അന്താരാഷ്ട്ര ക്രിക്കറ്റിലെ യശസ്വി ജയ്സ്വാളിന്റെ ഉയര്‍ച്ച സമാനതകളില്ലാത്തതാണ്. ഓസ്ട്രേലിയയില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് തയ്യാറെടുക്കുമ്പോള്‍, എല്ലാ കണ്ണുകളും ഈ യുവ ഓപ്പണറിലാണ്. മുംബൈയില്‍ നിന്നുള്ള 22-കാരന്‍ സമീപ വര്‍ഷങ്ങളിലായി ഇന്ത്യക്കായി മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ഓസീസ് മണ്ണിലെ പരമ്പര ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കഠിനമായ പരീക്ഷണമായിരിക്കും ജയ്‌സ്വാളിന് നല്‍കുക. അഞ്ച് ടെസ്റ്റുകള്‍, അതും വിദേശ പിച്ചില്‍. നേരിടേണ്ടതാകട്ടെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ഒരുകൂട്ടം ബൗളര്‍മാരെ.
ജയ്‌സ്വാളിനെ ഓസീസ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ചെറുതെങ്കിലും കരിയറിലെ ഇതുവരെയുള്ള പ്രകടനം പരിശോധിച്ചാല്‍, അരങ്ങേറ്റം മുതല്‍ തന്നെ യുവതാരം ശ്രദ്ധേയമായ തന്റെ കഴിവ് പിച്ചില്‍ തെളിയിച്ചിട്ടുണ്ട്. റണ്‍സ് അടിക്കുന്നതുമാത്രമല്ല, അസാധാരണമായ വേഗതയില്‍ സ്‌കോര്‍ ചെയ്യുന്നു എന്നതാണ് ജയ്‌സ്വാളിനെ എതിരാള്‍ക്ക് മുന്നില്‍ അപകടകാരിയാക്കുന്നത്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്, അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് കാണിക്കുന്നതുപോലെയുള്ള ആക്രമണം മാത്രം പോര ഓസ്‌ട്രേലിയയില്‍, അവിടെ തന്റെ കളിയുടെ രീതികള്‍ അവന്‍ വ്യത്യാസപ്പെടുത്തേണ്ടതുണ്ട്.
ടെസ്റ്റിനു വേണ്ടി ഓസ്‌ട്രേലയി ഒരുക്കുന്നത് ബൗണ്‍സും വേഗതയും നിറഞ്ഞ പിച്ചുകളാണ്. ഓപ്പണര്‍മാര്‍ ശ്രദ്ധാപൂര്‍വം വേണം തയ്യാറെടുക്കാന്‍. പന്തിന്റെ തിളക്കം നഷ്ടപ്പെടുന്നതുവരെ ആക്രമണത്തെക്കാള്‍ പ്രതിരോധം ഉചിതമായ മാര്‍ഗമാകും. അതിനുശേഷം പ്രഹരശേഷി പുറത്തെടുക്കുന്നതാണ് ബുദ്ധി. യശസ്വി ജയ്സ്വാളിന്റെ പതിവ് ശൈലി ഇവിടെ അത്രമാത്രം പ്രായോഗകമാകില്ല. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയയുടെ ബൗളിംഗ് യൂണിറ്റ് സമീപകാലത്ത് ഒരു ഇന്ത്യന്‍ ബാറ്ററും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും ഉണ്ടാക്കുക. യശസ്വി ജയ്സ്വാള്‍ പേസ് ബൗളിംഗ് നേരിട്ടുണ്ടെങ്കിലും അത് മതിയായ അനുഭവമായിട്ടില്ല. ആഭ്യന്തര മത്സരങ്ങളിലും പിന്നെ ദക്ഷിണാഫ്രിക്കയില്‍ രണ്ട് ടെസ്റ്റുകളുമാണ് ആകെയുള്ളത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഓസ്ട്രേലിയയുടെ പേസ് ആക്രമണം കൂടുതല്‍ കഠിനമായിരിക്കും. ഓസ്ട്രേലിയയുടെ ബൗളര്‍മാരുടെ കണ്‍സിസ്റ്റന്‍സിയും, അവരുടെ ആക്രമണോത്സുകതയും, ഓരോ പന്തിലും അവര്‍ കൊണ്ടുവരുന്ന വ്യത്യസ്തതയുമെല്ലാം സമാനതകളില്ലാത്തതായിരിക്കും. ബാറ്ററുടെ ചെറിയ ബലഹീനതപോലും അവര്‍ മുതലെടിക്കും. ജയ്സ്വാളിന്റെ സ്വാഭാവിക ശൈലിയായ ആക്രമണം അതുകൊണ്ട് തന്നെ ഓസീസ് പിച്ചുകളില്‍ പരീക്ഷിക്കപ്പെടും. ദൈര്‍ഘ്യമേറിയതും അതു പോലെ കഠിനമായതുമായ പരമ്പരയാണിത്. ആദ്യ സെഷനുകളെ അതിജീവിക്കുക എന്നത് റണ്‍സ് നേടുന്നത് പോലെ തന്നെ നിര്‍ണായകമാണ് ഓസ്‌ട്രേലയിന്‍ സാഹചര്യങ്ങളില്‍.
