July 01, 2026 |

എഴുത്തുകാരനും, സര്‍ഗപ്രക്രിയയും, ആവിഷ്‌കാര സ്വാതന്ത്ര്യവും, പ്രതിബന്ധങ്ങളും

കേരളത്തിലെ സാഹിത്യകാരന്മാരും ഭരണകൂടവും തമ്മിലുണ്ടായ ഏറ്റ് മുട്ടലിന്റെ ചരിത്രം

സ്വന്തം വികാരവിചാരങ്ങള്‍ ഒരു കൃതിയായി ക്ലേശിച്ച് എഴുതിയ രചന ചിലപ്പോള്‍ പ്രസിദ്ധീകരിക്കാനും വിഷമകരമാകാറുണ്ട്, പ്രത്യേകിച്ചും എഴുത്തുകാരന്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകുമ്പോള്‍. ചട്ടവും റൂളും നോക്കി ചെയ്യാനുള്ളതല്ല സര്‍ഗപ്രക്രിയ. സമയബന്ധിതമോ നിയമ ബന്ധിതമോ ആയ ഒരു വൃത്തത്തിനുള്ളില്‍ നിന്ന് എഴുതുക യാഥാര്‍ത്ഥ എഴുത്തുകാരന് വിഷമകരമാണ് എന്ന് വ്യക്തമാക്കുന്ന ചില രചനാ ചരിത്രങ്ങളിലേക്ക് ഒരു എത്തി നോട്ടം.

മലയാളത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങളിലെ അല്ലെങ്കില്‍ സര്‍ക്കാര്‍ ഭരണ സംവിധാനങ്ങളെക്കുറിച്ച് ഒരു സമഗ്രം എന്ന് പറയാവുന്നത് 1966 ല്‍ പുറത്ത് വന്ന ഇ. വാസുവിന്റെ ‘ചുവപ്പ് നാട’ എന്ന നോവലിലൂടെയാണ്. ബ്യൂറോക്രസിയുടെ മനുഷ്യരാഹിത്യത്തെ അനാവരണം ചെയ്യുന്ന ഒരു മികച്ച നോവലായ ചുവപ്പ് നാട മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ സര്‍വ്വീസിലെ തിരിമറികളും കാലുവാരലും പാരവെയ്പ്പുകളും നോവലില്‍ വായനക്കാരെ സ്പര്‍ശിക്കും വിധത്തില്‍ ചിത്രീകരിച്ചതിനാല്‍ അല്‍പം ശങ്കിച്ച് ‘വെള്ളക്കുപ്പായം’ എന്നാണ് ഈ വാസു നോവലിന് പേരിട്ടിരുന്നത്. എന്നാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ എം.ടി. വാസുദേവന്‍ നായര്‍ അത് മാറ്റി ‘ചുവപ്പു നാട’ എന്ന അര്‍ത്ഥവത്തായ പേര് നല്‍കി.

chuvappunaada

ചുവപ്പുനാട

വാരികയില്‍ നോവല്‍ വരാന്‍ തുടങ്ങിയപ്പോഴേ സംഭവം തിരുവനന്തപുരത്തെ ഭരണചക്രം തിരിക്കുന്നവരുടെ നെറ്റിചുളിഞ്ഞു. നോവലിന്റെ കൈയെഴുത്ത് പ്രതി ഉടന്‍ ഹാജരാക്കാന്‍ സെക്രട്ടറിയേറ്റില്‍ നിന്ന് വേഗത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇ. വാസുവിന് കല്‍പ്പന കിട്ടി. അച്ചടിച്ച നോവലിന്റെ കൈയ്യെഴുത്ത് പ്രതി, നോവല്‍ പ്രസിദ്ധീകരിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സ്വത്താണെന്ന നിലപാടാണ് എഡിറ്ററായ എം.ടി. സ്വീകരിച്ചത്. അതിനാല്‍ അച്ചടിച്ച പേജ് നോക്കി പകര്‍ത്തിയെഴുതിയാണ് ഇ വാസു നോവല്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചത്. വാസു മുന്‍കൂട്ടി സര്‍ക്കാരില്‍ നിന്ന് പ്രസിദ്ധീകരണാനുമതി വാങ്ങിയിരുന്നതിനാല്‍ ഇതിന്റെ പേരില്‍ നടപടിയെടുക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ അധികാരികള്‍ക്ക് കഴിഞ്ഞില്ല. പിന്നിട് ഇ എം എസിന്റെ രണ്ടാം മന്ത്രിസഭാക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ എഴുത്തിന് മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന ചട്ടം തിരുത്തുകയുണ്ടായി.

