ചുട്ടെരിക്കുകയാണ് റഫ. ഗസയില്‍ തുടരുന്ന ഇസ്രയേല്‍ വംശഹത്യയില്‍ നിന്നും പ്രാണഭയം കൊണ്ട് രക്ഷപ്പെട്ടോടിയെത്തിയ നിരാലംബര്‍ കഴിഞ്ഞിരുന്ന അഭയാര്‍ത്ഥി ക്യാമ്പിലെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 40 ന് മുകളില്‍ മനുഷ്യരാണ് കഴിഞ്ഞ ദിവസത്തെ മിസൈല്‍ ആക്രമണത്തില്‍ വെന്തു മരിച്ചത്. ഒരേയൊരു ആശുപത്രി മാത്രം ബാക്കിയായിരിക്കുന്ന റഫയില്‍, പൊള്ളലേറ്റും മുറിവേറ്റും ജീവനുവേണ്ടി കേഴുന്ന മനുഷ്യര്‍ക്ക് മതിയായ ചികിത്സ പോലും കിട്ടുന്നില്ല. വേദനയില്‍ പുളയുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ സഹിക്കാനാവില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ മുഴുവന്‍ അപേക്ഷകളും എതിര്‍പ്പുകളും അവഗണിച്ചും തുടരുന്ന അധിനിവേശം എല്ലാ മര്യാദകളും ലംഘിച്ച് സാധാരണക്കാരായ മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുകയാണ്. All Eyes on Rafah slogans origin
എല്ലാ കണ്ണുകളും റഫയിലേക്ക്…
ലോകം മുഴുവനുമിപ്പോള്‍ റഫയിലേക്ക് നോക്കുകയാണ്. അവിടെ നടക്കുന്ന നരഹത്യ അവസാനിപ്പിക്കണമെന്നാണ് ഏകസ്വരത്തില്‍ ഇസ്രയേലിനു മുന്നില്‍ ആവശ്യമുയരുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയൊരു അഭ്യര്‍ത്ഥനയാണ് ‘എല്ലാ കണ്ണുകളും റഫയില്‍ (All Eyes on Rafah). എന്താണ് ഈ മുദ്രാവാക്യത്തിന് പിന്നിലെന്നു നോക്കാം.
ഗസ മുനമ്പിലെ ജനനിബിഡമായ റഫയില്‍ ഇസ്രയേല്‍ സൈന്യം കരയുദ്ധം ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇതിനെതിരേ പടിഞ്ഞാറന്‍ യൂറോപ്പ്, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലെല്ലാം ഉയരുന്ന മുദ്രാവാക്യമാണ് ‘എല്ലാ കണ്ണുകളും റഫയില്‍’ എന്നത്.
അധിനിവേശ പലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഓഫിസ് ഡയറക്ടറായ റിക്ക് പീപ്പര്‍കോര്‍ണ്‍ ആണ് ആദ്യമായി ‘ എല്ലാ കണ്ണുകളും റഫയില്‍’ എന്നൊരു പ്രസ്താവന പുറപ്പെടുവിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ അവസാന ശക്തികേന്ദ്രമാണ് റഫയെന്ന് മുദ്രകുത്തി, അവിടെ ആക്രമിക്കുന്നതിനു മുന്നോടിയായി നഗരം ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ ഉത്തരവിട്ടതിന് പിന്നാലെയാണ് റിക്ക് അത്തരമൊരു പ്രസ്താവന ഇറക്കുന്നത്.
അതൊരു അഭ്യര്‍ത്ഥനയായിരുന്നു, റഫയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നായിരുന്നു റിക്ക് ലോകത്തോട് അഭ്യര്‍ത്ഥിച്ചത്. ഗസയിലെ അക്രമബാധിതമായ മറ്റ് സ്ഥലങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിയെത്തിയ 14 ലക്ഷത്തോളം പേര്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍, അവസാനത്തെ സുരക്ഷിതമായ തുരുത്ത് എന്ന വിശ്വാസത്തില്‍ കഴിഞ്ഞിരുന്ന റഫയെ വെറുതെ വിടണമെന്ന് ലോകം അഭ്യര്‍ത്ഥിച്ചിട്ടും ഇസ്രയേല്‍ ചെവിക്കൊണ്ടിട്ടില്ല.
റിക്കിന് പിന്നാലെ വിവിധ മനുഷ്യാവകാശസംഘടനകള്‍ ഈ അഭ്യര്‍ത്ഥന ഏറ്റെടുത്തു. ഓക്‌സ്ഫാമിലെ സേവ് ദ ചില്‍ഡ്രന്‍, അമേരിക്കന്‍സ് ഫോര്‍ ജസ്റ്റീസ് ഇന്‍ പലസ്തീന്‍ ആക്ഷന്‍, ജ്യൂവിഷ് വോയ്‌സ് ഫോര്‍ പീസ്, പലസ്തീന്‍ സോളിഡാരിറ്റി കാമ്പയിന്‍ പോലുള്ള സംഘടനകള്‍ ഇതാവര്‍ത്തിച്ചു. ‘എല്ലാ കണ്ണുകളും റഫയില്‍’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പാരീസിലും, ലണ്ടനിലും, നെതര്‍ലാന്‍ഡിലും, ന്യൂയോര്‍ക്ക് സിറ്റിയിലും, ലോസ് ആഞ്ചല്‍സിലുമൊക്കെ നടന്ന റാലികളില്‍ ഉയര്‍ന്നു.
