ലോകത്തിലെ ഏറ്റവും വലിയ സമുദ്രവും, ഏറ്റവും വലിയ പര്‍വ്വതവും കീഴടക്കുന്ന പക്ഷിലോകത്തിലെ രണ്ട് അത്ഭുതങ്ങളെക്കുറിച്ചാകട്ടെ ഇപ്രാവശ്യം. കുറിവാലന്‍ ഗോഡ്വിറ്റ്, കുറിത്തലയന്‍ വാത്ത എന്നിവരാണിവര്‍. രണ്ടു കൂട്ടര്‍ക്കുമുണ്ടു കുറികള്‍. ഒരാള്‍ക്കു വാലിലും, മറ്റേയാള്‍ക്കു തലയിലും. ഇവരുടെ കഥ കേട്ടാല്‍ സഹനശേഷിയില്‍ ഇതിലും മുന്നില്‍ നില്ക്കുന്ന ജീവികള്‍ വേറെയുണ്ടോ എന്നാരും സംശയിച്ചുപോകും. ഓരോന്നിനെക്കുറിച്ചും വിശദമായി പറയാം.
സെകൊലൊപാസിഡെ കുടുംബാംഗവും, ബലിമോസ ലാപ്പൊനിക്കബ എന്ന ശാസ്ത്രീയനാമവുമുള്ള തീരപ്പക്ഷിയാണ് കുറിവാലന്‍ ഗോഡ്വിറ്റ്. ലിമോസ എന്നാല്‍ ചെളിയില്‍ കുഴഞ്ഞത് എന്നര്‍ത്ഥം. പക്ഷിയുടെ നിറത്തേയോ അതു കഴിയുന്ന തണ്ണീര്‍മേഖലയേയോ ഉദ്ദേശിച്ചാവണം ആ പേര്. ലാപ്പൊനിക്ക മഞ്ഞുറഞ്ഞ ലാപ്പ്‌ലാന്റിനെ സൂചിപ്പിക്കുന്നു. ഈ പക്ഷികളുടെ കൂട്ടത്തില്‍ ബലിമോസ ലാപ്പൊനിക്ക ബൗവേരിബ എന്ന സബ്‌സ്പീഷീസ് ആണ് ജന്തുലോകത്തിലെ ഏറ്റവും അസാധാരണമായ ദേശാടനം നടത്തുന്ന കൂട്ടര്‍. പടിഞ്ഞാറന്‍ അലാസ്‌കയിലെ തണുത്തുറഞ്ഞ തുന്ദ്ര പ്രദേശത്തു നിന്ന് ഒരിടത്തും നിര്‍ത്താതെ പസിഫിക് സമുദ്രം മുറിച്ചു കടക്കുന്ന അസാമാന്യര്‍. എത്ര ശക്തമായ വിമാനങ്ങള്‍ ഉണ്ടെങ്കിലും മനുഷ്യന്‍ പോലും അത്തരം സാഹസങ്ങള്‍ അധികം കാണിക്കാറില്ല. അവ വടക്കോട്ടു വളഞ്ഞ് കരയുടെ ഓരം ചേര്‍ത്തേ മിക്കവാറും പറക്കാറുള്ളൂ. എന്നാല്‍ ഓരോ ശരത്കാലത്തും അലാസ്‌കയിലെ ആവാസഭൂമിയില്‍ നിന്ന് ഈ ഗോഡ്വിറ്റുകള്‍ കുതിച്ചുയരും. ശാന്തസമുദ്രത്തിനു കുറുകെ നേരെ തെക്കോട്ട്.

പക്ഷെ, അതിനു മുമ്പേ അവര്‍ക്കു ചില തയ്യാറെടുപ്പുകളൊക്കെയുണ്ട്. ഫലഭൂയിഷ്ഠവും, പോഷകസമൃദ്ധവുമായ യുക്കോണ്‍-കുസ്‌ക്വോക്വിം നദീമുഖത്താണ് ആ ഒരുക്കങ്ങള്‍. ശേഷം തുറന്ന മഹാസാഗരത്തിനു മീതെ, ഒരൊറ്റയിടത്തു നിര്‍ത്തുക പോലും ചെയ്യാതെ, തെക്കോട്ടു പറന്ന്, അവ ന്യൂസിലാന്റിലോ കിഴക്കന്‍ ഓസ്‌ട്രേലിയന്‍ തീരത്തോ വന്നിറങ്ങുന്നു. മൊത്തം പതിനോരായിരത്തില്‍പ്പരം കിലോമീറ്ററുകള്‍.
