ലോകകപ്പ്‌ ഫൈനല്‍: സ്‌പെയിന്‍- മെസ്സി പോരാട്ടമോ!

ടീം ഗെയിം പയറ്റുന്ന സ്‌പെയിന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറോടാണ് ഏറ്റുമുട്ടുന്നത്‌

World Cup Final Argentina vs Spain

ഫുട്ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഫൈനല്‍ പോരാട്ടമായിരിക്കും മെറ്റ് ലൈഫ് സ്‌റ്റേഡിയത്തില്‍ നടക്കുക. ഫുട്‌ബോളിന്റെ പ്രത്യേകത, അതെപ്പോഴും ടീം മികവിന്റെയും വ്യക്തിഗത മികവിന്റെയും സന്തുലിതാവസ്ഥ ആവശ്യപ്പെടുന്നൊരു കളിയാണെന്നതാണ്. മികച്ച ഒരു കൂട്ടം താരങ്ങളില്ലാതെ ഒരു ടീമിനും വിജയം പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ പ്രതിഭകളുടെ അതിപ്രസരമുണ്ടായിട്ടും പരാജയപ്പെടുന്ന ടീമുകളുമുണ്ട്( സെമിയിലെ ഫ്രാന്‍സിന്റെ തോല്‍വിയെ അത്തരത്തില്‍ വിലയിരുത്താം). മറുവശം നോക്കിയാല്‍ ടീമിന്റെ ഒത്തൊരുമ കൊണ്ട് വിജയം നേടുന്നവരുമുണ്ട്(അതിനുള്ള ഉത്തരമാണ് ഫ്രാന്‍സിനെ സെമിയില്‍ തോല്‍പ്പിച്ച സ്‌പെയിന്‍). എന്നാല്‍ ഇത്തവണത്തെ ഫൈനല്‍ നോക്കുമ്പോള്‍ ഒരു കൗതുകം കാണാം. ഈ ഫൈനലില്‍, ‘ഹെക്ടര്‍-അക്കിലസ് പോരാട്ടം’ പോലെ, രണ്ട് പ്രധാനികള്‍ തമ്മിലുള്ള പോരാട്ടം കാണാനാകില്ല. ക്രൈഫ്-ബെക്കന്‍ബോവര്‍ (1974), റൊമാരിയോ-ബാഗ്ജിയോ (1994), മെസ്സി-എംബാപ്പെ (2022) പോരാട്ടങ്ങളൊക്ക മുന്‍പ് കണ്ടിട്ടുള്ളതുപോലെ. കാരണം, ഇത്തവണ കാണാന്‍ പോകുന്നത്, ‘സ്പെയിനും ലയണല്‍ മെസ്സിയും’ തമ്മിലുള്ള പോരാട്ടമാണ്.

ഒരു താരത്തെ മാത്രം ആശ്രയിച്ചല്ല സ്പെയിന്‍ കളിക്കുന്നത്. അവരുടെ സൂപ്പര്‍ താരം ലാമിന്‍ യമാല്‍ ഈ ടൂര്‍ണമെന്റില്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. അലക്‌സ് ബീന, മൈക്കല്‍ ഒയാര്‍സബാല്‍ തുടങ്ങിയ മുന്നേറ്റനിര താരങ്ങള്‍ക്കും അവരുടെ ലോകോത്തര നിലവാരം പ്രകടമാക്കാന്‍ കഴിഞ്ഞിട്ടില്ല. മധ്യനിര താരങ്ങളുടെ പ്രകടനവും സ്ഥിരതയില്ലാത്തതാണ്. എന്നിട്ടും, സ്പെയിന്‍ വിജയിക്കുന്നത് അവരുടെ വ്യവസ്ഥാപിതമായ കള ശൈലി കൊണ്ടാണ്. അവിടെ എല്ലാവര്‍ക്കും തങ്ങളുടെ ചുമതലകളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. വ്യക്തിഗത താല്പര്യങ്ങളേക്കാള്‍ ടീമിന്റെ കൂട്ടായ്മയ്ക്കാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. കരുത്തരായ ഫ്രാന്‍സിനെ സെമിഫൈനലില്‍ 2-0 ന് പരാജയപ്പെടുത്തിയതിന് അതിന്റെ തെളിവാണ്. ഫ്രഞ്ച് മുന്നേറ്റനിര തങ്ങളുടെ ഫുള്‍ബാക്കുകളെ കേവലം പിന്തുണക്കാരായി മാത്രം കണ്ടപ്പോള്‍, സ്പാനിഷ് മുന്നേറ്റനിര അവരെ തുല്യരായി പരിഗണിച്ചു. റൈറ്റ് ബാക്ക് പെഡ്രോ പോറോ, ഡാനി ഓല്‍മോയുമായി ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് സ്‌പെയിന്‍ തങ്ങളുടെ വിജയം ഉറപ്പിച്ച ഗോള്‍ നേടിയത്. ഫ്രാന്‍സ് അവരുടെ സൂപ്പര്‍ താരത്തിന്റെ മാന്ത്രികതയ്ക്ക് കാത്തിരുന്നു നിരാശപ്പെട്ടു.

