ്‌ക് ലിവര്‍പൂള്‍ വാങ്ങാനാഗ്രഹിക്കുന്നുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിവിട്ടത്.
സംഭവങ്ങളുടെ തുടക്കമിങ്ങനെ. ടൈംസ് റേഡിയോ അഭിമുഖത്തിനിടെ ഇലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌കാണ് ഈ വാര്‍ത്തക്ക് തിരികൊളുത്തിയത്. മകന് ലിവര്‍പൂളിലുള്ള ദീര്‍ഘകാല മോഹം അദ്ദേഹം തുറന്നുപറഞ്ഞു. ഇലോണിന്റെ മുത്തശ്ശി ലിവര്‍പൂളിലാണ് ജനിച്ചതെന്നും അവിടെയുള്ള ബന്ധുക്കളുടെ സാന്നിധ്യവും ആ ആഗ്രഹത്തിനുള്ള ഹേതുവായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ലിവര്‍പൂളിലെ പ്രമുഖ റോക്ക് ബാന്‍ഡായിരുന്നു ബീറ്റില്‍സുമായുള്ള ബന്ധവും അദ്ദേഹം പറഞ്ഞു. മസ്‌കിന്റെ ട്വീറ്റും ടെസ്‌ലയിലെ ഇലയനക്കവും വരെ വലിയ വാര്‍ത്തകളാക്കാറുള്ള മാധ്യമങ്ങള്‍ ഈ പ്രസ്താവനയും ആഘോഷിച്ചു.
നിലവില്‍ അമേരിക്ക ആസ്ഥാനമായുള്ള ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ് ലിവര്‍പൂള്‍ കൈയ്യാളുന്നത്. 2010 മുതല്‍ ആന്‍ഫീല്‍ഡിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത സംഘം ലിവര്‍പൂളിനെ ഒരു ഗ്ലോബല്‍ ബ്രാന്‍ഡാക്കി ഉയര്‍ത്തുന്നതില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്. അതേ സമയം തന്നെ അനുദിനം ക്ലബിനെ കച്ചവടമാക്കുന്ന സംഘത്തിന്റെ നടപടികളില്‍ അമര്‍ഷമുള്ള ആരാധകരുമുണ്ട്. സീസണില്‍ ഉടനീളം മികച്ച കുതിപ്പ് നടത്തുന്ന മുഹമ്മദ് സലാഹ് അടക്കമുള്ള പല പ്രമുഖ താരങ്ങളും അടുത്ത സീസണില്‍ ക്ലബിലുണ്ടാകുമോ എന്നതില്‍ പോലും ഉടമകള്‍ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. തന്റെ കരാര്‍ പുതുക്കാത്തതില്‍ സലാഹ് പലകുറി പരസ്യപ്രസ്താവനയും നടത്തിയിരുന്നു.
പക്ഷേ മസ്‌കുമായി ബന്ധപ്പെട്ട വാര്‍ത്ത പടര്‍ന്നു തുടങ്ങിയതോടെ ക്ലബിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് സംഘം വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ മസ്‌കിന്റെ ആസ്തി 343 ബില്യണ്‍ പൗണ്ടോളം വരും. ലിവര്‍പൂളിന്റെ കണക്കാക്കപ്പെടുന്ന മൂല്യം 4.3 ബില്യണ്‍ പൗണ്ടാണ്. അഥവാ മസ്‌കിന്റെ ആസ്തിയുടെ ഒരു ശതമാനം മാത്രമാണ് ലിവര്‍പൂളിന്റെ മൂല്യം. പണമാണ് മാനദണ്ഡമെങ്കില്‍ മസ്‌കിന് ലിവര്‍പൂള്‍ പൂപറിക്കുന്ന പോലെ ലളിതമായ പ്രക്രിയയാണ്. പക്ഷേ പക്ഷേ പണം കൊണ്ട് മസ്‌കിന് നേടിയെടുക്കാനാകാത്ത ഒന്നുണ്ട്. അത് ലിവര്‍പൂളിന്റെ ലെഗസിയും ആരാധകരുമാണ്. കാലാന്തരത്തില്‍ ഫുട്‌ബോളിന്റെ കോര്‍പ്പറേറ്റ്‌വത്കരണത്തില്‍ പല മൂല്യങ്ങളും നഷ്ടമായെങ്കിലും ലിവര്‍പൂളിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആരാധകക്കൂട്ടം ഇന്നുമുണ്ട്. അമിതമായ ടിക്കറ്റ് വിലക്കെതിരെയും യൂറോപ്യന്‍ സൂപ്പര്‍ ലീഗെന്ന പുതിയ ആശയത്തെയും തെരുവില്‍ നേരിട്ടവരാണ് ആരാധകര്‍. അതുകൊണ്ടുതന്നെ ആന്‍ഫീല്‍ഡിലേക്കുള്ള പാതയില്‍ മുതലാളിമാര്‍ ചെമ്പട്ട് വിരിച്ചാനയിച്ചാലും ആരാധകര്‍ അത്ര വേഗം അതുള്‍കൊള്ളില്ല എന്നുറപ്പ്. Will Elon Musk own Liverpool football club?
Content Summary; Will Elon Musk own Liverpool football club?