തീര്‍ത്തും വിശ്വസിക്കാനാവാത്ത ഇക്കാര്യം വെറുതെ പറയുന്നതല്ല. ശാസ്ത്രജ്ഞന്മാര്‍ ട്രാക്കറുകളും, ജീപിഎസ് ലൊക്കേറ്ററുകളും ഘടിപ്പിച്ചു വിട്ട ചില പക്ഷികളുടെ യാത്രാഗതി നിരീക്ഷിച്ചശേഷമാണ് ഇതു യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ട് എന്നുറപ്പിച്ചത്. 2007-ല്‍ ഇ7 എന്നു പേരിട്ട ഒരു പെണ്‍പക്ഷി എട്ടു ദിവസം കൊണ്ട് എവിടെയും നിര്‍ത്താതെ 11680 കിലോമീറ്റര്‍ പറന്നു. അതായത് ദിവസം 1460 കിലോമീറ്റര്‍! അക്കാര്യം തെളിവുസഹിതം രേഖപ്പെടുത്തുമ്പോള്‍ നമുക്കു അമ്പരന്നു നില്ക്കാനേ സാധിക്കൂ. തീര്‍ന്നില്ല, 2020-ല്‍ ആ6 എന്നു പേരിട്ട ഒരു പയ്യന്‍ ഗോഡ്വിറ്റ് അലാസ്‌കയില്‍ നിന്നു ടാസ്‌മേനിയയിലേക്കുള്ള 13560 കിലോമീറ്റര്‍ ദൂരം പതിനൊന്നു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ദിവസത്തില്‍ 1232.7 കിലോമീറ്റര്‍. ഒന്നുകൂടി പറയട്ടെ, ഈ പയ്യന്‍ പക്ഷിക്കു പ്രായം വെറും നാലോ അഞ്ചോ മാസം മാത്രവും. ഇതിലും വലിയ ലോകമഹാത്ഭുതമൊന്നും ഇനി കേള്‍ക്കേണ്ടതില്ല എന്നു നിശ്ചയമായും ആര്‍ക്കും തോന്നുന്ന സന്ദര്‍ഭം. നിര്‍ത്താതെയുള്ള ജന്തുപലായനങ്ങളില്‍ ഇന്നിതു ലോകറെക്കോര്‍ഡാണ്. മണിക്കൂറില്‍ അമ്പതോ, അറുപതോ കിലോമീറ്ററുകളാണ് ഈ പക്ഷികള്‍ ദിവസവും സഞ്ചരിക്കുന്നത്. അന്തരീക്ഷത്തിലെ കാറ്റിന്റെ സഹായത്തോടേയുള്ള ഈ ആകാശഗമനം പൊതുവെ എട്ടു മുതല്‍ പതിനൊന്നു ദിവസം വരെയാണ് നീണ്ടുനില്‍ക്കാറ്.
എങ്ങനെ ഇവരിതു സാധിക്കുന്നു എന്നല്ലേ. നമുക്കു നോക്കാം.
യാത്ര പുറപ്പെടുന്നതിന്നു മുമ്പുള്ള തയ്യാറെടുപ്പിലാണ് എല്ലാം. ആ സമയത്ത് തിരഞ്ഞെടുക്കുന്ന ഭക്ഷണവസ്തുക്കള്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവു വരുത്തും. ഗോഡ്വിറ്റുകളുടെ ശരീരഭാരം ഇക്കാലത്തു രണ്ടിരട്ടിയോ, അതിലധികമോ ആവാം. ദീര്‍ഘകാലത്തെ ഉപയോഗത്തിനുതകുന്ന കൊഴുപ്പുകളാണു ശരീരത്തില്‍ നിറയുക. അന്നേരം ശരീരത്തിന്റെ പകുതിയും കൊഴുപ്പായിരിക്കും. സത്യം പറഞ്ഞാല്‍, ഗോഡ്വിറ്റിന്റെ ശരീരം ഒരു അത്യോര്‍ജ്ജ ഇന്ധനശേഖരമായി മാറിയിട്ടുണ്ടാവും. ഇതേ സമയം ശരീരത്തിലെ മറ്റു അവയങ്ങള്‍, പ്രത്യേകിച്ചും ഈ യാത്രയില്‍ അധികം ആവശ്യമില്ലാത്ത, അന്നപഥം, വൃക്കകള്‍, എന്നിവയുടെ വലിപ്പവും ഭാരവും കുറയും. കൂടുതല്‍ പ്രവര്‍ത്തിക്കേണ്ട പറക്കല്‍ പേശികളുടേയും, ഹൃദയത്തിന്റേയും വലിപ്പം വര്‍ദ്ധിക്കുകയും ചെയ്യും. പറക്കുന്ന സമയത്ത് ഈ കൊഴുപ്പ് അത്യന്തം കാര്യക്ഷമമായാണ് ഊര്‍ജ്ജോദ്പാനത്തിന് ഉപയോഗിക്കുക. ചയാപചയപ്രവര്‍ത്തനങ്ങളാകട്ടെ, ജലവും പ്രോട്ടീനും അധികം ചിലവിടാതെ നിയന്ത്രിതമായി മാത്രവും.