E Vasu

ഇ. വാസു

മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഐ. എ. എസില്‍ പ്രവേശിച്ച ഉടന്‍ തന്നെ ചീഫ് സെക്രട്ടറിക്ക് ഒരു കത്തയച്ചു. ‘ ഞാന്‍ കഥകളെഴുതാറുണ്ട്. അവയ്ക്ക് പ്രതിഫലവും കിട്ടാറുണ്ട്. ഇനി അത് സ്വീകരിക്കാമോ? കേന്ദ്രആഭ്യന്തരമന്താലത്തിന്റെ റഫര്‍ പ്രകാരം ചീഫ് സെക്രട്ടറി മറുപടി നല്‍കി. സ്വീകരിക്കാം. കേരള ഗവണ്‍മെന്റിന്റെ ജോലിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങളില്‍ പറഞ്ഞ നിയന്ത്രണം ഐ. എ. എസുകാരനായ തനിക്ക് ബാധകമാണോ എന്ന മലയാറ്റൂരിന്റെ ചോദ്യത്തിനും അല്ല എന്ന അനുകൂലമായ മറുപടി കിട്ടി. പിന്നീടാണ് ഉന്നത ഭരണത്തിന്റെ ഉള്ളറകള്‍ ചിത്രീകരിച്ച, ഐ. എ. എസ്. വൃത്തങ്ങള്‍ വിഷയമാക്കിയ ‘യന്ത്രം’ എന്ന നോവല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയത്.

yanthram

യന്ത്രം

1967 ല്‍ മലയാറ്റൂര്‍ ആദ്യത്തെ തന്റെ സിനിമാക്കഥ ‘മുഖ്യമന്ത്രി’ എന്നൊരു തിരക്കഥ എഴുതി. ജനറല്‍ പിക്‌ചേഴ്‌സിനു വേണ്ടി പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത ഇത്‌, പൊളിറ്റിക്കല്‍ സറ്റയര്‍ ആയിരുന്നതിനാല്‍ മുന്‍കരുതലെടുത്ത് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അനുമതിക്കായി പ്രീ സെന്‍സര്‍ക്ക് പരിശോധനക്ക് അയച്ചു. ഇത് പൊതു പ്രദര്‍ശനത്തിന് യോഗ്യമല്ലെന്ന് സെന്‍സര്‍ വിധിച്ചു. സെന്‍സര്‍ മലയാറ്റൂരിന് ഒരു കൊട്ടും കൊടുത്ത് ഒരു കമന്റും എഴുതി ‘I an shocked to find that this have been written by an IAS officers’. പിന്നിട് മുഖ്യമന്ത്രിക്ക് പകരം മലയാറ്റൂര്‍ എഴുതിയ ‘ലക്ഷപ്രഭു’ ജനറല്‍ പിക്‌ചേഴ്‌സിന് വേണ്ടി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്തു. 5 വര്‍ഷത്തിന് ശേഷം മലയാറ്റൂരിനെതിരെ ഒരു വിജിലന്‍സ് അന്വേഷണം നടന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ യക്ഷിയെന്ന സിനിമക്ക് വേണ്ടി എഴുതി പ്രതിഫലം പറ്റിയെന്നായിരുന്നു കേസ്. മലയാറ്റൂരിനെ ഒതുക്കാന്‍ ഒരു അവസരം നോക്കിയിരുന്ന ചീഫ് സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടു.

