സര്‍ ജൂലിയസ് ചാനിന് അധികാരം കൈമാറിയാണ് ഏഴ് വര്‍ഷത്തെ പ്രധാനമന്ത്രി പഥം പീറ്റര്‍ ഒ നീല്‍ അവസാനിപ്പിച്ചത്.
പാപുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രി പീറ്റര്‍ ഒ നീല്‍ രാജിവച്ചു. സ്വന്തം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചത്. പാര്‍ലമെന്റിനകത്തെ രാഷ്ട്രീയപരമായ ചില കൂറുമാറ്റങ്ങള്‍ ‘ഒരു മാറ്റത്തിന്റെ അനിവാര്യത’യെയാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം പത്ര സമ്മേളനത്തിനിടെ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ നേതൃപരമായ പിഴവുകളടക്കം അദ്ദേഹത്തെ പുറത്താക്കാന്‍ പല കാരണങ്ങള്‍ ഉണ്ടെന്നും, അതിനാവശ്യമായ ഭൂരിപക്ഷവും പാര്‍ലമെന്റിലുണ്ടെന്നുമാണ് ഒ നീലിന്റെ എതിരാളികള്‍ പറയുന്നത്.
പ്രത്യേകിച്ച് ദശലക്ഷം ഡോളര്‍ ചിലവഴിച്ചുകൊണ്ടുള്ള ഗ്യാസ്പദ്ധതി ഏകപക്ഷീയമായി കൈകാര്യം ചെയ്തതാണ് അവര്‍ എടുത്ത് പറയുന്നത്. സര്‍ ജൂലിയസ് ചാനിന് അധികാരം കൈമാറിയാണ് ഏഴ് വര്‍ഷത്തെ പ്രധാനമന്ത്രി പഥം അദ്ദേഹം അവസാനിപ്പിച്ചത്. 1980 മുതല്‍ 1982 വരെയും, 1994 മുതല്‍ 1997 വരെയും പ്രധാനമന്ത്രിയായ ആളാണ് സര്‍ ജൂലിയസ് ചാന്‍.
എന്നാല്‍ നീലിന്റെ പിന്മാറ്റം സ്വന്തം പാളയത്തിലെ എം.പി-മാരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ‘തന്ത്രം’ മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനായ ബ്രയാന്‍ ക്രാമര്‍ പറയുന്നു. ‘അദ്ദേഹം രാജിവെക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും രാജിക്കത്ത് ഇതുവരെ ആരും കണ്ടിട്ടില്ല. ഗവര്‍ണര്‍ ജനറലിനെ നേരില്‍ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചാലെ അദ്ദേഹം രാജിവെച്ചു എന്ന് ഉറപ്പിക്കാനാകൂ’ എന്ന് ബ്രയാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും ബ്രയാന്‍ അവകാശപ്പെട്ടു. ‘ലാങുാ ക്യാമ്പ്’ എന്നറിയപ്പെടുന്ന പ്രതിപക്ഷത്തിനു 63 എം.പി-മാരുടെ പിന്തുണയുണ്ടെന്ന് അവര്‍ പറയുന്നു. പുതിയ പ്രധാനമന്ത്രി ആരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും, എന്തായാലും അത് ചാന്‍ ആവില്ലെന്നും ബ്രയാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയോടുള്ള എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ക്യാബിനറ്റിലെ ചില മുതിര്‍ന്ന മന്ത്രിമാര്‍ നേരത്തെ രാജിവച്ചിരുന്നു. അതോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുവാനുള്ള കളമൊരുങ്ങിയത്. നീലിന് അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കുവാനും സഭയുടെ വിശ്വാസം വീണ്ടെടുക്കാനും മൂന്നാഴ്ച സമയം ലഭിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും അസത്യമാണ് എന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഇരട്ട പൗരത്വവും പാപുവ ന്യൂ ഗിനിയയിലെ എക്കലത്തുമുള്ള വിവാദ വിഷയമാണ്. എംപിമാരില്‍ 111 പേരുടേയും പൌരത്വവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. നീലിനെതിരെയും സമാനമായ ആരോപണമുണ്ട്. അദ്ദേഹത്തിന് ഓസ്‌ട്രേലിയന്‍ പൗരത്വവും ഉണ്ടെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ തന്റെ പാപുവ ന്യൂ ഗിനിയയുടെ പാസ്സ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് ആ ആരോപണങ്ങളെ അദ്ദേഹം പ്രതിരോധിക്കുന്നത്.