June 03, 2026 |
Avatar
അമർനാഥ്‌
Share on

ലോകത്തിന്റെ ഉറക്കം കെടുത്തിയ ഇരുട്ടിന്റെ രാജകുമാരന്‍ ഡ്രാക്കുള വീണ്ടും വരുന്നു

50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍

വിഖ്യാതനായ ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് പരിഭാഷപ്പെടുത്തിയ ലോക സാഹിത്യത്തിലെ ക്ലാസ്സിക്ക് കൃതി ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള, 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ പുറത്ത് വരുന്നു.

മരണമില്ലാത്തവന്‍, പകല്‍ വെളിച്ചത്തില്‍ ദുര്‍ബലന്‍, സൂര്യനസ്തമിച്ചാല്‍ അവന്‍ അതിശക്തനായി ഉയര്‍ത്തെഴുന്നേല്‍ക്കും, കുരിശും, വെളുള്ളിപ്പൂക്കളും കണ്ടാല്‍, വിറളി പിടിക്കുന്നവന്‍, പകല്‍ വെളിച്ചം നിഷിധമായവന്‍, കറുത്ത വസ്ത്രം മാത്രം ധരിക്കുന്നവന്‍, മൂടല്‍ മഞ്ഞായും, കടവാവലായും, എലിയായും രൂപം മാറാന്‍
കഴിയുന്നവന്‍ തന്റെ പൂര്‍വികരുടെ യുദ്ധവീര്യത്തില്‍ ഊറ്റം കൊള്ളുന്നവന്‍. ഡ്രാക്കുള പ്രഭു, അവന്‍ വീണ്ടും വരുന്നു.

അമ്പത് വര്‍ഷം മുന്‍പ് കോട്ടയത്ത് നിന്ന് 5600 മൈല്‍ അകലെയുള്ള യൂറോപ്പിലെ റുമേനിയയിലെ ട്രാന്‍സില്‍വേനിയയില്‍ എത്തിപ്പെടുക എളുപ്പമല്ല, എങ്കിലും അക്കാലത്ത് തന്റെ ഭാവനയിലൂടെ സഞ്ചരിച്ച് ഡ്രാക്കുളക്കോട്ടയിലെത്തി ഡ്രാക്കുള എന്ന വിഖ്യാത നോവല്‍ തന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തിയ നോവലിസ്റ്റാണ് കോട്ടയം പുഷ്പനാഥ്. മുഖവുര വേണ്ടാത്ത മലയാളികളുടെ പ്രിയപ്പെട്ട അപസര്‍പ്പക നോവലിസ്റ്റായിരുന്ന പുഷ്പനാഥിന്റെ പരിഭാഷ അന്ന് വായനക്കാരുടെ മനസ്സില്‍ ഭയമുണര്‍ത്തി ട്രാന്‍സില്‍വാലിയ താഴ് വരയും ഡ്രാക്കുളക്കോട്ടയും രക്തദാഹിയായ ഡ്രാക്കുള പ്രഭുവിനേയും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു.

കോട്ടയം പുഷ്പനാഥ് പരിഭാഷപ്പെടുത്തിയ ഡ്രാക്കുള (1975)

മലയാളിയുടെ ഉറക്കം കെടുത്തിയ ആ നാളുകള്‍ വീണ്ടും വരികയാണ്. ഇതിഹാസ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് പരിഭാഷപ്പെടുത്തിയ ലോക സാഹിത്യത്തിലെ ക്ലാസ്സിക്ക് കൃതി എബ്രഹാം ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള വീണ്ടും മലയാളത്തില്‍ ഈ ജനുവരിയില്‍ പുറത്ത് വരുന്നു.

പ്രസാധകരായ പുഷ്പനാഥ് പബ്ലിക്കേഷന്‍സ് ബ്രാം സ്റ്റോക്കര്‍ എസ്റ്റേറ്റുമായി സഹകരിച്ച് തയ്യാറാക്കിയ ഈ പ്രത്യേക പതിപ്പിന്, ബ്രാം സ്റ്റോക്കറുടെ വംശജനായ ഡെയ്ക്കര്‍ സ്റ്റോക്കര്‍ ആമുഖം എഴുതുന്നു എന്ന പ്രത്യേക കൂടിയുണ്ട്. നീണ്ട 50 വര്‍ഷത്തിന് ശേഷമാണ് കോട്ടയം പുഷ്പനാഥിന്റെ രക്തദാഹിയായ ‘ഡ്രാക്കുള’ ദീര്‍ഘനിദ്ര വിട്ട് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. ലോകപ്രശസ്ത കലാകാരന്‍ ജെറാള്‍ഡ് സ്‌കാര്‍ഫ് രൂപകല്‍പന ചെയ്ത കവര്‍ ചിത്രത്തിലൂടെയാണ് ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള തിരികെ എത്തുന്നത്.

ഹാര്‍ഡ്ബൗണ്ട് കളക്ടേഴ്സ് എഡിഷന്‍ ആയി പുറത്തിറങ്ങുന്ന ഈ പതിപ്പില്‍, ബ്രാം സ്റ്റോക്കറിന്റെയും കോട്ടയം പുഷ്പനാഥിന്റെയും കൈയ്യൊപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ, ബ്രാം സ്റ്റോക്കര്‍ എസ്റ്റേറ്റിന്റെ ശേഖരത്തിലുള്ള, ഡ്രാക്കുള ചിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ്വമായ ചിത്രങ്ങളും രേഖകളും ഈ പുസ്തകത്തില്‍ പ്രസാധകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രാക്കുളയുടെ രചനാപശ്ചാത്തലവും, വിക്ടോറിയന്‍ കാലഘട്ടത്തിലെ ഭീതിയും, മനുഷ്യമനസ്സിലെ അന്ധകാരവും ഇവയെല്ലാം പുതിയ വെളിച്ചത്തില്‍ അവതരിപ്പിക്കുന്ന സമ്പൂര്‍ണ വായനാനുഭവം നല്‍കുന്ന ഈ പുസ്തകം ഉടന്‍ പുറത്തിറങ്ങും.

ഡ്രാക്കുള പ്രസിദ്ധീകരിച്ച് 61 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ ആദ്യമായി വരുന്നത്. കവിയും എഴുത്തുകാരനുമായ കെ. വി. രാമകൃഷ്ണനായിരുന്നു ആദ്യമായി ഡ്രാക്കുള മലയാളത്തില്‍ മൊഴിമാറ്റിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അന്നത്തെ എഡിറ്ററായ എം.ടി. വാസുദേവന്‍ നായരാണ് ഇതിനു പിന്നില്‍. എം ടിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് പോലീസില്‍ സിവിലയന്‍ ക്ലര്‍ക്കായിരുന്ന രാമകൃഷ്ണന്‍ നാലുമാസം കൊണ്ട് പരിഭാഷ പൂര്‍ത്തിയാക്കി. 1961 ജൂലൈ 20 ലക്കം മാതൃഭൂമിയില്‍ ഖണ്ഡശയായി പരിഭാഷ വരാന്‍ തുടങ്ങി. വായനക്കാരന്റെ ഉള്ളില്‍ ഭീതി വിതച്ച് അവനെ വിറപ്പിക്കുന്ന ഒരു പേര് വേണം. കഴുത്തില്‍ കൂര്‍ത്ത പല്ലുകള്‍ താഴ്ത്തി ചോര ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയ്ക്ക് കെ.വി. രാമകൃഷ്ണന്‍ കണ്ടെത്തിയ ഏറ്റവും മികച്ച മലയാള പദമായി അത്. ‘രക്തരക്ഷസ്സ്’.