malayattoor ramakrishnan

മലയാറ്റൂർ രാമകൃഷ്ണൻ

മലയാറ്റൂര്‍ പഴയ കേന്ദ്ര മന്ത്രാലയത്തിന്റെ ചുവട് പിടിച്ച് ഗ്രന്ഥരചനയ്ക്കും പ്രസിദ്ധീകരണത്തിനും അതില്‍ നിന്നുണ്ടാകുന്ന പ്രതിഫലം സ്വീകരിക്കുന്നതിനും തടസ്സമില്ലെന്ന് വിശദീകരണം നല്‍കി. പുസ്തക രചന സാഹിത്യ പ്രവര്‍ത്തനവും സിനിമക്ക് തിരക്കഥ എഴുതല്‍ വാണിജ്യപരവുമാണ് അതിനാല്‍ ചട്ടലംഘനമാണ്, ചീഫ് സെക്രട്ടറി എന്നിട്ടും വിടാന്‍ തയ്യാറായില്ല. തന്റെ സംശയം കേന്ദ്രത്തിലേക്ക് എഴുതി ചോദിച്ചു. കേന്ദ്രം റഫര്‍ ചെയ്ത് മറുപടി കൊടുത്തു, ‘തിരക്കഥാ രചന സാഹിത്യപരമായ പ്രവൃത്തി തന്നെ’ അപ്പോള്‍ ചീഫ് സെക്രട്ടറിക്ക് പുതിയൊരു സംശയം? കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും വേതനം പറ്റുന്ന ഉദ്യോഗസ്ഥന്‍ പുറം വരുമാനം ഉണ്ടാക്കുന്നത് ശരിയാണോ? ഉടനെ ചീഫ് സെക്രട്ടറി കേന്ദ്രത്തിനോട് തന്റെ സംശയനിവാരണം തേടി. കേന്ദ്ര ആഭ്യന്തര വകുപ്പ് വിശദമായി മറുപടി നല്‍കി. ‘സാഹിത്യ രചനയില്‍ നിന്ന് പ്രതിഫലം സര്‍ക്കാരുദ്യോഗസ്ഥന് വാങ്ങാവുന്നതാണ്. പക്ഷേ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ലഭിച്ച അറ്റവും അനുഭവവും സാഹിത്യരചനയെ സഹായിച്ചിട്ടുണ്ടെന്ന് കാണപ്പെടുകയും, പ്രതിഫലം 250 രൂപയില്‍ കൂടുതലുമാന്നെങ്കില്‍ പ്രതിഫലത്തിന്റെ മൂന്നിലൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഖജനാവിലാക്കണം.’

ഉടനെ ചീഫ് ചാടി വീണു കല്‍പ്പിച്ചു. കെ.വി.രാമകൃഷ്ണ അയ്യര്‍ എന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ എല്ലാ പുസ്തകവും പരിശോധനയ്ക്ക് സമര്‍പ്പിക്കുക. കേന്ദ്രം പറഞ്ഞ പോലെ, പ്രതിഫലത്തിന്റെ മൂന്നിലൊന്ന് തുക സംസ്ഥാനത്തിന് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയണ്ടേ? പുസ്തകങ്ങള്‍ എല്ലാം പരിശോധിച്ചെങ്കിലും അതിലൊന്നും സര്‍ക്കാര്‍ അനുഭവം ഉപയോഗിച്ചിട്ടില്ലെന്നാണ് ഒടുവില്‍ കണ്ടെത്തിയത്. അങ്ങനെ മലയാറ്റൂരിനെ ടിയാന്‍ കുറെ വെള്ളം കുടിപ്പിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മലയാറ്റൂര്‍ യന്ത്രം എഴുതിയത്. ഈ പറഞ്ഞ കാലത്ത് യന്ത്രം എഴുതിയിരുന്നെങ്കില്‍ ചീഫ് സെകട്ടറി മലയാറ്റൂരിനെ പൂട്ടിച്ചേനെ. നിയമം അറിയാവുന്ന, മട്ടാഞ്ചേരി കോടതിയില്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന മലയാറ്റൂരിനെപ്പോലെ ഒരാള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സാഹിത്യരചന നടത്തിയതിന് നേരിടേണ്ടി വന്ന ഗതി ഇതാണെങ്കില്‍ സാധാരണ ജീവനക്കാര്‍ നേരിടുന്നത് എന്തായിരിക്കും?

