December 13, 2024 |

സിൽവർ ലൈൻ ഇത്തവണയെങ്കിലു൦ ട്രാക്കിലേറുമോ?

ഭാവി കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് സര്‍ക്കാര്‍ പറയുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍

ഭാവി കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് സര്‍ക്കാര്‍ പറയുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍. ഒരിടവേളയ്ക്ക് ശേഷം കേരളത്തിന്റെ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷാവസ്ഥയ്ക്കുമൊടുവില്‍ സര്‍ക്കാര്‍ കൈവിട്ട പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പരാമര്‍ശത്തിലൂടെ പുതുജീവന്‍ വന്നിരിക്കുകയാണ്. Will the silver line be tracked this time?

കഴിഞ്ഞദിവസം തൃശൂരില്‍ റെയില്‍വേ സ്റ്റേഷന്‍ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കവേ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞത്. ഒക്‌ടോബര്‍ 16 ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. റെയില്‍വേ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും സില്‍വര്‍ ലൈന്‍ ചര്‍ച്ചാവിഷയമായതായാണ് സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡിന്റെ അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

എന്നാല്‍ നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കേന്ദ്രം നിശ്ചയിക്കുന്ന പുതിയ നിര്‍ദേശം മുന്നോട്ടുവയ്‌ക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന് വലിയ വെല്ലുവിളി തന്നെയാകും. അതുകൊണ്ടുതന്നെ സില്‍വര്‍ ലൈന്‍ പദ്ധതി എളുപ്പത്തില്‍ നടത്താവുന്ന കാര്യവുമല്ല. മുമ്പ് പദ്ധതിക്കായി സ്ഥാപിച്ച കുറ്റികള്‍ വരെ പ്രതിഷേധക്കാര്‍ നീക്കം ചെയ്തിരുന്നു. ഒരുകാരണവശാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍.

എന്നാല്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പ്രസ്താവനയോടെ വീണ്ടും സമരപരിപാടികളുമായി സജീവമാകാനാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ തീരുമാനം. കഴിഞ്ഞ തവണ രാത്രിയിലും മറ്റുമായി ബലപ്രയോഗത്തില്‍ വീടുകളില്‍ കടന്നുകയറി കല്ലിടല്‍ പരിപാടിയുമായി മുന്നോട്ടുപോയ സര്‍ക്കാരിന് ഇത്തവണ ജനത്തെ കൂടെ നിര്‍ത്താന്‍ കഴിയുമോ എന്നത് കീറാമുട്ടിയായ കാര്യം തന്നെയാണ്.

പല വികസന പദ്ധതികള്‍ക്കായും കിടപ്പാടം ഉപേക്ഷിച്ച് തെരുവിലേക്ക് പോയവരുടെ പുനഃരധിവാസം ഇന്നും അനിശ്ചിതത്വത്തില്‍ തുടരവേ ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയല്ല, സമവായമാണ് വേണ്ടത്. നാടിന്റെ വികസനം അനിവാര്യമാണ്. എന്നാല്‍ ആളുകളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി അവര്‍ക്ക് പുതിയ താമസസ്ഥലവും തൊഴിലിടവും ഒരുക്കിക്കൊടുക്കേണ്ടത് അതത് സര്‍ക്കാരിന്റെ ചുമതല തന്നെയാണ്. അതല്ലാതെ ഉള്ളതെല്ലാം ഉപേക്ഷിച്ച് ഒരു ജനതയെ കുടിയിറക്കുകയല്ല വേണ്ടത്. അതല്ല കേരളത്തിന്റെ വികസനമാതൃകയാകേണ്ടത്.

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ പാതയും തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായുമാണ് കെ റെയില്‍ നിര്‍മിക്കാനായി നേരത്തെ പദ്ധതിയിട്ടിരുന്നത്. അടിക്കടിയുണ്ടാകുന്ന പ്രളയവും ഉരുള്‍പ്പൊട്ടലും കേരളത്തിന്റെ പരിസ്ഥിതിയെ ഇതിനോടകം താറുമാറാക്കിക്കഴിഞ്ഞു. ഇതോടൊപ്പം കെ റെയില്‍ എന്ന ബൃഹത്പദ്ധതികൂടി വരുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമാണെന്നാണ് പാരിസ്ഥിതിക വിദഗ്ധരുടെ അഭിപ്രായം. ഇതിനെല്ലാം പുറമെയാണ് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്കകളും.

കേരളം വിശദമായ പദ്ധതിരേഖ (ഡിപിആര്‍) സമര്‍പ്പിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും റെയില്‍വേ ബോര്‍ഡോ കേന്ദ്ര സര്‍ക്കാരോ അന്തിമാനുമതി ഇതുവരെ നല്‍കിയിട്ടില്ല. എന്നിരുന്നാലും പുതിയ നിബന്ധനകള്‍ അടങ്ങിയ കത്ത് റെയില്‍വേ ബോര്‍ഡ് താമസിയാതെ ദക്ഷിണ റെയില്‍വേയ്ക്കും കേരളത്തിനും കൈമാറിയാല്‍ കെ റെയില്‍ പദ്ധതി പുതിയ ട്രാക്കിലേക്ക് കടക്കും.