കോട്ടയം പുഷ്പനാഥ്

കോട്ടയം വാരികകളുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കോട്ടയം പുഷ്പനാഥ് ഒരേസമയം വാരികകളില്‍ 11 നോവലെഴുതുന്ന കാലത്താണ് ഡ്രാക്കുള പരിഭാഷപ്പെടുത്തുന്നത്. ഡ്രാക്കുള സിനിമ കണ്ടതോടെയാണ് പുഷ്പനാഥിന് അത് മലയാളത്തിലാക്കാന്‍ മോഹം തോന്നിയത്. ഒരു പ്രസാധകന്‍ പുസ്തകമാക്കാമെന്നേറ്റതോടെ പരിഭാഷ ആരംഭിച്ചു. ഡ്രാക്കുള എഴുതിയ ഐറിഷുകാരനായ ബ്രാം സ്റ്റോക്കര്‍ ഒരിക്കലും റുമാനിയ സന്ദര്‍ശിച്ചിട്ടില്ല. എങ്കിലും ട്രാന്‍സില്‍ വേനിയയിലെ താഴ് വരയും കാര്‍പ്പാത്യന്‍ മലനിരകളും, ദുര്‍ഘടങ്ങളായ വഴികളും, വായനക്കാരില്‍ ഭീതിവിതയ്ക്കുന്ന വര്‍ണ്ണന നടത്തി. ഒരു സ്‌ക്കൂള്‍ അദ്ധ്യാപകന്‍ കൂടിയായ പുഷ്പനാഥ് കോട്ടയത്തിരുന്ന് നാഷണല്‍ ജിയോഗ്രഫിക്ക് മാഗസിനും ഭൂപടവും തന്റെ മുന്നില്‍ നിവര്‍ത്തി വെച്ച് ട്രാന്‍സില്‍ വേനിയയും ഡ്രാക്കുള കോട്ടയുമൊക്ക തന്റെ ഭാവനയിലേക്ക് ആവാഹിച്ചു… ആ പരിഭാഷാ ദിനങ്ങളെ പുഷ്പനാഥ് ഓര്‍മ്മിച്ചു.

”അങ്ങനെ ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ നോവല്‍ വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഡിക്ഷണറി നോക്കി, ഇംഗ്ലീഷ് നോവല്‍ നോക്കി, വാചകം ഒരാള്‍ക്കു പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അയാള്‍ അത് എഴുതുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ, വൈകുന്നേരം അഞ്ചുമണിയാകുമ്പോള്‍ ആ സുഹൃത്തു പറയും വീട്ടില്‍ പോകണമെന്ന്. കാരണം മൂന്നു കിലോമീറ്റര്‍ അകലെയാണ് എഴുതുന്ന ആളിന്റെ താമസസ്ഥലം. ഇരുട്ടുന്നതിനുമുന്‍പ് വീട്ടിലെത്തണം എന്നുള്ള ആഗ്രഹമാണ് കാരണം.

പുതിയ പതിപ്പിൻ്റെ പരസ്യം

കഥയുടെ പ്രേരണയാണ് അതിന്റെ പിന്നിലുള്ളതെന്ന് എനിക്കു മനസ്സിലായി. ആ സുഹൃത്ത് ഭയപ്പെടുന്നുണ്ട്. എന്നാല്‍ ഞാന്‍ ഇത് എഴുതിക്കുമ്പോള്‍ തനിച്ച് ഒരു വീട്ടിലാണ് കഴിയുന്നത്. എനിക്ക് രണ്ടു വീടുകള്‍ ഉള്ളതില്‍ ഒന്ന് ഞാന്‍ കഥയെഴുതാന്‍ ഉപയോഗിച്ചിരുന്നു. നാഷണല്‍ ജ്യോഗ്രഫിക്കല്‍ മാഗസിനും മറ്റും നോക്കി കാര്‍പാത്യന്‍ മലകളും ട്രാന്‍സില്‍വേനിയ താഴ്വ രയും ഞാന്‍ മനസ്സിലാക്കി. ആ മലയിലാണല്ലോ ഡ്രാക്കുളക്കോട്ട സ്ഥിതിചെയ്യുന്നത്. ഇപ്പോഴും ആ കോട്ടയും കൊട്ടാരവും നിലവിലുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.

ഡ്രാക്കുളയെ സംബന്ധിച്ചുള്ള ചില ചലച്ചിത്രങ്ങളെക്കുറിച്ച് പറയാം. ഹൊറര്‍ ഓഫ് ഡ്രാക്കുള, ഡ്രാക്കുള റെയ്സണ്‍ ഫ്രം ദി ഗ്രേവ്, സണ്‍ ഓഫ് ഡ്രാക്കുള ടേസ്റ്റ് ദി ബ്ലഡ് ഓഫ് ഡ്രാക്കുള ഇവയെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ഡ്രാക്കുളയെ കഥാപാത്രമാക്കി ഞാനും ചില നോവലുകള്‍ എഴുതിയിട്ടുണ്ട്. ഡ്രാക്കുള ഏഷ്യയില്‍ ഡ്രാക്കുള ബ്രസീലില്‍ ഡ്രാക്കുളയുള്ള മകള്‍, ഡ്രാക്കുള ഉണരുന്നു, ഡ്രാക്കുളയുടെ നിഴലില്‍, ഡ്രാക്കുള വീണ്ടും വരുന്നു.

ഡോ. വാൻ ഹെൽ സിങ്ങായി പ്രശസ്ത നടൻ ആൻ്റണി ഹോപ്കിൻസ്’ ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള(1992)

ഇതൊക്കെ എഴുതുമ്പോള്‍ കഥ നടക്കുന്ന സ്ഥലവും പശ്ചാത്തലവും ഏറെ പഠിക്കണം. പ്രത്യേകിച്ച് കാര്‍പാത്യന്‍ മലയും ട്രാന്‍സില്‍വാനിയ താഴ്വര തുടങ്ങി അവിടത്തെ പ്രകൃതിദൃശ്യങ്ങളും ശരിക്ക് മനസ്സിലാക്കണം. അതുപോലെ രാത്രികാലങ്ങളില്‍ ആ താഴ്വരയില്‍ മിന്നിമറയുന്ന പ്രകാശങ്ങള്‍, കുതിര വണ്ടികള്‍ ഇവയൊക്കെ ദൃശ്യാത്മകമായി ചിത്രീകരിക്കണം. കഥയുടെ അവസാനം പോയ സ്ഥലത്തുനിന്നും തിരികെ വന്നുചേരുന്നു ഡ്രാക്കുള.

