March 27, 2025 |
Share on

നാടുകടത്തപ്പെട്ടവരുമായുള്ള രണ്ടാം വിമാനം ഇന്നെത്തും; ആദ്യാനുഭവം ഉണ്ടാകില്ലെന്ന പ്രതീക്ഷയില്‍ രാജ്യം

അമൃത്സര്‍ വിമാനത്താവളത്തില്‍ തന്നെയാണ് രണ്ടാം വിമാനവും എത്തുന്നത്

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക നാടുകടത്തുന്ന 119 ഇന്ത്യക്കാരെ കൂടി വഹിച്ചുള്ള മറ്റൊരു വിമാനം കൂടി ശനിയാഴ്ച്ച ഇന്ത്യയിലെത്തും. ആദ്യ വിമാനം ലാന്‍ഡ് ചെയ്ത അമൃത്‌സര്‍ വിമാനത്താവളത്തില്‍ തന്നെയാണ് രണ്ടാമത്തെ വിമാനവും ഇന്ന് ഇറങ്ങുന്നത്. ഇന്ന് വരുന്ന വിമാനത്തില്‍ അധികവും പഞ്ചാബില്‍ നിന്നും കുടിയേറാന്‍ ശ്രമിച്ചവരാണെന്നാണ് വിവരം. ഞായറാഴ്ച്ച(ഫെബ്രുവരി 16) മറ്റൊരു വിമാനം കൂടി കുടിയേറ്റക്കാരെയും കൊണ്ട് ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇപ്പോഴും വ്യക്തമാകാത്തൊരു കാര്യം, ഇന്ത്യക്കാരുമായി എത്തുന്നത് അമേരിക്കയുടെ വിമാനമാണോ, അതോ ഇന്ത്യ സജ്ജീകരിച്ച വിമാനമാണോ എന്നതാണ്. ആദ്യമായി കുടിയേറ്റക്കാരുമായി എത്തിയത് അമേരിക്കയുടെ സൈനിക വിമാനമായിരുന്നു. വലിയ വിമര്‍ശനത്തിന് ഇടയാക്കിയൊരു തിരിച്ചയക്കലായിരുന്നു അത്. പിടികൂടിയവരെ ചങ്ങലയിട്ട് ബന്ധിച്ച്, അമേരിക്കയുടെ സൈനിക വിമാനത്തില്‍ കയറ്റി ഇന്ത്യയില്‍ എത്തിച്ചതിനെതിരേ ട്രംപ് ഭരണകൂടത്തിനും മോദി ഭരണകൂടത്തിനും എതിരേ ഒരേതരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. മനുഷ്യത്വരഹിതമായ പ്രവര്‍ത്തി ഇന്ത്യക്കാരോട് കാണിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ പ്രതികരണമാണ് രാജ്യത്ത് നിന്നുണ്ടായത്. അത്തരമൊരു സാഹചര്യം ഇനിയാവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ആദ്യം അമേരിക്കയുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്ന ഭാവത്തിലായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെങ്കിലും, പ്രതിഷേധം ശക്തമായതോടെയാണ് ഇന്ത്യക്കാരുടെ അഭിമാനം സംരക്ഷിക്കാന്‍ നോക്കുമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറിയത്.

വെനസ്വേല, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളൊക്കെ, തങ്ങളുടെ പൗരന്മാരോട് അമേരിക്കന്‍ ഭരണകൂടം കാണിച്ച മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കുടിയേറ്റക്കാരുമായി എത്തിയ അമേരിക്കന്‍ സൈനിക വിമാനത്തെ കൊളംബിയ തിരിച്ചയക്കുകയുണ്ടായി. വെനസ്വേല അവരുടെ സ്വന്തം വിമാനം അയച്ചാണ് കുടിയേറ്റക്കാരായ നാട്ടുകാരെ രാജ്യത്ത് തിരിച്ചെത്തിച്ചത്. അപ്പോഴൊന്നും ഇന്ത്യ ഈ വിഷയത്തില്‍ എന്താണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു.

ഫെബ്രുവരി 5 ന് അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുഎസ് സി-17 വിമാനത്തില്‍ 105 പേരായിരുന്നു. അതില്‍ കൂടുതലും ഗുജറാത്തിലും ഹരിയാനയിലും നിന്നായിരുന്നു. 33 പേര്‍ വീതം. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ബാക്കിയുള്ളവര്‍. നാടുകടത്തപ്പെട്ട് എത്തുന്ന രണ്ടാം സംഘത്തിന്, ആദ്യ സംഘത്തിലുള്ളവര്‍ അനുഭവിച്ച കഷ്ടതകള്‍ നേരിടേണ്ടി വരില്ലെന്നു തന്നെയാണ് അധികൃതര്‍ ഉറപ്പ് പറയുന്നത്. കാലുകള്‍ ചങ്ങലയ്ക്കിട്ട് ഇരുത്തിക്കൊണ്ടിവരുന്നതുപോലെയുള്ള ക്രൂരതകള്‍ ഇത്തവണ നേരിടേണ്ടി വരില്ലെന്നാണ് അധികൃതരുടെ വാക്കുകളിലുള്ള പ്രതീക്ഷ.

ഇന്ത്യന്‍ പാര്‍ലമെന്റിനെ വരെ പ്രക്ഷുബ്ധമാക്കിയ സംഭവമായിരുന്നു ഇന്ത്യക്കാരോട് അമേരിക്ക നടത്തിയ ക്രൂരത. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെയാണ് സ്വന്തം ജനങ്ങളുടെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ജയശങ്കര്‍ ഉറപ്പ് പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയത്.

ഇന്ന് രാത്രി 10 നും 11 നും ഇടയില്‍ രണ്ടാമത്തെ വിമാനം അമൃത്സറില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം സംഘത്തില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാനയില്‍ നിന്നും. എട്ടു പേര്‍ ഗുജറാത്ത്, മൂന്നു പേര്‍ ഉത്തര്‍പ്രദേശ്, രണ്ട് പേര്‍ വീതം മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും, ഗോവ, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും വിമാനത്തില്‍ ഉണ്ടാകും.

ആദ്യഘട്ടത്തില്‍ തിരിച്ചെത്തിയവര്‍ തന്നെ വെളിപ്പെടുത്തിയത് അനുസരിച്ച് അവര്‍, ഡങ്കി റൂട്ട് വഴിയാണ് യു എസ് അതിര്‍ത്തികള്‍ കടന്നത്. ഒരു കോടി വരെ മുടക്കിയാണ്, അപകരമായ പാതകള്‍ താണ്ടി മാസങ്ങള്‍ എടുത്ത് അമേരിക്കയില്‍ എത്തിയത്. അവിടെ എത്തി അധികം വൈകാതെ തന്നെ ഇവരെല്ലാം യു എസ് അധികൃതരുടെ കൈയില്‍ അകപ്പെടുകയും ചെയ്തു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരാണ് ഇത്തരം മനുഷ്യക്കടത്തലിന് പിന്നില്‍. കോടികളാണ് ഇതിലൂടെ ഇവര്‍ സ്വന്തമാക്കുന്നത്. ഇവരില്‍ പലരെയും കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചാബ്, ഹരിയാന പൊലീസ് പിടികൂടിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍, അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.  A second aircraft carrying 119 deported Indians from the US is set to land at Amritsar airport 

Content Summary; A second aircraft carrying 119 deported Indians from the US is set to land at Amritsar airport

×