1970 ജൂണില്‍ കേരള സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപക സംഘടനകള്‍ അവകാശങ്ങള്‍ ഉന്നയിച്ച് സംസ്ഥാന തലത്തില്‍ പണി മുടക്കാരംഭിച്ചു. അക്കാലത്ത് കലാനിലയം കൃഷ്ണന്‍ നായരുടെ ‘തനിനിറം’ ദിനപത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് മന്ത്രി, മന്ത്രിയായ സി.എച്ച് മുഹമ്മദ് കോയയെ വ്യക്തിപരമായി ആക്രമിച്ച് കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ തുടങ്ങി. വിദ്യഭ്യാസ വകുപ്പില്‍ സി.എച്ച്. വരുത്തിയ പരിഷ്‌കാരങ്ങള്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ പി.കെ. മന്ത്രിയെക്കൂടി ബാധിച്ചതായിരുന്നു കാര്‍ട്ടുണുകള്‍ക്കു കാരണം. സര്‍ക്കാര്‍ വേതനം പറ്റുന്ന അദ്ധ്യാപകനായ പി.കെ. മന്ത്രിയെന്ന കാര്‍ട്ടുണിസ്റ്റ് പുറത്ത് വരച്ച് പ്രതിഫലം പറ്റുന്നു. അത് ചട്ടങ്ങള്‍ക്കെതിരാണെന്ന് കാണിച്ച് മന്ത്രിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് വിജിലന്‍സ് കേസാക്കി ഇത് മാറ്റി. പി.കെ. മന്ത്രിയുടെ ജോലി തെറിക്കുമെന്ന് ഉറപ്പായി. പി.കെ. മന്ത്രിയെ പിരിച്ച് വിടണമെന്ന ശക്തമായ ശുപാര്‍ശ ഫയലില്‍ രൂപം കൊണ്ട് കഴിഞ്ഞിരുന്നു. അപ്പോള്‍ ആഭ്യന്തര വകുപ്പില്‍ വിജിലന്‍സ് സെക്രട്ടറിയായി എത്തിയ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഇടപെട്ട് മന്ത്രിയായ സി.എച്ച് മുഹമ്മദ് കോയയില്‍ സ്വാധീനം ചെലുത്തിയാണ് പി.കെ. മന്ത്രിയുടെ ശിക്ഷാ നടപടികള്‍ ഒഴിവാക്കി മന്ത്രിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്.

cartoonist manthri

കാർട്ടൂണിസ്റ്റ് മന്ത്രി

80കളില്‍ ഏലം ബോര്‍ഡില്‍ (ഇന്ന് സ്‌പൈസസ് ബോര്‍ഡ്) പബ്ലിസിറ്റി വിഭാഗത്തില്‍ ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ പി.എ. ശങ്കരനാരായണന്‍ ഓഫീസിലെ അഴിമതികള്‍ക്കെതിരെ ശബ്ദിച്ചതിനാല്‍ അച്ചടക്കനടപടി നേരിട്ട് ജോലിയില്‍നിന്ന് പുറത്തു പോയ ഒരാളാണ്. വിഖ്യാതമായ ഈസോപ്പ് കഥകള്‍ ആദ്യമായി മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്ത ശങ്കരനാരായണനാണ് സ്‌പൈസസ് ബോര്‍ഡിന്റെ ആപ്തവാക്യമായ ‘ഏലം ഒരു ശീലമാക്കൂ’ എന്ന പരസ്യവാചകം എഴുതിയത്. ബി. എം. സി. നായര്‍ ബര്‍മ്മയിലെ റംഗൂണില്‍ ഇന്ത്യന്‍ വിദേശ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന് എഴുതാന്‍ പ്ലാനുണ്ട് മനസ്സില്‍ പ്ലോട്ട് കിടപ്പുണ്ട്. ഒരു സഹപ്രവര്‍ത്തകനോട് അഭിപായം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ‘താന്‍ മണ്ടത്തരം കാണിക്കരുത്. കോണ്‍ഡക്റ്റ് റൂള്‍ ഒന്നു കൂടി വായിച്ച് നോക്ക്’ സര്‍വീസ് എക്‌സ്പീരിയന്‍സ്, റാങ്ക്, ലൊക്കേഷന്‍ ഇതൊന്നും നമ്മള്‍ വെളിപ്പെടുത്താന്‍ പാടില്ല.’