പെര്‍ത്തിലെ ഇന്ത്യയുടെ പരിശീലന സെഷനുകള്‍, വേഗവും ബൗണ്‍സും നിറഞ്ഞ ഓസ്ട്രേലിയന്‍ സാഹചര്യങ്ങളെ മനസിലാക്കാന്‍ ബാറ്റര്‍മാരെ സഹായിക്കും. ഈ പര്യടനത്തില്‍ കളിക്കാരുടെ ശാരീരികക്ഷമതയും പ്രധാനഘടകമാണ്. ഇക്കാര്യത്തില്‍ ഇന്ത്യക്ക് ചെറിയ പേടികളുണ്ട്. പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പരിശീലനം തുടങ്ങിയെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല. ചില കണക്കുകളും നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഓസ്ട്രേലിയന്‍ പിച്ചുകള്‍ വലിയ സ്‌കോര്‍ ആര്‍ക്കും നല്‍കുന്നില്ല. ഒരു വിക്കറ്റിന് ശരാശരി 27.08 റണ്‍സ് എന്നതാണ് കണക്ക്. ജയ്സ്വാളിനെപ്പോലുള്ള ഒരു യുവ ബാറ്റര്‍ക്ക്, ഈ ആവറേജുകള്‍ തന്റെ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്.
ജന്മസിദ്ധമായ കഴിവും, മികച്ച സാങ്കേതികതയും കളിക്കളത്തില്‍ പുലര്‍ത്തുന്ന തന്ത്രങ്ങളുമാണ് ജയ്‌സ്വാളിനെ വ്യത്യസ്തനാക്കുന്നത്. തന്റെ ഹ്രസ്വ ടെസ്റ്റ് കരിയറില്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാനുള്ള കഴിവ് ജയ്‌സ്വാള്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ്. സ്പിന്നിനെതിരെയാണ് ജയ്‌സ്വാള്‍ മികച്ച് പ്രകടനം നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 75.16 ശരാശരിയില്‍, 902 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ടേണിംഗ് വിക്കറ്റുകളില്‍ കളിക്കാനുള്ള യശസ്വിയുടെ കഴിവാണ് ഇത് കാണിക്കുന്നത്. എന്നാല്‍ പേസ് ബൗളിംഗിനു മുന്നില്‍ അവന്‍ പരുങ്ങുന്നുണ്ട്. സ്പിന്നെതിരേയുള്ള കണക്ക് സീമിനെതിരെയില്ല. ആകെ നേടിയിരിക്കുന്നത് 505 റണ്‍സാണ്, ശരാശരി 38.84 ഉം. ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ നേരിടുന്നതില്‍ യശ്വസ്സിക്ക് ദൗര്‍ബല്യമുണ്ട്. പേസര്‍മാരുടെ ലെങ്ത് മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. ലോങ് പിച്ച് ആണോ ഷോട്ട് പിച്ചാണോ എന്നകാര്യത്തില്‍ പലപ്പോഴും അയാള്‍ക്ക് ഉത്തരം കിട്ടാതെ പോവുകയാണ്. പേസും ബൗണ്‍സും എക്കാലത്തെയും വലിയ ഭീഷണികളാകുന്ന ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ജയ്സ്വാളിന് ഈ പ്രശ്‌നം വലിയ തലവേദനയാകും. അയാള്‍ക്ക് നേരിടേണ്ടി വരിക ന്യൂബോളുകളാണ്. അവയെ കൃത്യതയോടെ എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയണം. സ്റ്റാര്‍ക്ക്, ഹേസില്‍വുഡ്, കമ്മിന്‍സ് എന്നിവര്‍ക്കെതിരെ, അശ്രദ്ധമായ ഏതൊരു നീക്കവും ക്രിസീലെ അയാളുടെ ആയുസ് അവസാനിപ്പിക്കും. ഫാസ്റ്റ് ബൗളര്‍മാരെ മാത്രം പേടിച്ചാല്‍ മതിയെന്നല്ല, ഓസ്ട്രേലിയയുടെ കൗശലക്കാരനായ ഓഫ് സ്പിന്നറായ നഥാന്‍ ലിയോണും അപകടകാരിയാണ്. പ്രത്യേകിച്ചും ജയ്‌സ്വാളിനെ പോലുള്ള ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരേ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്.