ഈ ദീര്‍ഘദൂരയാത്രയില്‍ ഭൂമിയുടെ കാന്തികമണ്ഡലവും, സൂര്യനക്ഷത്രദിശകളും, ഘ്രാണ/ദൃശ്യ അടയാളങ്ങളും ഉപയോഗിച്ചായിരിക്കും ഗോഡ്വിറ്റുകള്‍ ദിശ നിര്‍ണ്ണയിക്കുന്നത്. മാത്രമല്ല, ഉറങ്ങുന്നതിനും ഒരു സൂത്രമുണ്ട്. തുന്നാരന്‍ പക്ഷിയിലൊക്കെ കാണുന്നതുപോലത്തെ അര്‍ദ്ധമസ്തിഷ്‌കനിദ്രയിലും ഇവര്‍ നിപുണരാണ്. അതായത്, പറന്നുകൊണ്ടിരിക്കുമ്പോള്‍ മസ്തിഷ്‌കത്തിന്റെ ഒരു വശം സുഷുപ്തിയില്‍ ആയിരിക്കുമെന്ന്. അതേസമയം മറുവശം ആകാശത്തുണര്‍ന്നു ജാഗരൂകമായി പറക്കലിനെ വഴിതെറ്റാതെ സൂക്ഷിക്കുകയും ചെയ്യുന്നു.
ഒരു കൊല്ലത്തെ ഇവരുടെ ജീവിതചക്രം പരിശോധിച്ചാല്‍ വിസ്മയം ഒരിക്കലും തീരുകയില്ല.
പക്ഷെ, ഇവയുടെ വടക്കോട്ടുള്ള തിരിച്ചുപറക്കല്‍ ഇത്രയും സാഹസികമല്ല. ചൈനയ്ക്കു തൊട്ടുള്ള മഞ്ഞക്കടലിന്റെ തീരംപറ്റി വളഞ്ഞാണവരുടെ മടക്കയാത്ര. ദൂരം കൂടുതലെങ്കിലും കരയില്‍ നിന്നധികം വീട്ടുനില്ക്കാതെ. വേണ്ടിവന്നാല്‍ കടല്‍ത്തീരത്ത് ഇറങ്ങുകയും ചെയ്തുകൊണ്ട്. എങ്കിലും തെക്കോട്ടുള്ള പറക്കലിനു ലോകത്തിലെവിടേയും സമാനതകളില്ല. അങ്ങോട്ടുമിങ്ങോട്ടും കണക്കാക്കിയാല്‍ വര്‍ഷത്തില്‍ 29000 കിലോമീറ്ററുകള്‍ വരെ ഗോഡ്വിറ്റുകള്‍ പറന്നുപിന്നിടുന്നു എന്നു കാണാം.

ഇന്ന് ചൈനാതീരത്തെ കനത്ത വ്യവസായവല്ക്കരണം ഗോഡ്വിറ്റുകളുടെ തിരിച്ചുപറക്കലിനെ കാര്യമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും കൂടിച്ചേരുമ്പോള്‍ ഈ സാഗരജേതാവിന്റെ ജീവിതത്തില്‍ ഉയരുന്ന വെല്ലുവിളികള്‍ക്കു കൈയും കണക്കുമില്ല. ഇന്നത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ഈ മഹാവിഹഗങ്ങളെ നമുക്കധികകാലം കാണാന്‍ പറ്റിയെന്നുവരില്ലത്രെ. അത്രയ്ക്കും കനത്ത ജീവിതദുര്‍ഘടങ്ങളാണ് ഇവര്‍ക്കു ചുറ്റും ഉയരുന്നത്.
