June 17, 2025 |

മ്യൂണിച്ച് ഒളിമ്പിക്സ് ഓർമിപ്പിച്ച് ഇസ്രയേൽ; ബെല്ല ഹദീദിനെ ഒഴിവാക്കി അഡിഡാസ്

യഹൂദ വിരുദ്ധതക്കെതിരെ സംസാരിച്ചു, മോഡലിനെ നീക്കി അഡിഡാസ്

സ്‌പോർട്‌സ് ഷൂവിൻ്റെ പരസ്യങ്ങളിൽ നിന്ന് മോഡലായ ബെല്ല ഹദീദിൻ്റെ ചിത്രങ്ങൾ അഡിഡാസ് പിൻവലിച്ചു. 1972-ലെ മ്യൂണിച്ച് ഒളിമ്പിക് ഗെയിംസിനോട് അനുബന്ധിച്ച് ആദ്യമായി പുറത്തിറക്കിയ പരസ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അഡിഡാസ് പിൻവലിച്ചത്. ഹദീദിൻ്റെ ഇടപെടലിനെക്കുറിച്ച് ഇസ്രയേലിൽ നിന്ന് വിമർശനം ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം എന്ന് കമ്പനി വ്യക്തമാക്കി. adidas removes bella hadid

കാലാതീതമായ ക്ലാസിക് എന്ന് അഡിഡാസ് വിശേഷിപ്പിക്കുന്ന എസ് എൽ 72 സീരീസ് ആണ് ബെല്ല പ്രൊമോട്ട് ചെയ്തത്. പലസ്തീനിയൻ വേരുകളുള്ള അമേരിക്കൻ വംശജയാണ് ബെല്ല ഹദീദ്.

‘നദിയിൽ നിന്ന് കടലിലേക്ക്, പലസ്തീൻ സ്വതന്ത്രമാക്കു’ എന്ന മുദ്രാവാക്യം വിളിച്ച് മുമ്പ് ഇസ്രയേൽ സർക്കാരിനെതിരെ യഹൂദവിരുദ്ധത ആരോപിച്ചുകൊണ്ട് കടുത്ത വിമർശനവുമായി മോഡൽ രംഗത്തെത്തിയിരുന്നു. മ്യൂണിച്ച് ഒളിമ്പിക്‌സിനിടെ പലസ്തീൻ ഭീകരർ പതിനൊന്ന് ഇസ്രയേലികളെ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടി അഡിഡാസ് കാമ്പെയ്‌നിൻ്റെ മുഖമായ ബെല്ല ഹദീദിനെ ഇസ്രയേലിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി എതിർക്കുകയും ചെയ്തിരുന്നു.

ബെല്ല ഹദീദ് പലപ്പോഴും ഇസ്രയേൽ സർക്കാരിനെ വിമർശിക്കുകയും പലസ്തീനികളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 23 ന്, നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം പ്രകടിപ്പിക്കുകയും ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ അവരുടെ നേതാക്കളെ പ്രേരിപ്പിക്കണമെന്ന് അനുയായികളോട് അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ട് ബെല്ല ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

എസ്എൽ 72 ഷൂസിനായുള്ള കാമ്പെയ്‌നിൽ അനവധി പേർ ഉൾപ്പെടുന്നുവെന്ന് അഡിഡാസ് പ്രസ്താവിച്ചു. ദാരുണമായ ചരിത്രസംഭവങ്ങളുമായുള്ള ബന്ധങ്ങൾ അവിചാരിതമായി സംഭവിച്ചതാണെന്നും എന്തെങ്കിലും അസ്വസ്ഥതയോ വിഷമമോ ഉണ്ടായാൽ ക്ഷമ ചോദിക്കുകയും ചെയ്തു. തത്ഫലമായി, കാമ്പെയ്‌നിൻ്റെ ഭാഗം ഞങ്ങൾ പുനഃപരിശോധിക്കുന്നു എന്നും അഡിഡാസ് തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നിരുന്നാലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഫ്രഞ്ച് ഫുട്ബോൾ താരം ജൂൾസ് കൗണ്ടേ, യുഎസ് റാപ്പർ എ$എപി നാസ്റ്റ്, ചൈനീസ് മോഡൽ സബ്രീന ലാൻ എന്നിവരുൾപ്പെടെ മറ്റ് അഡിഡാസ് ബ്രാൻഡ് അംബാസഡർമാർ ഉൾപ്പെട്ട പരസ്യ ചിത്രങ്ങൾ ഓൺലൈനിൽ തുടരുന്നുണ്ട്.

1972 സെപ്തംബർ 5 ന്, പലസ്തീൻ ഗ്രൂപ്പായ ബ്ലാക്ക് സെപ്റ്റംബർ അംഗങ്ങൾ ഒളിമ്പിക് ഗ്രാമത്തിൽ അതിക്രമിച്ച് കയറി പതിനൊന്ന് ഇസ്രയേലി ടീമംഗങ്ങളെ ബന്ദികളാക്കി, കൊലപ്പെടുത്തിയിരുന്നു.

സെലിബ്രിറ്റി അംബാസഡർമാരുമായുള്ള പങ്കാളിത്തം കമ്പനി അവസാനിപ്പിക്കുന്നത് ഇതാദ്യമായല്ല. 2022 ഒക്ടോബറിൽ, കുറ്റകരമായ പോസ്റ്റുകളുടെ പേരിൽ റാപ്പർ കാനി വെസ്റ്റിനെ ഇൻസ്റ്റാഗ്രാമിൽ നിന്നും ട്വിറ്ററിൽ നിന്നും സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന്, വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ‘ യഹൂദവിരുദ്ധത സഹിക്കാൻ സാധിക്കില്ല ‘ എന്ന പോസ്റ്റും വെസ്റ്റിൻ്റെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും “അസ്വീകാര്യവും വിദ്വേഷകരവും അപകടകരവുമാണ്” എന്ന് അഡിഡാസ് വിശേഷിപ്പിച്ചു, ഇത് കമ്പനിയുടെ വൈവിധ്യം, പരസ്പര ബഹുമാനം, നീതി എന്നിവയെ ലംഘിക്കുന്നതാണെന്നും വ്യക്തമാക്കി.

content summary;  adidas removes bella hadid from ad campaign after criticism from Israel

Leave a Reply

Your email address will not be published. Required fields are marked *

×