മ്യാൻമറിലെ സൈബർ ക്രൈം ക്യാമ്പുകളിൽ 2,000 ഇന്ത്യൻ പൗരന്മാർ അടിമകളെന്ന് റിപ്പോർട്ട്. തായ്‌ലൻഡ്-മ്യാൻമർ അതിർത്തിയിലെ മിലിട്ടറി ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള മ്യവാഡി പട്ടണത്തിലാണ് സൈബർ തട്ടിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വ്യാജ ജോലി വാഗ്ദാനങ്ങളിൽ പെട്ട് ലാവോസ്, കംബോഡിയ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തുന്നവരെയാണ് പിന്നീട് സൈബർ ക്രൈം ക്യാമ്പുകളിൽ നിർബന്ധിതമായി ജോലി ചെയ്യാൻ എത്തിക്കുന്നത്. 2024 സെപ്റ്റംബർ വരെ, തെക്കുകിഴക്കൻ ഏഷ്യയിൽ 29,000ത്തിലധികം ഇന്ത്യക്കാരെ കാണാതായതായതായി റിപ്പോർട്ടുകളുണ്ട്. അവരെല്ലാം മനുഷ്യക്കടത്തിന്റെ ഇരകളാണന്ന സംശയവും നിലനിൽക്കുന്നുണ്ട്. 2022 ജൂൺ മുതൽ കംബോഡിയ, തായ്‌ലൻഡ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് 600ലധികം ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്.
തായ്ലൻഡ് അതിർത്തിയോട് ചേർന്നുള്ള കയിൻ എന്ന സംസ്ഥാനത്തിലെ ഒരു നഗരമാണ് മ്യാവഡി. സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് ഈ സ്ഥലം. ചൈനീസ് പൗരൻമാരുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘങ്ങൾ ഈ മേഖലയിൽ വിപുലമായി പ്രവർത്തിക്കുന്നുണ്ട്. ഈ സംഘങ്ങൾ മനുഷ്യക്കടത്ത് മുഖേന മ്യാൻമറിൽ എത്തിയ ആളുകളെ വലയിലാക്കുകയും ഇവരെ നിർബന്ധിത സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യൻ പൗരൻമാരുൾപ്പെടെ നിരവധി ആളുകളെ ഈ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. ഈയടുത്തായി മ്യൻമറിലെ നിയമനിർവ്വഹണ ഏജൻസി ഒരു റെയ്ഡ് നടത്തുകയും 270 വിദേശപൗരൻമാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തായ്ലൻഡിലും കബോഡിയയിലും സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി ചൈനയും തായ്ലൻഡും സംയുക്തമായി പ്രവർത്തിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയും ഏജന്റുമാർ മുഖേനയുമാണ് തൊഴിൽ അന്വേഷകരെ കെണിയിൽ വീഴ്ത്തുന്നത്. ടെലികോളർ, ഡാറ്റാ എൻട്രി തുടങ്ങിയ ജോലികൾക്കായി വലിയ ശമ്പളവും ഹോട്ടൽ ബുക്കിംഗും റിട്ടേൺ എയർ ടിക്കറ്റുകളും വീസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തുന്നത്. ഇരകളെ നിയമവിരുദ്ധമായി തായ്ലൻഡിൽ നിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിലും കമ്പോഡിയ, മ്യാൻമർ, വിയറ്റ്‌നാം തുടങ്ങിയ അയൽരാജ്യങ്ങളിലും എത്തിച്ച് ബന്ദിയാക്കിയാണ് ഓൺലൈനായും ഫോൺ മുഖേനയുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നത്.
തട്ടിപ്പ് കേന്ദ്രങ്ങളെക്കുറിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തതോടെ മ്യാൻമർ സർക്കാർ മ്യാവഡിയിലേക്കുള്ള വൈദ്യുതി, ഇന്റർനെറ്റ് വിതരണം നിർത്തലാക്കിയിരുന്നു. നിലവിൽ 150 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരികെ നാട്ടിലേക്കെത്താൻ സഹായമഭ്യർത്ഥിച്ചിട്ടുള്ളവർക്ക് വേണ്ടിയുള്ള സഹായങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 18ന് തട്ടിപ്പ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് ഇന്ത്യക്കാർക്ക് നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഏകദേശം 1030 പൗരൻമാരെ രക്ഷപ്പെടുത്തിയതായും അവരിൽ 61 പേരെ അധികൃതർ സ്വന്തം രാജ്യത്തേക്ക് അയച്ചിട്ടുണ്ട്. മറ്റുള്ളവരെ അവരുടെ സ്വകാര്യ വിവരങ്ങൾ പരിശോധിച്ച ശേഷമാവും തിരിച്ചയക്കുകയെന്ന് സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിൽ മുമ്പ് അറിയിച്ചിരുന്നു.
content summary: Almost 2,000 Indian nationals are working in cybercrime-related operations in Myanmar’s Myawaddy