അന്ധവിശ്വാസങ്ങളുടെ മറവിൽ കേരളത്തിൽ നടക്കുന്ന ദുർമന്ത്രവാദ കേസുകൾ സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഉയർന്ന സാക്ഷരതയും സാമൂഹിക പുരോഗതിയും അവകാശപ്പെടുന്ന പുരോഗമന കേരളത്തിൽ, ഇരുട്ടിൻ്റെ മറവിൽ അറിവും യുക്തിയും അടിയറവ് വെച്ച് നരബലികൾ പോലും അരങ്ങേറുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഇത് വെറും സംഭവങ്ങളല്ല, മറിച്ച് നമ്മുടെ സാമൂഹികബോധത്തിന് ഏറ്റ ആഴത്തിലുള്ള മുറിവുകളാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ 38 ദുർമന്ത്രവാദ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. വിശദാംശങ്ങളടക്കം അറിയിക്കാനായി സമയവും തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ ആഗസ്റ്റ് 19-ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ബെഞ്ച് വീണ്ടും പരിഗണിക്കും.
ദുർമന്ത്രവാദം, ആഭിചാരക്രിയകൾ, മരണം തുടങ്ങിയ മനുഷ്യത്വരഹിതമായ പ്രവൃത്തികളെക്കുറിച്ചുള്ള കേസുകളാണ് ഇതിൽ ഉൾപ്പെടുന്നത്. കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് സർക്കാർ ഈ കണക്കുകൾ കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം മാത്രമാണ് ഇത്. പല കേസുകളും പുറത്തറിയാതെ പോകുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകൾ, ലൈംഗിക ചൂഷണങ്ങൾ, ശാരീരിക പീഡനങ്ങൾ എന്നിവയുടെ രൂപത്തിൽ ദുർമന്ത്രവാദം നടക്കുന്നുണ്ടെങ്കിലും പലപ്പോഴും ഇരകൾ ഭയം കാരണം പരാതി നൽകാൻ മടിക്കുന്നു.
ഇത്തരം കേസുകളിൽ കോടതിയുടെ നിരീക്ഷണങ്ങളും ഇടപെടലുകളും ശ്രദ്ധേയമാണ്. അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ചോദ്യം ചെയ്ത് കേരള ഹൈക്കോടതി പലപ്പോഴും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ആഭിചാര നിരോധന നിയമനിർമാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ തന്നെ അന്ധവിശ്വാസങ്ങളും ദുരാചാര പ്രക്രിയകളും അംഗീകരിച്ചു നൽകുകയാണോ എന്ന് ഹൈക്കോടതി പലതവണ ആരാഞ്ഞിരുന്നു.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ചില ദുർമന്ത്രവാദ കേസുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊന്നായിരുന്നു വലിയ കോളിളക്കം സൃഷ്ടിച്ച 2022 ൽ പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന ഈ ഇരട്ട നരബലി കേസ്. സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി ദുർമന്ത്രവാദത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് കേസ്. മുഖ്യപ്രതികളായ ഭഗവൽ സിംഗ്, ലൈല, ഏജന്റ് ഷാഫി എന്നിവർ ചേർന്ന് ആഭിചാരക്രിയയുടെ ഭാഗമായി സ്ത്രീകളെ കൊലപ്പെടുത്തി കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
ഇത് ദുർമന്ത്രവാദത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഭീകരത സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി. 2024 ൽ കോട്ടയം ജില്ലയിൽ ഒരു ദമ്പതികളും സുഹൃത്തും ദുർമന്ത്രവാദത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്തതായി സംശയിക്കപ്പെടുന്ന കേസും ചർച്ചയായിരുന്നു. ശരീരത്തിൽ മുറിപ്പാടുകളോടെയാണ് ഇവരെ കണ്ടെത്തിയത്.
ബാഹ്യശക്തികളുടെ സ്വാധീനം മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരം കേസുകൾ ദുർമന്ത്രവാദം ആളുകളുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഉദാഹരണമാണ്. ഒരു വീട്ടിലെ മോഷണത്തിന് ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് കോട്ടയത്ത് തന്നെ മറ്റൊരു കേസും റിപ്പോർട്ട് ചെയ്തിരുന്നു.
മോഷണത്തിന് ഇരയായ കുടുംബം ദുർമന്ത്രവാദിയെ സമീപിക്കുകയും ഇയാൾ വീട്ടിൽ ആഭിചാരക്രിയകൾ നടത്തുകയും ചെയ്തു. തട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ദുർമന്ത്രവാദം എങ്ങനെ മറയായി ഉപയോഗിക്കപ്പെടുന്നു എന്നതിൻ്റെ ഉദാഹരണമാണിത്.
ദുർമന്ത്രവാദത്തിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച നിരവധി സംഭവങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗശാന്തി, കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ആളുകളെ ചൂഷണം ചെയ്യുന്ന ഇത്തരം കേസുകൾ പലപ്പോഴും പുറത്തറിയാതെ പോകുന്നു. പക്ഷെ അപ്പോഴും ദുർമന്ത്രവാദത്തെ നേരിടാൻ നിലവിൽ കേരളത്തിൽ പ്രത്യേക നിയമമില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ചാണ് ഇത്തരം കേസുകളിൽ നിലവിൽ കേസെടുക്കുന്നതെന്ന് അധികൃതർ വ്യക്തമാകുന്നു.