അനന്തമാം സമുദ്രത്തിനുമീതെ കുറിവാലന്‍ ഗോഡ്വിറ്റുകളുടെ ശാന്തമായ ചിറകടിതാളം നമ്മെ ഓര്‍മ്മിപ്പിക്കുന്നതു തീര്‍ത്തും അസാധ്യമെന്നു തോന്നിപ്പിക്കുന്ന പ്രകൃതീവൈഭവത്തെയാണ്. സഹനശക്തി, അനുകൂലനം, സ്വന്തം സ്ഥലം തേടിയെത്താനുള്ള ആ പ്രാചീനമാം ത്വര എന്നിവയുടെ ഏറ്റവും മികച്ച തൂവല്‍ദൃഷ്ടാന്തം കൂടിയായി വേണം ഗോഡ്വിറ്റുകളെ കാണാന്‍.
ഇനി അടുത്ത വിസ്മയപ്പക്ഷിയിലേക്കു കടക്കാം. കുറിത്തലയന്‍ വാത്ത! ബഅന്‍സര്‍ ഇന്‍ഡിക്കസ്ബ എന്നു ശാസ്ത്രനാമം. പേരിലെ സൂചനപോലെ ഇന്ത്യയിലിവനെ ധാരാളമായി കാണാം. പ്രത്യേകിച്ചും തണുപ്പുകാലങ്ങളില്‍. ഒരു പക്ഷെ, ഭൂമിയിലെ ഏറ്റവും അദ്ധ്വാനം ആവശ്യമുള്ള മറ്റൊരു പക്ഷിപലായനം നടത്തുന്ന ദേശാടനക്കാരന്‍. ഈ വാത്ത ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താഴ്നിലങ്ങള്‍ക്കും, മധ്യേഷ്യന്‍ ശീതപീഠഭൂമികള്‍ക്കും ഇടയിലുള്ള ദൂരം വര്‍ഷത്തില്‍ രണ്ടു തവണ താണ്ടുന്നു. അങ്ങോട്ടുമിങ്ങോട്ടുമായി. അത്രയും ദൂരമൊക്കെ പിന്നിടുന്ന ഒരുപാടു ദേശാടനപ്പക്ഷികളുണ്ട്. അപ്പോള്‍ കുറിത്തലയന്‍ വാത്തയ്‌ക്കെന്താണിത്ര പ്രത്യേകത?
ആ യാത്രയ്ക്കിടയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമാലയപര്‍വ്വതം നീണ്ടുനിവര്‍ന്നുകിടക്കുന്നു എന്നതുതന്നെ. മിക്കവാറും പക്ഷികള്‍ ഹിമാലയത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഉയരം കുറഞ്ഞ പ്രദേശങ്ങളിലൂടെയോ ചുരങ്ങളിലൂടേയോ ആണു സഞ്ചരിക്കുക. അതാണ് എളുപ്പവും. പക്ഷെ, കുറിത്തലയന്‍ വാത്തയ്ക്കു അത്തരം എളുപ്പപ്പണികള്‍ ഒന്നുമില്ല. നേരെ കുത്തനെയങ്ങു പറന്നുകയറും. അവിടെയിനി എവറസ്റ്റ് കൊടുമുടിയാണു നില്ക്കുന്നതെങ്കില്‍പ്പോലും ആശാന്‍ കൂസില്ല.
ഉപഗ്രഹ ട്രാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചവരെ പിന്തുടര്‍ന്നപ്പോള്‍ മിക്കവാറും കുറിത്തലയന്‍ വാത്തകള്‍ ഏഴായിരം മീറ്ററിലും പൊക്കത്തിലാണ് പറക്കുന്നത് എന്നു മനസ്സിലായി. ഒരെണ്ണം 7290 മീറ്റര്‍ പറന്നതും നിരീക്ഷിച്ചു.
ലോറന്‍സ് സ്വാന്‍ എന്നൊരു പര്‍വ്വതാരോഹകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പില്‍ ഇങ്ങനെയെഴുതിയിട്ടുണ്ട്.
