ഏകാന്തതയുടെ തടവറയില്‍ വളര്‍ന്ന മകന്‍
വെറും പത്ത് വയസുള്ളപ്പോഴാണ് അമന്‍ സെഹ്‌രാവത്ത് എന്ന പയ്യന് അമ്മയെ നഷ്ടമാവുന്നത്. തൊട്ടടുത്ത വര്‍ഷം അച്ഛനും മരിച്ചു. 11ാം വയസ്സില്‍ അവന്‍ അനാഥനായി. തുടര്‍ന്നുള്ള 11 വര്‍ഷം ഏകാന്തതയുടെ തടവറയില്‍ വളര്‍ന്ന ആ മകന്‍, ഇന്ന് രാജ്യത്തിന്റെ അഭിമാനമാണ്. ഒളിമ്പിക്‌സ് വേദിയില്‍ നേടിയ ആ മെഡല്‍ നെഞ്ചില്‍ ചേര്‍ത്ത് അവന്‍ പറഞ്ഞത്, ഈ മെഡല്‍ എന്റെ മാതാപിതാക്കള്‍ക്കുള്ളതാണ്. ഞാന്‍ ഒരു ഗുസ്തിക്കാരനായി മാറിയെന്നതും ഒളിമ്പിക്‌സില്‍ മല്‍സരിച്ചതും അവര്‍ക്ക് അറിയില്ല. പക്ഷെ ഇത് അവര്‍ക്കുള്ളതാണ് എന്നായിരുന്നു. ആരുടെയും ഹൃദയത്തില്‍ തൊടുന്ന വാക്കുകളാണത്. ആ വാക്കുകളില്‍ നിന്ന്് തന്നെ അറിയാം അച്ഛനമ്മമാരുടെ വാല്‍സല്യം കിട്ടാതെ, രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ അവന്‍ ചെയ്ത യാത്രയുടെ കാഠിന്യം.
മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ അമ്മാവന്‍ അമനെ കൂടെകൂട്ടി. എന്നാല്‍ അവിടെ അധികം നില്‍ക്കാന്‍ പറ്റിയില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം, അവന്‍ ഛത്രസാലിലേക്ക് എത്തി. ചെറിയ കുട്ടികള്‍ക്ക് ഗുസ്തി പരിശീലനം നല്‍കുന്ന റെസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ് അവിടെ നടത്തിയിരുന്നത്. ഫാബിള്‍ഡ് അക്കാദമിയിലെ പരിശീലകര്‍ മെല്ലിച്ച് ശോഷിച്ച്, ഭാരകുറവുള്ള അമന്റെ കഴിവുകള്‍ കണ്ടല്ല. മറിച്ച് അനാഥനാണെന്ന പരിഗണന വച്ചാണ് അവനെ പരിശീലന പരിപാടിയിലേക്ക് ചേര്‍ത്തത്. അവിടെ നിന്ന് അവന് രണ്ട് നേരം വയറുനിറയെ ഭക്ഷണം കിട്ടുമല്ലോ എന്ന് മാത്രമാണ് അവര്‍ കരുതിയിരുന്നത്. പരിശീലകരെ പോലും അത്ഭുതപ്പെടുത്തി ആ ബാലന്‍ പുതിയ സാഹചര്യവുമായി അതിവേഗം പൊരുത്തപ്പെട്ടു. ഗുസ്തിക്കാരന്റെ കഠിനമായ ജീവിതശൈലിയാണ് 12ാം വയസുമുതല്‍ അവന്‍ പിന്തുടര്‍ന്നത്.
സൂര്യന്‍ ഉദിക്കും മുമ്പ് ഉണരുക, മണ്ണിലും ചെളിയിലുമൊക്കെ മാറി മാറി പരിശീലനം. സത്യത്തില്‍ ഗുസ്തി തപസ്യയാക്കി മാറ്റിയിരുന്നു ആ ബാലന്‍. രാജ്യത്തെ ഒളിമ്പ്യന്‍മാരെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുള്ള പരിശീലന സ്ഥാപനം തന്നെയാണ് അമന്റേതും.സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, ബജ്‌രംഗ് പുനിയ, രവി ദാഹിയ എന്നിവരെയെല്ലാം വളര്‍ത്തിയ ഗോദയാണ് അവിടുയുള്ളത്.