ഡ്രാക്കുള പാശ്ചാത്യരാജ്യങ്ങളില്‍ ചലച്ചിത്രമായി റിലീസ് ചെയ്ത ഒരു പരസ്യം ഞാന്‍ വായിച്ചിട്ടുണ്ട്. ‘ആണ്‍തുണയില്ലാതെ തനിച്ചിരുന്ന് കാണുവാന്‍ ധൈര്യമുണ്ടോ?’ എന്ന്. എന്തുകൊണ്ടും കാലങ്ങളായി മായാതെ നില്‍ക്കുന്ന ഒരു കഥാപാത്രമാണ് ഡ്രാക്കുള” കോട്ടയം പുഷ്പനാഥ് പറയുന്നു.

തെക്കന്‍ തിരുവിതാംകുറിലെ തക്കലയില്‍ നിന്ന് കോട്ടയത്ത് കുടിയേറി പാര്‍ത്തവരാണ് കോട്ടയം പുഷ്പനാഥ് എന്ന പുഷ്പനാഥന്‍ പിള്ളയുടെ പൂര്‍വികര്‍. കോട്ടയത്തെ മാര്‍ത്തോമ്മ സ്‌ക്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണക്ക് പഠിപ്പിപ്പിക്കുന്ന അദ്ധ്യാപകന്‍ ക്ലാസ് തുടങ്ങും മുന്‍പ് 15 മിനിറ്റ് ആര്‍തര്‍ കോനന്‍ ഡോയലിനേയും ഷെര്‍ലക് ഹോംസിനേയും കുറിച്ച് കഥകള്‍ പറയും. ഇത് പുഷ്പനാഥിനെ ആകര്‍ഷിച്ചു. അന്ന് കോട്ടയത്ത് വാരികകളുടെ യുഗം ആരംഭിച്ചിട്ടില്ല. ചമ്പക്കുളത്ത് നിന്ന് ബി.കെ.എം. ബുക്ക് ഡിപ്പോ ഇറക്കിയിരുന്ന ‘ഡിറ്റക്റ്റര്‍’ മാസികയില്‍ ഡിക്റ്ററ്റീവ് കഥകള്‍ സ്ഥിരമായി അടിച്ചിരുന്നു. അതില്‍ ആദ്യമായി പുഷ്പനാഥിന്റെ ഒരു ഡിക്റ്ററ്റീവ് കഥ അച്ചടിച്ചു വന്നു. പ്രതിഫലമൊന്നും കിട്ടിയില്ലെങ്കിലും സ്ഥിരമായി അതില്‍ ഇത്തരം കഥകള്‍ എഴുതാന്‍ തുടങ്ങി. ആ കാലത്ത് സിനിമാ മാസികയില്‍ പുഷ്പനാഥ് എഴുതിയ ഒരു കവിത അച്ചടിച്ച് വന്നു.
‘കണ്ണീര്‍ക്കണങ്ങള്‍ കോര്‍ത്ത അമൂല്യ ഹാരവുമായി
ഓമനേ ഞാന്‍ നിനക്കായ് കാത്തിരുന്നു’
ഇതായിരുന്നു അതിന്റെ ആദ്യ വരികള്‍.

പ്രസിദ്ധ സാഹിത്യകാരനായ കാനം ഇ.ജെ. എഡിറ്ററായി 1968 ആരംഭിച്ച പ്രസിദ്ധീകരണമാണ് ‘മനോരാജ്യം’ വാരിക. ‘ഡിറ്റക്ടര്‍’ മാസികയില്‍ പതിവായി കുറ്റാന്വേഷണ കഥകള്‍ എഴുതിയിരുന്ന പുഷ്പനാഥിനെ കാനത്തിനറിയാമായിരുന്നു. പാശ്ചാത്യ സാഹിത്യ ലോകത്ത് ഏറെ വായനക്കാരെ നേടിയ കുറ്റാന്വേഷണ കഥകളുടെ മാതൃകയില്‍ അയാളെഴുതുന്ന കഥകളിലെ ത്രില്ലും ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്ന എഴുത്ത് ഒരു വായനക്കാരന്‍ എന്ന നിലയില്‍ കാനത്തെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. കാനം പുതിയ വാരികയ്ക്ക് വേണ്ടി നോവല്‍ ആവശ്യപ്പെട്ടു. അതായിരുന്നു തുടക്കം. പുഷ്പരാജിന്റെ ആദ്യ നോവല്‍ ‘ചുവന്ന മനുഷ്യന്‍’ മനോരാജ്യത്തില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. ബ്രെയിന്‍ ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ച് ഒരു വിദേശ ശാസ്ത്ര മാസികയില്‍ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ‘ചുവന്ന മനുഷ്യന്‍’ എന്ന നോവല്‍ പുഷ്പനാഥ് എഴുതിയത്.

മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ച ചുവന്ന മനുഷ്യന്‍ മലയാള കുറ്റാന്വേഷണ സാഹിത്യ ചരിത്രത്തില്‍ നാഴികക്കല്ലായി മാറി. വായനക്കാര്‍ക്കത് ആഹ്ലാദവും വിസ്മയവും ജനിപ്പിക്കുന്ന പുതിയൊരു വായനാനുഭവമായി. ഓരോ ആഴ്ചയും വാരിക ഇറങ്ങുന്നതും കാത്ത് അവര്‍ അക്ഷമരായി ഇരുന്നു. വാരിക വിപണിയിലെത്തുമ്പോഴേക്കും മറ്റു തീര്‍ന്നു. വായനക്കാര്‍ക്കത് ആഹ്ലാദവും വിസ്മയവും ജനിപ്പിക്കുന്ന പുതിയൊരു വായനാനുഭവമായി. ഓരോ ആഴ്ചയും വാരിക ഇറങ്ങുന്നതും കാത്ത് അക്ഷമരായി ഇരുന്നു. വാരിക വിപണിയിലെത്തുമ്പോഴേക്കും ചൂടപ്പം പോലെ വിറ്റഴിഞ്ഞു. വാരിക ആവശ്യാനുസരണം കിട്ടുന്നില്ലെന്ന പരാതി വായനക്കാരുടെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ വാങ്ങുന്ന കോപ്പികളുടെ എണ്ണം കൂട്ടാന്‍ ഏജന്റമാര്‍ നിര്‍ബന്ധിതരായി. ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് വാരികയുടെ വില്‍പ്പന കുതിച്ചുയര്‍ന്നു. കോട്ടയം പുഷ്പനാഥ് തന്റെ ആദ്യ കുറ്റാന്വേഷണ നോവലിലൂടെ മലയാളിയുടെ വായനാ ശീലത്തെ മറ്റൊരു ദിശയിലേക്ക് മാറ്റിമറച്ചു.

