ഹോളിവുഡ് താരം ജീൻ ഹാക്മെന്റെയും ഭാര്യ ബെറ്റ്സി അരകാവയുടെയും മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മരണകാരണം ഗ്യാസ് ചോർച്ചയെന്ന നിഗമനത്തിൽ പൊലീസ്. പ്രാദേശികമായി ഗ്യാസ് വിതരണം നടത്തുന്ന ന്യൂ മെക്സിക്കോ ഗ്യാസ് കമ്പനിയുമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം കാർബൺ മൊണോക്സൈഡ് വിഷബാധയാവാമെന്ന സംശയം ഉയർന്നത്. ഗ്യാസ് ചോർച്ചയാണ് മരണകാരണമെന്ന നിഗമനത്തിൽ എത്തിയിരുന്നെങ്കിലും ബെറ്റ്സിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മരുന്നുകളെക്കുറിച്ചുള്ള സംശയത്തിൽ അന്വേഷണം തുടരുകയാണ്. ന്യൂ മെക്സിക്കോയിലെ സാന്റാഫെയിലുള്ള വീട്ടിലാണ് ഇരുവരെയും ഒപ്പം വളർത്തുനായയേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എന്നാൽ മരണത്തിന്റെ കൃത്യമായ കാരണങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം എന്താണെന്ന് പറയാൻ സാധിക്കൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയതെന്ന് അന്വേഷണ സംഘത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഇരുവരുടെയും ശരീരങ്ങൾ ജീർണ്ണാവസ്ഥയിൽ ആയിരുന്നു. മുഖം വീർക്കുകയും കൈകളും കാലുകളും അഴുകുകയും ചെയ്തിരുന്നു. മൃതദേഹത്തിന് അരികിൽ നിന്ന് കുറച്ചു മാറി ഗുളികകൾ ചിതറി കിടക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. കുളിമുറിയുടെ തറയിലെ സ്പേസ് ഹീറ്ററിന് സമീപത്ത് നിന്നാണ് അരകാവയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിലെ മഡ് റൂമിൽ മുഴുവൻ വസ്ത്രങ്ങളും ധരിച്ച രീതിയിലായിരുന്നു ഹാക്മെന്റെ മൃതദേഹം.
മൃതദേഹം കണ്ടെത്തിയപ്പോൾ മരണകാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് പ്രാഥമികമായ അന്വേഷണത്തിലാണ് വാതകചോർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിച്ചത്. ഇരുവർക്കും മൂന്ന് വളർത്തു നായ്ക്കൾ ഉണ്ടായിരുന്നു അതിൽ ഒന്നിനെയാണ് ഇരുവർക്കും സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റ്സി അരകാവയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് 10-15 അടി മാറിയാണ് നായയുടെ ശരീരം കണ്ടെത്തിയത്. മൃതദേഹങ്ങളിൽ മുറിവേറ്റ ലക്ഷണങ്ങളോ ആത്മഹത്യാ കുറിപ്പോ കണ്ടെത്താൻ സാധിച്ചിട്ടില്ല. 2004 മുതൽ ഇരുവരും ന്യൂ മെക്സിക്കോയിലെ വീട്ടിലാണ് താമസിക്കുന്നത്. ജനുവരിയിൽ തങ്ങൾ ഹാക്മെനും ബെറ്റ്സി അരകാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും, ആ സമയത്ത് ഹാക്മെൻ കൂടുതൽ ദുർബലനായി കാണപ്പെട്ടിരുന്നുവെന്നും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ഏകാന്ത ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂ മെക്സിക്കോയിലെ സാന്റാഫെയിലെ കൗണ്ടി ഷെരീഫ് ആണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. ജീൻ ഹാക്‌മെന് 95 വയസും ഭാര്യയ്ക്ക് 63 വയസുമായിരുന്നു പ്രായം.ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ജീൻ രണ്ട് ഓസ്കാർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദി ഫ്രഞ്ച് കണക്ഷൻ, ദി അൺഫോർഗിവൺ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് ആണ് ജീൻ പുരസ്കാരങ്ങൾക്ക് അർഹനായത്.
content summary: A warrant reveals that the deaths of Gene Hackman and his wife are considered “suspicious enough” to warrant an investigation.