ചതുരംഗപ്പലകയിലെ പുതിയ ചക്രവര്‍ത്തിയായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ദോമ്മരാജു ഗുകേഷ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ഗെയിമില്‍ നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ കീഴടക്കി. പതിനെട്ടാമത്തെ വയസില്‍ ചെസ് ലോക ചാമ്പ്യനായ ഗുകേഷ്, ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററാണ്. കറുത്ത കരുക്കളായിട്ടായിരുന്നു അവസാന അങ്കത്തിന് ഇന്ത്യന്‍ താരം ഇറങ്ങിയത്. വെള്ളക്കരുവിന്റെ ആനുകൂല്യവുമായി കളി തുടങ്ങിയ ലിറന് പക്ഷേ ലക്ഷ്യത്തിലെത്താനായില്ല. കറുത്ത കരുക്കളുമായി നേടിയ വിജയം ഗുകേഷിന്റെ നേട്ടത്തിന് തിളക്കം കൂട്ടുന്നുണ്ട്.
ഒപ്പത്തിനൊപ്പം മുന്നേറുകയായിരുന്നു ഗുകേഷും ലിറനും. 14 മത്തെ ഗെയിമിലേക്ക് മത്സരം എത്തുമ്പോള്‍ വിജയം ആര്‍ക്ക് വേണമെങ്കിലും നേടാമെന്ന അവസ്ഥയായിരുന്നു. അവസാന ഗെയിമും സമനിലയില്‍ പിരിയുമെന്ന നിലയിലെത്തിയിരുന്നു. ട്രൈബേക്കറില്‍ വിജയിയെ കണ്ടെത്തേണ്ടി വരുമെന്ന് കരുതിയിടത്ത്, അവസാന നിമിഷം എതിരാളി വരുത്തിയ പിഴവ് മുതലാക്കിയാണ് ഗുകേഷ് വിജയം സ്വന്തമാക്കിയത്. അഞ്ചാം മണിക്കൂറിലേക്ക് മത്സരം നീണ്ടതോടെയാണ് ലിറന്റെ ഭാഗത്ത് നിന്നൊരു തെറ്റ് സംഭവിക്കുന്നത്. 14 ഗെയിമുകളില്‍ മൂന്നു വിജയം സ്വന്തമാക്കിയ ഗുകേഷ് 7.5 പോയിന്റുകള്‍ നേടിയപ്പോള്‍, ലിറന് 6.5 പോയിന്റുകളുമായി തോല്‍വി സമ്മതിക്കേണ്ടി വന്നു. ഒന്നാം ഗെയിമും 12 മത്തെ ഗെയിമും ലിറന്‍ ആയിരുന്നു വിജയിച്ചത്. മൂന്നാം ഗെയിമും 11മത്തെ ഗെയിമും ഗുകേഷും നേടിയിരുന്നു. ബാക്കി മത്സരങ്ങളെല്ലാം സമനിലയായി. ഇതോടെയാണ് അവസാന ഗെയിം നിര്‍ണായകമായത്. ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാള്‍ വിജയിക്കുമെന്ന അവസ്ഥയിലായിരുന്നു 14മത്തെ ഗെയിം ആരംഭിച്ചത്. അവസാന മത്സരത്തിലേക്ക് എത്തുമ്പോള്‍ 6.5 പോയിന്റുമായി രണ്ടുപേരും ഒപ്പത്തിനൊപ്പമായിരുന്നു.
മുന്‍ ലോക ചാമ്പ്യനും ചെസ് ഇതിഹാസവുമായ ഗാരി കാസ്പറോവിന്റെ പേരിലായിരുന്നു ഇതുവരെ കുറഞ്ഞ പ്രായത്തിലെ ലോക കീരീടത്തിന്റെ റെക്കോര്‍ഡ്. 1985 ല്‍ കാസ്പറോവ് ലോക ചാമ്പ്യനാകുമ്പോള്‍ പ്രായം 22 ആയിരുന്നു. ആ ചരിത്രമാണ് ഇന്ത്യയുടെ 18 കാരന്‍ തകര്‍ത്തത്. World Chess Championship 2024, India’s- Gukesh becomes youngest world champion
Content Summary; World Chess Championship 2024, India’s- Gukesh becomes youngest world champion