സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ദിലീപ് ശങ്കർ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കുകയും, തുടർന്ന് നടനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
എറണാകുളത്ത് നിന്ന് കേന്ദ്രകഥാപാത്രമായി ഒരു സീരിയലിൽ അഭിനയിക്കുന്നതിനായാണ് നടൻ തിരുവനന്തപുരത്തെത്തിയത്. വ്യാഴാഴ്ച വരെ ലൊക്കേഷനിലുണ്ടായിരുന്നുവെന്നാണ് സീരിയൽ സംവിധായകൻ മനോജ് പറഞ്ഞു. നടന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. സീരിയലിന്റെ
നിർമാണകമ്പനി ഏർപ്പെടുത്തിയ ഹോട്ടൽ മുറിയിൽ വിശ്രമിക്കുന്നതിനിടെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിരുന്നുവെങ്കിലും നടൻ കോൾ എടുത്തിരുന്നില്ല. ഇത്തരത്തിൽ കോൾ എടുക്കാതിരിക്കുന്ന ശീലം നടന് ഉണ്ടായിരുന്നു. തിങ്കളാഴ്ച ഷൂട്ടിങ് ഉള്ളതിനാൽ നടനെ അന്വേഷിച്ചെത്തിയപ്പോഴാണ് ദുർഗന്ധം വമിച്ചത്. ഹോട്ടൽ അധികൃതരെ വിവരമറിയിച്ച ശേഷം മുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൺഡോൻമെന്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കർ. മാജിക് എന്ന പേരിൽ ഹാഫ് കുക്ക്ഡ് രീതിയിലുള്ള വിവിധ തരം ഭക്ഷ്യവിഭവങ്ങളുടെ സംരംഭവും ദിലീപ് ശങ്കർ നടത്തിയിരുന്നു. അമ്മ അറിയാതെ, സുന്ദരി,പഞ്ചാഗ്നി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു.
content summary; Actor Dileep Shankar being found dead in a hotel room