നീണ്ട 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഡെപാസ്ട്രം സയാത്തിഫോം(Depastrum cyathiforme). പേരുകേട്ട് ഞെട്ടണ്ട, ഈ അജ്‍ഞാത വാസം ഉപേക്ഷിച്ച ഒരു ജെല്ലിഫിഷിനെയാണ് ഇപ്പോൾ വീണ്ടും കണ്ടെത്തിയിരിക്കുന്നത്. കള്ളിമുൾ ചെടിയുടെ പൂവിനോട് സാമ്യമുള്ള ഈ പ്രത്യേകതരം ജെല്ലിഫിഷ്, 1976-ൽ വടക്കൻ ഫ്രാൻസിലെ റോസ്‌കോഫിൽ വെച്ചാണ് അവസാനമായി കണ്ടത്.
അതിനുശേഷം ഇവയ്ക്ക് വംശനാശം സംഭവിച്ചതായി ഭയപ്പെട്ടിരുന്നു. എന്നാൽ, ഈയിടെ ബ്രിട്ടനിലെ ഔട്ടർ ഹെബ്രൈഡ്സിലെ സൗത്ത് യൂയിസ്റ്റ് ദ്വീപിൽ അവയെ കണ്ടെത്തി. ബ്രിട്ടനിലെ ഔട്ടർ ഹെബ്രൈഡ്സിലെ സൗത്ത് യുയിസ്റ്റ് ദ്വീപിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ചുറ്റിത്തിരിയുകയായിരുന്ന നീൽ റോബർട്ട്‌സ് എന്ന സഞ്ചാരി യാദൃശ്ചികമായാണ് ഈ ജെല്ലിഫിഷിനെ വീണ്ടും കണ്ടെത്തിയത്.
അനിമോണുകൾ പോലെ പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന നാല് ജീവികളെ കണ്ട അയാൾ അവയുടെ ചിത്രങ്ങളെടുത്തു, രസകരമായ ആനിമോണുകളെയും, ജെല്ലിഫിഷുകളെയും കണ്ട് അത്ഭുതപ്പെട്ട അയാൾ തന്റെ “സംശയത്തിന്റെ നിഗൂഢത” ഓൺലൈനിൽ പങ്കുവെച്ചു. അയാളുടെ കൈവശമുണ്ടായിരുന്നത് വെറും ഏതാനും ഫോട്ടോകളായിരുന്നെങ്കിലും, ആ ചിത്രങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചില ഡ്രോയിംഗുകളുമായി മാത്രം ഒത്തുപോവുന്നവയായിരുന്നു. ഈ കണ്ടെത്തൽ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
ആ വിവരമറിഞ്ഞ്, ബ്രിട്ടീഷ് വൈൽഡ്‌ലൈഫ് മാസികയുടെ എഡിറ്ററായ ഗൈ ഫ്രീമാൻ തുടർ അന്വേഷണങ്ങൾക്കായി അതേ സ്ഥലത്തേക്ക് പോയി. അവിടെ അദ്ദേഹം വീണ്ടും ‘ഡെപാസ്ട്രം സയാത്തിഫോം’ എന്ന ജെല്ലിഫിഷിനെ കണ്ടെത്തി. ഈ ജീവിവർഗ്ഗത്തിന്റെ ചിത്രങ്ങൾ മറൈൻ ബയോളജിസ്റ്റുകൾക്ക് വലിയ പ്രതീക്ഷ നൽകിയിട്ടുണ്ട്.
വംശനാശം സംഭവിച്ചെന്ന് കരുതിയ ഈ ജീവികൾ ഇപ്പോഴുമുണ്ട് എന്ന് ലോകത്തിന് ബോധ്യമായി. ഈ ജെല്ലിഫിഷുകൾ സ്കോട്ടിഷ് ദ്വീപിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്‍റെ പ്രതീക്ഷ നൽകുന്ന ഈ കണ്ടെത്തൽ, തുടർന്ന് നടത്തിയ അന്വേഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടു. രണ്ടാമതൊരു ജെല്ലിഫിഷിനെക്കൂടി കണ്ടെത്തിയതോടെ, അവിടെ അവയുടെ ഒരു സ്ഥിരമായ ജനസംഖ്യയുണ്ടെന്ന് ഉറപ്പിക്കാൻ കഴിഞ്ഞു.
പത്തൊൻപതാം നൂറ്റാണ്ടിൽ പോലും ഈ ജെല്ലിഫിഷ് ഒരു അപൂർവ ജീവിയായിരുന്നു. എന്നാൽ പ്രശസ്ത സമുദ്ര ശാസ്ത്രജ്ഞനായ ഫിലിപ്പ് ഹെൻറി ഗോസ്, “ഗോബ്ലെറ്റ് ലൂസെർനാരിയ” എന്ന് പേരിട്ട് ബ്രിട്ടനിലെ തെക്ക്-പടിഞ്ഞാറൻ കടൽത്തീരങ്ങളിൽ ഇവയെ രേഖപ്പെടുത്തിയിരുന്നു. 1954-ൽ ഡെവോണിലെ ലുണ്ടിയിൽ വെച്ചാണ് ബ്രിട്ടനിൽ ഇതിനെ അവസാനമായി കണ്ടത്. അതിനുശേഷം 50 വർഷത്തെ ഇടവേള.
ഇന്ന്, ശാസ്ത്രലോകം 50 തരം സ്റ്റാക്ക്ഡ് ജെല്ലിഫിഷുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അതിൽ 10 എണ്ണം ബ്രിട്ടനിലെയും അയർലൻഡിലെയും ജലാശയങ്ങളിൽ കാണപ്പെടുന്നു. യഥാർത്ഥ ജെല്ലിഫിഷുകളുടെ ബന്ധുവായ ഈ ജീവിക്ക് ഏകദേശം 5 സെന്റീമീറ്ററിൽ താഴെയാണ് ഉയരം. പാറകളിലോ കടൽപ്പായലിലോ പറ്റിപ്പിടിച്ചാണ് ഇവയെ സാധാരണയായി കാണാൻ കഴിയുക.
content summary: A 50-year mystery the return of a Jellyfish thought to be extinct
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.