April 20, 2025 |
Share on

അഴീക്കോട് നിന്ന് തുടങ്ങി അമേരിക്കന്‍ കോടതിയില്‍ അവസാനിക്കുമോ?

ബൈജൂസിന്റെ കയറ്റവും ഇറക്കവും

ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട് അപ് കമ്പനികളിലൊന്നായിരുന്നു ബെം​ഗളൂരുവിലെ തിങ്ക് ആന്റ് ലേൺ. ‌തിങ്ക് ആന്റ് ലേൺ പലർക്കും പരിചിതമല്ലെങ്കിലും ബൈജൂസ് ആപ്പ് എന്ന പേര് പലർക്കും അറിയാമായിരിക്കും. കാരണം ഒരുസമയത്ത് വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരാണ് ബൈജൂസ്.

എ‍ഡ്ടെക് സ്റ്റാർട്ട് അപ് ആയ ബൈജൂസിന്റെ സ്ഥാപകൻ മലയാളിയായ ബൈജു രവീന്ദ്രനാണ്. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമത്തിൽ ഭൗതികശാസ്ത്ര, ഗണിതശാസ്ത്ര അധ്യാപകരുടെ മകനായി ജനിച്ച ബൈജു രവീന്ദ്രൻ പിന്നീട് ലോകം ചർച്ച ചെയ്ത സംരംഭകനായി മാറുകയായിരുന്നു.

എഞ്ചിനീയറിങ് ബിരുദധാരിയായ ബൈജു കുറച്ച് വർഷം ഒരു മള്‍ട്ടി നാഷണല്‍ ഷിപ്പിങ് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്തിരുന്നു. സംഖ്യകളോടും കണക്കിനോടും ചെറുപ്പം മുതൽ തന്നെ പ്രിയമുണ്ടായിരുന്ന ബൈജു കോമൺ എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന തന്റെ സുഹൃത്തുക്കൾക്ക് കണക്ക് പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് എം.ബി.എ പ്രവേശനത്തിനായുള്ള ക്യറ്റ് പരീക്ഷക്ക് തയ്യാറെടുക്കാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും കണക്കിൽ ബൈജു സഹായിച്ചു.

സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു തവണ അവരോടൊപ്പം പരീക്ഷ എഴുതാൻ ബൈജു തീരുമാനിച്ചു. പരീക്ഷയ്ക്ക് വേണ്ടത്ര തയ്യാറെടുപ്പുകളൊന്നും നടത്താതെയാണ് എഴുതിയതെങ്കിലും 100 ശതമാനം സ്കോർ നേടി ബൈജു ക്യാറ്റ് ടോപ്പർ ആവുകയായിരുന്നു.

ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവേശനപരീക്ഷകളിലൊന്നായ ക്യാറ്റ് യാതൊരു തയ്യാറെടുപ്പുമില്ലാതെ തനിക്കെങ്ങനെ നേടാനായി എന്ന ചോദ്യം ബൈജുവിനെ അതിശയിപ്പിച്ചു. എളുപ്പവഴികളിലൂടെ രസകരമായ രീതിയിൽ പഠനം മുന്നോട്ട് കൊണ്ടുപോവുകയെന്നതാണ് വിജയത്തിന്റെ രഹസ്യമെന്ന് മനസിലാക്കിയ ബൈജു ആ മാര്‍ഗം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ക്യാറ്റ് പരീക്ഷ എഴുതുന്നവരെ തുടർന്നും സഹായിച്ചു. മാത്രമല്ല, മുഴുവൻ സമയ ജോലിയായി അധ്യാപനം ഏറ്റെടുക്കാനും തീരുമാനിച്ചു. കുറച്ച് സുഹൃത്തുക്കളെ പഠിപ്പിക്കുന്നതിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളെ വലിയ ഓഡിറ്റോറിയങ്ങളിൽ പഠിപ്പിക്കുന്നതിലേക്കും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വഴി ക്ലാസുകൾ എടുക്കുന്നതിലേക്കും അത് മാറി.

2011 ലാണ് തിങ്ക് ആന്റ് ലേണിങ്ങ് പ്രൈവറ്റ് ലിമിറ്റഡിന് ബൈജു രവീന്ദ്രൻ തുടക്കം കുറിച്ചത്. നാലു വര്‍ഷം കൊണ്ട് വിദ്യാർത്ഥികൾക്കായികണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള കണ്ടന്റ് തയ്യാറാക്കി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കി. 2015 ഓഗസ്റ്റിലാണ് ബൈജൂസ് ലേണിങ് ആപ്പിന് തുടക്കമിട്ടത്.

