‘പാലാരിവട്ടത്ത് നിന്ന് അമ്മയെ കണ്ട ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകാൻ രാത്രിയിൽ മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്നായിരുന്നു ഇരുമ്പ് ദണ്ഡുമായി എത്തിയ ഒരു യുവാവ് എന്നെ ആക്രമിച്ചത്. തലയ്ക്ക് നേരെ ഓങ്ങിയ അടി തടുത്തപ്പോൾ കൈയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു’. ഈ മാസം എട്ടിനായിരുന്നു പാലാരിവട്ടത്ത് വച്ച് ട്രാൻസ്ജൻഡർ യുവതിയായ ഏയ്ഞ്ചലിന് ക്രൂര മർദ്ദനമേറ്റത്. ഇരുമ്പ് ദണ്ഡുമായെത്തിയ യുവാവ് യാതൊരു പ്രകോപനവും കൂടാതെയാണ് ഏയ്ഞ്ചലിനെ മർദ്ദിച്ചത്.
തങ്ങളുടെ കൂട്ടത്തിലുള്ള മറ്റൊരു കുട്ടിയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു തനിയ്ക്ക് മർദ്ദനമേൽക്കേണ്ടി വന്നതെന്ന് ഏയ്ഞ്ചൽ അഴിമുഖത്തോട് പറഞ്ഞു. വണ്ടിയുടെ ലിവർ ഉപയോഗിച്ചായിരുന്നു മർദിച്ചത്. ആക്രമിക്കാനുദ്ദേശിച്ച വ്യക്തികളെ കാണാത്തത് മൂലമാണ് തൊട്ടടുത്തുണ്ടായിരുന്ന തനിയ്ക്കും മറ്റൊരു യുവതിയ്ക്കും നേരെ അക്രമം അഴിച്ചുവിട്ടതെന്നും താൻ തിരക്കി വന്ന കുട്ടിയെ കണ്ടോ എന്ന ചോദ്യത്തിന് ഇല്ലയെന്ന് മറുപടി നൽകിയതാവാം ആളെ പ്രകോപിതനാക്കിയതെന്നും ഏയ്ഞ്ചൽ പറഞ്ഞു.
ചോദ്യത്തിന് മറുപടി പറഞ്ഞ് തീരും മുമ്പെ ദണ്ഡുപയോഗിച്ച് ഏയ്ഞ്ചലിന്റെ തലയിലേക്ക് അടിക്കാനാഞ്ഞു അടി തടയുന്നതിനിടെയാണ് കൈയ്ക്ക് പൊട്ടലേറ്റത്. തുടർന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി നൽകി രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. അന്ന് മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഊബറിന്റെ ക്യാമറയിൽ ദൃശ്യങ്ങൾ പകർന്നത് രക്ഷയായി, ഊബർ ഡ്രൈവരാണ് വിവരം പറഞ്ഞതും സംഭവത്തിന്റെ ദൃശ്യങ്ങൾ കൈമാറിയതെന്നും ഏയ്ഞ്ചൽ കൂട്ടിച്ചേർത്തു
സംഭവത്തിൽ മന്ത്രി ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടിയിരുന്നു. മാധ്യമ വാർത്തകളെ തുടർന്നാണ് റിപ്പോർട്ട് നേടിയത്. ട്രാൻസ് മനുഷ്യരെ എന്തും ചെയ്യാം എന്ന് ആരും ധരിക്കേണ്ടെന്നും അവർക്കെതിരെ അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മുതിരുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അടിയന്തിര റിപ്പോർട്ട് നൽകുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടർക്കും ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും മന്ത്രി അടിയന്തിര നിർദേശം നൽകുകയും ചെയ്തു. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം കേസെടുത്ത പാലാരിവട്ടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആക്രമിച്ചയാൾ പിന്നീട് ലോറിയുമായി കടന്നുകളഞ്ഞു. തുടർന്ന് വാഹന നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