b mohana chandran

ബി. മോഹന ചന്ദ്രൻ

ബി.എം.സി നായര്‍ തന്റെ എഴുത്ത് മോഹം ഉപക്ഷിച്ചില്ല. തന്റെ ഗുരുവും സുഹൃത്തും, ഉപദേശകനുമായ ഫിഷറീസ് വിദ്ഗ്ധന്‍ എ.ഡി.മേനോനെ പോയിക്കണ്ടു, ആള്‍ ഉഗ്രനാണ്. കൊച്ചിക്കാരന്‍, ഇന്ത്യയിലെ ഇന്തോ നോര്‍വീജിയന്‍ ഫിഷറീസ് പ്രൊജക്റ്റിന്റെ തലവനാണ്. അദ്ദേഹം കാര്യം സശ്രദ്ധം കേട്ടു. എന്നിട്ട് പറഞ്ഞു. ‘ നോവല്‍ എഴുതണം, മോഹന്‍ നോവല്‍ . അപ്പോള്‍ പെര്‍മിഷന്‍ ആവശ്യമില്ല. മോഹന ചന്ദ്രന്‍ എന്ന് കൊടുത്താല്‍ മതി, അതല്ലേ മോഹന്റെ മുഴുവന്‍ പേര്. അതങ്ങ് കൊടുക്കുക. അത് ബാബുജിമാര്‍ക്ക് അറിയില്ലല്ലോ’ പോരെ? അത് ബി.എം.സി, തന്റെ അംബാസിഡറോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, ഉഗ്രന്‍ ആശയം. താന്‍ എനിക്ക് ഒരു അപേക്ഷ തരിക ‘He is free to write fiction’ എന്ന് ഞാന്‍ ക്ലീന്‍ ചിറ്റ് തനിക്ക് തരാം. കാര്യം ഒ.കെ. അങ്ങനെയാണ് മലയാള നോവല്‍ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ മന്ത്രവാദ നോവല്‍ ‘കലിക’ ബി. എം. എ സി നായര്‍ എന്ന ബി. മോഹന ചന്ദ്രന്‍ എഴുതുന്നത്. 1977-78 ല്‍ കുങ്കുമം വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച് പ്രശസ്തമായ കലിക മലയാളത്തില്‍ മന്ത്രവാദ നോവലുകള്‍ക്ക് തുടക്കമിട്ടു.

kalika

കലിക

1994 ഒക്‌ടോബര്‍ 16ന് എ.ഐ.ആര്‍ തിരുവനന്തപുരം ദേശീയ റേഡിയോ നാടകോത്സവത്തിന്റെ ഭാഗമായി ‘ശതാഭിഷേകം’ എന്നൊരു നാടകം സംപ്രേക്ഷണം ചെയ്തു. വാര്‍ദ്ധക്യം മൂലം മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ട ഒരു പഴയ തറവാട് (കുടുംബവീട്), കാരണവര്‍ (ഗോത്രപിതാവ്) എന്നിവരെക്കുറിച്ചായിരുന്നു നാടകം.