‘അതൊരു കൊടും തണുപ്പുള്ള ഏപ്രില്‍ മാസരാത്രിയായിരുന്നു. ഞാന്‍ വരുണ്‍ ഹിമാനിയുടെ സമീപത്തു നില്ക്കുകയാണ്. മകാലു കൊടുമുടിയ്ക്ക് തൊട്ടടുത്താണ് ഈ ഹിമാനി. (ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും പൊക്കമേറിയ കൊടുമുടിയാണ് മകാലു. സമുദ്രനിരപ്പില്‍ നിന്ന് 8463 മീറ്റര്‍ ഉയരത്തില്‍.) അപ്പോഴാണ് തെക്കുനിന്നൊരു മൂളല്‍ കേട്ടത്. ആ മൂളല്‍ പക്ഷിശബ്ദമാണെന്നറിഞ്ഞപ്പോള്‍ ഞാനൊന്നു നടുങ്ങി. ഇത്രയും ഉയരത്തിലോ? ഒടുവില്‍, അങ്ങകലെ നക്ഷത്രങ്ങളില്‍ നിന്നെന്നോണം ഒരു കുറിത്തലയന്‍ വാത്ത മകാലുവിന് മുകളിലൂടെ പറന്നകലുന്നതു ഞാന്‍ കണ്ടു. തീര്‍ത്തും സ്തബ്ധനായി നിന്ന നിമിഷം’. ഹിമാലയത്തിന്റെ അത്യുന്നതങ്ങളില്‍ ഈ കുറിത്തലയനെക്കാണുന്ന ആദ്യത്തെയാളല്ല ലോറന്‍സ്. പല പര്‍വ്വതാരോഹകരും ഹിമശൃംഗങ്ങള്‍ താണ്ടിടുന്ന കുറിത്തലയന്‍ വാത്തയെ കണ്ടിട്ടുണ്ടത്രെ. എന്തിനേറേ, ഒരിക്കല്‍ എവറസ്റ്റ് കൊടുമുടിക്ക് മീതേയും ഇവന്‍ പറക്കുന്നതു കണ്ടിട്ടുണ്ടെന്നു പറയുന്നവരുമുണ്ട്.

ഒന്നാലോചിച്ചു നോക്കൂ ആ പൊക്കത്തില്‍ എന്തായിരിക്കും പ്രാണവായുവിന്റെ അളവെന്ന്. ഓക്‌സിജന്റെ കടുത്ത അഭാവം ഉറപ്പായിട്ടും അനുഭവപ്പെടുന്ന ഇടങ്ങളാണത്. അത്രയും ഉയരത്തില്‍ ഓക്‌സിജന്റെ അളവ് സമുദ്രതീരത്തുള്ളതിന്റെ മൂന്നിലൊന്നിലും താഴെയായിരിക്കും. അവിടേയ്ക്കു ചെല്ലുമ്പോള്‍ പരിപൂര്‍ണ്ണ വിശ്രമാവസ്ഥയിലാണെങ്കില്‍പ്പോലും മനുഷ്യന്റെ ചയാപചയപ്രവര്‍ത്തനങ്ങള്‍ തകരാറിലായേക്കും. പോരാത്തതിന്, ആ ഉയരത്തില്‍ ചിറകടിച്ചു പറക്കണമെങ്കില്‍ സാധാരണ പറക്കലിനു വേണ്ടതിനേക്കാള്‍ പതിനഞ്ചിരട്ടി ഓക്‌സിജനും ആവശ്യമാണ്. മാത്രവുമല്ല, അന്തരീക്ഷത്തിനാകട്ടെ കൊടും തണുപ്പും. അത്തരമൊരവസ്ഥയില്‍ ശരീരത്തെ ചൂടാക്കി സംരക്ഷിച്ചു നിര്‍ത്താന്‍തന്നെ ഓക്‌സിജനും ഊര്‍ജ്ജവും വേറെ വേണ്ടിവരും. കൂടുതല്‍ ചിറകടിക്കേണ്ടി വന്നാല്‍ പിന്നെ പറയുകയും വേണ്ട. ദേഹോഷ്മാവ് നിലനിര്‍ത്താന്‍ പക്ഷികള്‍ക്കുപോലും കടുത്ത ബുദ്ധിമുട്ടായിരിക്കും ആ ഉത്തുംഗാകാശത്തില്‍. അത്രയും ഉയരത്തില്‍ വായുവിന്റെ സാന്ദ്രത നന്നേ കുറയുന്നതിനാല്‍ ഒന്നു കുതിക്കാന്‍ പോലും പ്രയാസമായിരിക്കും. എന്നിട്ടും ഈ സാഹസം എങ്ങനെ കുറിത്തലയന്‍ വാത്തകള്‍ സാധിച്ചെടുക്കുന്നു എന്നതിലാണ് അത്യപൂര്‍വമായ വിസ്മയഗാഥയുടെ സാംഗത്യം.
