അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടം സംബന്ധിച്ച് അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ നല്കിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ്. വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് (FIP) വാള് സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്സിനുമെതിരെ നിയമപരമായ നോട്ടീസ് അയച്ചിരിക്കുന്നത്.
ജൂണ്‍ 12 ന് നടന്ന ദുരന്തത്തെ കുറിച്ച്, ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നടത്തിയ പ്രാഥമിക റിപ്പോര്‍ട്ടില്‍, ബോയിംഗ് 787 ഡ്രീംലൈനറിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ‘റണ്‍’ എന്നതില്‍ നിന്ന് ‘കട്ട്ഓഫ്’ എന്നതിലേക്ക് മാറിയതായി കണ്ടെത്തി. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗുകള്‍ അനുസരിച്ച്, ഇന്ധനം വിച്ഛേദിച്ചത് എന്തുകൊണ്ടാണെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍, മറ്റൊരാള്‍ അത് ചെയ്തില്ലെന്ന് മറുപടി നല്കുന്നു. സ്വിച്ചുകള്‍ ആരാണ് ടോഗിള്‍ ചെയ്തതെന്ന് വ്യക്തമാക്കുകയോ ആരെയും കുറ്റപ്പെടുത്താത്തതുമായ റിപ്പോര്‍ട്ടാണ് എഎഐബി സമര്‍പ്പിച്ചത്.
എന്നാല്‍, ‘യുഎസ് ഉദ്യോഗസ്ഥരുടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ‘പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍, ക്യാപ്റ്റന്‍ മനഃപൂര്‍വ്വം ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തതായി ആരോപിക്കുകയും, അപകടത്തിന് പിന്നില്‍ ക്യാപ്റ്റന്‍ വന്ന വീഴ്ചയാണെന്നുമാണ് റോയിട്ടേഴ്സ് വാര്‍ത്തയില്‍ സംപ്രേഷേപണം ചെയ്തിരിക്കുന്നത്.
അടിസ്ഥാനരഹിതമായ വാര്‍ത്ത സംബന്ധിച്ച് ഇരു സ്ഥാപനങ്ങളോടും തിരുത്തലും ക്ഷമാപണവും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, ”പൈലറ്റിന്റെ പിഴവ് മൂലമാണ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല. റിപ്പോര്‍ട്ട് വായിക്കാതെയാണ് വാര്‍ത്ത നല്‍കിയതെന്നും ഇതിനെതിരെ നടപടി എടുക്കു” എഫ്ഐപി പ്രസിഡന്റ് ക്യാപ്റ്റന്‍ സിഎസ് രണ്‍ധാവ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു
മാധ്യമ വാര്‍ത്തകള്‍ എയര്‍ ഇന്ത്യയുടെ വിശ്വാസ്യത തകര്‍ക്കും
എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യ പോലുള്ള പൈലറ്റ് അസോസിയേഷനുകള്‍ സംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങളോടെ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്കുന്നതില് ജാഗ്രത പാലിക്കണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പൊതുജനത്തിന്റെ ഇന്ത്യന്‍ വ്യോമയാന സംവിധാനത്തിലുള്ള വിശ്വാസത്തെ തകര്‍ക്കുമെന്നും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് പറഞ്ഞു.
അതേസമയം, അന്വേഷണം തുടരുകയാണെന്നും അപകടകാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളെ ബഹുമാനിക്കണമെന്നും അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം വിദേശ മാധ്യമങ്ങളോട് നിര്‍ദേശിച്ചു.
അപകടം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകാതെ നിഗമനങ്ങളിലേക്ക് എത്താന്‍ കഴിയില്ലെന്ന് യുഎസ് ഫെഡറല്‍ ഏജന്‍സിയായ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. രണ്ട് എഞ്ചിനുകളുടെയും ഇന്ധന സ്വിച്ചുകള്‍ വിച്ഛേദിച്ചതില്‍ മുതിര്‍ന്ന പൈലറ്റിന്റെ പങ്കിനെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു പ്രതികരണം.
”എയര്‍ ഇന്ത്യയുടെ A1-171 വിമാനാപകടത്തെ കുറിച്ചുള്ള സമീപകാല മാധ്യമ റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്ത് വന്നത്. വിശദമായ അന്വേഷണത്തിന് സമയമെടുക്കും.” നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് ചെയര്‍ വുമണ്‍ ജെന്നിഫര്‍ ഹോമന്‍ഡി പ്രസ്താവനയില്‍ പറഞ്ഞു. air india crash; notices issued to two media houses for reporting
Content Summary: air india crash; notices issued to two media houses for reporting