April 28, 2025 |
Share on

റഫയ്ക്ക് പിന്നാലെ ‘എല്ലാ കണ്ണുകളും കോംഗോയിലേക്ക്’

എന്താണ് ആഫ്രിക്കന്‍ രാജ്യത്ത് സംഭവിക്കുന്നത്

ഇന്റര്‍നെറ്റ് ലോകം മുഴുവന്‍ അണിചേര്‍ന്ന കാമ്പയിനായിരുന്നു ‘ എല്ലാ കണ്ണുകളും റഫയിലേക്ക്(All Eyes on Rafah). പലസ്താനികളുടെ അവസാന സുരക്ഷിത സ്ഥാനമായിരുന്ന റഫയിലും ഇപ്പോള്‍ ഇസ്രയേല്‍ കനത്ത ആക്രമണമാണ് നടത്തുന്നത്. അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുഞ്ഞു കുട്ടികളടക്കം നാല്‍പ്പതിനു മുകളില്‍ മനുഷ്യര്‍ വെന്തു മരിച്ചതിനു പിന്നാലെയാണ് ‘ എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന അഭ്യര്‍ത്ഥനയുമായി ലോകം ഒന്നിച്ചു ചേര്‍ന്നത്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ സോഷ്യല്‍ മീഡിയയില്‍ എ ഐ ഇമേജില്‍ തീര്‍ത്ത #All Eyes on Rafah കാര്‍ഡുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചു. after rafah, all eyes on congo campaign trending in social media

കോംഗോയിലേക്ക് നോക്കു…
അതേ ട്രെന്‍ഡ് തന്നെ ഇപ്പോള്‍ മറ്റൊരു രാജ്യത്തിനു വേണ്ടിയും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. അഫ്രിക്കന്‍ രാജ്യമായ കോംഗോയ്ക്കു വേണ്ടിയാണ് ലോകം സമൂഹമാധ്യമങ്ങളിലൂടെ ഒന്നു ചേരുന്നത്. ‘ All Eyes on Congo’ എന്ന അഭ്യര്‍ത്ഥനയുമായാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോയിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. റഫ ഐക്യദാര്‍ഢ്യ കാര്‍ഡില്‍ All Eyes on Rafah എന്ന അക്ഷരങ്ങളായിരുന്നുവെങ്കില്‍, കോംഗോയ്ക്കു വേണ്ടിയുള്ള കാര്‍ഡില്‍ ആഫ്രിക്കന്‍ രാജ്യത്തെ ജനങ്ങളുടെ ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും അവര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെയും ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും എക്‌സിലും മറ്റുമായി ‘ എല്ലാ കണ്ണുകളും കോംഗോയിലേക്ക് എന്ന കാര്‍ഡ് ആയിരക്കണക്കിന് തവണകളായി പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദശാബ്ദങ്ങളായി തുടരുന്ന ദുരിതങ്ങളില്‍ നിന്നും കോംഗോയെ രക്ഷിക്കാനാണ് ലോകത്തോടുള്ള അഭ്യര്‍ത്ഥന.

ദുല്‍ഖര്‍ മുതൽ ട്രാവിസ് ഹെഡ് വരെ; എല്ലാ കണ്ണുകളും റഫയിലേക്ക്

#All Eyes on Kongo എന്ന ഹാഷ്ടാഗിനൊപ്പം ആഫ്രിക്കന്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെയും അടിമത്തത്തിന്റെയും വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഏകദേശം 3,500 ഫോളോവേഴ്‌സ് മാത്രമുള്ള, ജര്‍മന്‍ ഭാഷയിലുള്ള @aslehrein എന്ന അകൗണ്ടിലാണ്, കോംഗോയിലേതെന്നു വിശ്വസിക്കപ്പെടുന്ന കുട്ടികളുടെ ചിത്രത്തിനൊപ്പം ‘ എല്ലാ കണ്ണുകളും കോംഗോയിലേക്ക്’ എന്ന കാര്‍ഡ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ദ ഫ്രണ്ട്‌സ് ഓഫ് കോംഗോ എന്ന സംഘടന ഈ കാമ്പയിന്‍ ഏറ്റെടുത്തു. കോംഗോയിലേക്കുള്ള സാമ്പത്തിക സഹായത്തിനും സമാധാനശ്രമങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സംഘടനയാണ് ദ ഫ്രണ്ട് ഓഫ് കോംഗോ. ഇപ്പോള്‍ ഈ കാര്‍ഡ് ഏകദേശം എട്ട് ലക്ഷം തവണ ഇന്‍സ്റ്റഗ്രാമില്‍ റീഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമിന് പിന്നാലെ എക്‌സിലും ഇത് വൈറലായി മാറി. കോംഗോ വംശജനായ ഇംഗ്ലീഷ് ഫുട്‌ബോളര്‍ യാനിക് ബോലാസിയും കാമ്പയിന്റെ ഭാഗമായിട്ടുണ്ട്. റഫയ്ക്കും കോംഗോയ്ക്കും ഒപ്പം റിയോ ഗ്രാന്‍ഡെ ഡോ സുളിനു വേണ്ടിയും യാനിക് ലോകത്തിന്റെ പിന്തുണ തേടുന്നുണ്ട്. കനത്ത മഴയും പ്രകൃതിക്ഷോഭവും കൊണ്ടു ദുരിതമനുഭവിക്കുന്ന ബ്രസീലിന്റെ തെക്കന്‍ നഗരമാണ് റിയോ ഗ്രാന്‍ഡെ. ‘ ഒരുമയ്ക്കാണ് ശക്തി’ എന്ന വാചകം കൂടി യാനിക് പങ്കുവച്ചിട്ടുണ്ട്.