ഈ പക്ഷികള്‍ ഹിമാലയം കടക്കുന്നത് എവിടെയും നിര്‍ത്താതെയാണെന്നോര്‍ക്കണം. പലപ്പോഴും നേരെ കുത്തനെ മുകളിലേക്കു 2.2 കിലോമീറ്റര്‍ പൊക്കം ഒരൊറ്റ മണിക്കൂറില്‍ ഈ കുറിത്തലയന്‍ വാത്തകള്‍ പറന്നുപൊന്തിയെന്നും വരും. രാത്രിയില്‍ പകലിനേക്കാള്‍ ഹിമാലയവിഹായസ്സിലെ അന്തരീക്ഷവായുവിനു സാന്ദ്രതയും, ഓക്‌സിജന്‍ അംശവും കൂടുതലായതിനാല്‍ കുറിത്തലയന്‍ വാത്തകള്‍ ഹിമാലയം കടക്കുന്നത് പലപ്പോഴും രാത്രിയിലാണത്രെ. പിന്നെ, കാറ്റിനനുസരിച്ച് ചിറകടിക്കാതെ, ഊര്‍ജ്ജമുപയോഗിക്കാതെ, നീങ്ങാന്‍ ഇവര്‍ക്കു നല്ല മിടുക്കുമാണ്. താഴത്തെ നിമ്‌നോന്നതങ്ങള്‍ക്കൊപ്പം ഉയര്‍ന്നും താഴ്ന്നും പറക്കുന്നതു ഊര്‍ജ്ജക്ഷമതയെ സഹായിക്കുകയും ചെയ്യും.
പരിണാമവശാല്‍ ഇനിയും ചില കഴിവുകള്‍ കൂടി ഈ പക്ഷിശ്രേഷ്ഠന്‍ നേടിയെടുത്തിട്ടുണ്ട്. കുറഞ്ഞ ഓക്‌സിജന്‍ അളവില്‍ ശരീരത്തെ പ്രവര്‍ത്തിപ്പിക്കാനുള്ള കഴിവാണ് ഇതില്‍ ഏറ്റവും അതിശയകരവും ഗുണകരവും. ശ്വസനക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയും, ശ്വാസകോശത്തില്‍നിന്നു കൂടുതല്‍ ഓക്‌സിജന്‍ ആഗിരണം ചെയ്തും ഇത് സാധിച്ചെടുക്കുന്നു. വിശദമായി പറയാം.
പലതരത്തിലുള്ള ജൈവികപരിഷ്‌കാരങ്ങള്‍ ഈ പറക്കലിനു വേണ്ടി കുറിത്തലയന്‍ വാത്തകളില്‍ സജ്ജമത്രെ. അതില്‍ ആദ്യത്തേതാണ് ശരീരത്തിന്റെ വിവിധയിടങ്ങളിലേക്കു എത്തിക്കുന്ന രക്തത്തിലെ ഓക്‌സിജന്‍ വാഹകനായ ഹിമൊഗ്ലോബിന്റെ ഘടന. ഇവരുടെ ഹിമോഗ്ലോബിനു വിശിഷ്ടതകളേറെ. കൂടുതല്‍ ഓക്‌സിജനെ ചേര്‍ത്തുപിടിക്കാനതിനു സാധിക്കും.
കൂടുതല്‍ പ്രാവശ്യം തുടര്‍ച്ചയായി ഗാഢമായി ശ്വസിക്കാനുള്ള കുറിത്തലയന്‍ വാത്തകളുടെ കഴിവും ഒന്നു വേറേത്തന്നെ. മാത്രമല്ല, ശ്വാസകോശങ്ങളുടെ വലിപ്പവും സാധാരണ വാത്തകളേക്കാള്‍ ഒന്നേകാലിരട്ടി. ഇതിനൊപ്പം വലിയ വായുസഞ്ചികളുമുണ്ടിവയ്ക്ക്. അതിനാല്‍ വര്‍ദ്ധിതശ്വാസോച്ഛാസശേഷിയും ഉണ്ടാവുന്നു. ഇതു കൂടുതല്‍ മികച്ച രീതിയില്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യാനും സഹായിക്കും. ചുരുക്കിപ്പറഞ്ഞാല്‍, അന്തരീക്ഷത്തിലെ കുറഞ്ഞ ഓക്‌സിജന്‍ അളവിലും കൂടുതല്‍ ഓക്‌സിജന്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ഈ പക്ഷിയെ വേറിട്ടുനിര്‍ത്തുന്നു.