കോട്ടയത്തെ ജനപ്രിയ വാരികകളുടെ വസന്തകാലം ആരംഭിക്കുകയായിരുന്നു. മുട്ടത്തു വര്‍ക്കി – കാനം – പിന്നെ കോട്ടയം പുഷ്പനാഥ് ഈ മൂന്നു എഴുത്തുകാരിലൂടെ ഏറ്റവും അധികം വായിക്കപ്പെടുന്ന ജനപ്രിയ സാഹിത്യം ഈ വാരികകളിലൂടെ വളര്‍ന്നു. കോട്ടയത്തെ ജനകീയ വാരികകളെല്ലാം തന്നെ കുറ്റാന്വേഷണ നോവലിനായി കോട്ടയം പുഷ്പനാഥിന്റെ വീട്ടുപടിക്കല്‍ ക്യൂ നില്‍ക്കുന്ന അതിശയകരമായ കാഴ്ചയാണ് പിന്നെ കണ്ടത്. കുറച്ച് കാലം ‘പുഷ്പനാഥ്’ എന്ന പേരില്‍ കോട്ടയം പുഷ്പനാഥ് ഒരു വാരിക ഇറക്കി. ഒമ്പത് ലക്കം അച്ചടിച്ചതോടെ നിറുത്തി. പിന്നെ അനന്തമായ നോവല്‍ രചനയിലേക്ക് കടന്നു.

താമസിയാതെ മനോരമ ആഴ്ചപ്പതിപ്പ് അദ്ദേഹത്തോട് ഒരു നോവല്‍ ആവശ്യപ്പെട്ടു. അവര്‍ക്കായി ‘പാരലല്‍ റോഡ്’ എന്ന നോവല്‍ എഴുതി. മലയാളത്തിലെ മികച്ച വാരികയായിരുന്ന ജനയുഗം വരെ പുഷ്പനാഥിന്റെ നോവല്‍ പ്രസിദ്ധീകരിച്ചു. കാമ്പിശ്ശേരി കരുണാകരന്‍ പത്രാധിപരായിരുന്ന ജനയുഗം വാരികയും അദ്ദേഹത്തിന്റെ നോവല്‍ പ്രസിദ്ധീകരിച്ചു – പേര് – ഡയല്‍ 00003. കോട്ടയം പുഷ്പനാഥിന്റെ നോവലുകള്‍ക്ക് വമ്പിച്ച വായനക്കാരുണ്ടെന്ന തിരിച്ചറിവായിരുന്നു അതിനു കാരണം.

ഡ്രാക്കുള വിഷയമാക്കിയ കോട്ടയം പുഷ്പനാഥിൻ്റെ നോവലുകൾ

കാനം തന്റെ വാരിക മനോരാജ്യം കോട്ടയത്തെ ഡോക്ടര്‍ ജോര്‍ജ് തോമസിന് (1967 ല്‍ കേരള നിയമസഭാ ഉപനേതാവായിരുന്ന, കേരള ഭൂഷണം പത്രത്തിന്റെ ഉടമ) വിറ്റു. പുതിയ ഉടമ ജോര്‍ജ് തോമസ് ഡിക്റ്ററ്റീവ് നോവലുകള്‍ക്കെതിരായിരുന്നതിനാല്‍ അവ ഒഴിവാക്കി മനോരാജ്യം പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കോട്ടയം പുഷ്പനാഥിന്റെ ഡിക്റ്ററ്റീവ്” ഇല്ലാതെ എന്ത് വാരിക ? അതോടെ മനോരാജ്യത്തെ വായനക്കാര്‍ കൈവിട്ടു. മനോരാജ്യം സര്‍ക്കുലേഷന്‍ കുത്തനെ ഇടിഞ്ഞതോടെ കോട്ടയം പുഷ്പനാഥിന് ഡോ. ജോര്‍ജ് തോമസിന്റെ വിളി വന്നു. പുതിയ നോവല്‍ വേണം.

ഉടനെ അടുത്ത നോവല്‍ ‘ഫറവോന്റെ മരണമുറി’ പ്രസിദ്ധീകരിച്ചു തുടങ്ങി. അതോടെ പിന്നെ, മനോരാജ്യത്തിനും കോട്ടയം പുഷ്പനാഥ് ഒരാവശ്യമായിവന്നു. തുടര്‍ന്ന് മലയാളമനോരമ വാരികയ്ക്കും പുഷ്പനാഥിന്റെ നോവല്‍ വേണമെന്നായി. ‘പാരല്‍ റോഡ്’ എന്ന നോവല്‍ മനോരമയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നു.
അക്കാലത്തുതന്നെ കാമ്പിശ്ശേരിയുടെ ആവശ്യപ്രകാരം ‘കഴുകന്‍’ എന്ന ഒരു നോവല്‍ ജനയുഗം വാരികയ്ക്കു വേണ്ടി എഴുതി. കോട്ടയത്തെ എല്ലാ വാരികകള്‍ക്കും പുഷ്പനാഥ് വേണമെന്നായി. കോട്ടയത്തെ ബ്‌ളാക്ക് വാരികകളെ പ്രചാരത്തില്‍ ലക്ഷങ്ങളിലെത്തിക്കാന്‍ പുഷ്പനാഥിന്റെ നോവലുകള്‍ക്ക് കഴിയുമെന്ന നിലവന്നു. ജനയുഗം, കുമാരി, മനോരാജ്യം, മാമാങ്കം, സഖി, പൗരദ്ധ്വനി, ചിത്രരമ, മംഗളം, മലയാളനാട്, സിനിമാ വാരിക എന്നീ വാരികകളിലൊക്കെ കോട്ടയം പുഷ്പനാഥ് എന്ന പേര് നിറഞ്ഞു നിന്നു. ആ നോവലെഴുത്ത് തന്നെയാണ് കോട്ടയം വാരികകളുടെ പ്രചാരം ഉയര്‍ത്തിയതില്‍ പ്രധാന പങ്കു വഹിച്ചതെന്ന് ജനപ്രിയ വാരികകളുടെ ചരിത്രം പറയുന്നു.

അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ‘ബര്‍മുഡാ ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത പത്രങ്ങളില്‍ വാര്‍ത്തയായി നിറഞ്ഞപ്പോഴാണ് അതേ പേരില്‍ പുഷ്പനാഥ് ‘ഒരു നോവല്‍ എഴുതിയത്. കാനഡയില്‍, സര്‍ക്കാരിനെ കബളിപ്പിച്ച് ഒരു കൂട്ടം ആളുകള്‍ സ്വന്തമായി സ്വര്‍ണഖനി നടത്തി, സ്വര്‍ണം വിദേശത്തേക്കു കള്ളക്കടത്തു നടത്തിയ വാര്‍ത്തയില്‍നിന്നാണ് ‘ലൂസിഫര്‍’ എന്ന നോവല്‍ ഉണ്ടായത്. ഈജിപ്തിലെ ഫറവോ ചക്രവര്‍ത്തിമാര്‍ മരിച്ച് മമ്മികളായി പിരമിഡില്‍ അടക്കം ചെയ്യുന്ന കാലത്ത് സ്വര്‍ണവും വജ്രവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തങ്ങള്‍ക്കൊപ്പം അടക്കം ചെയ്യണമെന്ന് ശഠിച്ചിരുന്നു. പിരമിഡിനകത്തെ ഈ വിലപിടിപ്പുള്ള വസ്തുക്കള്‍ കളവു ചെയ്യുന്ന അധോലോക സംഘങ്ങള്‍ കയ്‌റോയില്‍ സജീവമായി ഉണ്ടെന്നറിഞ്ഞപ്പോള്‍ ആ പശ്ചാത്തലത്തില്‍ ‘ഫറവോന്റെ മരണമുറി’ എഴുതി. സമകാലിക സംഭവങ്ങളില്‍ പുഷ്പനാഥ് എന്നും അപ്പ്‌ഡേറ്റ് ആയതിനാല്‍ ഈ പുതിയ നോവലുകള്‍ വളരെ സ്വീകാര്യത നേടി.