കോംഗോ എന്ന വേദന
കൊടിയ പട്ടിണിക്കൊപ്പം നിലയ്ക്കാത്ത അക്രമങ്ങളാണ് കോംഗോയിലെ മനുഷ്യരുടെ ദുരിതം ഇരട്ടിയാക്കുന്നത്. സുധാന്‍ കഴിഞ്ഞാല്‍ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്ന മനുഷ്യരുടെ സ്ഥാനത്തില്‍ രണ്ടാമതാണ് കോംഗോ. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജനം പലയാനം ചെയ്യുകയാണ്. 105 മില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് ആറ് മില്യണോളം മനുഷ്യര്‍ ഇതിനകം അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം കോംഗോയിലെ ഓരോ അഞ്ചു കുട്ടികളില്‍ രണ്ടു പേരും, അതായത് ആറ് ദശലക്ഷത്തോളം കുട്ടികള്‍ രൂക്ഷമായ പോഷകക്കുറവ് നേരിടുന്നവരാണ്. വളര്‍ച്ച മുരടിപ്പ് ഉള്‍പ്പെടെ ഗുരുതരമായ രോഗങ്ങള്‍ നേരിടുന്ന ഇവരുടെ മരണസാധ്യതയും ഉയര്‍ന്ന തോതിലാണ്.

സ്ത്രീകളും പെണ്‍കുട്ടികളും കോംഗോയിലെ അവസാനിക്കാത്ത സംഘര്‍ഷങ്ങളുടെ പ്രധാന ഇരകളാണ്. കഴിഞ്ഞ വര്‍ഷം മാത്രം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരിലുള്ള കേസുകളുടെ എണ്ണം മുപ്പതിനായിരത്തിനു മുകളിലാണ്. ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനമാണ് കോംഗോയ്ക്ക്.

മനുഷ്യര്‍ ദിനംപ്രതി നിരാലംബരായി തീരുന്നുവെന്നതാണ് മറ്റൊരു ദുഖകരമായ അവസ്ഥ. അക്രമങ്ങള്‍ പ്രതി ജനങ്ങള്‍ അവരുടെ വാസസ്ഥലങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടോടുകയാണ്. എന്നാല്‍ അവര്‍ക്ക് സുരക്ഷിതമായൊരു ഇടം കണ്ടെത്താനുമാകുന്നില്ല. പാര്‍ക്കിനിടമില്ലത്തതുപോലെ, ഭക്ഷണവും കിട്ടുന്നില്ല. കമ്പോളങ്ങളിലുള്ള സാധനങ്ങള്‍ക്ക് തീപിടിച്ച വിലയാണ്. പ്രണരക്ഷാര്‍ത്ഥമുള്ള പലായനങ്ങള്‍ക്കിടയില്‍ മാതാപിതാക്കളും കുട്ടികളും തമ്മില്‍ വേര്‍പിരിഞ്ഞു പോകുന്നത് നിത്യ സംഭവമായിരിക്കുന്നു. ഏകദേശം എഴുപത് ലക്ഷം പേര്‍ ഭവനരഹിതരായി തീര്‍ന്നിട്ടുണ്ട്. ഭൂരിഭാഗവും രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്താണ് സംഭവിച്ചിരിക്കുന്നത്.

