February 19, 2025 |

ഉശിരുള്ള പെണ്ണുങ്ങളെ നിശബ്ദരാക്കാന്‍ നിങ്ങള്‍ക്കാകില്ല

നിമിഷ സംസാരിച്ചത് ഇന്ത്യക്കാരെ ഇന്ത്യന്‍ പൗരന്മാരല്ലാതാക്കുന്നവര്‍ക്കെതിരെയാണ്

ഇഷ്ടമില്ലാത്തത് പറയുന്ന, പ്രതികരിക്കുന്ന സ്ത്രീകളെ നിശബ്ദയാക്കാന്‍ കാലങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ് അശ്ലീലത. അത് രാഷ്ട്രീയത്തില്‍ ആണെങ്കിലും സിനിമയില്‍ ആണെങ്കിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല. പറഞ്ഞ് വരുന്നത് നടി നിമിഷ സജയന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരികയും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തതിന് പിന്നാലെയാണ് നിമിഷ സൈബര്‍ ആക്രമണത്തിന് ഇരയായത്. right wing cyber attack against actress nimisha sajayan

പൗരത്വഭേദഗതി ബില്ലിനെതിരായി നാല് വര്‍ഷം മുന്‍പ് നിമിഷ സംസാരിച്ച വാക്കുകളാണ് ആക്രമണത്തിന് കാരണമായത്. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു. തൃശ്ശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല. തൃശ്ശൂരിലെ സുരേഷ് ഗോപി എന്ന സ്ഥാനാര്‍ത്ഥിക്കെതിരായ പരാമര്‍ശം ആയിരുന്നില്ല അത്. മറിച്ച് ഇന്ത്യക്കാരെ ഇന്ത്യന്‍ പൗരന്‍മാരല്ലാതാക്കുന്ന പൗരത്വഭേദഗതി നിയമം കൊണ്ടുവരുന്നതിനും അതിനൊരുങ്ങുന്ന ഒരു രാഷ്ട്രീയത്തിനെതിരായിട്ടുള്ളതാണ്. ഇനി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പറഞ്ഞ ഏക വ്യക്തി നിമിഷ സജയന്‍ മാത്രമാണോ. സുരേഷ് ഗോപി തോല്‍ക്കുമെന്ന് പറഞ്ഞതും അവര്‍ മാത്രമാണോ? അല്ല. പൗരത്വ ഭേദഗതി ബില്ലിനെതിരേ സംസാരിച്ച ഏക വ്യക്തിയും അവരല്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ത്രിയ്‌ക്കെതിരായി സൈബര്‍ ആക്രമണം നടത്തുന്നത് കേരളത്തില്‍ ആദ്യമാണോ? കെകെ ശൈലജ ടീച്ചര്‍ അടക്കമുള്ളവര്‍ ഈ അടുത്തകാലത്ത് പോലും അത്തരം അധിക്ഷേപത്തിന് പാത്രമായിട്ടുണ്ട്.

പിന്നെ എന്ത് കൊണ്ടാണ് നിമിഷ സജയനെതിരായ സൈബര്‍ ആക്രമണം എടുത്ത് പറയുന്നു എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാണ്. മനുസ്മൃതി. ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളിലൊന്നായ മനുസ്മൃതിയെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആള്‍കൂട്ടം നടത്തുന്ന സൈബര്‍ ആക്രമണം. മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് അവരുടെ പ്രത്യയ ശാസ്ത്രങ്ങളുടെ തന്നെ പിന്തുണ ഉള്ളത് കൊണ്ട് കൂടുതല്‍ അപകടകരമാണ്. തീര്‍ച്ചയായും നിമിഷയ്‌ക്കെതിരായ സൈബര്‍ ആക്രമണവും അത്തരത്തിലൊന്നാണ്.