അക്കാലത്ത് രാവിലെ 7 മണി മുതല്‍ രാത്രി 11 – 12 വരെയൊക്കെ ഇടതടവില്ലാതെ പുഷ്പനാഥ് എഴുതുമായിരുന്നു. ഒരു മുറിയില്‍ മൂന്നു പേരെ ഇരുത്തി ഒരേ സമയം വ്യത്യസ്ത കുറ്റാന്വേഷണ നോവല്‍ ഭാഗങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുത്ത് എഴുതിക്കുന്ന രീതിയും അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്. കാരണം വീടിന് വെളിയില്‍ വാരികകളില്‍ നിന്നുള്ള ആളുകള്‍ ആ ആഴ്ചത്തെ അവരുടെ നോവലിന്റെ അധ്യായം വാങ്ങാനായി കാത്തു നില്‍ക്കുന്നുണ്ടാകും. അവരെ ഒരിക്കലും പുഷ്പനാഥ് നിരാശപ്പെടുത്തിയില്ല. (സത്യന്‍ അന്തിക്കാടിന്റെ ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റിലെ ശങ്കരാടി അവതരിപ്പിച്ച നോവലിസ്റ്റിനെ ഓര്‍മ്മയില്ലേ? വാരികക്കാരെ പുറത്ത് നിറുത്തി നോവലിന്റെ അദ്ധ്യായം എഴുതി കൊടുക്കുന്ന നോവലിസ്റ്റ് കുട്ടിച്ചനെ?)

ഡ്രാക്കുള വിവിധ പരിഭാഷകൾ

കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലെ അന്താരാഷ്ട്ര ഡിക്റ്ററ്റീവായ മാര്‍ക്‌സിനെ അറിയാത്ത മലയാള നോവല്‍ വായനക്കാരുണ്ടോ? ഹാഫ് – എ കൊറാണ ചുരുട്ട് വലിക്കുന്ന ഡിക്റ്ററ്റീവ് മാര്‍ക്‌സിനെ? മറ്റൊരു സി.ഐ.ഡി യായ ഇന്ത്യയിലെ കേസുകള്‍ അന്വേഷിക്കുന്ന ഡിക്റ്ററ്റീവ് പുഷ്പരാജിനെ? ഡിക്റ്ററ്റീവ് മാര്‍ക്‌സിന്റെ കാമുകി സുന്ദരിയായ എലിസബത്തും മാര്‍ക്‌സിന്റെ സന്തത സഹചാരി ഡോ. ജോണ്‍സനും വായനക്കാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. പത്രപ്രവര്‍ത്തകനും പ്രശസ്ത കഥ – തിരക്കഥാകൃത്തായ വിനു എബ്രഹാം ഡിക്റ്ററ്റീവ് മാര്‍ക്‌സും ഡിക്റ്ററ്റീവ് പുഷ്പരാജും സാക്ഷാല്‍ കോട്ടയം പുഷ്പനാഥും കഥാപാത്രങ്ങളായി വരുന്ന ‘അപസര്‍പ്പകം’ എന്നൊരു ചെറുകഥ തന്നെ എഴുതിയിട്ടുണ്ട്.

ഡ്രാക്കുള എന്തുകൊണ്ടാണ് തലമുറകളായി വായിപ്പിക്കപ്പെടുന്നത്?

1897 മുതല്‍ ഒരു നൂറ്റാണ്ടിലധികം ലോക ജനതയെ വായനയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നോവലാണിത്. വിക്ടോറിയന്‍ കാലഘട്ടത്തിന്റെ നിഗൂഢവും ഭ്രമാത്മകവുമായ സംസ്‌കാരത്തെ അടയാളപ്പെടുത്തിയ ഈ കൃതി, പില്‍ക്കാലത്ത് ദൃശ്യാവിഷ്‌കാരങ്ങളിലൂടെയും ഭയപ്പെടുത്തുന്ന ശബ്ദവിന്യാസങ്ങളിലൂടെയും മനുഷ്യനെ ഭീതിയുടെ അഗാധതയിലേക്ക് വലിച്ചെറിഞ്ഞു. പുസ്തകമായാലും സിനിമയായാലും നാടകമായാലും ‘ഡ്രാക്കുള’ എന്ന പേര് പകര്‍ന്നുനല്‍കുന്നത് ഭയം എന്ന വികാരം മാത്രമാണ്.

ഭയം, വെറുപ്പ്, പക മുതലായവ നേരിട്ട് അനുഭവിക്കാന്‍ രസമുള്ള വികാരങ്ങളല്ല. എന്നാല്‍, മറ്റുള്ളവര്‍ ഈ വികാരങ്ങളുടെ ജ്വാലകളില്‍ കിടന്നു പിടയുന്നതു മാറി നിന്നു കാണുമ്പോള്‍, ക്രൂരമായ ഒരുതരം സംതൃപ്തി തോന്നാത്തവര്‍ കുറവാണ്. ഭയാനകവും ബീഭത്സവും രൗദ്രവും മനുഷ്യരെ വളരെയളവില്‍ എക്കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും സംസ്‌കാരവും വര്‍ദ്ധിച്ചിട്ടും ഈ പ്രാകൃതമായ ആകര്‍ഷണത്തിന്റെ പിടിയില്‍നിന്നു വിട്ടുപോരാന്‍ മനുഷ്യര്‍ക്കു കഴിയുന്നില്ല. ഡ്രാക്കുള വായനാനുഭവം നല്‍കുന്നതും ഇതാണ്.

നൂറ്റാണ്ടു പിന്നിട്ടിട്ടും ഭയത്തിന്റെ ഇരുണ്ട ചക്രവര്‍ത്തിയായി ഡ്രാക്കുള വാഴുകയാണ്. ശവപ്പെട്ടിയിലെ പുരാതനനിദ്രയില്‍നിന്ന് ഓരോ കാലത്തിലും പുതിയ അര്‍ത്ഥങ്ങളിലേക്ക് ഈ രക്തരക്ഷസ് ഇറങ്ങിവരുന്നു. മിത്തും മതവും പ്രേതോച്ചാടനവും കുഴഞ്ഞു ചേര്‍ന്ന ഭാവനയിലൂടെ ബ്രാംസ്റ്റോക്കര്‍ നിര്‍മ്മിച്ച ഇരുട്ടിന്റെ രാജകുമാരനായ ഈ കഥാപാത്രം മരണമിടാത്തവനാണ്.

ഭയം, ദീകരത, രൗദ്രത എന്നിവ മനുഷ്യര്‍ക്ക് എന്നും പ്രിയപ്പെട്ടതാണെന്ന് ലോക സാഹിത്യത്തില്‍ എല്ലായ്‌പ്പോഴും തെളിയിച്ച ഒരു കൃതിയേയുള്ളൂ’ ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’. ഇപ്പോഴും വായനക്കാര്‍ ഏറിവരുന്ന ഈ പുസ്തകത്തിന്റെ സ്വാധീനമില്ലാത്ത ഹൊറര്‍ സാഹിത്യ കഥകള്‍ വിരളമാണ്. 200 ഓളം ചലച്ചിത്രങ്ങള്‍, ലോകത്തിലെ മിക്ക ഭാഷകളിലും പ്രസിദ്ധീകരിച്ച കൃതി എന്ന നിലയിലും ഡ്രാക്കുള എന്ന കൃതിയുടെ മൂല്യം ഇന്നും നിലനില്‍ക്കുന്നു.