ഇന്ത്യയില്‍ സിനിമാതാരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളും റഫയ്ക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. ചലച്ചിത്ര താരങ്ങളായ വരുണ്‍ ധവാന്‍, ദുല്‍ഖര്‍ സല്‍മാന്‍, സമാന്ത, അലി ഗോണി, ത്രിപ്ത് ദിമ്രി തുടങ്ങിയവരൊക്കെ ‘All Eyes on Rafah’ എന്നെഴുതിയ ഗ്രാഫിക്‌സ് കാര്‍ഡുകള്‍ അവരുടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്തു. അതുപോലെ, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ട്രാവിസ് ഹെഡ്, ബ്രിട്ടീഷ് ഗായിക ലീ-ആന്‍ പിനോക്ക്, മോഡല്‍ ബെല്ല ഹഡിഡ്, അഭിനേത്രികളായ സാവോര്‍സെ-മോണിക്ക ജാക്‌സണ്‍, സൂസന്‍ സറാന്‍ഡോണ്‍ തുടങ്ങിയവരും റഫയ്ക്കു വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി മുന്നോട്ടു വന്നിട്ടുണ്ട്.
#All Eyes on Rafah ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ടിക് ടോക്കില്‍ ഇതിനകം രണ്ടു ലക്ഷത്തിനു മുകളില്‍ പോസ്റ്റുകള്‍ ഇതേ അഭ്യര്‍ത്ഥനയുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് വ്യൂവേഴ്‌സും ഉണ്ട്. ചൊവ്വാഴ്ച്ചത്തെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റഗ്രാമിലും ഇത് ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്. ഒരു ലക്ഷത്തിനു മുകളില്‍ പോസ്റ്റുകള്‍ ഇന്‍സ്റ്റയില്‍ വന്നു കഴിഞ്ഞു. All Eyes on Rafah യുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെട്ടവയില്‍ പലസ്തീന്‍-അമേരിക്കന്‍ പോപ്പ് ഗായകന്‍ സാക് മറ്റാരിയുടെ ടിക് ടോക് വീഡിയോ വലിയ തോതില്‍ വൈറല്‍ ആയിരുന്നു. ലക്ഷക്കണക്കിന് വ്യൂവേഴ്‌സാണ് സാക്കിന്റെ വീഡിയോയ്ക്ക് കിട്ടിയത്. ലുബാന അല്‍ഹിലോ, ലിസ് കുഹാന്‍, റീമ ബസൗമി തുടങ്ങിയ പലസ്തീന്‍ അനുകൂല കലാകാരന്മാരുടെ സമാന വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയത്.
ഞായറാഴ്ച്ച രാത്രിയില്‍ റഫയിലെ സിവിലിയന്‍ ക്യാമ്പില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ പ്രതി വലിയ പ്രതിഷേധമാണ് ആഗോളതലത്തില്‍ ഇസ്രയേലിനെതിരേ ഉണ്ടാകുന്നത്. ഇസ്രയേല്‍ സൈന്യവും, പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഗുരുതരമായ അബദ്ധമാണ് സംഭവിച്ചതെന്നായിരുന്നു നെതന്യാഹൂ പാര്‍ലമെന്റില്‍ പറഞ്ഞത്. സിവിലയന്മാരെ ആക്രമിക്കില്ലെന്നത് നയമാണെന്നും എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നുമാണ് പ്രധാനമന്ത്രിയും സൈനിക മേലധരികാരികളും പറയുന്നത്. എന്നാല്‍, സിവിലയന്‍മാരെ ലക്ഷ്യമിട്ട് ബോധപൂര്‍വം നടത്തിയ ആക്രമണമാണിതെന്നാണ് പലസ്തീനും വിവിധ മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നത്. ഇസ്രയേല്‍ വെടി നിര്‍ത്തലിന് തയ്യാറാകണമെന്ന ആവശ്യവും കൂടുതല്‍ ശക്തമായിട്ടുണ്ട്. റഫ കേന്ദ്രമാക്കിയാണ് ഹമാസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന ഉദ്ദേശത്തിലാണ് ഇസ്രയേല്‍ ഇവിടെ ആക്രമണം നടത്തുന്നത്. എന്നാല്‍, ഗസയിലും മറ്റിടങ്ങളിലുമെന്നപോലെ, ഹമാസിനെതിരായ യുദ്ധമെന്ന പേരില്‍ നിരപരാധികളായ മനുഷ്യരെയാണ് റഫയിലും അവര്‍ കൊന്നൊടുക്കുന്നതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
Content Summary; All eyes on rafah, viral on social media what to know about the slogans origins