ഇന്നലെ മല്‍സരം കഴിഞ്ഞ ശേഷം യോഗ്യതയ്ക്കപ്പുറമുള്ള ഭാരത്തിലേക്ക് വന്നപ്പോള്‍ അത് കുറയ്ക്കാന്‍ കഠിന പ്രയത്‌നം ചെയത അമനെയും രാജ്യം കണ്ടു. അശ്രാന്തമായ ആ പരിശ്രമം അവന്‍ കാലങ്ങളായി പരിശീലന കളരിയില്‍ നിന്ന് നേടിയെടുത്തതാണ്. സത്യത്തില്‍ ഒളിമ്പിക്‌സ് വേദിയിലെതിനേക്കാള്‍ വലിയ പോരാട്ടം നടന്നത് ഇന്നലെ രാത്രിയായിരുന്നു. മല്‍സരം കഴിഞ്ഞ് അത്‌ലറ്റ്‌സ് വില്ലേജിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന് യോഗ്യതയില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ ഒന്നര കിലോഗ്രാം ആണ് ഉയര്‍ന്നത്. 57 കിലോ വിഭാഗത്തിലാണ് അമന്‍ മല്‍സരിച്ചിരുന്നത്. വിനേഷ് ഫോഗട്ടിന്റെ അനുഭവം മുന്നിലുള്ളത് കൊണ്ട് തന്നെ ടീമിനെ മൊത്തത്തില്‍ ഇത് ആശങ്കയിലാക്കിയിരുന്നു. സെമിഫൈനല്‍ അവസാനിച്ചതിന് ശേഷം 1.5 കിലോ ഭാരം വര്‍ധിപ്പിച്ചിരുന്നു,തുടര്‍ന്ന് ഏകദേശം 12.30 ഓടെ ഞങ്ങള്‍ അവനെ ജിമ്മില്‍ എത്തിച്ചു. പുലര്‍ച്ചെ 4 മണി വരെ വര്‍ക്കൗട്ട് ചെയ്തു. 4.15ന് ഭാരം പൂര്‍ണ്ണമായും നിയന്ത്രണത്തിലായിയെന്നുമാണ് ഇന്ത്യന്‍ കോച്ച് വീരേന്ദര്‍ ദാഹിയ പറഞ്ഞത്.ഉറങ്ങാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് പിന്നീട് അമന്‍ സെഹ്‌രാവത് പറഞ്ഞു. ഭാരം നോക്കാനുള്ള സമയത്തിനായി ഞാന്‍ കാത്തിരുന്നു. രാവിലെ 7.15ന് ഭാരം നോക്കി. അവര്‍ ഓകെ പറഞ്ഞതോടെയാണ് പ്രഭാതഭക്ഷണം കഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അമന്‍ ഗുസ്തി തെരഞ്ഞെടുത്തതല്ല, അവനെ ഗുസ്തിയാണ് തെരഞ്ഞെടുത്തതെന്നാണ് പരിശീലകന്‍ ലളിത് കുമാര്‍ പറയുന്നത്. അവന്‍ അവന്റെ സാഹചര്യങ്ങള്‍ കൊണ്ട് ഗുസ്തി താരമായതാണ്.ഗുസ്തിയില്‍ പരാജയപ്പെട്ടാല്‍ തനിക്ക് എങ്ങോട്ടും പോകാനില്ലെന്ന് അവന് അറിയാം. സര്‍വ്വ കഴിവുകളും അവന്‍ ഉപയോഗിച്ചതും അതുകൊണ്ടാണ്. 2018ലെ ലോക കേഡറ്റ് ചാമ്പ്യന്‍ഷിപ്പ് വെങ്കലം നേടിയതാണ് അമനില്‍ നിന്നുണ്ടായ ആദ്യത്തെ പ്രതീക്ഷ. ഏഷ്യന്‍ കിരീടമെന്ന ഉറപ്പ് അതോടെ പരിശീലകര്‍ക്ക് കിട്ടി. 2022ല്‍ അണ്ടര്‍ 23 ഏഷ്യന്‍, ലോക കിരീടങ്ങള്‍ നേടിയപ്പോള്‍, അമന്‍ പാരീസില്‍ രാജ്യത്തിന്റെ അഭിമാനമാവുമെന്ന് അവര്‍ ഉറപ്പിച്ചു. ഗുരുക്കന്‍മാരുടെ ആ പ്രതീക്ഷയാണ് ഇപ്പോള്‍ സഫലമായത്. ‘ഒരു സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷിച്ചാണ് ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ ഈ വെങ്കലം എനിക്ക് ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിനുള്ള അടിത്തറ ഒരുക്കി തന്നിരിക്കുന്നു-എന്നാണ് അമന്‍ മെഡല്‍ നേട്ടത്തോട് പ്രതികരിച്ചത്.
English summary: Wrestler Aman Sehrawat was orphaned at 11, is an Olympic medallist at 21: ‘This is for my parents, they never got to know I became a wrestler’