February 01, 2026 |

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് പുറത്തിറങ്ങുന്നത് കൊണ്ടല്ല, രാജ്യത്തെ നിയമ സംവിധാനം അപര്യാപ്തം; കെആര്‍ മീര

പുരുഷന്മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് ചര്‍ച്ചയാകാത്തത്?

പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ, പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങരുതെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ രാത്രി പുറത്തിറങ്ങുന്ന സംസ്‌കാരം കോളേജുകള്‍ നിയന്ത്രിക്കണമെന്നും പെണ്‍കുട്ടികള്‍ സ്വയം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരി കെആര്‍ മീര അഴിമുഖത്തോട് പ്രതികരിക്കുന്നു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം നിയമപാലന സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയാണ്. നിലവിലെ നിയമപാലകര്‍ക്ക് തങ്ങളുടെ ചുമതലകളെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഈ പശ്ചാത്തലത്തില്‍, ബംഗാളിലെ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിക്ക് നേരെ നടന്ന ആക്രമണം പോലീസിന്റെ ഗുരുതരമായ വീഴ്ചയെയാണ് എടുത്ത് കാണിക്കുന്നത്.

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് അവര്‍ പുറത്തിറങ്ങുന്നത് കൊണ്ടല്ല, മറിച്ച് അക്രമങ്ങള്‍ തടയാന്‍ കെല്‍പ്പുള്ള നിയമപാലന സംവിധാനം രാജ്യത്ത് അപര്യാപ്തമായതിനാലാണ്.

ഞാന്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന കാലമായിരുന്നു അത്. എട്ട് മണിക്കേ ഉറങ്ങാന്‍ പോകുന്ന പട്ടണമായിരുന്നു അന്ന് കോട്ടയം. ഒരു ദിവസം ഡ്യൂഡി കഴിഞ്ഞപ്പോള്‍ ഒമ്പതര മണി. റോഡ് വിജനമായിരുന്നു. ഓഫീസില്‍ നിന്നും വീട്ടിലേക്ക് എത്താന്‍ രണ്ട് മിനിറ്റ് പോലും ഇല്ല. വീട്ടിലേക്കുള്ള വളവിലേക്ക് തിരിയുന്നതിന് മുമ്പേ ഒരു ആഡംബര കാര്‍ എന്റെ ഇടതുവശം ചേര്‍ത്തു നിര്‍ത്തി.

വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി അശ്ലീല ചുവയോടെ അവര്‍ സംസാരിച്ച് തുടങ്ങിയതോടെ എന്നിലെ രോഷവും ഉയര്‍ന്നു പൊന്തി. ആ വെപ്രാളത്തിനിടയിലും വണ്ടി നമ്പര്‍ നോക്കാന്‍ മുന്നോട്ട് നീങ്ങിയ എന്നെ തട്ടി തട്ടിയില്ലെന്ന മട്ടില്‍ അവര്‍ മുന്നോട്ട് പാഞ്ഞു. മിന്നായം പോലെ കണ്ട നമ്പര്‍ വിറയ്ക്കുന്ന കൈകളാല്‍ കുറിച്ചെടുത്തു.

വീട്ടിലെത്തി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചു. അങ്ങനെ കോട്ടയം എസ്പിയുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു.

ഫോണ്‍ ഡയല്‍ ചെയ്തത് മുതല്‍ അസമയത്ത് എന്തിന് ഒറ്റയ്ക്ക് പുറത്ത് പോയി എന്ന ചോദ്യമായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ റോഡില്‍ വെളിച്ചമുണ്ടായിരുന്നു… ഒമ്പതരയേ ആയിരുന്നുള്ളൂ എന്നൊക്കെ പറയാന്‍ ശ്രമിച്ചു. എന്നാല്‍ ഹിന്ദിച്ചുവയുള്ള ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ഒമ്പതരയല്ല, രാത്രി പന്ത്രണ്ടരയോ രണ്ട് മണിയോ ആണെങ്കിലും നിങ്ങള്‍ക്ക് തനിയെ നടന്ന് പോകാനുള്ള എല്ലാ റൈറ്റും ഉണ്ടെന്നായിരുന്നു.

ആ നിമിഷം എന്റെ കണ്ണുകള്‍ സന്തോഷത്താലും കൃതജ്ഞതയാലും നിറഞ്ഞൊഴുകി. പൗരന്‍ എന്ന നിലയില്‍ അത്രയും ഡിഗ്നിറ്റി അതിന് മുമ്പോ പിമ്പോ എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് പറഞ്ഞ ഹിന്ദിച്ചുവയുള്ള അന്നത്തെ ആ കോട്ടയം എസ്പി മറ്റാരുമല്ല ഋഷിരാജ് സിങ്ങായിരുന്നു. അദ്ദേഹത്തെ പോലെ കര്‍മ നിരതരായ നിയമപാലകരാണ് രാജ്യത്തിന് ആവശ്യം.

ഒരു വനിതാ ഭരണാധികാരി എന്ന നിലയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം ആധുനിക ഭരണനേതൃത്വത്തിന് ഒട്ടും ചേര്‍ന്നതല്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഒരു വ്യക്തിയുടെ തീരുമാനം അവരുടെ പൗരാവകാശമാണ്. കുടുംബത്തിനോ സമൂഹത്തിനോ ചിലപ്പോള്‍ അതില്‍ ആശങ്കകളുണ്ടാകാം.
എന്നിരുന്നാലും പൗരനെന്ന നിലയില്‍ ഒരു വ്യക്തി ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ ആക്രമിക്കപ്പെടുക എന്നത് നിയമപാലന സംവിധാനത്തിന്റെ വലിയ പരാജയമാണ്.

സ്ത്രീകള്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നത് കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്ന വാദം നിര്‍ഭാഗ്യകരമാണ്. എന്നാല്‍, രാത്രിയില്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പുരുഷന്മാരുടെ കാര്യത്തില്‍ ആരും ഇത്തരമൊരു കാരണം പറയാറില്ല. രാത്രി സമയം പ്രശ്‌നമായിരുന്നെങ്കില്‍, എന്തുകൊണ്ടാണ് പുരുഷന്മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് ചര്‍ച്ചയാകാത്തത്?

നിലവിലെ സാഹചര്യത്തില്‍ ആക്രമിക്കപ്പെടുന്നത് സ്ത്രീകളുടെയോ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെയോ പ്രശ്‌നം കൊണ്ടല്ല. ശക്തമായ പോലീസ് സംവിധാനത്തിന്റെ കുറവും സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെയും സ്വാതന്ത്രത്തെ പറ്റി ബോധ്യമുള്ള ഭരണാധികാരികള്‍ രാജ്യത്ത് ഭരിക്കാത്തതിന്റെ അഭാവവുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് പറയേണ്ടി വരും.

Content Summary: Women’s attacks are due to failures in the system; K. R. Meera

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×