June 03, 2026 |
Share on

ഐടി കമ്പനികളെ യുവതലമുറ കൈയൊഴിയുന്നു; 3 വർഷത്തിനിടയിൽ ജോലി ഉപേക്ഷിച്ചത് 50 ശതമാനം പേർ

2022 സാമ്പത്തിക വർഷത്തിൽ 59 ശതമാനമായിരുന്നു യുവജീവനക്കാരുടെ എണ്ണം

ഇന്ത്യയിലെ മുൻനിര ഐടി കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (ടിസിഎസ്), ഇൻഫോസിസ് ലിമിറ്റഡ് എന്നിവയിൽ യുവ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുന്നതായി റിപ്പോർട്ട്. 30 വയസിന് താഴെയുള്ള ജീവനക്കാരുടെ എണ്ണത്തിലാണ് ഗണ്യമായ ഇടിവ് വന്നിരിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച് 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഇന്ത്യയിലെ ടിടിഎസ് ജീവനക്കാരിൽ വെറും 47.7 ശതമാനം പേർ മാത്രമാണ് മുപ്പത് വയസിന് താഴെയുള്ളവർ. 2022 സാമ്പത്തിക വർഷത്തിൽ 59 ശതമാനമായിരുന്നു യുവജീവനക്കാരുടെ എണ്ണം. അതായത് മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ 44,542 ജീവനക്കാരുടെ കുറവാണ് കമ്പനിയ്ക്കുണ്ടായത്. ഇൻഫോസിസിലെ 3,23,578 ജീവനക്കാരിൽ 52 ശതമാനം പേർ മാത്രമാണ് 30 വയസിന് താഴെയുള്ളവർ. 2022 സാമ്പത്തിക വർഷത്തിൽ ഇൻഫോസിസിലെ 30 വയസിൽ താഴെയുള്ള ജീവനക്കാരുടെ 60 ശതമാനമായിരുന്നു. അതായത് ഏകദേശം 17, 609 ജീവനക്കാരാണ് ഈ കാലയളവിൽ ജോലി വിട്ടത്. ഐടി മേഖലയിലെ ഓട്ടോമേഷൻ പരിഷ്കാരങ്ങളാണ് ഇടിവിന് പിന്നിലെ കാരണമെന്ന വിലയിരുത്തലുകളുമുണ്ട്. ഓട്ടോമേഷൻ സംവിധാനങ്ങൾ നിലവിൽ വന്നതോടെ ഉപഭോക്തൃ സേവനം ആളുകളിലേക്കെത്തിക്കുന്ന റോളുകൾ കുറഞ്ഞതാവാം യുവ ജീവനക്കാരുടെ എണ്ണം കുറഞ്ഞതിന് പിന്നിലെന്നും വിലയിരുത്തുന്നു. യുവ ബിരുദധാരികൾ സ്റ്റാർട്ടപ്പുകളിലേക്കും സോഫ്റ്റ്‌വെയർ ഉൽപ്പന്ന നിർമ്മാതാക്കളിലേക്കും അല്ലെങ്കിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള ആഗോള സ്ഥാപനങ്ങളുടെ ടെക് സെന്ററുകളിലേക്കും തിരിയുന്നു. ഇവ അവർക്ക് മികച്ച വേതനം, വേഗത്തിലുള്ള വളർച്ച, കൂടുതൽ സൃഷ്ടിപരമായ ജോലി എന്നിവ അനുവദിക്കുന്നുവെന്ന് ചില വിശകലന വിദഗ്ധർ പറയുന്നു.

റിപ്പോർട്ട് അനുസരിച്ച്, 2025 സാമ്പത്തിക വർഷത്തിൽ ടിസിഎസിന്റെ വരുമാനത്തിൽ 3.78 ശതമാനം മാത്രമാണുണ്ടായത്. അതായത് 30.18 ബില്യൺ ഡോളറിലെത്തി. നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാനമാണിത്. ഇൻഫോസിസിന്റെ വരുമാന വളർച്ചയും 3.85 ശതമാനം കുറവായിരുന്നു അതായത് ഏകദേശം 19.28 ബില്യൺ ഡോളറിലെത്തി. 2022 സാമ്പത്തിക വർഷത്തിൽ ടിസിഎസും ഇൻഫോസിസും ചേർന്ന് 1,57,000ത്തിലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവരിൽ കുടുതലും എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ക്യാമ്പസ് പ്ലേസ്മെന്റിൽ നിയമനം നേടിയവരാണ്. ഇവർക്ക് കുറഞ്ഞ വേതനം നൽകിയാൽ മതിയെന്നതാണ് ഇതിന് പിന്നിലെ കാരണം.

content summary: Young Workforce Rapidly Shrinking at Leading Tech Companies

Leave a Reply

Your email address will not be published. Required fields are marked *

×