ഐറിഷ് കാരനായ ബ്രാം സ്റ്റോക്കര്‍ രചിച്ച ഈ ക്ലാസ്റ്റിക്ക് കൃതി പുറത്തുവന്നിട്ട് 128 വര്‍ഷമായി. സര്‍, ഹെന്റട്രി ഇര്‍വിങ്ങ് എന്ന പ്രസിദ്ധനായ നാടക നടന്റെ മാനേജറായിരുന്നു ബ്രാം സ്റ്റോക്കര്‍. ആ നടന്റെ ജീവചരിത്രമുള്‍പ്പെടെ മുന്നാല് കൃതികള്‍ എഴുതിയെങ്കിലും അതൊന്നും ശ്രദ്ധ നേടിയില്ല. എന്നാല്‍ 1897 ല്‍ പ്രസിദ്ധീകരിച്ച ഡ്രാക്കുള എന്ന നോവല്‍ ലോകത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കായി ഇപ്പോഴും പരിഗണിക്കുന്നു.

പുതിയ പതിപ്പിൻ്റെ ചുമതല വഹിക്കുന്ന പുഷ്പനാഥ് പബ്ലിക്കേഷൻ്റെ ചുമതലക്കാരൻ റയാൻ പുഷ്പനാഥ്

ഡയറികുറിപ്പുകളിലൂടെ മുന്നോട്ട് പോകുന്ന രീതിയില്‍ നോവല്‍ ആവിഷ്‌കരിച്ച രീതി ലോകമെമ്പാടുമുള്ള വായനക്കാര്‍ ഇഷ്ടപ്പെട്ടു. ഏതാണ്ട് ബ്രാം സ്റ്റോക്കറുടെ സമകാലീനനായ മറ്റൊരാളും ഇതേ രീതിയിലെഴുതിയ കൃതി ലോക പ്രസിദ്ധമായി. ആര്‍തര്‍ കൊനഡോയലിന്റെ’ ഷെര്‍ലക് ഹോംസ് പ്രത്യക്ഷനാകുന്നത് ഡോ. വാട്‌സന്റെ ഡയറികുറിപ്പിലൂടെയാണല്ലോ!

ഒരാള്‍ അസംബന്ധമായ കെട്ടുകഥകളെ ആശ്രയിച്ചു എഴുതി, മറ്റെയാള്‍ ശാസ്ത്ര രീതിയിലുള്ള കുറ്റാന്വേഷണരീതിയെ അവലംബിച്ചും. രണ്ട് കൃതികളും ഇന്നും വിശ്വസാഹിത്യത്തില്‍ അനശ്വരത നേടി. ഇപ്പോഴും ലോകമെങ്ങും ചലച്ചിത്രമായും, ടി വി സീരിയലുമായി പുതിയ വ്യാഖ്യാനങ്ങളുമായി ഈ രണ്ട് ക്ലാസിക്കുകളും ജനഹൃദയങ്ങളില്‍ സ്ഥാനം നേടി.

യൂറോപ്പിലെ വിശ്വാസമനുസരിച്ച്, ദുര്‍മരണം സംഭവിച്ചവരും, പള്ളിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും, മരണശേഷം വാമ്പയര്‍മാരായി തീരുന്നു. ഇവര്‍ രാത്രിയില്‍ അടക്കിയ കല്ലറകളില്‍ നിന്ന് പുറത്ത് വന്ന് കടവാവലിന്റെ രൂപം പൂണ്ട് മനുഷ്യരെ തേടിപ്പിടിച്ച്, കഴുത്തില്‍ മൂര്‍ച്ചയുള്ള പല്ലുകള്‍ ആഴ്ത്തി ചോര കുടിക്കുന്നു. വാമ്പയറിന്റെ ഇരയായ മനുഷ്യര്‍ ശക്തി ക്ഷയിച്ച് മരിച്ച് അവരും വാമ്പയര്‍ ആയി തീരുന്നു. ഈ വാമ്പയറുകളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളില്‍ തല്‍പ്പരനായിരുന്ന ബ്രാം സ്റ്റോക്കര്‍ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഗവേഷണം നടത്തിയിരുന്ന ഹംഗേറിയന്‍ പണ്ഡിതനായിരുന്ന അര്‍മേനിയസ് വാമ്പയറുമായി നടത്തിയ സംവാദങ്ങളിലൂടെ ലഭിച്ച ഇത്തരം കഥകളില്‍ ആവേശഭരിതനായി. തുടര്‍ന്ന് റുമേനിയയിലെ വ്‌ലാദ് എന്ന രാജകുമാരനെ ഐതിഹ്യങ്ങളുടെയും കെട്ട് കഥകളുടേയും നടുവില്‍ പ്രതിഷ്ഠിച്ച് എഴുതിയ നോവലാണ് എക്കാലത്തേയും വായനക്കാരുടെ ഭീതി ഉണര്‍ത്തിയ ഡ്രാക്കുള എന്ന നോവല്‍.

ഗാരി ഓൾഡ് മാൻ ഡ്രാക്കുള പ്രഭുവായി ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള (1992)

1456 മുതല്‍ 1476 വരെ റുമാനിയയില്‍ ജീവിച്ചിരുന്ന വ്‌ലാദ് രാജകുമാരന്‍ തുര്‍ക്കികളില്‍ നിന്ന് റുമാനിയയെ മോചിപ്പിക്കുന്നതില്‍ നിസ്തുല പങ്ക് വഹിച്ച പോരാളിയായിരുന്നു. അത്യന്തം ക്രൂരനായിരുന്ന വ്‌ലാദ് തുര്‍ക്കികള്‍ക്കെതിരെ പടവെട്ടി, പിടികൂടിയ തുര്‍ക്കി പടയാളികളെ ശൂലത്തില്‍ കയറ്റി ചിത്രവധം ചെയ്തു. ഈ ക്രൂരതകള്‍ കണ്ട് ‘ടേപ്പസ്’ എന്ന വിളിപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ടേപ്പസ് എന്നാല്‍ ശൂലത്തില്‍ കുത്തി നിറുത്തുന്നവന്‍ എന്നര്‍ത്ഥം.

