നിരവധി സ്ത്രീകളാണ് ‘my voice is not forbbiden’, ‘no to thaliban’ എന്നീ ഹാഷ്ടാഗുകളിൽ വീഡിയോകൾ പങ്കുവച്ചത്
സ്ത്രീകൾക്ക് സംസാരത്തിന് വിലക്കേർപ്പെടുത്തി അഫ്ഗാൻ. പൊതു ഇടങ്ങളിൽ സ്ത്രീകൾ ഉച്ചത്തിൽ സംസാരിക്കുകയോ പാട്ട് പാട്ടുപാടുകയോ ചെയ്യാൻ പാടില്ല എന്നതാണ് അഫ്ഗാന്റെ പുതിയ വിചിത്ര നിയമം. സ്ത്രീകളുടെ മൗലിക അവകാശം ലംഘിക്കുന്ന നിയമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ധാരാളം സ്ത്രീകൾ രംഗത്തെത്തിയിരിക്കുകയാണ്. പാട്ട്പാടി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് പലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. afghan women sing in defiance of taliban laws
അഫ്ഗാനിലെ ഒരു പെൺകുട്ടി പാതി മുഖം മറച്ചു പാട്ട് പാടുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവക്കുകയും ചെയ്തിരുന്നു, ഇതിന്റെ ചുവടുപിടിച്ചാണ് മറ്റു സ്ത്രീകളും ഇതേ പാതയിൽ ഉള്ള പ്രതിഷേധം ശക്തമാക്കിയത്. കഴിഞ്ഞ ആഴ്ചയിലാണ് സ്ത്രീകളുടെ മുഖം, ശരീരം, ശബ്ദം എന്നിവ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കപ്പെടരുത് എന്ന നിയമം നിലവിൽ കൊണ്ടുവന്നത്. അഫ്ഗാന്റെ സ്ത്രീകൾക്കെതിരായ നിയമത്തിനെതിരെ പോലീസ് ഉദ്യോഗസ്ഥയായ സല സാസയി പ്രതികരിച്ചു, പ്രശസ്ത ഗായിക ആര്യാന സയ്യിദ് അഫ്ഗാനിലെ സ്ത്രീകൾക്കെതിരെയുള്ള നിയമത്തെ വിമർശിച്ച് തയ്യാറാക്കിയ ഗാനം പങ്കുവച്ചുകൊണ്ടാണ് സല തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.
പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ തുടച്ചു നീക്കാനുള്ള തന്ത്രങ്ങൾക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നാണ് സ്ത്രീകൾ വ്യക്തമാക്കുന്നത്. ഒരു നിയമത്തിനും, പുരുഷന്മാർക്കും അഫ്ഗാൻ സ്ത്രീകളുടെ വായമൂടിക്കെട്ടാനാകില്ലെന്നാണ് 23 വയസുകാരിയായ ഒരു പെൺകുട്ടി തന്റെ വീഡിയോയിലൂടെ പ്രതികരിച്ചത്. തല മുതൽ കാൽ വരെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് ഒരു കബൂളിയൻ പെൺകുട്ടി പറഞ്ഞത് ‘മുൻകൂട്ടി നിശ്ചയിച്ച ഭാവിക്കുവേണ്ടി നിങ്ങളെന്റെ ശബ്ദത്തെയും തടഞ്ഞു, പെണ്ണായി ജനിച്ച കുറ്റത്തിന് വീട്ടുതടങ്കലിലടച്ചു’ എന്നായിരുന്നു.
വ്യക്തിപരമായും സംഘങ്ങളായും നിരവധി സ്ത്രീകളാണ് ‘my voice is not forbbiden’, ‘no to thaliban’ എന്നീ ഹാഷ്ടാഗുകളിൽ വീഡിയോകൾ പങ്കുവച്ചത്. അഫ്ഗാനിലെ സ്ത്രീകൾക്ക് പിന്തുണയുമായി ലോകത്തിന്റെ നാനാ ഭാഗത്ത് നിന്ന് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. പൊതുനിരത്തിൽ കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കാനും, മുഖം മൂടിക്കെട്ടി നടക്കാനും സ്ത്രീകളെ നിർബന്ധിക്കുകയും, രക്തബന്ധമില്ലാത്ത പുരുഷന്മാരുടെ നേരെ നോക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. ഏതെങ്കിലും വിധേന നിയമ ലംഘനം നടത്തിയാൽ കർശന ശിക്ഷയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 2021 ൽ താലിബാൻ അധികാരത്തിൽ വന്നപ്പോൾ മുതൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വിലക്ക് വീണ് തുടങ്ങുകയായിരുന്നു. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ നാനാ മേഖലകളും അവസരങ്ങളും സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടതും ഇതേ അവസരത്തിൽ ആണ്.
content summary; Afghan women sing in defiance of Taliban laws silencing their voices