കൊലപാതകം, തട്ടിപ്പ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഐ.പി.സി. പ്രകാരം കേസെടുക്കാൻ സാധിക്കുമെങ്കിലും, ദുർമന്ത്രവാദമെന്ന കുറ്റകൃത്യത്തെ നേരിട്ട് നിർവചിക്കുന്ന ഒരു നിയമം ഇല്ല. ശാസ്ത്രീയമായ തെളിവുകളുടെ അഭാവം പലപ്പോഴും കോടതിയിൽ കേസ് നിലനിൽക്കുന്നതിന് തടസ്സമാകുന്നു. ഇരകളായ ആളുകൾ ഭയം കാരണം മൊഴി നൽകാൻ തയ്യാറാകാത്ത സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.
ഇലന്തൂർ നരബലിയെത്തുടർന്ന് ദുർമന്ത്രവാദം നിരോധിക്കുന്ന ഒരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിച്ചിരുന്നു.
2014ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് സംസ്ഥാനത്ത് ആദ്യമായി അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം വേണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍ എത്തിയത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവരുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രന് ബില്ലിന്റെ കരട് തയാറാക്കി (‘അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ ബില്‍- 2014) സമര്‍പ്പിക്കുകയും ചെയ്തു.
ഈ ബില്ല് പ്രകാരം അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതായിരുന്നു. നിയമം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ പ്രഖ്യാപിച്ചതല്ലാതെ മറ്റൊന്നും അതിന്മേല് നടന്നതുമില്ല.
2018ല്‍ എം.എല്‍.എയായിരുന്ന പി.ടി. തോമസ്, ആള്‍ദൈവങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിക്കുന്ന അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവന്നു. ദുര്‍മന്ത്രവാദവും ആഭിചാരവും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുക ഉള്‍പ്പെടെയായിരുന്നു ബില്ലിലെ നിര്‍ദേശങ്ങള്‍. എന്നാല്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ പി.ടി. തോമസിന്റെ ബില്ലും വെളിച്ചം കണ്ടില്ല.
2019ല്‍ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കാര കമീഷനും ഒരു കരട് ബില്ല് തയാറാക്കിയിരുന്നു. ‘ദ കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യുമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്റ് ബ്ലാക് മാജിക് ബില്‍- 2019’ എന്ന കരട് ബില്ലായിരുന്നു അത്. മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയല്‍, മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ശിക്ഷാര്‍ഹമാക്കുന്നതായിരുന്നു ഈ ബില്‍. എന്നാല്‍, ഈ കരടില്‍ പറഞ്ഞിരിക്കുന്ന ആചാരങ്ങള്‍ സംബന്ധിച്ച് മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഇടതുപക്ഷ സര്‍ക്കാരും പിന്‍വലിഞ്ഞു.
കേരളം പോലുള്ള ഒരു സമൂഹത്തിൽ അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദവും വർധിക്കുന്നത് വിദ്യാഭ്യാസത്തിന്റെ പരാജയമാണെന്ന് പല സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു. ആധുനിക ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് രക്ഷ നേടാൻ എളുപ്പവഴികൾ തേടുന്ന ആളുകളാണ് പലപ്പോഴും ദുർമന്ത്രവാദികളുടെ കെണിയിൽ വീഴുന്നത്. സമൂഹത്തിൽ ശാസ്ത്രീയ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ കേസുകൾ ഓർമ്മിപ്പിക്കുന്നത്.
അവസാനമായി 2021 ലാണ് നിയമസഭയില്‍ അന്ധവിശ്വാസ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് ‘കേരള അന്ധവിശ്വാസ- അനാചാര നിര്‍മാര്‍ജന ബില്‍-2021’ അവതരിപ്പിച്ചു. മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവയെ നിര്‍വചിക്കുന്നതും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏതിനെയൊക്കെ ഉള്‍പ്പെടുത്തണമെന്നും സൂചിപ്പിക്കുന്ന ബില്ലായിരുന്നു അത്. എന്നാല്‍ ആ ബില്ലും ചുവപ്പുനാടയില്‍ കുരുങ്ങി. അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും വേർതിരിച്ച് കാണുന്നതിനുള്ള ബുദ്ധിമുട്ടും നിയമനിർമ്മാണത്തിന് വെല്ലുവിളിയാണ്.
മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ദുർമന്ത്രവാദം നിരോധിക്കാൻ നിയമങ്ങളുണ്ട്. കേരളവും സമാനമായ ഒരു നിയമം എത്രയും പെട്ടെന്ന് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നു. ദുർമന്ത്രവാദത്തിലൂടെ നടക്കുന്ന കൊലപാതകങ്ങൾ, തട്ടിപ്പുകൾ, പീഡനങ്ങൾ എന്നിവ തടയാൻ കർശനമായ നിയമം അനിവാര്യമാണ്.
content summary: Kerala Government Afraid to Pass an Anti-Superstition Law
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.