നേപ്പാളി പെൺകുട്ടിയുടെ ആത്മഹത്യ ഒഡീഷയിലെ കെ ഐ ഐ ടി സർവ്വകലാശാലയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. നേപ്പാൾ കാഠ്മണ്ഡു സ്വദേശിയായ പ്രകൃതി ലംസാളാണ് ഹോസ്റ്റൽ മുറിയിൽ ജീവിതം അവസാനിപ്പിച്ചത്. പ്രകൃതിയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾക്കെതിരേ സർവകലാശാല ജീവനക്കാർ വംശീയാധിക്ഷേപം നടത്തുകയും, പ്രതിഷേധക്കാരെ ഉപദ്രവിക്കുകയും തിരികെ നാട്ടിൽ പോകാൻ ആവിശ്യപ്പെടുകയും ചെയ്തിരുന്നു.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് നേപ്പാൾ എംബസി വിഷയത്തിൽ ഇടപെട്ടു. ഇതോടെ കെ ഐ ഐ ടി ഉത്തരവ് പിൻവലിക്കുകയായിരുന്നു. എന്നാൽ ഈ സംഭവത്തോടെ ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ വിള്ളൽ വീഴുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ഹോസ്‌റ്റൽ മുറിയിൽ പ്രകൃതി ലാംസലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടു നേപ്പാളിൽനിന്നുള്ള വിദ്യാർഥികൾ പ്രതിഷേധവുമായി ഇറങ്ങി റോഡ് ഉപരോധിച്ചു. ഇവരുമായി കെഐഐടി അധികൃതർ ചർച്ച നടത്തിയെങ്കിലും ഫലവത്തായില്ല. തുടർന്നാണ് പ്രതിഷേധക്കാരോട് ഹോസ്‌റ്റൽ ഒഴിയാനും നേപ്പാളിലേക്ക് തിരിച്ചു പോകാനും ആവശ്യപ്പെട്ടത്.
വിഷയത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലി പ്രതികരിച്ചിരുന്നു. എംബസി ഉദ്യോഗസ്‌ഥർ മുഖേന നേപ്പാൾ നയതന്ത്ര ഇടപെടൻ ആരംഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്നാണ് നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നു പുറത്താക്കിയ നടപടിയിൽ അഞ്ചുപേരെ അറസ്‌റ്റു ചെയ്‌തത്. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു ആദ്വിക് ശ്രീവാസ്‌തവയെന്ന വിദ്യാർഥിയെ പൊലീസ് നേരത്തെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഒഡീഷ സർക്കാർ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
ഹോസ്റ്റലിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് ‘സർവ്വകലാശാല 40,000 വിദ്യാർത്ഥികൾക്ക് സൌജന്യ ഭക്ഷണം നൽകുന്നുണ്ടെന്ന്’ സർവ്വകലാശാല പ്രൊഫസറായ മഞ്ജുഷ പാണ്ഡെ പറയുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന മറ്റൊരു അധ്യാപികയായ ജയന്തി നാഥ് ആ തുക നേപ്പാളിൻറെ ദേശീയ ബജറ്റിനോളം പോന്നതാണെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ ഇരുവരെയും സസ്പെൻഡ് ചെയ്യുകയും സർവ്വകലാശാല മാപ്പു പറയുകയും ചെയ്തിരുന്നു.
ആരാണ് പ്രകൃതി ലംസാൾ
നേപ്പാളിൽ നിന്നും ഉന്നത വിദ്യാഭ്യാസം തേടി ഇന്ത്യയിലെത്തിയ 20 വയസുകാരിയായിരുന്നു പ്രകൃതി ലംസാൾ. ഭുവനേശ്വറിലെ കെ ഐ ഐ ടിയിൽ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്ന പ്രകൃതി പൊതുവെ അന്തർമുഖയായിരുന്നതായി അവളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നു.
തന്റെ മാതാപിതാക്കളുടെ അഭിമാനമാകാൻ അവൾ ഐടി മേഖലയിൽ ഒരു വലിയ ഭാവി സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നങ്ങളാണ് പാതി വഴിയിൽ അവസാനിച്ചത്.
കോളേജ് ഫെസ്റ്റ് കഴിഞ്ഞ് റൂമിലെത്തിയ ശേഷം ഉടൻ തന്നെ അമ്മയെ വിളിച്ചോളാമെന്ന് അവൾ അച്ഛനോട് പറഞ്ഞിരുന്നു. എന്നാൽ തിരിച്ച് മുറിയിലെത്തിയ പ്രകൃതി അവിടെ വച്ച് തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
content summary; Will Prakriti Lamsal’s suicide cause a rift in India-Nepal relations?
This post was last modified on February 20, 2025 3:31 pm
Leave a Comment