സ്‌പെയിനെ പരിശോധിച്ചാല്‍ അവിടെ വ്യക്തിഗത മികവുകള്‍ കാര്യമായി അളക്കാനുണ്ടാകില്ല. ഒയാര്‍സബാല്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തപ്പോഴും (11), യമാല്‍ ഏറ്റവും കൂടുതല്‍ ഡ്രിബിളിംഗുകള്‍ നടത്തിയപ്പോഴും (49), ബീന ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചപ്പോഴും (10) അവിടെയെല്ലാം കണ്ടത് സ്‌പെയിന്റെ ടീം ഗെയിം ആണ്. എന്നാല്‍ അര്‍ജന്റീനയുടെ കാര്യത്തില്‍ ഈ മൂന്ന് മേഖലകളിലും (18 ഷോട്ടുകള്‍, 41 ഡ്രിബിളിംഗുകള്‍, 25 അവസരങ്ങള്‍) മുന്നില്‍ നില്‍ക്കുന്നത് ലയണല്‍ മെസ്സി എന്ന ഒറ്റപ്പേരാണ്.

ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സ്‌പെയിന്‍ ഇതേ ശൈലിയിലാണ് കളിക്കുന്നത്. 2010-ല്‍ അവര്‍ ലോകകപ്പ് നേടിയ ശേഷമുള്ള ബാഴ്‌സലോണ ടീമും സ്‌പെയിന്‍ ദേശീയ ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം മെസ്സിയുടെ സാന്നിധ്യമായിരുന്നു. രണ്ട് ടീമുകളിലും ബുസ്‌ക്വെറ്റ്സ്, ചാവി, ഇനിയേസ്റ്റ, വില്ല, പെഡ്രോ എന്നിവര്‍ ഒരേപോലെ ഉണ്ടായിരുന്നപ്പോള്‍, സ്‌പെയിന്‍ ടീമില്‍ സാബി അലോണ്‍സോ എന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും ബാഴ്‌സലോണയില്‍ മെസ്സിയുമാണ് ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായതുകൊണ്ട് തന്നെ മെസ്സിക്ക് സ്വന്തം ശൈലിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നു.

ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയില്‍ 13-ാം വയസ്സില്‍ എത്തിയത് മുതല്‍ മെസ്സി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. പാസിംഗിന് പ്രാധാന്യം നല്‍കുന്ന ബാഴ്‌സലോണ ശൈലിക്ക് വിപരീതമായി ഒരു ‘എംഗാഞ്ചെ’ (അര്‍ജന്റീനന്‍ ശൈലിയിലെ നമ്പര്‍ 10) ആകാനായിരുന്നു മെസ്സിക്ക് താല്പര്യം. ആദ്യം അദ്ദേഹത്തെ തങ്ങളുടെ ശൈലിയിലേക്ക് മാറ്റാന്‍ ബാഴ്‌സലോണ ശ്രമിച്ചെങ്കിലും, പിന്നീട് മെസ്സിയുടെ ഡ്രിബിളിംഗ് മികവ് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ‘ഫോള്‍സ് നൈന്‍’ പൊസിഷനിലേക്ക് മാറ്റുകയായിരുന്നു. അക്കാലത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വേണ്ടി റയല്‍ മാഡ്രിഡ് തങ്ങളുടെ പ്രതിരോധ ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍, മെസ്സി ബാഴ്‌സലോണയുടെ സിസ്റ്റത്തിന്റെ ഭാഗമായി നിന്നുകൊണ്ട് തന്നെ പ്രതിരോധത്തിലും പങ്കാളിയായിരുന്നു.

എന്നാല്‍ 39-ാം വയസ്സില്‍ മെസ്സിക്ക് പഴയ വേഗതയില്ല. 2022 ലോകകപ്പിലെന്നപോലെ ഇപ്പോഴും മെസ്സി പന്തില്ലാത്തപ്പോള്‍ വിശ്രമിക്കുകയും ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യുകയാണ് പതിവ്. അതിനാല്‍ അദ്ദേഹത്തിനൊപ്പം കളിക്കുന്ന ജൂലിയന്‍ അല്‍വാരസ് പ്രതിരോധത്തിനായി കൂടുതല്‍ താഴേക്ക് ഇറങ്ങിക്കളിക്കുന്നു. മുന്നേറ്റത്തില്‍ പലപ്പോഴും മികച്ച അവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും സഹതാരങ്ങള്‍ പന്ത് മെസ്സിക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ‘മെസ്സിക്ക് വീണ്ടുമൊരു ലോകകപ്പ് നേടിക്കൊടുക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും,’ എന്ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തിന് ശേഷം അല്‍വാരസ് പറഞ്ഞത് അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ ഈ രീതിയെ അടിവരയിടുന്നു. കെമ്പസ് (1978), മറഡോണ (1986), മെസ്സി (2022) എന്നീ വ്യക്തികളെ തങ്ങളുടെ വിജയങ്ങളുടെ പ്രതീകങ്ങളായി കാണാനാണ് അര്‍ജന്റീനന്‍ ആരാധകര്‍ക്ക് താല്പര്യം.

ഈ ഫൈനലില്‍ കാണാന്‍ പോകുന്നതും ഫുട്‌ബോളില്‍ വ്യത്യസ്തമായ ഈ രണ്ട് ശൈലികളുമായിരിക്കും. പരിശോധിച്ചാല്‍, ഈ രണ്ട് ശൈലികളും വിജയമാണ് എന്നതിന് തെളിവു കൂടിയാണ് യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും സൗത്ത് അമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഫൈനലില്‍ എത്തിയത്. ആധുനിക ഫുട്‌ബോളില്‍ കൂട്ടായ്മയ്ക്കാണ് കൂടുതല്‍ സാധ്യതയെങ്കിലും, എതിര്‍നിരയില്‍ നില്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആയ ലയണല്‍ മെസ്സി ആകുമ്പോള്‍ ഫൈനലില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം.

Content Summary; World Cup Final. It’s Lionel Messi’s individual brilliance versus Spain’s flawless collective system in a fascinating tactical battle of football styles

This post was last modified on July 20, 2026 10:17 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment