December 10, 2024 |
Share on

പത്താം നമ്പര്‍ വീട്ടിലെ വിശേഷങ്ങള്‍

ഡൗണിംഗ് സ്ട്രീറ്റിലെ ലോക പ്രശസ്തമായ മേല്‍വിലാസം

10 ഡൗണിംഗ് സ്ട്രീറ്റ്: ലോക ചരിത്രത്തില്‍ ഇടം പിടിച്ച വിലാസം. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫിസും പ്രതിനിധാനം ചെയ്യുന്ന വിലാസം. ആ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഗതിവിഗതികള്‍ നിര്‍ണയിക്കപ്പെട്ടത് ഇവിടെ നിന്നാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റിയില്‍ വൈറ്റ്ഹാളിനോട് ചേര്‍ന്ന് കിടക്കുന്ന ഡൗണിംഗ് സ്ട്രീറ്റിലാണ് 1735 മുതല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിലാസമായ ഓഫിസും വസതിയും നിലകൊള്ളുന്നത്.

10 ഡൗണിംഗ് സ്ട്രീറ്റ് ഇനി പുതിയൊരു നേതാവിന്റെ മേല്‍വിലാസം ആവുകയാണ്. യുകെയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കിയര്‍ സ്റ്റാര്‍മര്‍ ആണ് ആ പുതിയ മേല്‍വിലാസക്കാരന്‍.

ഡൗണിംഗ് സ്ട്രീറ്റിന്റെ ചരിത്രം
സമ്പന്നമായ ഭൂതകാലമുറങ്ങുന്ന മണ്ണിലാണ് ഡൗണിംഗ് സ്ട്രീറ്റ് നിലകൊള്ളുന്നത്. റോമന്‍, ആംഗ്ലോ-സാക്‌സണ്‍, നോര്‍മാന്‍ അധിനിവേശം എന്നിവയുടെ ചരിത്രത്തിലൂടെയാണത് വര്‍ത്തമാനകാലത്തിലേക്ക് എത്തുന്നത്. ഒരു മദ്യനിര്‍മാണ ശാലയായി പ്രവര്‍ത്തിച്ചിരുന്നിടത്ത് നിന്നാണ് ഇത് ഹെന്റി എട്ടാമന്‍ രാജാവിന്റെ വൈറ്റ്ഹാള്‍ കൊട്ടാരത്തിന്റെ ഭാഗമായി മാറുന്നത്. ഇംഗ്ലീഷ് പ്രഭുവായ തോമസ് നൈവെറ്റ് ഉള്‍പ്പെടെ പലരും ഈ വിലാസത്തിന്റെ പാട്ടക്കാരും വാടകക്കാരുമൊക്കെയായിട്ടുണ്ട്. സര്‍ ജോര്‍ജ് ഡൗണിംഗ് ഇവിടുത്തെ താമസക്കാരനായതിനു പിന്നാലെയാണ് ഈ തെരുവ് ഡൗണിംഗ് സ്ട്രീറ്റ് ആയി മാറുന്നത്. ഒലിവര്‍ ക്രോംവെല്ലിന്റെ അനുയായി ആയിരുന്ന ഡൗണിംഗ് പിന്നീട് തന്റെ വിധേയത്വം ചാള്‍സ് രണ്ടാമനോടാക്കിയതോടെയാണ് 1654 ല്‍ പില്‍ക്കാലത്ത് ഡൗണിംഗ് സ്ട്രീറ്റായ പ്രദേശം ജോര്‍ജ് ഡൗണിംഗിന് ലഭിക്കുന്നത്. 28 വര്‍ഷക്കാലം വാടകക്കാരനായി കഴിഞ്ഞ പ്രദേശം 1682 ല്‍ ഡൗണിംഗിന് സ്വന്തമായി. തന്റെ പേരിലായ പ്രദേശത്ത്-15 മുതല്‍ 20 വരെ നിലകളില്‍ വീടുകളുള്ള, ഒരു പ്രവേശന മാര്‍ഗം മാത്രമുള്ള- ഒരു തെരുവ് നിര്‍മിക്കാന്‍ ക്രിസ്റ്റഫര്‍ റെന്‍ എന്ന വിദഗ്ധനെ ഡൗണിംഗ് ചുമതലപ്പെടുത്തി. വളരെ പെട്ടെന്ന് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി. അതിന്റെതായ കുഴപ്പങ്ങളുമുണ്ടായി. ചെലവ് കുറഞ്ഞുള്ള ആ നിര്‍മാണ പ്രവര്‍ത്തിക്ക് പല അപാകതകളും പിന്നീട് കണ്ടെത്തി.

10 downing street , keir starmer

പ്രധാനമന്ത്രിമാരുടെ കൈയിലേക്ക്…
1732 ലാണ് നമ്പര്‍ 10 കെട്ടിടം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായി മാറുന്നത്. ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ പ്രധാനമന്ത്രിയായി കരുതപ്പെടുന്ന റോബര്‍ട്ട് വാള്‍പോളിന് ജോര്‍ജ് രണ്ടാമന്‍ രാജാവ് ഈ വസതി സമ്മാനമായി നല്‍കുന്നതോടെയാണ് നമ്പര്‍ 10 പുതിയ മേല്‍വിലാസത്തിലേക്ക് മാറുന്നത്. തനിക്ക് കിട്ടിയ വ്യക്തിഗത സമ്മാനമായി വാള്‍പോള്‍ ഈ വസതിയെ കാണാതിരുന്നതാണ് നമ്പര്‍ 10 ചരിത്രത്തില്‍ ഇടം പിടിക്കാന്‍ കാരണം. രണ്ട് ദശാബ്ദത്തോളം ട്രഷറിയുടെ ഫസ്റ്റ് ലോര്‍ഡ് എന്ന പദവി വഹിച്ചിരുന്ന വാള്‍പോള്‍ തന്റെ ഔദ്യോഗിക വസതിയായാണ് നമ്പര്‍ 10 സ്വീകരിച്ചത്. രാജാവിന്റെ സമ്മാനം രണ്ട് കെട്ടിടങ്ങളായിരുന്നു. ഇവ രണ്ടും കൂടി സംയോജിപ്പിച്ചശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസുമാക്കി വാള്‍പോള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.

മാറിയ നമ്പരും നിറവും
യഥാര്‍ത്ഥത്തില്‍ ഈ വസതിയുടെ ആദ്യത്തെ നമ്പര്‍ 5 ആയിരുന്നു. 1779 ലാണ് 5 ല്‍ നിന്നും 10 ആകുന്നത്. നമ്പര്‍ മാറിയതുപോലെയാണ് കെട്ടിടത്തിന്റെ നിറവും മാറിയത്. ഇന്ന് ആ വസതിയുടെ അടയാളമായ കറുത്തഇഷ്ടികകളായിരുന്നില്ല ആദ്യം; മഞ്ഞയായിരുന്നു. 1960 കളില്‍ നടന്ന അറ്റകുറ്റപ്പണികള്‍ക്കിടയിലാണ് യഥാര്‍ത്ഥ നിറം പുറത്തറിഞ്ഞത്. രണ്ടു നൂറ്റാണ്ടോളം ഏല്‍ക്കേണ്ടി വന്ന വായു മലനീകരണമാണ് മഞ്ഞയെ കറുപ്പാക്കിയത്. ചരിത്രത്തില്‍ ഇടം പിടിച്ച കറുപ്പ് മാറ്റേണ്ടെന്ന തീരുമാനത്തില്‍ മഞ്ഞയെ വിസ്മൃതിയിലേക്ക് മാറ്റി കറുപ്പില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

അപാകതകള്‍
നൂറ്റാണ്ടുകള്‍ താണ്ടി നില്‍ക്കുന്നൊരു നിര്‍മിതിയായിട്ടല്ല ഡൗണിംഗ് സ്്ട്രീറ്റ് കെട്ടിയുണ്ടാക്കിയത്. ചതുപ്പ് പ്രദേശമായിരുന്നു ഇവിടം. ആഴത്തിലുള്ള അടിത്തറയുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പല തവണ പുനര്‍നിര്‍മാണങ്ങള്‍ വേണ്ടി വന്നു. 1780 കളിലാണ് ആദ്യമായി പുനര്‍നിര്‍മാണം നടന്നത്. ഏകദേശം പതിനൊരായിരം പൗണ്ടാണ് അന്ന് ചെലവായത്. 1950 കളില്‍ സാരമായ നാശം കെട്ടിടത്തിന് സംഭവിച്ചിരുന്നു. തടി നിര്‍മിതികള്‍ക്കുണ്ടായ ജീര്‍ണത, തീപിടുത്തം, നിലകളുടെ നിര്‍മാണത്തിലെ അപകാത തുടങ്ങി പല പ്രതിസന്ധികളും നമ്പര്‍ 10 വീടിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. 1960 ല്‍ പ്രധാനമന്ത്രി ഹരോള്‍ഡ് മക്മില്ലന്‍ ഈ ഔദ്യോഗിക വസതിയില്‍ നിന്നും മാറി താമസിച്ചിരുന്നു. ഒരു മില്യണ്‍ പൗണ്ട് ചെലവില്‍ മൂന്നു വര്‍ഷത്തോളം നീണ്ട പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ക്കു വേണ്ടിയായിരുന്നു പ്രധാനമന്ത്രി വസതിയൊഴിഞ്ഞു കൊടുത്തത്. നിര്‍മാണ ഘടന ആധുനീകവത്കരിക്കുക, അടിത്തറ കൂടുതല്‍ ബലവത്താക്കുക എന്നതായിരുന്നു അന്ന് പ്രധാനമായും ലക്ഷ്യമിട്ടത്. 2006 ല്‍ ഒരിക്കല്‍ കൂടി നമ്പര്‍ 10 മോടി പിടിപ്പിക്കലിന് വിധേയമായി. പുതുക്കലുകളും മോടി പിടിപ്പിക്കലുകളുമൊക്കെ പലവട്ടം നടന്നെങ്കിലും അടി തൊട്ട് മുടിയോളം സംഭോധന ചെയ്യേണ്ട യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഡൗണിംഗ് സ്ട്രീറ്റിനുണ്ടെന്നാണ് അവിടുത്തെ താമസക്കാരനായിരുന്ന കാലത്ത് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ ചൂണ്ടിക്കാണിച്ചത്.

അകത്തെ വിശേഷങ്ങള്‍
100 മുറികളാണ് ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വീടിനുള്ളത്. ഇതിലൊന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ്. വിശാലമായ കാബിനറ്റ് ഓഫിസും ഇതിനകത്തുണ്ട്. 8,000 ജീവനക്കാരാണ് കാബിനറ്റ് ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എല്ലാ ജീവനക്കാരും നമ്പര്‍ 10 വസതിയിലല്ല ജോലി നോക്കുന്നത്. ഋഷി സുനകിന്റെ താമസക്കാലത്ത് ഡൗണിംഗ് സ്ട്രീറ്റ് വസതിയുടെ ചില വാസ്തുകല ഭംഗികള്‍ സോഷ്യല്‍ മീഡിയ വഴി ലോകം കണ്ടിരുന്നു. മഞ്ഞ നിറത്തിലെ ഭിത്തിയും ഗോവണിയും ചുമരില്‍ അലങ്കാരഭംഗിയേറ്റുന്ന ഛായാ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. സുനകും കുടുംബവും പത്താം നമ്പരിലും ഏകദേശം 70 കോടിക്കു മുകളില്‍ വില വരുന്ന സ്വന്തം ബംഗ്ലാവിലുമായി മാറിമാറിയായിരുന്നു താമസിച്ചിരുന്നത്.

rishi sunak, 10 downing street

യുകെ സര്‍ക്കാരിന്റെ പല ഔദ്യോഗിക പരിപാടികള്‍ക്കും ആതിഥ്യം വഹിക്കുന്നതും പത്താം നമ്പര്‍ വീടാണ്. 65 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന ഒരു ഔദ്യോഗിക ഡൈനിംഗ് ഹാള്‍ ഇവിടെയുണ്ട്. സര്‍ക്കാര്‍ ആതിഥ്യം വഹിക്കുന്ന സത്കാരങ്ങള്‍ക്ക് ഇവിടമാണ് വേദിയാകുന്നത്.

പിങ്ക് ലേഡിയും പച്ചക്കളര്‍ വാതിലും
ഈ വസതിയിലെ പല രസകരമായ സംഭവങ്ങളും വ്യത്യസ്തരായ താമസക്കാരുടെ പ്രവര്‍ത്തികളും പത്താം നമ്പര്‍ വീടിനെ വാര്‍ത്തകളില്‍ ഇടം പിടിപ്പിച്ചിട്ടുണ്ട്. വില്യം എവാര്‍ഡ് ഗ്ലാഡ്‌സ്റ്റോണ്‍ അത്തരത്തിലൊരു താമസക്കാരനായിരുന്നു. ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതില്‍ തത്പരനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ലൈംഗിക തൊഴിലെടുക്കുന്ന സ്ത്രീകളെ ചര്‍ച്ചകള്‍ക്കായി അദ്ദേഹം നമ്പര്‍ 10 വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടു വന്നിട്ടുണ്ട്. നമ്പര്‍ 10 ന്റെ അടയാളമായ കറുത്ത വാതിലിന് ഹെര്‍ബര്‍ട്ട് ഹെന്റി അസ്‌ക്വിത്ത് പച്ച പെയിന്റ് അടിച്ചിട്ടുണ്ട്. 1916 ല്‍ വാതില്‍ വീണ്ടും കറുപ്പായി.

പത്താം നമ്പര്‍ വീട്ടില്‍ പ്രേതത്തെ കണ്ടിട്ടുമുണ്ട് ചിലര്‍. ഹരോള്‍ഡ് വില്‍സണ്‍ താമസക്കാരനായിരുന്ന കാലത്താണ് അങ്ങനെയൊരു വാര്‍ത്ത വന്നത്. വില്‍സണും അദ്ദേഹത്തിന്റെ ഭൃത്യനും പിങ്ക് നിറത്തിലുള്ളൊരു സ്ത്രീയെ കണ്ടുവത്രേ!

മറ്റൊരു രസകരമായ കാര്യം നോര്‍ത്ത് പ്രഭു ഈ വീട്ടിലുണ്ടായിരുന്ന സമയത്താണ്. പ്രഭുവിന്റെ താമസക്കാലത്ത് എല്ലാ ഞായറാഴ്ച്ചകളിലും നമ്പര്‍ 10 വീടിന്റെ വാതില്‍പ്പടിയില്‍ ഭിക്ഷക്കാരെ കൊണ്ട് നിറഞ്ഞിരിക്കും. ഞായറാഴ്ച്ചകളില്‍ പ്രധാനമന്ത്രിയുടെ കൈയില്‍ നിന്നും ഭിക്ഷ സ്വീകരിക്കാന്‍ വരുന്നവരായിരുന്നു അവര്‍.

വീട് പോലെ തന്നെ പ്രശസ്തമാണ് പത്താം നമ്പരിന്റെ ഗേറ്റും. സുരക്ഷ പ്രശ്‌നം രൂക്ഷമായതോടെ 1989 ലാണ് ഗേറ്റ് സ്ഥാപിക്കുന്നത്. പലവിധ സുരക്ഷാഭീഷണികളും നമ്പര്‍ 10 ന് നേരെ ഉണ്ടായിട്ടുണ്ട്. 1991 ല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി(ഐ ആര്‍ എ) നടത്തിയ മോട്ടോര്‍ ആക്രമണം ഉള്‍പ്പെടെ.

10 നമ്പര്‍ വീട്ടിലെ പൂച്ച
നമ്പര്‍ 10 വീട് എലി ശല്യം കൊണ്ടു കൂടി പ്രശസ്തമാണ്. എലിയെ പിടിക്കാന്‍ ഒരു ‘ ചീഫ് മൗസര്‍’ , അതായതൊരു എലി പിടുത്തക്കാരന്‍ കൂടി ഈ വീട്ടില്‍ വിശേഷപ്പെട്ട താമസക്കാരനായുണ്ട്. മനുഷ്യനല്ല കേട്ടോ, അതൊരു പൂച്ചയാണ്. 2011 മുതല്‍ ലാറിയാണ് ആ സ്ഥാനത്ത്. ബാറ്റര്‍സീ ഡോഗ്‌സ് ആന്‍ഡ് കാറ്റ്‌സ് ഹോമില്‍ നിന്നാണ് ലാറിയെ തിരഞ്ഞെടുത്തത്. നമ്പര്‍ പത്തിലെ അതിഥികളെ വരവേല്‍ക്കുന്നതും, അവിടുത്തെ സുരക്ഷ പരിശോധനയില്‍ പങ്കാളിയാകുന്നതും ലാറിയുടെ ചുമതലകളാണ്. എങ്കിലും പ്രധാന ജോലി എലി പിടുത്തം തന്നെ!

Larry, cat 10 downing street

മാറ്റങ്ങളുടെ വഴി
ഓരോ കാലങ്ങളിലായി ആധുനിക-സാങ്കേതിക സൗകര്യങ്ങള്‍ പത്താം നമ്പര്‍ വീട്ടില്‍ സജ്ജീകരിച്ചുകൊണ്ടിരിക്കും.

1877 ലാണ് ചൂട് വെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന സൗകര്യമൊരുക്കിയത്. 1894 വൈദ്യുത വിളക്കുകള്‍ തെളിഞ്ഞു. അതേ വര്‍ഷം തന്നെ ടെലിഫോണ്‍ ശബ്ദവും ആ വീട്ടില്‍ മുഴങ്ങി. 1902 ല്‍ ഡൗണിംഗ് സ്ട്രീറ്റിന്റെ മുറ്റത്ത് ഒരു മോട്ടോര്‍ കാറിന്റെ ശബ്ദം ഇരമ്പി. 1937 ല്‍ ആ വീട്ടില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ സെന്‍ട്രല്‍ ഹീറ്റിംഗ് സൗകര്യമൊരുക്കി. 1963 ല്‍ നടന്ന പ്രധാന നവീകരണത്തിന്റെ ഭാഗമായി വയറിംഗുകളും മറ്റ് ഇലക്ട്രിക്കല്‍ സൗകര്യങ്ങളിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടു വന്നു. അതുപോലെ ടെലിഫോണ്‍ സൗകര്യത്തിലും. 1982 ലാണ് വാഷിംടണ്ണുമായി ബന്ധിപ്പിക്കുന്ന ഒരു ഹോട്‌ലൈന്‍ സ്ഥാപിക്കുന്നത്. അതിനൊപ്പം തന്നെ ആദ്യമായി മൈക്രോ കമ്പ്യൂട്ടറും പത്താം നമ്പരില്‍ സജ്ജമാക്കി. 1990 കളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഏര്‍പ്പെടുത്തി. 1996 ല്‍ നമ്പര്‍ 10 വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തു. ജീവനക്കാര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കി. 2002 ല്‍ ആധുനിക സൗകര്യങ്ങളുള്ള വീഡിയോ കോണ്‍ഫറന്‍സ് സ്യൂട്ട്, 2005 ല്‍ പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ ബന്ധപ്പെടാന്‍ ഒരു പൊതു ഇ മെയില്‍ അകൗണ്ട് എന്നിവ ഏര്‍പ്പാടാക്കി. 2008 ലാണ് നമ്പര്‍ പത്തിനുവേണ്ടി ഒരു ടിവി സ്റ്റേഷന്‍ തയ്യാറാക്കുന്നത്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ വിലാസം
യുകെയുടെ എല്ലാ പ്രധാനമന്ത്രിമാരും അവരുടെ വസതിയും ഓഫീസുമായി നമ്പര്‍ 10 ഉപയോഗിച്ചിട്ടില്ല. ചിലരൊക്കെ ലണ്ടനിലെ അവരുടെ സ്വന്തം വസതികളാണ് ഉപയോഗിച്ചത്്, ചിലര്‍ നമ്പര്‍ 10 ഔദ്യോഗിക ഓഫിസ് മാത്രമായി ഉപയോഗപ്പെടുത്തി. ഋഷി സുനകിനെ പോലെ ചിലര്‍ കുറച്ചു കൂടി വിശാലമായ നമ്പര്‍ 11 ലേക്ക് താമസം മാറ്റിയിരുന്നു. നമ്പര്‍ 12 ലേക്ക് ജോലി സ്ഥലം വ്യാപിപ്പിച്ചവരുമുണ്ട്.

എന്തൊക്കെയായാലും ബ്രിട്ടീഷ് രാഷ്ട്രീയം ഈ വിലാസത്തിലാണ് അതിന്റെ ഭൂത-വര്‍ത്തമാനകാല ചരിത്രം എഴുതിക്കൊണ്ടിരിക്കുന്നത്. താമസക്കാര്‍ മാറി മാറി വരുമ്പോഴും, ബ്രിട്ടീഷ് ജനതയുടെ ഹൃദയത്തില്‍ ഈ വസതിക്കുള്ള സ്ഥാനത്തില്‍ മാത്രം യാതൊരു മാറ്റവും സംഭവിക്കുന്നില്ല.  10 downing street history facts, uk prime misnter’s official resedence com office

Content Summary; 10 downing street history facts, uk prime misnter’s official resedence com office

×