ട്രംപ് ഭരണകൂടം വിദേശ സഹായ പദ്ധതികൾ മരവിപ്പിച്ചതോടെ, താലിബാനിൽ നിന്ന് പാലായനം ചെയ്ത 80ലധികം അഫ്ഗാൻ സ്ത്രീകളെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്താനൊരുങ്ങുന്നു.
വിദേശ സഹായങ്ങൾ നിർത്തലാക്കിയതോടെ പാലായനം ചെയ്ത് എത്തിയവർക്കുള്ള സ്‌കോളർഷിപ്പുകളടക്കമുള്ള ധനസഹായങ്ങൾ റദ്ദാക്കി.
ഇത് നടുക്കുന്ന സംഭവമാണെന്നും, തങ്ങൾ ഞെട്ടിയെന്നും രണ്ടാഴ്ച്ചയ്ക്കകം തങ്ങളെ തിരിച്ചയക്കുമെന്നും അധികൃതർ അറിയിച്ചതായും വിദ്യാർഥികൾ പറഞ്ഞു.
നാൽ വർഷങ്ങൾക്ക് മുൻപ് അധികാരം തിരിച്ച് പിടിച്ച താലിബാൻ സ്ത്രീകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പഠനത്തിൽ നിന്നുൾപ്പെടെ സ്ത്രീകളെ വിലക്കുന്നതായിരുന്നു ഈ നിയമങ്ങൾ.
അമേരിക്കയുടെ ധനസഹായത്തെ ആശ്രയിച്ച് നിരവധി അഫ്ഗാൻ സ്ത്രീകൾ വിദേശത്ത് തുടർ വിദ്യാഭ്യാസം നേടുന്നുണ്ടായിരുന്നു. എന്നാൽ ധനസഹായം നിർത്തലാക്കിയതോടെ പ്രതിസന്ധിയിലാണ് വിദ്യാർഥികൾ.
തങ്ങളെ തിരിച്ചയയ്ക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുള്ളതായും, അന്താരാഷ്ട്ര തലത്തിലുള്ളവർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും വിദ്യാർഥികൾ അഭ്യർത്ഥിച്ചു.
വിദേശ ധനസഹായം നിർത്തലാക്കിയതിനാലും, ഇപ്പോൾ നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതി അവസാനിച്ചതിനാലും പണം നൽകുന്നത് നിർത്തലാക്കി എന്നറിയിച്ചുകൊണ്ട് വിദ്യാർഥികൾക്ക് ഇമെയിൽ വന്നിരുന്നു.
2018ൽ യുഎസ്എയ്ഡ് കൊണ്ടുവന്ന വനിതാ സ്‌കോളർഷിപ്പ് സ്‌കീം പ്രകാരം ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പഠിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതി നിർത്തലാക്കിയതോടെ ഒമാനിൽ നിന്ന് തിരികെ അഫ്ഗാനിലേക്ക് തിരികെ വരാൻ നിർബന്ധിതരാവുകയാണ് വിദ്യാർഥികൾ.
താലിബാനിൽ സ്ത്രീകൾക്ക് ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്, ഗണിത മേഖലകൾ എന്നിവ പഠിക്കുന്നതിന് അനുവാദമുണ്ടായിരുന്നില്ല. ഈ കോഴ്‌സുകൾക്കെല്ലാം യുഎസ്എയ്ഡ് സ്‌കോളർഷിപ്പ് നൽകിയതോടെ പഠിക്കാനുള്ള ആഗ്രഹത്തിൽ ഒമാനിലെത്തിയതാണ് അഫ്ഗാനിലെ സ്ത്രീകൾ.
20 വയസ് വരെ പ്രായമുള്ള ഈ സ്ത്രീകൾ 2021ൽ താലിബാൻ, അഫ്ഗാനിസ്ഥാൻ കീഴടക്കുന്നതിന് മുൻപ് സ്‌കോളർഷിപ്പ് നേടിയവരാണ്. 2022ൽ താലിബാൻ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നിരോധിച്ചിരുന്നു. അതുവരെ സ്ത്രീകൾ അഫ്ഗാനിലെ സർവ്വകലാശാലകളിൽ പഠിക്കുകയായിരുന്നു.
18 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് അഫ്ഗാനിലെ സ്ത്രീകൾ പാകിസ്ഥാനിലേക്ക് പാലായനം ചെയ്തതും പിന്നീട് അവിടെ നിന്ന് യുഎസ്എയ്ഡ് ഒമാനിലേക്ക് വിസാ സൗകര്യം ഒരുക്കി നൽകിയതും.
വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി പ്രതിഷേധിക്കുന്ന സ്ത്രീകളെ താലിബാൻ അടിച്ചമർത്തുകയാണ് താലിബാൻ. അതിന്റെ ഭാഗമായി നിരവധി ആക്ടീവിസ്റ്റുകളെ മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭരണകൂടത്തിന്റെ ക്രൂരമായ നയങ്ങൾക്കിടയിൽ പെട്ടുപോയ ചലിക്കുന്ന ശവശരീരങ്ങൾ എന്നാണ് അഫ്ഗാനിലെ സ്ത്രീകൾ അവരെ തന്നെ വിശേഷിപ്പിക്കുന്നത്.
സ്ത്രീകളുടെ വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് താലിബാൻ സർക്കാർ വ്യക്തമാക്കി. എന്നാൽ തങ്ങളുടെ ഇപ്പോഴത്തെ നിയമങ്ങൾ പരമോന്നത നേതാവിന്റേതാണെന്ന് അവർ ന്യായികരിക്കുന്നുമുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബൈഡന്റെ ഭരണം അവസാനിച്ചതോടെ അഫ്ഗാൻ സ്ത്രീകൾ ദുരിതം മുഖാമുഖം കാണുകയാണെന്ന് സംഭവത്തിൽ അപലപിച്ചുകൊണ്ട് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസിഡന്റ് പ്രസ് സെക്രട്ടറി അന്ന കെല്ലി വ്യക്തമാക്കി.
അമേരിക്ക നൽകുന്ന വിദേശ ധനസഹായം നിർത്തലാക്കാൻ തീരുമാനിച്ചത് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമായിരുന്നു. മസ്‌കിന് കീഴിൽ വരുന്ന എഫിഷ്യൻസി ഡിപാർട്ട്‌മെന്റാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
നാടുകടത്തപ്പെടാൻ പോകുന്ന പെൺകുട്ടികളുടെ ഭാവി ഇരുളടയാൻ പോവുകയാണ്. അതിന് മുൻപ് ആ കുട്ടികൾക്ക് രക്ഷാമാർഗം കണ്ടെത്തി നൽകേണ്ടത് അത്യാവിശ്യമാണ്.
content summary; Afghan women who escaped the Taliban to study abroad may have to return after USAID funding was frozen