തന്നെ കാണാനെത്തിയ ടര്‍ക്കിയിലെ ദൂതന്മാര്‍, തലപ്പാവ് അഴിച്ച് തന്നെ വണങ്ങിയില്ല എന്ന കാരണത്താല്‍ അവരെ തലപ്പാവില്‍ ആണിയടിച്ച് കുരിശില്‍ തറച്ച വ്‌ലാദിന്റെ ക്രൂരതകള്‍ നാടെങ്ങും പ്രചരിച്ചു. വ്‌ലാദിന്റെ പിതാവിന്റെ പേര് വ്‌ലാദ് ഡ്രാക്കൂള്‍ എന്നായിരുന്നു. ഡ്രാക്ക് എന്ന പദത്തിന് റുമാനിയന്‍ ഭാഷയില്‍ ഡ്രാഗണ്‍ അഥവാ വ്യാളി എന്നും ചെകുത്താന്‍ എന്നും അര്‍ത്ഥമുണ്ട്. ഡ്രാഗണ്‍ ആയിരുന്നു അവരുടെ കുടുംബചിഹ്നം. ഡ്രാക്കുളിന്റെ മകന്‍ വ്‌ലാദിനെ ഡ്രാക്കുളെ എന്ന് വിളിക്കപ്പെട്ടു.

ബ്രാംസ്റ്റോക്കര്‍, ഒരിക്കലും റുമാനിയ സന്ദര്‍ശിച്ചിട്ടില്ല. റുമേനിയയില്‍ പ്രചരിച്ചിരുന്ന വാമ്പയറുകളെ കുറിച്ചുള്ള കെട്ട് കഥകള്‍ ബ്രാം സ്റ്റോക്കറെ ആവേശം കൊള്ളിച്ചിരുന്നു. അതിനാല്‍ തന്റെ നായകനായ ഡ്രാക്കുള പ്രഭുവിനെ ട്രാന്‍സില്‍വാനിയയില്‍ പ്രതിഷ്ഠിച്ചു. എന്നാല്‍ ശരിക്കും വ്‌ലാദ് ഭരണം നടത്തിയത് രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് ‘വലേച്ചിയ,’ എന്ന പ്രദേശത്തായിരുന്നു.

രാജ്യമൊട്ടും ഓടി നടന്ന് തുര്‍ക്കികള്‍ക്കെതിരെ പടനയിച്ച്, പതിനായിരക്കണക്കിന് തുര്‍ക്കി ഭടന്‍മാരെ കുറ്റിയില്‍ തറച്ച് കൊന്നു. ബ്രാം സ്റ്റോക്കര്‍ എഴുതിയ കഥയിലെ പോലെ ശവപ്പെട്ടിയില്‍ കിടക്കാനോ അര്‍ദ്ധരാത്രിക്ക് ഉയര്‍ത്തെഴുന്നേറ്റ് യുവതികളെ തേടിച്ചെന്ന് രക്തം കുടിക്കാനോ വ്‌ലാദിന് സമയമുണ്ടായിരുന്നില്ല.
ക്രൂരതയില്‍, വ്‌ലാദിന്റെ അടുത്തു പോലും എത്തില്ല. വല്ലപ്പോഴും യുവതികളുടെ ചോര കുടിക്കുന്ന ബ്രാം സ്റ്റോക്കറുടെ പാവം ഡ്രാക്കുള പ്രഭു.

എം.പി. സദാശിവൻ്റെ പരിഭാഷ

ക്രൂരമായ ഒരു കാലഘട്ടത്തില്‍ വിപ്ലവകരമായ സാമൂഹിക മാറ്റങ്ങളുടെ നടുവിലായിരുന്നു വ്‌ലാദ് ജീവിച്ചിരുന്നത്. തുര്‍ക്കികളെ വേരോടെ പിഴുതറിഞ്ഞ, വ്‌ലാദിനെ സഹായിക്കാന്‍, മാര്‍പാപ്പ വലിയൊരു ഫണ്ട് രൂപീകരിച്ചു. പക്ഷേ, ഈ ഫണ്ട് വ്‌ലാദിന് കിട്ടിയില്ല. ട്രാന്‍സില്‍വാനിയയിലെ രാജകുമാരനായ കോര്‍വിന്‍ അത് തട്ടിയെടുത്തു… വ്‌ലാദ് മരിച്ചു പോയി എന്ന് ഇയാള്‍ വ്യാജപ്രചരണം നടത്തി. അന്ന് അച്ചടി നടപ്പില്‍ വരുന്നേയുണ്ടായിരുന്നുള്ളൂ. അതിനാല്‍ വിവാദങ്ങളുണ്ടാക്കാന്‍ പത്രങ്ങളൊന്നും തന്നെ ഉണ്ടായില്ല.

പിന്നീട് വ്‌ലാദിനെ, കരിതേച്ച് കാണിക്കാന്‍ കോര്‍വിന്‍ വ്‌ലാദിന്റെ കൊടുംക്രൂരതയെ കുറിച്ച് കഥകള്‍ പ്രചരിപ്പിച്ചു. സത്യം പുറത്ത് വന്നാല്‍ തനിക്ക് ഉണ്ടാകാവുന്ന തിരിച്ചടി ഒഴിവാക്കാനായാണ് അയാള്‍ ഇത് ചെയ്തത്. ഈ കെട്ട്കഥകള്‍ പ്രചരിക്കുകയും, വ്‌ലാദ് രാജകുമാരന്റെ ധീരതയുടെ ചിത്രം മായുകയും പകരം രക്തദാഹിയായ രക്തരക്ഷസായ ഡ്രാക്കുളയുടെ രൂപം ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഈ കഥകളാണ് ബ്രാം സ്റ്റോക്കറെ വഴി തെറ്റിച്ചത്. വിഭ്രമാത്മകമായ ഭാവന, ബ്രാം സ്റ്റോക്കറുടെ ചരിത്രബോധത്തെ കീഴ്‌പ്പെടുത്തിയപ്പോള്‍ മരണമില്ലാത്ത, രക്തദാഹിയായ് വ്‌ലാദിന്റെ പ്രതിരൂപമായ ഡ്രാക്കുള പ്രഭു രൂപം പൂണ്ടു.

ഡ്രാക്കുളയ്ക്ക് പ്രചോദനമായ റുമേനിയയിലെ വ്ലാദ് തെപ്സ് രാജകുമാരൻ

ഡ്രാക്കുള പ്രഭുവിന്റെ കഥ ലോക പ്രശസ്തമായപ്പോള്‍, മറഞ്ഞുപോയ മറ്റൊരു ചരിത്ര സത്യമുണ്ട്. റുമാനിയയുടെ സാമൂഹിക പുരോഗതിയെ ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഒരാളായിരുന്നു വ്‌ലാദ്. അക്കാലത്ത് റുമേനിയയില്‍ ഉണ്ടായിരുന്ന കൊള്ളക്കാരെ അമര്‍ച്ച ചെയ്യുകയും, രാജ്യത്തെ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദേശ വ്യാപാരികള്‍ റുമാനിയയില്‍ വരാന്‍ തുടങ്ങുകയും സമ്പദ് വ്യവസ്ഥ ഉയരുകയും ചെയ്തു. അക്കാലത്ത് വഴിയില്‍ ഒരു സ്വര്‍ണ പാത്രത്തില്‍ വെള്ളം നിറച്ച് കുടിക്കാനായി വെച്ചിരുന്നാല്‍ യാത്രക്കാര്‍ വെള്ളം കുടിക്കുകയും പാത്രം അവിടെ തന്നെ ഇരിക്കുകയും ചെയ്യുമായിരുന്നത്രെ !