2020 ജൂണ്‍ 20-ന് കെ-റെയില്‍ വിശദപദ്ധതിരേഖ സമര്‍പ്പിച്ചിരുന്നു. ഇതില്‍ സാമ്പത്തികമായും സാങ്കേതികമായും പദ്ധതി നടപ്പാക്കാന്‍ പ്രയാസമുള്ളതാണെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ റെയില്‍വേ ആസൂത്രണം ചെയ്തിട്ടുള്ള മൂന്നും നാലും പാതകള്‍ക്ക് ഭൂമി മാറ്റിയശേഷം സില്‍വര്‍ ലൈനിന് ഭൂമി നല്‍കുന്നത് പരിഗണിക്കും. നിലവിലുള്ള റെയില്‍പാതയുടെ ഒരുവശത്ത് മാത്രമായി സില്‍വര്‍ ലൈന്‍ ട്രാക്കുകള്‍ വരുന്ന തരത്തില്‍ അലൈന്‍മെന്റ് ക്രമീകരിക്കണം. സില്‍വര്‍ ലൈന്‍ ട്രാക്കില്‍ വന്ദേഭാരത് ട്രെയിനുകളും ഗുഡ്‌സ് ട്രെയിനുകളും ഓടിക്കാനുള്ള അനുമതിയും വേണം. നിലവിലുള്ള പാതയുമായി സില്‍വര്‍ ലൈനിന് നിശ്ചിത കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഇന്റര്‍ചേഞ്ച് സൗകര്യം ഉണ്ടായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാകും റെയില്‍വേയുടെ പുതിയ നിബന്ധന.

എന്നാല്‍ പുതിയ നിബന്ധനകളിലെ കാര്യങ്ങള്‍ നിലവിലുള്ള ഘടനയെ ബാധിക്കുമെന്നതിനാല്‍ കേരളം ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നത് പ്രധാനമാണ്. സില്‍വര്‍ലൈന്‍ ട്രാക്കുകള്‍ സ്റ്റാന്‍ഡേഡ് ഗേജില്‍നിന്ന് ബ്രോഡ്‌ഗേജായി പരിഷ്‌കരിക്കുമ്പോള്‍ ചെലവ് കൂടും. നിലവിലുള്ള ട്രാക്കില്‍നിന്ന് 7.8 മീറ്റര്‍ അകലം പാലിച്ചാണ് സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് നിശ്ചയിച്ചത്. പ്രധാനപ്പെട്ട പാലങ്ങള്‍ വരുന്നിടങ്ങളിലും നിലവിലുള്ള പാതയില്‍നിന്ന് കൃത്യമായ അകലം പാലിച്ചിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം പുതുക്കിയ ഡിപിആര്‍ സമര്‍പ്പിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി മെട്രൊമാന്‍ ഇ. ശ്രീധരന്‍ നിര്‍ദേശിച്ചത് അതിവേഗ പാതകളെ കുറിച്ചായിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 400 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കപാതയും ആകാശപാതയും ചേര്‍ന്ന അതിവേഗ പാതയാണ് മെട്രോമാന്റെ നിര്‍ദേശം. ആദ്യം സെമി ഹൈസ്പീഡ് പാതയും പിന്നീട് ഹൈ സ്പീഡാക്കി മാറ്റുകയുമാണ് ലക്ഷ്യം. നിലവിലുള്ള റെയില്‍ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ബ്രോഡ്‌ഗേജ് പാതയ്ക്ക് ഒരിഞ്ച് ഭൂമി പുതിയതായി വാങ്ങുകയോ ആരെയും കുടിയൊഴിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നതാണ് മേന്മ. അതിവേഗയാത്ര കാലത്തിന്റെ ആവശ്യമായതിനാല്‍ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള മാര്‍ഗമാണ് പൊതുജനങ്ങളിലധികവും ആഗ്രഹിക്കുന്നത്. അതിനായുള്ള വിശദമായ ചര്‍ച്ചകളും പഠനങ്ങളും ഈ ഘട്ടത്തില്‍ അനിവാര്യമാണ്.

60,000 കോടി രൂപയ്ക്ക് മുകളിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഈ ചെലവ് താങ്ങാന്‍ പറ്റുമോയെന്ന ചോദ്യവും പ്രസക്തമാണ്. പദ്ധതിക്കാവശ്യമാകുന്ന തുക സംബന്ധിച്ച് ഉയരുന്ന ഇത്തരം സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവിലെ സാമ്പത്തികസ്ഥിതി അനുസരിച്ച് സ്വന്തം നിലയ്ക്ക് പണം കണ്ടെത്തുക എന്നതും കേരളത്തെ സംബന്ധിച്ച് ഏറെ പ്രയാസമാണ്. Will the silver line be tracked this time?

content summary; Will the silver line be tracked this time?

×