സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചാല്‍ പാരിതോഷികം, വിമര്‍ശിച്ചാല്‍ പിഴയും ജയിലും. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അംഗീകരിച്ച വിവാദ സമൂഹ മാധ്യമ ബില്ലിന്റെ ചുരുക്കമിതാണ്. സര്‍ക്കാരിനെതിരേ പോസിറ്റീവ് ആയി എഴുതുന്നവര്‍ക്ക് പണവും സമ്മാനങ്ങളും നല്‍കുന്നതിനെക്കാള്‍ ആശങ്കപ്പെടുത്തുന്ന കാര്യം വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികള്‍ ആക്കുന്നതാണ്. പ്രതിപക്ഷം ഇതിനകം വിവാദ ബില്ലിനെതിരേ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. നിയമനടപടിയെന്ന ഭീഷണി ഉയര്‍ത്തി സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളുടെ വായടപ്പിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.
സോഷ്യല്‍ മീഡിയ ഉള്ളടകങ്ങള്‍ ഒരു സാഹചര്യത്തിലും അസഭ്യമോ, അശ്ലീലമോ ദേശവിരുദ്ധമോ ആകരുതെന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പ് തലവനുമായ സഞ്ജയ് പ്രസാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഓഗസ്റ്റ് 27 നാണ് പുതിയ സമൂഹ മാധ്യമ നയത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഏതെങ്കിലും തരത്തിലുള്ള ‘ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍’ പ്രസിദ്ധപ്പെടുത്തുന്നവര്‍ക്കെതിരേ നിയമനടപടി ഉറപ്പാക്കുന്നതാണ് പുതിയ ചട്ടം. അതേസമയം തന്നെയാണ്, സര്‍ക്കാരിനെ പ്രശംസിക്കുകയും അനുകൂലമായ ഉള്ളടക്കങ്ങള്‍ നല്‍കുകയും ചെയ്യുന്ന അകൗണ്ടുകള്‍ക്കും ഇന്‍ഫ്‌ളുവര്‍മാര്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കി അവരെ സന്തോഷിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും ‘നേട്ടങ്ങള്‍’ ഉള്ളടക്കങ്ങളാക്കുന്ന ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കാനുള്ള അവസരമാണ് യോഗി സര്‍ക്കാര്‍ പുതിയ സോഷ്യല്‍ മീഡിയ നയത്തിലൂടെ ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റ് സമാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും സംസ്ഥാനത്തിന്റെ വിവിധ വികസന, പൊതുജനക്ഷേമ പദ്ധതികള്‍, നേട്ടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രസാദ് പറയുന്നത്. പുതിയ നയം പ്രകാരം, സംസ്ഥാന സര്‍ക്കാരിന്റെ ‘പദ്ധതികളും നേട്ടങ്ങളും’ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങള്‍, എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവ വഴി ട്വീറ്റുകളോ, വീഡിയോകളോ, പോസ്റ്റുകളോ റീലുകളോ ആയി പ്രചരിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി പരസ്യങ്ങള്‍ നല്‍കുന്നതിന് ഏജന്‍സികളെയും സ്ഥാപനങ്ങളെയും സര്‍ക്കാര്‍ പട്ടികപ്പെടുത്തുമെന്നും നയത്തില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് ഉള്ളവര്‍ക്ക് മാത്രമല്ല, രാജ്യത്ത് എവിടെയാണെങ്കിലും രാജ്യത്തിന് പുറത്തുള്ളവരാണെങ്കിലും ഏതൊരു ഉത്തര്‍പ്രദേശുകാരനും ഈയൊരു മാര്‍ഗത്തിലൂടെ വലിയ തോതില്‍ തൊഴില്‍ ഉറപ്പാക്കാനും പുതിയ നയം കൊണ്ട് സാധിക്കുമെന്നാണ് സഞ്ജയ് പ്രസാദ് പറയുന്നത്.
സോഷ്യല്‍ മീഡിയയിലെ സ്വാധീനം അനുസരിച്ചാണ് പ്രതിഫലം. എക്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ട് ഉടമകള്‍, ഡിജിറ്റര്‍ മീഡിയ നടത്തിപ്പുകാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരെ അവരുടെ ഫോളോവേഴ്‌സിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.
എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളില്‍ അകൗണ്ടുള്ളവര്‍ക്ക് അവരുടെ റീച്ചിന് അനുസരിച്ച് മാസം 5,4,3 ലക്ഷം വീതം ലഭിക്കും. പോഡ്കാസ്റ്റ്, വീഡിയോസ്, ഷോര്‍ട്ട് വീഡിയോസ് എന്നിവ ചെയ്യുന്നവര്‍ക്ക് മാസം പരമാവധി എട്ട് ലക്ഷം വരെ സമ്പാദിക്കാം. കാറ്റഗറിയനുസരിച്ച് യൂട്യൂബില്‍ നിന്ന് പ്രതിമാശം 7,6,4 ലക്ഷം വീതമാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പിടിച്ചെടുക്കാനാണ് ബിജെപി പുതിയ നയം കൊണ്ടു വന്നിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. വിമര്‍ശകരെ ശിക്ഷിക്കുകയും, തങ്ങളുടെ പ്രൊപ്പഗാണ്ടയ്ക്ക് സഹായിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിന് അനുസൃതമായി രൂപപ്പെടുത്തിയ നയമാണ് ഇതെന്നാണ് ബിജെപി വക്താവ് രാകേഷ് ത്രിപാഠിയുടെ ന്യായം.
സോഷ്യല്‍ മീഡിയയില്‍ ധാരളം ഫോളേവേഴ്‌സ് ഉള്ളവര്‍ തങ്ങളുടെ ഉത്പന്നങ്ങളോ, ആശയങ്ങളോ, രാഷ്ട്രീയ താത്പര്യങ്ങളോ പ്രചരിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും തങ്ങളുടെ സ്വാധീനം മറ്റുള്ളവരില്‍ ചെലുത്തുന്നുണ്ട്. ഇത്തരക്കാരെയാണ് പൊതുവില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇവര്‍ ഭരണകൂടത്തിന് ഗുണം ചെയ്യുന്നവരോ ദോഷം ചെയ്യുന്നവരോ ആകാം. വലിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ തക്കശേഷിയുള്ളതുകൊണ്ട് തന്നെ ഇന്‍ഫ്‌ളുവന്‍സര്‍മാരെ അവഗണിക്കാര്‍ രാഷ്ട്രീയക്കാര്‍ക്കും ഭരണകൂടത്തിനും സാധിക്കില്ല. ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഇന്ന് നിര്‍ണായക ഘടകമാണ്. രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനം പോലും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചാണ് പൊതുവില്‍ നടക്കുന്നത്. ജനങ്ങളെ വലിയ ഏറ്റവും എളുപ്പത്തിലും വിപുലമായും തങ്ങളുടെ പ്രചാരണങ്ങളുടെയും ആശയങ്ങളുടെയും സ്വാധീനത്തിലേക്ക് എത്തിക്കാമെന്നതാണ് സോഷ്യല്‍ മീഡിയകൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് കിട്ടിയിരിക്കുന്ന ഗുണം. ഇതേ രീതിയില്‍ തന്നെ തിരിച്ചടിയും ഉണ്ടാകാം. അതുകൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയയെ ഭരണകൂടം ഭയക്കുന്നത്.
ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ വഴി നേട്ടം ഉണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. 2014 മുതല്‍ അവരുടെ രാഷ്ട്രീയ പ്രചാരണം പ്രധാനമായും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചായിരുന്നു. സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാനും എതിരാളികളെ ദുര്‍ബലരാക്കാനും ബിജെപിയും സഘപരിവാര്‍ ഘടകങ്ങളും വാട്‌സ് ആപ്പും ഫേസ്ബുക്കും വലിയ തോതില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അതേസമയം തന്നെ സര്‍ക്കാരിനെതിരേയും പാര്‍ട്ടിക്കെതിരേയും വരുന്ന വിമര്‍ശനങ്ങളെ അധികാരം ഉപയോഗിച്ച് തടയാനും അവര്‍ക്ക് കഴിയുന്നുണ്ട്. എങ്കില്‍ പോലും സ്വതന്ത്ര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ മാധ്യമങ്ങളും വിമര്‍ശന ശക്തികളായി ഇപ്പോഴും ബിജെപിക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ അതിന്റെ ക്ഷീണം പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങളെക്കാള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവര്‍മാര്‍ക്ക് സാധിച്ചിരുന്നു. Yogi adityanath government approved uttar pradesh new social media policy
Content Summary; Yogi adityanath government approved uttar pradesh new social media policy