ജീവിതം അടിമത്വത്തിന് അടിയറവ് വെച്ച 30 വര്‍ഷങ്ങള്‍ക്കൊടുവില്‍ കുടുംബത്തെ നേരില്‍ കാണുന്ന അസുലഭനിമിഷം. ഒരു യുവാവിന് സ്വന്തം
മനസിനെ അടക്കിപിടിക്കാന്‍ കഴിയാത്തവിധം വിങ്ങലുകള്‍ നിറയുന്ന നിമിഷം. ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വ്യവസായി നടത്തിയ നിര്‍ണായക ഇടപെടലാണ് ഈ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. കഥയിങ്ങനെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് എന്ന നഗരത്തില്‍ ഭീം സിംഗ് എന്ന 9 വയസുകാരനെ കാണാതാകുന്നു. പോലീസിനെ വിവരമറിയിച്ചു. നിരവധി അന്വേഷണങ്ങള്‍, അറിയിപ്പുകള്‍ ഇവയൊന്നും ഒരു തുമ്പും നല്‍കിയില്ല. കുടുംബത്തിന്റെ ആകുലത നീണ്ടുനിന്ന വര്‍ഷങ്ങള്‍. ഒരു സുപ്രഭാതത്തില്‍ ഗാസിയാബാദില്‍ നിന്നും ഈ 9 വയസുകാരന്‍ അപ്രത്യക്ഷനാവുകയായിരുന്നു. കുടുംബം ഈ തിരോധാനവുമായി പൊരുത്തപ്പെട്ടു. എങ്കിലും എന്താണ് സംഭവിച്ചത് എന്ന ചോദ്യം ബാക്കിയായി നിന്നു. bhim singh
ഭീം സിംഗിന്റെ പിതാവ് തുലറാം ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഒരു ഫ്‌ളോര്‍ മില്‍ തുടങ്ങുകയും കുടുംബത്തെ പരിപാലിച്ച് മുന്നോട്ട് പോവുകയായിരുന്നു. കുടുംബവീടിന് സമീപം ഗാസിയാബാദിലാണ് മില്‍ പ്രവര്‍ത്തിച്ചിരുന്നത്.യഥാര്‍ത്ഥത്തില്‍ വീണ്ടും ഭീമിനെ കാണാനാകുമെന്ന് ആരും കരുതിയിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഗാസിയബാദിലെ ഘോഡ പോലീസ് സ്റ്റേഷനില്‍ കണ്ട കാഴ്ച വിശ്വസിക്കാനാവാത്തതായിരുന്നു. 30 വര്‍ഷം അടിമയെ പോലെ പണിയെടുത്ത ഭീം നേരിട്ടത് ചൂഷണവും ക്രൂരപീഡനവുമായിരുന്നു. ഭീമിന്റെ മാതാപിതാക്കളും സഹോദരിമാരും 9 വയസുകാരനായ കൊച്ചുഭീമിനെ ആ നിമിഷം കണ്ടത് ഒരു യുവാവായാണ്. പണ്ട് ഇടതുകയ്യില്‍ പച്ച കുത്തിയ രാജു എന്ന പേര് കണ്ടാണ് ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയ മകനെ കുടുംബം കണ്ടെത്തിയത്.
ഘോഡ പോലീസ് സ്‌റ്റേഷനിലേക്കെത്തിയ ഭീമിനെ കുറിച്ച് ഷാഹിദാബാദ് എസിപി രജനീഷ് ഉപാധ്യായ പറയുന്നതിങ്ങനെയാണ്. നീല മഷിയിലെഴുതിയ ഒരു കുറിപ്പുമായാണ് ഭീം പോലീസ് സ്‌റ്റേഷനിലേക്കെത്തുന്നത്. ഭീമിനെ ഒരു വ്യവസായ പ്രമുഖന്‍ കണ്ടെത്തുകയായിരുന്നു. താനെവിടെയായിരുന്നു എന്നും ആരാണ് എന്നുമൊക്കെ പേപ്പറിലെഴുതി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നോയിഡയിലായിരുന്നു താനുണ്ടായിരുന്നതെന്ന് ഭീം പോലീസിനോട് പറഞ്ഞു. 1993 ല്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും ഭീം അറിയിച്ചു. പോലീസിന്റെ പരിശോധനയില്‍ അതേ വര്‍ഷം സെപ്റ്റംബര്‍ 8 ന് ഷാഹിദാബാദ് പോലീസ് സ്‌റ്റേഷനില്‍ ഭീമിന്റെ കേസ് ഫയല്‍ ചെയ്തിരുന്നുവെന്ന് അറിയാനായി. സഹോദരിക്കൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങവേ, ഓട്ടോ സംഘം ഭീമിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 7.4 ലക്ഷം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീമിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് സംഘത്തിന്റെ യാതൊരു വിവരവുമുണ്ടായില്ലെന്നും എസിപി പറഞ്ഞു.
ഭീമിനെ രാജസ്ഥാനിലേക്ക് മാറ്റിയ സംഘം മറ്റൊരാള്‍ക്ക് വില്‍പ്പന ചെയ്തു. ആടുകളെ മേയ്ക്കുകയായിരുന്നു ഭീമിന്റെ ജോലി. ആടുകള്‍ക്കൊപ്പം ഷെഡുകളിലും മറ്റുമായി അടിമയെ പോലെ ഭീം ജീവിതം തള്ളിനീക്കി. അവിടെ നിന്നും രക്ഷപ്പെടാന്‍ യാതൊരു വഴിയും ഭീമിന് മുന്‍പിലുണ്ടായിരുന്നില്ല. ബ്രഡ്ഡിന്റെ കഷ്ണവും ചായയും മാത്രമാണ് ഭീമിന്റെ മിക്ക ദിവസങ്ങളിലെയും ഭക്ഷണം. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 30 വര്‍ഷത്തോളം ഭീം ഈ ദുരിത ജീവിതം തുടര്‍ന്നു.
ഒരിക്കലും സ്വന്തം നഗരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന് കരുതിയ ഭീമിനെ തുണച്ചത് ഒരു വ്യവസായിയുടെ കാരുണ്യമാണ്. രണ്ടാം ജന്മം പോലെ തിരിച്ചുകിട്ടിയ ജീവിതത്തിന് ഭീം എന്നും വ്യവസായിയോട് കടപ്പെട്ടവനായിരിക്കുമെന്ന് ഉറപ്പാണ്. bhim singh
content summary; 30-years-ago-gaziabad-boy-reunited-with-family