അടുത്തത്, രക്തചംക്രമണത്തിലെ പ്രത്യേകതകളാണ്. പറക്കാനുപയോഗിക്കുന്ന പേശികളില്‍ ഏറ്റവും ചെറുതും, നനുത്തതുമായ രക്തക്കുഴലുകള്‍ കൂടുതല്‍ സാന്ദ്രമായി അടുക്കിവെച്ചിട്ടുണ്ടാവും. ഊര്‍ജ്ജകാര്യാലയമായ മൈറ്റൊകോണ്‍ഡ്രിയകളാകട്ടെ, പേശീകോശസ്തരങ്ങളോടു ചേര്‍ന്നായിരിക്കും നില്ക്കുന്നുണ്ടാവുക. കാര്യക്ഷമമായ ഓക്‌സിജന്‍ വിതരണത്തിനു വേണ്ടിയാണിത്. ഇനി പറക്കും പേശികളെ എടുത്താലോ, അത് കൂടുതല്‍ ശക്തവും, കൂടുതല്‍ രക്തപ്രവാഹമുള്ളതും. ആവശ്യത്തിനനുസരിച്ച് മിടിപ്പ് കൂട്ടി ശുദ്ധരക്തമെത്തിക്കാന്‍ ഹൃദയവും സുശക്തം.
ചയാപചയപ്രവര്‍ത്തനങ്ങളിലും നവീകരണങ്ങള്‍ കാണാം. അവയ്ക്ക് ഉയര്‍ന്ന ഓക്‌സിജന്‍ അനുബന്ധിയായ ഊര്‍ജ്ജോദ്പാദനം ഏതവസ്ഥയിലും നിലനിര്‍ത്താന്‍ സാധിക്കും. ശരീരോഷ്മാവിന്റെ നിയന്ത്രണത്തിലും, ജലസന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും, കഠിനമായ തണുപ്പാകട്ടെ, വരണ്ട ചൂടാകട്ടെ, ആ മികവിനു താരതമ്യങ്ങളില്ല. തണുപ്പിലും ഉയരത്തിലും ശരീരോഷ്മാവ് നിലനിര്‍ത്താനും ഇവയ്ക്ക് വൈശിഷ്ട്യങ്ങളുണ്ട്.
മേല്പറഞ്ഞ സവിശേഷതകള്‍ കാരണം കടുത്ത സാഹചര്യങ്ങള്‍ക്കു മുന്നോടിയായി നമുക്കെടുക്കേണ്ടി വരുന്ന ബഅക്ലമറ്റൈസേഷന്‍ബ അഥവാ പൊരുത്തപ്പെടല്‍ സമയം പോലും ഈ പക്ഷികള്‍ക്കു ഇത്തരമൊരു പറക്കല്‍ മഹായജ്ഞത്തിനു പുറപ്പെടുമ്പോള്‍ വേണ്ടിവരുന്നില്ല. ഹൃദയമിടിപ്പും ചയാപചയവും പൊക്കത്തിനനുസരിച്ച് ഉയര്‍ന്നുകൊണ്ടേയിരിക്കും. മറ്റൊരു കശേരുകിക്കും പറ്റാത്ത വിധത്തില്‍. സാധാരണ, മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് ഈ ഉയരങ്ങളിലെത്തുമ്പോള്‍ സംഭവിക്കുന്ന ശ്വാസകോശത്തിലേയോ, തലച്ചോറിലേയോ നീരുകെട്ടല്‍ ഈ പക്ഷികളിലെ രക്തക്കുഴലുകളുടെ പ്രത്യേകത കാരണം ഉണ്ടാവുന്നുമില്ല.