sathaabhishekam

ശതാഭിഷേകം

തറവാട്ടിലെ കസേരയൊഴിഞ്ഞു കൊടുക്കാത്ത കിട്ടുമ്മാവനും മാനസികവളര്‍ച്ചയില്ലാത്ത മകന്‍ കിങ്ങിണിക്കുട്ടനുമായിരുന്നു അതിലെ പ്രധാന കഥാപാത്രങ്ങള്‍. കെ.എസ്.റാണാ പ്രതാപന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച ഹാസ്യരസപ്രധാനമായ ഈ ഹ്രസ്വ റേഡിയോ നാടകം കേരളത്തില്‍ രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കി. ഐ.എസ്.ആര്‍.ഒ ചാരക്കേസ് അക്കാലത്ത് വിവാദമാവുകയും, കരുണാകരനെ പുറത്താക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും ഗൂഢാലോചന നടത്തുകയും ചെയ്ത സമയത്താണ് ഈ നാടകം അവതരിപ്പിച്ചത്. മുഖ്യമന്ത്രി കരുണാകരനും മകന്‍ കെ. മുരളീധരനുമാണ് ഇതിലെ കഥാപാത്രങ്ങള്‍ എന്ന് പ്രചരിച്ചതോടെ നാടകം ഹിറ്റായി.

നാടകത്തിന്റെ കഥാ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയായ കെ കരുണാകരനും കോണ്‍ഗ്രസ്സുകാരും രോഷാകുലരായി, ജന്മനാടായ നാഞ്ചിനാട്ടിലെ ഒരു കാരണവരെയും കുടുംബത്തെയും വരച്ചിടുകയായിരുന്നു നാടകത്തിലൂടെ താന്‍ ചെയ്തതെന്ന് രമേശന്‍ നായര്‍ തുറന്നു പറഞ്ഞു. ബോധപൂര്‍വമല്ലായിരുന്നു ആ നാടകത്തിലെ കഥാപാത്ര അവതരണമെന്ന് ഔദ്യോഗിക തലത്തില്‍ രമേശന്‍ നായര്‍ വാദിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. തിരുവനന്തപുരത്ത് നിന്ന് ആകാശവാണിയുടെ പോര്‍ട്ട് ബ്ലെയര്‍ സ്‌റ്റേഷനിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി. ഔദ്യോഗികരംഗത്തെ ഒറ്റപ്പെടുത്തലില്‍ മനംനൊന്ത് അദ്ദേഹം ആകാശവാണിയില്‍ നിന്ന് സ്വയം വിരമിച്ചു. രമേശന്‍ നായര്‍ക്ക് വേണ്ടി വാദിക്കാനും ചോദ്യ ഉയര്‍ത്താനും ആരുമുണ്ടായില്ല. രമേശന്‍ നായര്‍ സ്ഥലംമാറ്റം അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്തു.

rameshan nair

എസ്. രമേശൻ നായർ

തിരുവനന്തപുരം ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസിങ് വിഭാഗത്തിന്റെ ചുമതലയിലിരിക്കെ 12 വര്‍ഷം കൂടി സര്‍വീസ് ശേഷിക്കെയായിരുന്നു ‘ശതാഭിഷേക’ത്തിന്റെ പേരില്‍ രമേശന്‍ നായരുടെ ഈ പടിയിറക്കം ‘ശതാഭിഷേകം’ പിന്നീട് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ആയിരക്കണക്കിനു കോപ്പികളാണ് നാടെങ്ങും വിറ്റഴിഞ്ഞത്. രണ്ടു ദിവസം കൂടുമ്പോള്‍ പുതിയ പതിപ്പ് അച്ചടിച്ചിറക്കുകയെന്ന അപൂര്‍വതയും ‘ശതാഭിഷേക’ത്തിന് ലഭിച്ചു. ഒരു മാസത്തിനുള്ളില്‍ വിറ്റത് 25,000ത്തിലധികം കോപ്പികള്‍. ഏറെ താമസിയാതെ മുഖ്യമന്ത്രി കെ. കരുണാകരന് രാജിവെച്ചൊഴിയേണ്ടി വന്നു.

content summary; Writer, creative process, freedom of expression and obstacles

Leave a Reply

Your email address will not be published. Required fields are marked *

×