February 13, 2025 |
Share on

കൊളംബിയയിലെ പഴയ കമ്മ്യൂണിസ്റ്റ് പോരാളികള്‍ ഇപ്പോള്‍ എന്തുചെയ്യുകയാണ്?

അവരെല്ലാവരും കൂടി ചേര്‍ന്ന് കൊളംബിയയില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചിരിക്കുകയാണ്!

വര്‍ഷങ്ങളായി നീണ്ടു നിന്ന സായുധ പോരാട്ടം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്ക് തിരികെ വന്ന കൊളംബിയയിലെ ഇടത് പോരാളികള്‍ ഇപ്പോള്‍ എന്തു ചെയ്യുകയാകും? അവരെല്ലാവരും കൂടി ചേര്‍ന്ന് കൊളംബിയയില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചിരിക്കുകയാണ്! അതെ, ജനാധിപത്യ മാര്‍ഗത്തിലേക്ക് തിരികെയെത്തിയ ലോകത്തിലെ ഏറ്റവും വലിയ സായുധ ഇടത് റിബല്‍ സംഘടന തങ്ങളുടെ പോരാളികള്‍ക്ക് ജീവിക്കാനായി പുതിയ മാര്‍ഗങ്ങള്‍ തേടുന്ന തിരക്കിലാണ്. 2017 ജൂണിലാണ് കൊളംബിയന്‍ സര്‍ക്കാരുമായി ചേര്‍ന്നുണ്ടാക്കിയ ധാരണയുടെ പുറത്ത് സായുധ കലാപം ഉപേക്ഷിച്ച് റെവലൂഷനറി ആര്‍മിഡ് ഫോര്‍ഴ്സ് ഓഫ് കൊളംബിയ (ഫാര്‍ക്) കാടിറങ്ങിത്.

7000ലധികം സായുധ പോരാളികളാണ് ഗറില്ലാ പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് സമാധാന ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. സര്‍ക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഓരോ ഗറില്ലാ പോരാളിക്കും രണ്ടു വര്‍ഷക്കാലത്തേക്ക് 620,000 പെസോ ധനസഹായമായി ലഭിക്കും. ആദ്യം ലഭിച്ച തുക കൊണ്ട് അവരവരുടെ ശക്തി കേന്ദ്രങ്ങളില്‍ കോപ്പറേറ്റീവ് സ്ഥാപനങ്ങള്‍ ആരംഭിക്കാണ് പോരാളികള്‍ പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ ആദ്യ പടിയാണ് ഈ ഗറില്ലാ ഹോട്ടല്‍. ഫാര്‍ക്കിന് ഏറ്റവും കൂടുതല്‍ ശക്തിയുണ്ടായിരുന്ന കൊളംബിയയിലെ പശ്ചിമ പ്രവിശ്യയിലാണ് ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്.

സായുധ സമരം അവാനിപ്പിച്ച് വന്നിരിക്കുന്ന തങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ആശയ വിനിമയം നടത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ സഹായകമാകുമെന്നും അതിലുപരി സര്‍ക്കാര്‍ സഹായം അവസാനിക്കുമ്പോള്‍ പോരാളികള്‍ക്ക് ജീവിക്കാനുള്ള വക കിട്ടുമെന്നുമാണ് ഫാര്‍ക് നേതാക്കന്‍മാരുടെ വിലയിരുത്തല്‍. 1964 മുതലാണ് റെവലൂഷണറി ആര്‍മിഡ് ഫോര്‍സ് ഓഫ് കൊളംബിയ ഭരണകൂടത്തിനെതിരെ പ്രത്യക്ഷ സായുധസമരം പ്രഖ്യാപിച്ചത്. കൊളംബിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഉടലെടുത്ത സായുധ വിഭാഗമാണിത്. ഗ്രാമീണ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഇവര്‍ കര്‍ഷകരേയും തൊഴിലാളികളേയും ഗറില്ലാ യുദ്ധമുറകള്‍ പരിശീലിപ്പിച്ച് സംഘത്തിനൊപ്പം ചേര്‍ത്ത് ചുരുങ്ങിയ കാലയളവില്‍ വലിയ വിമത സംഘമായി മാറി. സൈന്യത്തിന്റെ കണക്കു പ്രകാരം 7000പേരാണ് ഗറില്ലാ സംഘത്തിലുള്ളത്. 2002ല്‍ 20000പേര്‍ ഉണ്ടായിരുന്നിടത്തു നിന്നാണ് 7000ത്തിലേക്ക് സംഖ്യ ചുരുങ്ങിയത്.

1950ലെ ക്യൂബന്‍ വിപ്ലവത്തില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ടാണ് കൊളംബിയയിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ ഒരുവിഭാഗം സായുധ വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. തുടക്കകാലത്തില്‍ കൊളംബിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവരെ സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആശയപരമായ കാരണങ്ങളാല്‍ അകലുകയായിരുന്നു.

മര്‍ക്വിറ്റാലിയയിലാണ് കൊളംബിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെട്ടത്. ഇവിടെത്തന്നെയാണ് ഫാര്‍കും ശക്തിപ്രാപിച്ചത്. മര്‍ക്വിറ്റാലിയ കേന്ദ്രീകരിച്ച് കര്‍ഷകരേയും തൊഴിലാളികളേയും സംഘടിപ്പിച്ച പാര്‍ട്ടി പ്രദേശം തങ്ങളുടെ വരുതിയിലാക്കുകയും സ്വതതന്ത്ര റിപബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലനിന്നിരുന്ന അസമത്വങ്ങളില്‍ അസ്വസ്ഥരായിരുന്ന രാജ്യത്തെ യുവതി യുവാക്കള്‍ കൂട്ടത്തോടെ സംഘടനക്കൊപ്പം ചേര്‍ന്നു. പിന്നീട് കൊളംബിയ കണ്ടത് രക്തരൂക്ഷിത കലാപമായിരുന്നു. പൊലീസ് സ്റ്റേഷനുകളും പട്ടാള ക്യാമ്പുകളുമായിരുന്നു ഇവരുടെ ആദ്യകാലത്തെ പ്രധാന ലക്ഷ്യങ്ങള്‍. വര്‍ഷങ്ങളോളം ഒളിപ്പോര് തുടര്‍ന്ന സംഘടന പ്രത്യക്ഷമായി നരഹത്യ നടത്തിത്തുടങ്ങിയത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

സൈന്യവും വിമതരും തമ്മില്‍ പ്രത്യക്ഷ പോരാട്ടം തുടങ്ങിയപ്പോള്‍ ഇരുപക്ഷത്തേക്കാളേറെ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ധനസഹായം ലഭിക്കുന്ന കമ്മ്യൂണിസ്റ്റ് വിമത സേനയാണ് ഫാര്‍ക് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മാറി വരുന്ന കാലത്തിനനുസരിച്ച് സംഘടനയെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടാനാണ് നേതാക്കളുടെ ഇപ്പോഴത്തെ ശ്രമം. കമ്മ്യുണിസ്റ്റു പാര്‍ട്ടിയുമായി ഒന്നിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാനാകും ഫാര്‍കിന്റെ ഇനിയുള്ള ശ്രമം എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

 

×