പ്രാണവായുവിന്റെ അഭാവം നേരിടാന്‍ പരിണാമത്തിലൂടെ നേടിയെടുത്ത ഈ വൈഭവസഞ്ചയം ആരേയും വിസ്മയിപ്പിക്കുന്നതാണ്. ഇത്രയ്ക്കും തയ്യാറെടുപ്പുകളുണ്ടെങ്കില്‍ എവറസ്റ്റ് താണ്ടാന്‍ ഈ കേമന്‍ വാത്ത എന്തിനു മടിക്കണം?
എങ്കിലും, ഇനിയുമുണ്ട് നമുക്കറിയാത്ത ഒട്ടേറെ കാര്യങ്ങള്‍. തീരെക്കുറഞ്ഞ അന്തരീക്ഷമര്‍ദ്ദം, അതിശൈത്യം, വല്ലാതെ വരണ്ട അന്തരീക്ഷം തുടങ്ങിയ ദുര്‍ഘടങ്ങള്‍ ഹിമാലയസാനുക്കള്‍ താണ്ടുമ്പോള്‍ ഈ വാത്തകള്‍ക്ക് മറികടക്കേണ്ടിവരുന്നു. നിഷ്പ്രയാസം അവയ്ക്കതൊക്കെ സാധിക്കുന്നുണ്ടുതാനും. എന്തായിരിക്കും അതിനു പിന്നിലെ ജൈവതന്ത്രങ്ങള്‍? പ്രകൃതിശാസ്ത്രജ്ഞന്മാര്‍ കൂട്ടിയും കിഴിച്ചും പരതിക്കൊണ്ടേയിരിക്കുന്നു. എന്നെങ്കിലും ഉത്തരം കിട്ടുമെന്ന് പ്രതീക്ഷയില്‍.
കുറിത്തലയന്‍ വാത്തയ്ക്കു വെറും രണ്ടോ മൂന്നോ കിലോയേ ഭാരമുള്ളൂ. ശുഭ്രശിരസ്സും, അതിലെ കറുത്ത കുറികളും, പിന്നെ അഴകാര്‍ന്ന കഴുത്തും കൂടി ചേരുമ്പോള്‍ പരിണാമവഴികളിലെ അഭൂതപൂര്‍വ്വമായ വിജയത്തിനൊരു ഉദാഹരണമായാണ് ഈ പക്ഷികള്‍ നമുക്കു മുന്നില്‍ വന്നിറങ്ങുന്നത്. വിദൂരപരിതസ്ഥിതികളെ ബന്ധിപ്പിക്കുന്ന ഇവരുടെ പ്രയാണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് താഴ്‌നിലങ്ങളും ഉയര്‍ന്ന പ്രദേശങ്ങളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളെയാണ്. ഈ ഭൂമിയിലെ ഏറ്റവും ലോലമായ അന്തരീക്ഷത്തില്‍ ചിറകുകളടിച്ചുകൊണ്ടു പറക്കുന്ന ഈ പക്ഷികള്‍ നമ്മെ പഠിപ്പിക്കുന്നതാകട്ടെ പൊരുത്തപ്പെടലിന്റെ അനന്യഗാഥയും. അസാധ്യമായ ഒന്നിനെ പതിവുരീതിയാക്കുന്ന, അല്ലെങ്കില്‍ ഉത്തുംഗശൃംഗങ്ങളെ വെറും വീട്ടുവഴികളാക്കുന്ന മഹേന്ദ്രജാലം.
എങ്കിലും അവരുടെ മുന്നില്‍ ആധുനിക സാഹചര്യങ്ങള്‍ ഒട്ടേറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ആവാസവ്യവസ്ഥകളുടെ നഷ്ടം, കാലാവസ്ഥാവ്യതിയാനം, മനുഷ്യസൃഷ്ടമായ സമ്മര്‍ദ്ദങ്ങള്‍ ഇവയെല്ലാം തന്നെ ഈ പക്ഷികളുടെ പലായനപഥങ്ങളെ നിരന്തരം താറുമാറാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ തീരങ്ങളേയും ആകാശത്തേയും തണ്ണീര്‍ത്തടങ്ങളേയും പരിപാലിച്ചും സംരക്ഷിച്ചും വേണം മനുഷ്യന്‍ ഈ വിസ്മയങ്ങളെ നിലനിര്‍ത്തേണ്ടത്. അതവന്റെ ഉത്തരവാദിത്വവുമാണ്.
Content Summary; Discover the incredible survival secrets of the Bar-tailed Godwit and the Bar-headed Goose—two wonder birds that conquer the deepest oceans and the highest Himalayan peaks
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.