കൊവിഡ് കാലത്ത് 2020 ൽ പഠനം ഓൺലൈനിലേക്ക് വഴി മാറിയപ്പോൾ ബൈജൂസ്‌ തന്റെ വിജയപടവുകൾ കയറാൻ തുടങ്ങി. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ എഡ്യു ടെക് രംഗത്തെ നിരവധി വമ്പന്മാരെ ബൈജൂസ്‌ ഏറ്റെടുത്തിരുന്നു. 8200 കോടി രൂപ നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകൾക്ക് ലഭിക്കുന്ന യുണികോൺ പട്ടം 2017 ൽ ബൈജൂസ്‌ സ്വന്തമാക്കി. 2020 ജനുവരിയിൽ 65,500 കോടിയായിരുന്ന ബൈജൂസിന്റെ മൂല്യം പിന്നീട് 1.80 ലക്ഷം കോടിയായി ഉയർന്നു. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ട്അപ്പായിരുന്നു ബൈജൂസ്.

വളരെ പെട്ടെന്നായിരുന്നു ബൈജൂസിന്റെ ഉയർച്ചയും പതനവും. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നിന്റെ വിജയഗാഥ അവസാനിക്കുന്നത് സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെയാണ്. കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നതും കമ്പനികളുടെ ഏറ്റെടുക്കലും ബൈജൂസിനെ സാരമായി ബാധിച്ചു. ഈ സമയം വായ്പയെടുത്ത പണം തിരിച്ചടയ്ക്കാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി.

1.2 ബില്യൺ ഡോളർ വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് വായ്പ ദാദാക്കളുമായി ബൈജൂസ്‌ നിയമയുദ്ധത്തിൽ ഏർപ്പെട്ടു. 2021 നവംബറിൽ എടുത്ത വായ്പയുടെ 40 മില്യൺ ഡോളർ അല്ലെങ്കിൽ 330 കോടി രൂപ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെയാണ് ഈ നിയമയുദ്ധം ആരംഭിച്ചത്. തുടർന്ന് സാമ്പത്തിക പ്രതിസന്ധിയുടെ ഭാ​ഗമായി ബൈജൂസ് ഓഫീസുകൾ അടച്ച് പൂട്ടി. വിദേശ നാണ്യ വിനിമയ ചട്ടലംഘനം അടക്കമുള്ള കേസുകളില്‍ ബൈജു രവീന്ദ്രനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. 2024 ഏപ്രിലിൽ ബൈജൂസിന്റെ സിഇഒ അർജുൻ മോഹൻ തന്റെ സ്ഥാനം രാജി വച്ചു.

തുടർന്ന് മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള  നിഗൂഢമായൊരു ഹെഡ്ജ് ഫണ്ടില്‍ 533 മില്യണ്‍ ഡോളര്‍ മറച്ചുവച്ചുവെന്ന തരത്തിൽ ബൈജൂസിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. ബൈജൂസിന്റെ പ്രധാന ബിസിനസ് കേന്ദ്രമെന്നു പറയുന്ന കാംഷാഫ്റ്റ് കാപ്പിറ്റല്‍ ഫണ്ടിൽ പണം നിക്ഷേപിച്ചെന്നായിരുന്നു ആരോപണം. നിക്ഷേപിച്ച തുക തിരികെയെടുക്കാന്‍ ബൈജൂസില്‍ പണം നിക്ഷേപിച്ചിരുന്നവര്‍ നിയമ നടപടി ആരംഭിക്കുകയും ചെയ്തു.

ഏറ്റവും ഒടുവിലായി അഴിമുഖത്തിന്റെ എക്സ്ക്ലൂസീവ് ഇൻവെസ്റ്റി​ഗേഷൻ റിപ്പോർട്ട് അനുസരിച്ച് അമേരിക്കയിലെ അമേരിക്കന്‍ കോടതിയിൽ ബൈജൂസിനെതിരെ കേസ് നടക്കുകയാണ്.

Content Summary: Will it start from Azhikode and end up in Miami court? Rise and fall of Byjus learning app founder byju raveendran
byjus byju raveendran 

Leave a Reply

Your email address will not be published. Required fields are marked *

×