April 18, 2025 |
Share on

അദാനി ഗ്രൂപ്പിന്റെ ഓഹരി കുത്തനെ ഇടിഞ്ഞു; 3.4 ലക്ഷം കോടിയുടെ നഷ്ടം

ഗ്രീന്‍ എനര്‍ജിയുടെ മൂല്യമിടിഞ്ഞത് പകുതിയോളം

അദാനി ഗ്രൂപ്പിന്റെ 2025 സാമ്പത്തിക വര്‍ഷത്തിലെ വിപണി മൂല്യത്തില്‍ 21 ശതമാനത്തിന്റെ ഇടിവ്. 3.4 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇത് മൂലം ഗ്രൂപ്പിന് ഉണ്ടായിട്ടുള്ളത്. വിപണിയില്‍ പൊതുവേ ഉണ്ടായിട്ടുള്ള അസ്ഥിരതയുടേയും വര്‍ദ്ധിച്ച നിയന്ത്രണങ്ങളുടേയും പരിശോധനകളുടേയും ഇടയിലാണ് ഈ ഇടിവുണ്ടായിട്ടുള്ളത്. അദാനി ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിട്ടുള്ളത് അദാനി ഗ്രീന്‍ എനര്‍ജിക്കാണ്. ഏതാണ്ട് പകുതിയോളം അതിന്റെ വിപണി മൂല്യം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസിനും കാര്യമായ തിരിച്ചടി ഓഹരി വിപണയിലുണ്ടായി.

2025 മാര്‍ച്ച് 21 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണി മൂല്യം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 2.90 ലക്ഷം കോടിയില്‍ നിന്ന് 1.46 ലക്ഷം കോടിയായി താഴ്ന്നു. 26.5 കോടി ഡോളറിന്റെ കൈക്കൂലി സംബന്ധിച്ചുള്ള ആരോപണം ഉയരുകയും ഗൗതം അദാനിക്കും മരുമകന്‍ സാഗര്‍ അദാനിക്കുമെതിരെ യു.എസ് കോടതിയില്‍ കേസ് വരികയും ചെയ്ത സാഹചര്യത്തിലാണ് ഈ ഓഹരി തകര്‍ച്ച.

അദാനി ഗ്രൂപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായ അദാനി എന്റര്‍പ്രൈസിന്റെ ഓഹരി വില 27 ശതമാനമാണ് ഇടിഞ്ഞത്. അതോടെ വിപണി മൂല്യത്തില്‍ 94,096 കോടി രൂപയുടെ നഷ്ടമുണ്ടായി. അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്ണോമിക് സോണ്‍സ് 33,029 കോടിയും ഇടിഞ്ഞു. ഏതാണ്ട് 11.40 ശതമാനത്തോളം വരും ഈ ഇടിവ്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നീ കമ്പിനികള്‍ക്കും യഥാക്രമം 31.84 ശതമാനം, 18.95 ശതമാനം എന്നിങ്ങനെ വിപണിയില്‍ ഇടിവുണ്ടായിട്ടുണ്ട്.

അദാനി സിമിന്റ കമ്പനികളേയും ഈ വീഴ്ച ബാധിച്ചു. എ.സി.സിയുടെ ഓഹരി 23.10 ശതമാനവും അംബുജ സിമന്റ്സ് ഓഹരി 15.92 ശതമാനവും ഇടിഞ്ഞു. കാര്‍ഷിക മേഖലയില്‍ അദാനി വില്‍മറിന് 17.35 ശതമാനവും സംഘി ഇന്‍ഡസ്ട്രീസിന് 36.84 ശതമാനവും വീഴ്ച സംഭവിച്ചു. ഈ പ്രതിസന്ധിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നിന്ന് പിന്മാറി അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ അദാനി കോര്‍പറേഷന്‍ തീരുമാനിച്ചു. സംഘി ഇന്‍ഡസ്ട്രീസിനെ കഴിഞ്ഞ ഡിസംബറോടെയാണ് ബിസിനസ് തന്ത്രമെന്ന നിലയില്‍ അംബുജ സിമിന്റ്സ് പൂര്‍ണമായും വാങ്ങിയത്.

പൊതുവേ ഊര്‍ജ്ജമേഖലയില്‍ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അദാനി പവറിന് 2.11 ശതമാനത്തിന്റെ ചെറിയ മൂല്യശോഷണം നേരിട്ടു. അതേസമയം അദാനി വാങ്ങിയ മാധ്യമസ്ഥാപനമായ എന്‍.ഡി.റ്റി.വിയുടെ ഓഹരി മൂല്യത്തില്‍ കാര്യമായ ഇടിവാണുണ്ടായത്-41.58 ശതമാനം. വിവിധ മേഖലയില്‍ അദാനി ഗ്രൂപ്പ് നേരിടുന്ന വെല്ലുവിളിയുടെ പ്രതിഫലമാണിത് എന്നാണ് പൊതുവേ വിലയിരുത്തല്‍.

ഇന്ത്യന്‍ ഓഹരി വിപണയിലുണ്ടായിട്ടുള്ള വിശാല വെല്ലുവിളികളുടെ പ്രതിഫലനമാണ് അദാനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്നാണ് കണക്ക് കൂട്ടല്‍. സാമ്പത്തിക പ്രതിസന്ധി, നഗരമേഖലയില്‍ സാമ്പത്തിക വ്യയത്തിലുണ്ടായ ശോഷണം, ആഗോള രാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നിവ മാര്‍ച്ച് 31-ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപങ്ങളെ കൂടുതല്‍ കരുതലോടുള്ളതാക്കിയിട്ടുണ്ട്. പാരമ്പര്യേത ഊര്‍ജ്ജം, വാതകം എന്നീ മേഖലകളെ പ്രത്യേകിച്ചും നയങ്ങളിലുള്ള അനശ്ചിത്വങ്ങളും ആഗോള പലിശ നിരക്കിലുള്ള വര്‍ദ്ധനയും ബാധിച്ചിട്ടുണ്ട്. ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്സും ഈ തിരിച്ചടിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് കണക്ക് കൂട്ടല്‍. 2024-ലെ അവസാന മൂന്ന് പാദങ്ങളില്‍ ആറ് അദാനി ഗ്രൂപ്പുകളില്‍ ഉണ്ടായ നിര്‍ണായക ഇടിവുകള്‍ അടക്കം ഇന്ത്യന്‍ ഓഹരികളുടെ വര്‍ദ്ധിത വില്‍പ്പന സംഭവിച്ചിട്ടുണ്ട്. സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബക്കിന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഫ്ഷോര്‍ കച്ചവടങ്ങളില്‍ ബന്ധമുണ്ടെന്നുള്ള ആരോപണങ്ങള്‍ പുതിയ നിയന്ത്രണങ്ങള്‍ക്കും പരിശോധനകള്‍ക്കും വഴി വച്ചു. ഗൗതം അദാനിക്കും മരുകനും സഹായികള്‍ക്കും എതിരെ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷണന്‍ കേസ് ഫയല്‍ ചെയ്തതോടെ കാര്യങ്ങള്‍ നിയന്ത്രണാതീതമായി.  Adani Group’s shares plummet; 3.4 lakh crore loss, Green Energy’s valuation halved

Content Summary; Adani Group’s shares plummet; ₹3.4 lakh crore loss, Green Energy’s valuation halved

Leave a Reply

Your email address will not be published. Required fields are marked *

×