എന്നിരുന്നാലും, ജയ്സ്വാളിന്റെ സ്വാഭാവിക ആക്രമണശൈലി ഈ പരമ്പരയില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ്. ഏതൊരു പരീക്ഷണ ഘട്ടത്തിലും കളി എതിരാളികളില്‍ നിന്നും പിടിച്ചു വാങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ സാധ്യതകളില്‍ നിര്‍ണായകമാണ്. സഞ്ജയ് മഞ്ജരേക്കറിനെപ്പോലുള്ള മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ജയ്സ്വാളിന്റെ സമീപനത്തെ പ്രശംസിക്കുന്നവരാണ്. അദ്ദേഹത്തിന്റെ ആക്രമണം എതിര്‍ ടീമിനെ അസ്വസ്ഥമാക്കുകയും അവരുടെ താളം തെറ്റിക്കുകയും ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നുമാണ് മുന്‍താരങ്ങളുടെ വിലയിരുത്തല്‍. ഓരോ കളിയുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ ഓസ്ട്രേലിയക്കാര്‍ തങ്ങളുടെ ആക്രമണോത്സുകരായ കളിക്കാരെ ഉപയോഗിക്കാറുണ്ട്. അതുപോലെ, എതിര്‍ ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ജയ്സ്വാളിലൂടെ ഇന്ത്യക്കും സാധിക്കും. എന്നിരുന്നാലും, ഓസ്ട്രേലിയന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ പ്രാധാന്യവും ജയ്സ്വാള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ ചോദ്യം. ചരിത്രം വലിയ ഭാരമാകുമെന്ന് തീര്‍ച്ച. ടോപ്പ് ഓര്‍ഡറിലുള്ള ബാറ്റര്‍ നിര്‍ണായക പങ്ക് വഹിക്കാതെ ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പരയും ഇന്ത്യ ജയിച്ചിട്ടില്ല. ഓസ്ട്രേലിയന്‍ ബൗളിംഗ് ആക്രമണം തീവ്രവവും സ്ഥിരതായര്‍ന്നതുമാണ്. തെറ്റായ ഏതൊരു നീക്കത്തിനും വിക്കറ്റാണ് വില. പിഴവുകള്‍ ഒഴിവാക്കാന്‍ ജയ്സ്വാള്‍ പരമാവധി ശ്രമിക്കേണ്ടതുണ്ട്.
അതേസമയം, ഈ പരമ്പര യശസി ജയ്‌സ്വാളിനെ സംബന്ധിച്ച് അയാളുടെ വളര്‍ച്ചയുടെ അവസരം കൂടിയാണ്. ഇവിടെ വരെയുള്ള അയാളുടെ യാത്ര ഏറെ പ്രചോദനമാണ്. മുംബൈയില്‍ ഗള്ളി ക്രിക്കറ്റ് കളിക്കാരനില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായ യുവതാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര സ്ഥിരോത്സാഹത്തിന്റെ കഥ കൂടിയാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ക്രിക്കറ്റ് സ്വപ്‌നം കാണുന്ന ഓരോരുത്തര്‍ക്കും പ്രചോദനമായ കഥ. ജയ്സ്വാളിനെപ്പോലുള്ള കളിക്കാര്‍ എളിയ പശ്ചാത്തലത്തില്‍ നിന്ന് ടീം ഇന്ത്യയെന്ന സ്വപ്നത്തെ യാഥാര്‍ത്ഥമാക്കിയവരാണ്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര ജയ്സ്വാളിന് ഒരു പാഠശാലയായിരിക്കും. ഏറ്റവും മികച്ചവര്‍ പോലും പരാജയപ്പെടുന്ന ഒരു പരീക്ഷണശാലയാണത്, അവിടേക്കാണ് ഈ 22 കാരന്‍ കടന്നു ചെല്ലുന്നത്. ഇതില്‍ വിജയിക്കാനായാല്‍, വ്യക്തിപരമായും ഇന്ത്യന്‍ ക്രിക്കറ്റിനും അതുണ്ടാക്കുന്ന നേട്ടം വലുതായിരിക്കും. ഫാസ്റ്റ് പിച്ചുകളും മൂര്‍ച്ചയുള്ള ബൗളര്‍മാരുമുള്ള ഓസ്ട്രേലിയ, സാധ്യമായ എല്ലാ വഴികളിലുടെയും ഈ ചെറുപ്പക്കാരനെ പരീക്ഷിക്കും. ഇത്തരം പരിതസ്ഥിതികളില്‍ നിന്നാണ് താരങ്ങള്‍ പിറക്കുന്നത്. എന്തായാലും ഈ പരമ്പര ജയ്സ്വാളിന്റെ കരിയറിലെ നിര്‍ണായക സമയമായിരിക്കും സൃഷ്ടിക്കുക. അദ്ദേഹത്തിന് വലിയ സ്‌കോര്‍ നേടാനുള്ള കഴിവും എതിരാളികളെ നേരിടാനുള്ള നിര്‍ഭയത്വവുമുണ്ട്, എന്നാല്‍ ഓസ്ട്രേലിയയുടെ മാരകമായ ബൗളിംഗ് ആക്രമണത്തെ കീഴടക്കാന്‍ അത് മതിയാകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്: ജയ്സ്വാള്‍ ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍, അത് അദ്ദേഹത്തിന്റെ കരിയറിന്റെ പാതയും ഈ ദശാബ്ദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരകളിലൊന്നില്‍ ഇന്ത്യയുടെ സാധ്യതകളും മാറ്റിമറിച്ചേക്കാം. Yashasvi Jaiswal: India’s Bright Hope in the Crucible of Australian Test Cricket
Content Summary; Yashasvi Jaiswal: India’s Bright Hope in the Crucible of Australian Test Cricket