നിമിഷ തന്നെ മുന്‍പ് പറഞ്ഞിട്ടുള്ളത്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍- സിനിമ ഇറങ്ങിയ ശേഷമാണ് അവര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ശക്തമായതെന്നാണ്. സിനിമയ്‌ക്കെതിരേ കേരളത്തിലെ ബിജെപി വനിതാ നേതാവായ ശോഭ സുരേന്ദ്രന്‍ വരെ രംഗത്തെത്തിയിരുന്നുവെന്നതും കൂട്ടിവായിക്കേണ്ടതാണ്.
പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവനേ
രക്ഷതി സ്ഥാവിരേ പുത്രാ
നാ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ‘.
ഒരു സ്ത്രീയുടെ കൗമാരം പിതൃ സംരക്ഷണത്തിലും യൗവനം ഭര്‍തൃ സംരക്ഷണത്തിലും വാര്‍ദ്ധക്യം പുത്ര സംരക്ഷണത്തിലുമായിരിക്കണമെന്നാണ് മനുസ്മൃതി പറഞ്ഞുവയ്ക്കുന്നത്. ഭര്‍ത്താവിനെ സേവിച്ച് ജീവിക്കുക ഒരു സ്ത്രീയ്ക്ക് വേദപഠനത്തിന് തുല്യമാണെന്നും പറയുന്നു. ഇതിലെ ഭര്‍ത്യ സംരക്ഷണയില്‍ പോവുന്ന സ്ത്രീയുടെ ദുരിതജീവിതം ഒരു പരിധിവരെയെങ്കിലും വരച്ച് കാട്ടുന്ന സിനിമയായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഒപ്പം ആര്‍ത്തവത്തിന് അശുദ്ധി കല്‍പ്പിക്കുന്നതും ശബരിമല വിഷയവുമെല്ലാം ചര്‍ച്ചയാവുന്നുണ്ട്. വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങള്‍ വലതുപക്ഷ അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് സിനിമയ്‌ക്കെതിരേ ഉയര്‍ന്നിരുന്നു.

ഒപ്പം നിമിഷയും വ്യക്തിഹത്യ നേരിടേണ്ടി വന്നു. അതിന്റെ എക്‌സ്റ്റെന്‍ഷനാണ് തൃശ്ശൂരിലെ തെരഞ്ഞെടുപ്പുമായി ഇപ്പോള്‍ ഉണ്ടായിട്ടുള്ളതും. ഒരു കലാകാരനെ ജനം സ്വീകരിക്കുന്നത് എപ്പോഴാണ്. അവരുടെ കഥാപാത്രത്തെ ഇഷ്ടപ്പെടുമ്പോഴാണ്. ആ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക മനസില്‍ അഭിനേതാവ് ഇടം നേടുന്നതും. അതാണ് അഭിനേതാവിന്റെ തൊഴില്‍ കരുത്തും. എന്നാല്‍ അപകീര്‍ത്തിപ്പെടുത്തിയും പ്രതിഛായ ഇല്ലാത്തവരുമായി അവരെ മാറ്റിയാല്‍ ആ തൊഴിലിടത്ത് അവരുടെ സ്ഥാനം ഇല്ലാതാവും. ഇതാണ് നിമിഷയ്‌ക്കെതിരായ ആക്രമത്തിന്റെ പിന്നാമ്പുറമെന്ന് സംശയിക്കാതെ തരമില്ല. കാരണം ബോളിവുഡ് താരം സ്വരഭാസ്‌കറിലൂടെ ഇന്ത്യന്‍ ജനത അത് കണ്ടതാണ്. സമുഹത്തിലെ അനീതികളോട് കലാകാരന്‍മാര്‍ പ്രതികരിക്കുമ്പോള്‍ അതിനൊരു മാസ് ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കും. അതുകൊണ്ടാണ് പ്രതികരിക്കുന്ന കലാകാരന്‍മാരെ സംഘപരിവാരം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് സ്വര ഭാസ്‌കര്‍ ചൂണ്ടികാണിക്കുന്നുണ്ട്. ചിന്തിക്കുക, ബോധത്തോടെ ജീവിക്കുക എന്നത് അസാധ്യമായ കാലം എന്നാണ് തനിക്കെതിരായ ആക്രമങ്ങളെ കുറിച്ച് അവര്‍ പ്രതികരിച്ചതും.

അതേസമയം, ആളുകള്‍ക്ക് എന്തും എഴുതാനും പറയാനും കഴിയും, പക്ഷേ അതില്‍ നിന്ന് എനിക്ക് ആവശ്യമുള്ളത് മാത്രമേ ഞാന്‍ എടുക്കൂ. അത് എന്നെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കുന്നില്ലെന്നും നിമിഷ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുള്ള കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെയും നിലപാട് ഇപ്പോ ഇത്തരത്തിലേക്ക് മാറി കഴിഞ്ഞു. സ്വയം വെളിപ്പെടാതെ സ്വന്തം സ്വത്വം പോലും മറച്ച് നടത്തുന്ന വലതുപക്ഷ അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളെ അവഗണിച്ച് മുന്നോട്ട് പോവുന്ന പെണ്ണുങ്ങളെയാണ് നാം ഇന്ന് കാണുന്നതും. പതിയെ ഉശിരുള്ള പെണ്ണുങ്ങളെ ഇത്തരക്കാര്‍ക്കും പരിചിതമാവുമെന്ന് പ്രതീക്ഷിക്കാം.

 

English Summary: Actor Nimisha Sajayan Becomes Target Of A Cyber-Attack

×