ഇതൊന്നും മനസിലാക്കാതെയാണ് ബ്രാം സ്റ്റോക്കര്‍ വ്‌ലാദിനെ വെറും രക്തദാഹിയായ ഡ്രാക്കുളയായ് ചിത്രീകരിച്ചതെന്ന വിമര്‍ശനം ചില ചരിത്രകാരന്‍മാര്‍ പിന്നീട് ഉന്നയിച്ചു.

മരണമില്ലാത്തവന്‍, പകല്‍ വെളിച്ചത്തില്‍ ദുര്‍ബലന്‍, സൂര്യനസ്തമിച്ചാല്‍ അവന്‍ അതിശക്തനായി ഉയര്‍ത്തെഴുന്നേല്‍ക്കും, കുരിശും, വെളുള്ളിപ്പൂക്കളും കണ്ടാല്‍ വിറളി പിടിക്കുന്ന, പകല്‍ വെളിച്ചം നിഷിധമായവന്‍, കറുത്ത വസ്ത്രം മാത്രം ധരിക്കുന്നവന്‍, മൂടല്‍ മഞ്ഞായും, കടവാവലായും, എലിയായും രൂപം മാറാന്‍ കഴിയുന്നവന്‍ പൂര്‍വികരുടെ യുദ്ധവീര്യത്തില്‍ ഊറ്റം കൊള്ളുവന്‍. ഡ്രാക്കുള പ്രഭുവിന്റെ ചിത്രം ഇങ്ങനെ പോകുന്നു.

ക്രിസ്റ്റഫർ ലീ ഡ്രാക്കുളയായി

ജോനാഥന്‍ ഹാര്‍ക്കര്‍ എന്ന വക്കീല്‍ ഗുമസ്തന്റെ ഡയറിക്കുറിപ്പിലൂടെ ആരംഭിക്കുന്ന, 418 പേജുള്ള നോവല്‍ ട്രാന്‍സില്‍വാനിയ എന്ന ദേശത്തെ ലോക പ്രശസ്തിയിലെത്തിച്ചു. ഇന്നും നോവലില്‍ പരാമര്‍ശിക്കുന്ന പ്രദേശങ്ങള്‍ റുമേനിയയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

നോവലിന് കിട്ടിയ സ്വീകാര്യത തന്നെ, ഡ്രാക്കുളയുടെ ചലച്ചിത്രങ്ങള്‍ക്കും കിട്ടി. 1931 ല്‍ അമേരിക്കയിലെ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ‘ഡ്രാക്കുള’ യാണ് ഈ ശ്രേണിയിലെ ആദ്യ ചിത്രം. ഇതില്‍ ഡ്രാക്കുള പ്രഭുവായി വേഷമിട്ട ഹംഗറിക്കാരന്‍ ബെല്ലോ ലൂഗസി, പിന്നീട് സ്ഥിരം വാമ്പയര്‍ വേഷ നടനായി. അഭിനയത്തിലൂടെ ധാരാളം പണം നേടിയെങ്കിലും 1954 ല്‍ ലഹരിക്കടിമയായി നിര്‍ദ്ധനനായാണ് മരിച്ചത്. തന്റെ ഡ്രാക്കുള വേഷവിധാനത്തോടെ ശവകല്ലറയിലടക്കണമെന്നായിരുന്നു ലൂഗസിയുടെ അന്ത്യാഭിലാഷം.

1958 പുറത്ത് വന്ന ഹൊറര്‍ ഓഫ് ഡ്രാക്കുളയില്‍ വേഷമിട്ട ക്രിസ്റ്റ്ഫര്‍ ലീയാണ് ഏറ്റവും മികച്ച വാമ്പയര്‍ വേഷക്കാരനായി പരിഗണിക്കപ്പെടുന്നത്. ഡ്രാക്കുളയുടെ എല്ലാ ഭീകരതയും, പ്രതിഫലിപ്പിക്കുന്ന, ക്രിസ്റ്റ്ഫര്‍ ലീയുടെ രക്തദാഹിയായ ഡ്രാക്കുള വേഷത്തിനെ എമ്പയര്‍ മാഗസിന്‍ എക്കാലത്തെയും മികച്ച ഹൊറര്‍ കഥാപാത്രമായി തിരഞ്ഞെടുത്തത് ഡ്രാക്കുളയെന്ന കഥാപാത്രത്തിനും ക്രിസ്റ്റ്ഫര്‍ ലീക്കും കിട്ടിയ മികച്ച അംഗീകാരമായിരുന്നു. 1992 ല്‍ വന്‍ താരനിരയോടെ വിഖ്യാതനായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സംവിധാനം ചെയ്ത ‘ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള’ ഹൊറര്‍ റൊമാന്‍സ് ത്രില്ലറായിരുന്നു.

1992 ലെ കപ്പോളയുടെ – ചിത്രത്തിൻ്റെ പോസ്റ്റർ

വൃദ്ധനായ ഡ്രാക്കുള പ്രഭുവായും യുവാവായ വ്‌ളാദായും ഗാരി ഓള്‍ഡ്മാന്‍ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. നൂറ്റാണ്ടുകളുടെ പ്രായ വ്യത്യാസം ദ്യോതിപ്പിക്കുന്ന പ്രകടനം. വാന്‍ ഹെല്‍സിങ്ങായി പ്രശസ്തനായ നടന്‍ ആന്റണി ഹോപ്കിന്‍സും ഹാര്‍ക്കറായി കിയാനോ റീവ്‌സും പ്രത്യക്ഷപ്പെട്ടു. കിയാനോ റീവ്‌സ് പിന്നീട് ഏറെ തിരക്കുള്ള നടനായി മാറി. ഡ്രാക്കുളയുടെ ഹൃദയം തിരിച്ചറിഞ്ഞ സിനിമയായി ഇത് വാഴ്ത്തപ്പെട്ടു. ഏറ്റവുമധികം പണം വാരിയ ഡ്രാക്കുള സിനിമയും ഇതുതന്നെ. വസ്ത്രാലങ്കാരം, സൗണ്ട് ഇഫക്റ്റ്‌സ്, എഡിറ്റിങ്, മേക്കപ്പ് എന്നിവയ്ക്കായി മൂന്ന് ഓസ്‌കര്‍ അവാര്‍ഡും ‘കപ്പോളയുടെ ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള’ നേടി.

ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും, ഓരോ തവണ വായിക്കുമ്പോഴും മരണമില്ലാത്തവന്‍ ജനഹൃദയങ്ങളില്‍ ഇപ്പോഴും ഇരുളിന്റെ രാജകുമാരനായി വന്യമായ സ്വപ്നങ്ങളില്‍ ചോര നുകരാനായി അവന്‍ എത്തുന്നു, ട്രാന്‍സില്‍വാനിയായിലെ തന്റെ കോട്ടക്ക് പുറത്ത് അര്‍ദ്ധരാത്രിയില്‍, രക്തദാഹികളായ ചെന്നായ്ക്കളുടെ ഓരിയിടല്‍ ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ പറയും ‘രാത്രിയുടെ സന്തതികള്‍ ! എന്തൊരു സംഗീതമാണവരുടേത് !’

Content Summary: After 50 years, Dracula returns to Malayalam

Leave a Reply

Your email address will not be published. Required fields are marked *

×