കലാപകാരികളുടെ കൈകൊണ്ട് സാധാരണക്കാരായ മനുഷ്യര്‍ നിരന്തരം കൊല്ലപ്പെടുകയാണ്. 2023 ഒക്ടോബര്‍ ഒന്നിനും 2024 മാര്‍ച്ച് 15 നും ഇടയിലായി 2,110 മനുഷ്യാവകാശ ലംഘന കേസുകളും സത്രീകള്‍ക്കെതിരായ അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ജോയിന്റ് ഹ്യൂമന്‍ റൈറ്റ്‌സ് ഓഫിസ് പറയുന്നത്. ഇതില്‍ 59 ശതമാനവും സായുധ സംഘങ്ങളാണ് ചെയ്തിരിക്കുന്നത്. കൊലപാതകങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍, കുട്ടികളെ നിര്‍ബന്ധപൂര്‍വം സംഘത്തില്‍ ചേര്‍ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് അക്രമികള്‍ ചെയ്തുവരുന്നത്.

അധികാരത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചില്‍
1960 ല്‍ ബെല്‍ജിയത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ അധികാരം സ്വന്തമാക്കാന്‍ തുടങ്ങിയ ഏറ്റുമുട്ടലുകളാണ് കോംഗോയില്‍ ഇന്നും തുടരുന്നത്. ഈ സംഘര്‍ഷമാണ് ജനനായകനായിരുന്ന പാട്രിസ് ലുമുംബയുടെ ജീവനെടുത്തതും രാജ്യത്തെ മൊബുട്ടു സെസെ സെക്കോയുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ മൂന്നു പതിറ്റാണ്ടോളം തള്ളിയിട്ടതും. 1996 ല്‍ റുവാണ്ട തങ്ങളുടെ പടിഞ്ഞാറന്‍ അയല്‍ക്കാരുമായി യുദ്ധം ആരംഭിച്ചു. റുവാണ്ടയിലെ തദ്ദേശിയ വിഭാഗമായ ടുട്‌സികള്‍ക്ക് ഭീഷണിയായ ഹുടു ഗ്രൂപ്പുകള്‍ക്ക് കോംഗോ അഭയം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു യുദ്ധം. ഈ യുദ്ധത്തിനൊടുവില്‍, മൊബുട്ടുവിനെ അട്ടിമറിച്ച്, 1997 മേയ് 17 ന് അലയന്‍സ് ഓഫ് ഡെമോക്രാറ്റിക് ഫോഴ്‌സസ് ഫോര്‍ ദ ലിബറേഷന്‍ ഓഫ് കോംഗോ നേതാവ് ലോറന്റ് ഡിസൈര്‍ കബില കോംഗോയുടെ അധികാരം പിടിച്ചെടുത്തു. കബില കോംഗോയുടെ സ്വയം പ്രഖ്യാപിത പ്രസിഡന്റായി. പിന്നാലെ ഹുടു ഗ്രൂപ്പുകളെ റുവാന്‍ഡ കൂട്ടക്കൊല ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം റുവാണ്ടയുടെ പിന്തുണ കബിലയ്ക്ക് നഷ്ടമായി. ആര്‍സിഡി എന്ന റിബല്‍ ഗ്രൂപ്പ് അദ്ദേഹത്തിന് ഭീഷണിയായി ഉയര്‍ന്നു വന്നു. 1998 ല്‍ ആര്‍സിഡിയുടെ നേതൃത്വത്തില്‍ രണ്ടാം കോംഗോ യുദ്ധം ആരംഭിച്ചു. കബില സ്വന്തം അംഗരക്ഷകനാല്‍ കൊല്ലപ്പെട്ടു. കബിലയുടെ മരണശേഷം മകന്‍ ജോസഫ് അധികാരത്തിലേറി. 2002 ല്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും മുപ്പത് ലക്ഷത്തോളം മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്.

യുദ്ധം അവസാനിച്ചെങ്കിലും കലാപങ്ങളും അക്രമങ്ങളും ഇന്നും തുടരുകയാണ്. ഏതാണ്ട് 140 റിബല്‍ ഗ്രൂപ്പുകള്‍ കോംഗോയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അധികാരം പിടിച്ചെടുക്കാന്‍ വേണ്ടി ഈ സംഘങ്ങള്‍ നിരന്തരം ഏറ്റുമട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍പ്പെട്ട് അവസാനിച്ചുകൊണ്ടിരിക്കുന്നത് കോംഗോയിലെ സാധാരണക്കാരാണ്. ഈ ദുരിതത്തിലേക്കാണ് ലോകത്തിന്റെ കണ്ണുകള്‍ പതിയേണ്ടത്.

Content Summary; after rafah, all eyes on congo campaign trending in social media

Leave a Reply

Your email address will not be published. Required fields are marked *

×