ട്രാൻസ്ജൻഡർ മനുഷ്യർക്കെതിരെയുള്ള ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ദിനംപ്രതി വർധിച്ച് കൊണ്ടിരിക്കയാണ്. ഇത്തരം സംഭവങ്ങളിൽ പലപ്പോഴും പൊലീസ് ലാഘവത്തോടെയാണ് ഇടപെടുന്നത്. കോഴിക്കോട് 5 വർഷങ്ങൾക്ക് മുമ്പ് ശാലു എന്നൊരു ട്രാൻസ് യുവതി അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ആ സഹോദരിയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല. അതിന് സമാനമായ ഒരു സംഭവമാണിത്. അതിക്രൂരമായാണ് ഇവിടെ ഇരുവരെയും മർദ്ദിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നിയമപരിരക്ഷ ഉറപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ട്രാൻസ് യുവതിയും കെപിസിസി മെമ്പറുമായ അരുണിമ അഴിമുഖത്തോട് പറഞ്ഞു
ഏതൊരു പൌരനേയും പോലെ തന്നെ ട്രാൻസ്ജൻഡേഴ്സിനും ഒരു വ്യക്തിയിൽ നിന്ന് ജീവനോ സ്വത്തിനോ ഭീഷണിയുള്ള രീതിയിൽ ആക്രമണങ്ങൾ നേരിടേണ്ടി വന്നാൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ശിക്ഷിക്കുവാനുള്ള വകുപ്പുകളുണ്ട്. 2019ൽ നിലവിൽ വന്ന ദി ട്രാൻസ്ജൻഡർ പേഴ്സൺസ് പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് നിയമത്തിലും ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വിഭാഗത്തിലുള്ള ആളുകളും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്നാൽ പ്രശ്നക്കാരായി ചിത്രീകരിക്കുന്നത് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ മാത്രമാണ്. ഇത്രയേറെ വേദന സഹിച്ചിട്ടും മോശമായ കാര്യങ്ങളാണ് കേൾക്കേണ്ടി വരുന്നത്. വർഷങ്ങളായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഞങ്ങളോടുള്ള പൊതുവെയുള്ള മനോഭാവത്തിന്റെ പ്രശ്നങ്ങളാണിത്. ഞങ്ങൾക്ക് ജോലിസാധ്യതകൾ കുറവാണ് മേയ്ക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്താണ് ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ആകെയുണ്ടായിരുന്ന ജീവിതമാർഗം കൂടി ഇപ്പോൾ പരുങ്ങലിലായിരിക്കയാണ്. അവകാശങ്ങൾ ചോദ്യം ചെയ്യുന്നതും മാറ്റി നിർത്തുന്നതും തല്ലിചതയ്ക്കുന്നതും ഞങ്ങൾക്കാരും ചോദിക്കാനും പറയാനുമില്ലെന്ന ധൈര്യത്തിന്റെ പുറത്താണെന്നും ഏയ്ഞ്ചൽ പറഞ്ഞു.
ട്രാൻസ്ജെൻഡർ പോളിസി ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.തുല്യനീതി, വ്യക്‌തിസ്വാതന്ത്ര്യം, മുഖ്യധാരയിലെ പങ്കാളിത്തം, തടസ്സങ്ങളില്ലാത്ത വിദ്യാഭ്യാസം ഇവയെല്ലാം ഉറപ്പു വരുത്തുന്നതാണ് ഈ നയം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം നൽകുന്നതു കൂടാതെ ട്രാൻസ്ജെൻഡർ സെല്ലും സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സാമൂഹികനീതി വകുപ്പും ഇവരുടെ സഹായത്തിനുണ്ട്. എന്നാൽ പൊതു സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന സംശയങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇത്തരം സംഭവങ്ങൾ തുല്യനീതി അവകാശപ്പെട്ടിട്ടും ഞങ്ങൾക്കെതിരെയുള്ള ക്രൂരത തുടരുകയാണെന്ന് ഏയ്ഞ്ചൽ കൂട്ടിച്ചേർക്കുന്നുണ്ട്. അതേ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങൾ ഉറപ്പുവരുത്തിയാൽ മാത്രമേ ലിംഗനീതിയുടെ കാഴ്ച്ചപ്പാട് വ്യക്തമാവുകയുള്ളൂ.
content summary: A transgender woman was violently attacked in Palarivattom.